ഒരേ സമയം നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യാന്‍ ഒരാള്‍ക്കാവുമോ എന്ന ചോദ്യത്തിനുത്തരം ഒരമ്മയ്ക്ക് അതു കഴിയും എന്നതായിരിക്കും. കുട്ടികളുടെ കാര്യങ്ങളും വീട്ടിലെയും ഓഫീസിലെയും ജോലികളും എല്ലാം ഒരേ സമയം ഭംഗിയായി ചെയ്യുന്ന വളരെ ഉത്തരവാദിത്വം ഉള്ള ഒരാളായിരിക്കും അമ്മ എന്നതാണ് എല്ലാവരുടെയും സങ്കല്‍പ്പം. അതുകൊണ്ട് തന്നെ ഒരിക്കലും താന്‍ ഒരു മോശം അമ്മയാണ് എന്നു കേള്‍ക്കേണ്ടി വരുന്നത് അവര്‍ക്ക് താങ്ങാനാവില്ല. ഏറ്റവും പെര്‍ഫെക്ഷന്‍ എല്ലാ കാര്യങ്ങളിലും ഉള്ള അമ്മയാണ് നല്ല അമ്മ എന്ന പൊതുവായ ചിന്താഗതി പെര്‍ഫെക്ഷന്‍ സാധ്യമല്ലാതെ പോകുന്ന സാഹചര്യങ്ങളില്‍ അമ്മമാരില്‍ വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാറുണ്ട്.

കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ അമ്മയ്ക്കാണോ അച്ഛനാണോ കൂടുതല്‍ ടെന്‍ഷന്‍? കുട്ടികളെ കൂടുതല്‍ സമയം കാണുന്നതും അവരുടെ പെരുമാറ്റങ്ങളില്‍ പ്രകടമാകുന്ന പ്രശ്‌നങ്ങള്‍ ആദ്യം തിരിച്ചറിയുന്നതും ആരായിരിക്കും? അധികം കുടുംബങ്ങളിലും ഇതെല്ലാം അമ്മ തന്നെ ആയിരിക്കും. ഇപ്പോള്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കുട്ടികലെ കളിക്കാന്‍ പുറത്തേക്കു വിടാന്‍ പോലുമാകാതെ ഇരിക്കുന്ന അവസ്ഥയാണുള്ളത്.

കുട്ടികളുടെ അമിതമായ ഫോണ്‍/കമ്പ്യൂട്ടര്‍ ഉപയോഗം ഒഴിവാക്കാന്‍ ശ്രമിക്കുന്ന അമ്മ എല്ലാ വീട്ടിലും ഉണ്ടായിരിക്കും. ഇത് അമ്മയും മക്കളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. കോവിഡ് കേസുകള്‍ അധികമുള്ള പ്രദേശങ്ങളില്‍ കുട്ടികള്‍ക്ക് കോവിഡ് പിടിപെടുമോ എന്ന ആശങ്ക മാതാപിതാക്കള്‍ക്ക് സ്വാഭാവികമായും ഉണ്ട്.

എപ്പോഴും ടെന്‍ഷന്‍

കോവിഡ് പിടിപെടാതിരിക്കാന്‍ മാസ്‌ക്, സാനിറൈസര്‍, സാമൂഹിക അകലം, പ്രതലങ്ങള്‍ വൃത്തിയാക്കുക എന്നിവ കര്‍ശനമായി നാം പാലിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ പണ്ടുമുതലേ  ടെന്‍ഷനുള്ള ചില  അമ്മമാരില്‍ അതൊരു Obsessive Compulsive Disorder എന്ന അവസ്ഥയിലേക്ക്‌പോലും എത്തിയ അവസ്ഥയുണ്ട്. എത്ര വൃത്തിയാക്കി എങ്കിലും മനസ്സിനു സംതൃപ്തി കിട്ടാത്ത അവസ്ഥ, എപ്പോഴും ടെന്‍ഷന്‍, ശരിയായി ഉറങ്ങാന്‍പോലും കഴിയാത്തവിധം ടെന്‍ഷന്‍ നിറഞ്ഞ ചിന്തകള്‍ മനസ്സിനെ അലട്ടുന്ന അവസ്ഥ.

കുട്ടികള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ

സ്‌കൂളില്‍ പോകാനാവാതെ കുട്ടികള്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെ ഇരിക്കുന്ന കാലം. അമ്മമാര്‍ക്ക് ഈ നാളുകളില്‍ ഉത്തരവാദിത്വം അധികമാണ്. മുന്‍പ് പണികള്‍ ഒക്കെ വേഗം തീര്‍ത്ത് ഹോബികള്‍ക്കായി സമയം കണ്ടെത്തിയിരുന്നു എങ്കില്‍ ഇപ്പോള്‍ അങ്ങനെ സമയം കിട്ടാത്ത അവസ്ഥ പലര്‍ക്കും ഉണ്ട്. കുട്ടികളുടെ പഠനം അവരുടെ മറ്റെല്ലാ കാര്യങ്ങളും വീട്ടിലെ ജോലികളും മാത്രമായി സ്വന്തമായി ഒരാഗ്രഹങ്ങളും ലക്ഷ്യങ്ങളും ഇല്ലാതെയായി ജീവിക്കുന്ന അമ്മമാര്‍ നിരവധിയാണ്. പക്ഷേ ഇങ്ങനെ സ്വന്തം ഇഷ്ടങ്ങള്‍ക്ക് സമയം ഇല്ലാതെപോകുന്നത് പതിയെ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാന്‍ കാരണമായേക്കാം.

കുട്ടികളിലെ സ്വഭാവ പ്രശ്‌നങ്ങള്‍ അമ്മമാരേ ബാധിക്കുമ്പോള്‍ 

നല്ല സ്വഭാവം ഉള്ളവരായി മക്കളെ വളര്‍ത്തണം എന്നു എല്ലാ മാതാപിതാക്കളും ആഗ്രഹിക്കും. മക്കളുടെ സ്വഭാവരൂപീകരണത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം വേണ്ടതെന്ന് പൊതുവേ പ്രതീക്ഷിക്കുന്നത് അമ്മയ്ക്കാണ് എന്നതാണ്. വളര്‍ത്തുദോഷം എന്ന പഴി അധികവും അമ്മയുടെ നേരെയാവും വരിക. കുട്ടികളെ വളര്‍ത്തുക എന്നത് വളരെ അധികം ഉത്തരവാദിത്ത്വവും ക്ഷമയും ഒക്കെ ആവശ്യമായ കാര്യമാണ്. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ മക്കള്‍ വീട്ടില്‍ തന്നെ ഇരിക്കുന്നു. അമിതമായി ഫോണ്‍ ഉപയോഗം എന്ന പ്രശ്‌നം, ഉറക്കം ശരിയാകാത്ത പ്രശ്‌നം, വാശി, ദേഷ്യം, ഭീഷണി, പ്രണയ ബന്ധങ്ങള്‍- കുടുംബത്തെ ആകമാനം കുട്ടികളുടെ സ്വഭാവപ്രശ്‌നങ്ങള്‍ ബാധിക്കും. പഴി അധികവും അമ്മയുടെ മേല്‍ വരും. Borderline Personality Disorder എന്ന വ്യക്തിത്വ വൈകല്യം ഉള്ള മക്കളുടെ മാതാപിതാക്കള്‍ പലരും ഈ കാലയളവില്‍ ചികിത്സയ്ക്കായി സമീപിക്കുകയുണ്ടായി. മക്കളുടെ വാശി, ആത്മഹത്യ ചെയ്യും എന്ന ഭീഷണി, ദേഷ്യം ഇതെല്ലാം അധികവും അമ്മയ്ക്കു നേരെയാണ്. ചികിത്സ ആവശ്യമാണ് എന്ന അവസ്ഥ ഉണ്ടായിട്ടുപോലും മറ്റുള്ളവര്‍ അറിയും അല്ലെങ്കില്‍ അടുത്ത വീടുകളില്‍ ഉള്ളവര്‍ അറിയും എന്നതിനാല്‍ അധികം വാശി കാണിക്കുന്ന മക്കളോട് ഒന്നും മിണ്ടാനാവാതെ ഭയന്നും സങ്കടപ്പെട്ടും കഴിയുന്ന അമ്മമാര്‍ നിരവധിയുണ്ട്.

ഗാര്‍ഹിക പീഡനത്തിന് ഇരയാകുമ്പോള്‍

ഗാര്‍ഹിക പീഡനം എന്നാല്‍ പങ്കാളിയില്‍ നിന്നും ശാരീരിക മാനസിക ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വരിക എന്നതാണ്. സമാധാനപരമായ കുടുംബ ജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഒത്തുപോകാന്‍ തീരെ കഴിയുന്നില്ല എങ്കിലും കുട്ടികളെ ഓര്‍ത്തുമാത്രം വിവാഹമോചനം വേണ്ടെന്നുവെച്ചു കഴിയുന്ന സ്ത്രീകള്‍ ഉണ്ട്. പകര്‍ച്ചവ്യാധികളുടെ കാലം ഉള്‍പ്പടെ എല്ലാ അടിയന്തരാവസ്ഥ കാലങ്ങളിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് ലോകാരോഗ്യസംഘടന അഭിപ്രായപ്പെടുന്നത്.

ഇത്തരം കുടുംബ സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ സ്വഭാവ-വൈകാരിക പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഭാവില്‍ അക്രമ സ്വഭാവങ്ങള്‍ പ്രകടമാക്കാനോ അല്ലെങ്കില്‍ അത്തരം അതിക്രമങ്ങള്‍ക്ക് ഇരയവാനോ ഉള്ള സാധ്യതയുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്ന കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്, ശൈശവത്തില്‍ മരണമടയാനോ രോഗബാധിതരാവാനോ ഒക്കെയുള്ള സാധ്യത വളരെ കൂടുതലാണ്. 

വിഷാദരോഗവും ആത്മഹത്യയും 

സ്ത്രീകളുടെ ഇടയില്‍ ഉയര്‍ന്നുവരുന്ന ആത്മഹത്യാ പ്രവണതയാണ് മറ്റൊരു വലിയ പ്രശ്‌നം. ടൈംസ് ഓഫ് ഇന്ത്യ 2018 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ലോകത്താകമാനം ആത്മഹത്യ ചെയ്ത സ്ത്രീകളില്‍  37% ഇന്ത്യയില്‍ ഉള്ളവരാണ്. ഇവരില്‍ അധികവും വിവാഹിതരായ സ്ത്രീകളാണ്. ആത്മഹത്യയുടെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ കുടുംബ പ്രശ്‌നങ്ങളാണ് ഒന്നാമതായി കാണാന്‍ കഴിയുക.

പ്രസവാനന്തരമുള്ള വിഷാദം

പ്രസവാനന്തരം ഇന്ന് ഒരുപാട്  സ്ത്രീകളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. പ്രസവശേഷം 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന് പറയുന്ന വിഷാദാവസ്ഥ മിക്ക സ്ത്രീകളിലും കാണാം. പ്രസവ വേദന, കുഞ്ഞു ജനിച്ചതിനു ശേഷമുണ്ടാകുന്ന ഉറക്കളപ്പ്, സാഹചര്യ മാറ്റങ്ങള്‍, ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണം. എന്നാല്‍ സാധാരണ സ്ത്രീകളില്‍ കണ്ടുവരുന്നതില്‍ അധികം പ്രശ്‌നം ഉണ്ടാകുകയോ, മുന്‍പ് മനോരോഗത്തിന് മരുന്ന് കഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് വളരെ ഗൌരവത്തോടെ കാണേണ്ടതാണ്.

കോവിഡ് കാലത്ത് കുഞ്ഞുമായി ആത്മഹത്യ ചെയ്തവരും കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മമാരുടെ വാര്‍ത്തകളില്‍ പലതും വിഷാദരോഗം എന്ന അവസ്ഥ തിരിച്ചറിയതെപോയ അവസ്ഥ സൂചിപ്പിക്കുന്നു. 

പരിഹാര മാര്‍ഗ്ഗങ്ങള്‍ 

മഹാമാരിയുടെ ഈ സാഹചര്യത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഉറങ്ങാനും മറ്റെല്ലാ പ്രവര്‍ത്തികള്‍ക്കും സമയക്രമം പാലിക്കാന്‍ ശ്രമിക്കുക. മനസ്സ് അനിയന്ത്രിതമായ സങ്കടത്തിലേക്കോ പ്രതീക്ഷ ഇല്ലായ്മയിലേക്കോ പോകുന്നു എന്നു തോന്നിയാല്‍ മന:ശാസ്ത്ര ചികിത്സ തേടാന്‍ തയ്യാറാവുക. വിഷാദരോഗം പരിഹരിക്കപ്പെടാതെ മുന്നോട്ടു പോകുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നിറം കെടുത്തും. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന തോന്നലാണ് വിഷാദരോഗം ഉള്ള ഒരു വ്യക്തിയുടെ മനസ്സില്‍. ഇത് ആത്മഹത്യ എന്ന ചിന്തയിലേക്ക് നയിക്കും. കുടുംബാംഗങ്ങളുടെ സഹകരണവും മാനസികമായി തകര്‍ന്ന വ്യക്തിയെ ക്ഷമയോടെ കൈകാര്യം ചെയ്യാനുള്ള മനസ്ഥിതിയും ഉണ്ടായേ മതിയാവൂ.

(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല)
Consultation Near TMM Hospital

Content Highlights: Mental crises faced by mothers during the Covid period