'സുഭാഷിന്റെ അമ്മ ഭയങ്കര ദേഷ്യക്കാരിയാണല്ലേ? മുഖം കണ്ടാലറിയാം!'ഫാത്തിമ പറഞ്ഞു.
മനുഷ്യന് ഒരു ആമുഖം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഡോ. ഫാത്തിമ നോവല്‍ചര്‍ച്ചകള്‍ക്കായി എന്റെ വീട്ടിലെത്തിയതായിരുന്നു. ഉച്ചയൂണുകഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ശബ്ദം താഴ്ത്തി അതു പറഞ്ഞിട്ട് താന്‍ അങ്ങനെ ഊഹിച്ചതിന്റെ ലക്ഷണശാസ്ത്രവും അവര്‍ പറഞ്ഞു: 'നോവലിലെ ചിന്നമ്മതന്നെ ഇത്. ആ പുരികം കണ്ടാലറിയാം!'

കോഴിക്കോട്ട് ഞാന്‍ പണിത 'ഭൂമി'എന്ന വീട്ടിലേക്ക് കഴിഞ്ഞ പന്ത്രണ്ടു കൊല്ലത്തിനിടയില്‍ ഇതു രണ്ടാംവട്ടം മാത്രമാണ് അമ്മ വരുന്നത്. അഞ്ചു വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചപ്പോള്‍, ഇനി എന്നന്നേക്കുമായി എന്റെ കൂടെ നില്ക്കാം എന്ന മധുരവാക്കുമായി ഞാന്‍ കൂട്ടിക്കൊണ്ടു പോന്നിരുന്നെങ്കിലും നാല്പത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ അമ്മ മടങ്ങിപ്പോകണമെന്ന് ശാഠ്യംപിടിച്ചു. വീട് ഇടിഞ്ഞുപോകും, മുറ്റത്തൊക്കെ കരിയില നിറയും, പുഴയില്‍ മുങ്ങിക്കുളിക്കാഞ്ഞിട്ട് ഒരു സുഖവുമില്ല എന്നൊക്കെയായിരുന്നു അന്നു കാരണം പറഞ്ഞത്. അന്നു മടങ്ങിപ്പോകുമ്പോള്‍ അമ്മയുടെ കാലില്‍ അവര്‍ ജീവിതത്തില്‍ ആദ്യമായി ഇട്ട ചെരുപ്പ് ഉണ്ടായിരുന്നു. മുഖത്ത് കണ്ണു ടെസ്റ്റു ചെയ്യിച്ച് ജയശ്രീ വാങ്ങിക്കൊടുത്ത കണ്ണട ഉണ്ടായിരുന്നു.

മായനാട്ടെ വീട്ടിലെ മുറ്റത്ത് ചെങ്കല്‍ച്ചീളുകളില്‍ ചവിട്ടുമ്പോള്‍ പാദം വേദനിച്ച് അമ്മ അന്ന് മുഖം ഇളിച്ചുപിടിച്ചു നടന്നു. അപ്പോള്‍ അന്ന് പത്തുവയസ്സുണ്ടായിരുന്ന എന്റെ മൂത്തമകള്‍ക്കാണ് ഇത്രയും കാലം ഞങ്ങള്‍ അഞ്ചു മക്കള്‍ക്കും തോന്നാത്ത ആശയം ഉദിച്ചത്. 'അച്ഛാമ്മയ്ക്ക് ഒരു ചെരുപ്പ് ഇട്ടാലെന്താ?'അവള്‍ ചോദിച്ചു.

'ഞാന്‍ ഇന്നേവരെ ആ കുന്തം ഇട്ടിട്ടില്ല മോളേ, ഇനി അത് ഇടാനും പോണില്ല,'അമ്മ പറഞ്ഞു. അപ്പോള്‍ താനും അത് ഇട്ടുതുടങ്ങിയിട്ട് അധികകാലമായില്ല എന്ന് മകള്‍ കുട്ടികള്‍ക്കു മാത്രം മനസ്സിലാകുന്ന യുക്തി പ്രയോഗിച്ചു. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി വൈകുന്നേരം ഞാന്‍ പതിനൊന്ന് ഇഞ്ചിന്റെ ചുവന്ന വള്ളിയുള്ള ചെരിപ്പ് ടൗണില്‍നിന്ന് കൊണ്ടുവന്നപ്പോള്‍ അറുപത്തിനാലു വര്‍ഷം പ്രായമുള്ള തന്റെ പാദങ്ങള്‍ അമ്മ കൈയുടെ സഹായത്തോടെ അതിലേക്ക് തിരിക്കിക്കയറ്റി ഞെളിഞ്ഞുനിന്നു ചിരിച്ചു. 'ഓ, ഇതിത്ര എളുപ്പമായിരുന്നോ?'ബാലന്‍സ് തെറ്റാതെ ഉമ്മറത്ത് നടന്നുനോക്കിയിട്ട് അമ്മ പറഞ്ഞു, 'ഇത് ആദ്യമേ അറിയണ്ടേ!'

ഇത്തവണ അമ്മ മടങ്ങിപ്പോകില്ലെന്ന ഉറപ്പില്‍ത്തന്നെയാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. അമ്മ ഒറ്റയ്ക്കു താമസിച്ചിരുന്ന ഞങ്ങളുടെ വീട് ഒരു മുന്‍കരുതലെന്നോണം ഞാന്‍ പൊളിച്ചുകളഞ്ഞു. കല്ലിനും മരത്തിനുമായി കിട്ടിയ മുപ്പത്താറായിരം രൂപ കൃത്യമായി വീതിച്ച് എന്റെ നാല് കൂടപ്പിറപ്പുകള്‍ക്ക് കൊടുത്തിട്ട് അമ്മയെ ഞാനെടുത്തു.

subash chandra
സുഭാഷ് ചന്ദ്രൻ അമ്മയ്ക്കൊപ്പം

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം കയറി ഇടിഞ്ഞു താഴേക്കിരിക്കുമെന്ന് അമ്മതന്നെ ഭയപ്പെട്ടിരുന്നെങ്കിലും അതു പൊളിക്കുന്നതു കണ്ടപ്പോള്‍ അമ്മയുടെ ഉള്ളിലും എന്തൊക്കെയോ പൊളിഞ്ഞുവീണിരിക്കാം എന്ന് എനിക്ക് ഊഹിക്കാം. എനിക്കും മുകളില്‍ പിറന്ന നാലു മക്കളുമായി- അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ പറക്കമുറ്റാത്ത പിള്ളേരുമായി- കുറെക്കാലം ഒരോലപ്പുരയില്‍ താമസിച്ചതിനു ശേഷമാണ് അച്ഛന്‍ ആ വീട് പണിഞ്ഞത്. അടുക്കളയടക്കം നാലു മുറികള്‍ മാത്രമുള്ള, സ്വീകരണമുറിക്കുമാത്രം കോണ്‍ക്രീറ്റ് മേലാപ്പുള്ള, കാറു കേറാനുള്ള വീതിയും ശിരസ്സില്‍ ഉഷാഭവനം എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചാര്‍ത്തിയതുമായ ഗെയ്റ്റുമുള്ള വീടായിരുന്നു അത്. അതിനു മുന്നിലുണ്ടായിരുന്ന വലിയ കടപ്ലാവിന്റെ കീഴിലാണ് അച്ഛന്‍ രാത്രികളില്‍ ചാരുകസേരയിട്ട് കിടന്നിരുന്നത്. അതിന്റെ നീളന്‍കൈയില്‍ ഇരുന്നിട്ടാണ് ഒരിക്കലും കണ്ടിട്ടില്ലാത്ത സിനിമകളുടെ കഥകള്‍ അച്ഛന്‍ കേട്ടു വിശ്വസിക്കുന്നുണ്ടെന്ന ഉത്തമബോധ്യത്തോടെ ഞാന്‍ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നത്. ഇന്നിപ്പോള്‍ അച്ഛനടക്കം അതെല്ലാം മാഞ്ഞുപോയിരിക്കുന്നു. അമ്മ മാത്രം എന്റെ കൂടെ ഇങ്ങു കോഴിക്കോട്ടെത്തിയിരിക്കുന്നു.

പറിച്ചുനട്ട മരത്തെപ്പോലെ വാടിയിട്ടാണെങ്കിലും അമ്മ പതുക്കെ കോഴിക്കോടന്‍ജീവിതവുമായി പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ. വീടു മങ്ങിമാഞ്ഞു പോയാലും അമ്മയുടെ വേരുകള്‍ നാട്ടിലിരുന്നുകൊണ്ട് അമ്മയെ പിടിച്ചുവലിക്കുന്നുണ്ടാകും. ഈ അമ്മയെ ആദ്യമായി പിരിഞ്ഞ് കോഴിക്കോട്ടേക്കു പോന്ന വേദനയിലാണ് ഞാന്‍ പതിനാറു കൊല്ലം മുന്‍പ് 'പറുദീസാനഷ്ടം'എന്ന കഥയെഴുതിയതെന്ന് ഫാത്തിമയോട് പറഞ്ഞില്ല. കവിയൂര്‍ പൊന്നമ്മ അവതരിപ്പിക്കുന്ന വാത്സല്യം നിറഞ്ഞ അമ്മവേഷങ്ങളെ എനിക്കിഷ്ടമല്ലാത്തത് അത് പൊന്നമ്മയെന്നു പേരുണ്ടായിട്ടും ഒട്ടും വാത്സല്യം പ്രകടിപ്പിക്കാനറിയാത്ത ഒരാളെ എനിക്ക് അമ്മയായി കിട്ടിയതുകൊണ്ടാണെന്നും ഞാന്‍ പറഞ്ഞില്ല. നാലു മക്കള്‍ക്കു ശേഷം ഞാനുണ്ടായപ്പോള്‍ അമ്മയ്ക്കു തോന്നിയിരിക്കാവുന്ന സന്തോഷത്തെ സങ്കല്പിച്ച് 'ജഡം എന്ന സങ്കല്പം'എന്ന കഥയില്‍ ഞാന്‍ എഴുതിവെച്ച വാചകം വീണ്ടും എന്റെ നെഞ്ചില്‍ കനത്തുനിറഞ്ഞു: ദുഃഖിതയും നിസ്സാരയുമായി കാണപ്പെട്ട ഒരു വലിയ കരിമേഘം പൂര്‍ണചന്ദ്രനെ പ്രസവിക്കുന്നു!

നോവലിലെ ജിതേന്ദ്രന്റെ അമ്മ എന്റെ അമ്മതന്നെയാണെന്നു കരുതിയ വായനക്കാരില്‍ ഒരാള്‍ കടുങ്ങല്ലൂരിലെ വീടന്വേഷിച്ച് കണ്ടുപിടിച്ച് തന്റെ അടുത്തു വന്ന കഥ അമ്മ പറഞ്ഞിരുന്നു. 'നല്ലൊരു സുന്ദരിപ്പെണ്ണും അതിന്റെ ഭര്‍ത്താവും! അവള്‍ക്ക് ജിതേന്ദ്രന്റെ അമ്മയെ കാണാന്‍ കൊതിയായിട്ട് വന്നതാണെന്ന്! എന്റെ കാലില്‍ തൊട്ട് നമസ്‌കരിച്ചു. അയ്യാട്ടുമ്പിള്ളിയിലെ (നോവലിലെ വീട്ടുപേര്) മണ്ണെന്നു പറഞ്ഞ് മുറ്റത്തുനിന്ന് കൊറച്ച് മണ്ണും വാരിക്കൊണ്ടു പോയി!'

കോഴിക്കോട്ട് വന്നതിനുശേഷം പകല്‍നേരം പോക്കാനായി അമ്മ മനുഷ്യന് ഒരു ആമുഖം വീണ്ടും വായിക്കുന്നു. ഇടയ്ക്ക് അപ്പുറത്തെ മുറിയിലുള്ള ഭാര്യയുടെ അമ്മയുടെ അടുത്തു ചെന്നിട്ട് അമ്മ ചോദിക്കുന്നു, 'അവന്റെ പുസ്തകം വായിച്ചിട്ടുണ്ടോ?'
ഉണ്ടെന്ന് അമ്മായിയമ്മ ശിരസ്സാട്ടുമ്പോള്‍ അവന്റെ അമ്മയായതിന്റെ അഭിമാനത്തോടെ അമ്മ വീണ്ടും ചോദിക്കും, 'അതിലെ ചിന്നമ്മ ആരാണെന്നറിയുമോ?'

എന്നിട്ട് ഞാന്‍ ഒരുപാട് കുടിച്ചിട്ടുള്ള നെഞ്ചില്‍ ചൂണ്ടുവിരല്‍ കുത്തി അമ്മ പൂരിപ്പിക്കും: 'ഈ ഞാന്‍!'നോവലിലെ ചിന്നമ്മ എന്റെ അമ്മയുടെ ഡിഎന്‍എയില്‍നിന്ന് ഞാന്‍ സൃഷ്ടിച്ച തികച്ചും വ്യത്യസ്തയായ മറ്റൊരാള്‍ മാത്രമാണെന്ന് ഞാന്‍ വിശദീകരിക്കാന്‍ നില്ക്കാറില്ല. മൂശേട്ടയെന്നും താന്തോന്നിയെന്നും എന്ധ്യാനിയെന്നുമൊക്കെ പലയിടത്തും വിശേഷിപ്പിക്കപ്പെട്ട ആകഥാപാത്രത്തെ സ്വയം താന്‍തന്നെയാണെന്ന മട്ടില്‍ അമ്മ ഏറ്റെടുക്കുന്നതെന്തുകൊണ്ടാണെന്നും എനിക്കറിയില്ല.

നോവലിലെ ജിതേന്ദ്രനില്‍ ഞാനുള്ളിടത്തോളം ചിന്നമ്മയില്‍ എന്റെ അമ്മ വന്നിട്ടില്ല. എങ്കിലും അങ്ങനെ വിശ്വസിക്കുന്നതില്‍ അമ്മ ആഹ്ലാദിക്കുന്നതായി ഇപ്പോള്‍ തോന്നുന്നു. നോവലിലൂടെ അനശ്വരനാകാമെന്ന അതിന്റെ എഴുത്തുകാരന്റെ ദുരയെ അവന്റെ അമ്മയും ഏറ്റുപിടിച്ചതായിരിക്കുമോ? 

സുഭാഷ് ചന്ദ്രന്റെ കഥയാക്കാനാവാതെ എന്ന പുസ്തകത്തില്‍ നിന്ന്‌

Content Highlights: Subhash Chandran Open up about his Mother Mother's day 2021