മ്മ എന്ന സ്ഥാനം ഒരു സ്ത്രീയെ എത്രമാത്രം ശക്തയാക്കുന്നുവെന്ന് എപ്പളും ഓർത്ത് അത്ഭുതപ്പെടാറുണ്ട് ഞാൻ. മക്കൾക്കു വേണ്ടി ചെയ്യുമ്പോൾ എന്തും ഏതും സാധ്യമാണവൾക്ക്.

ഒരു പ്രളയകാല ബസ്യാത്രയിൽ പരിചയപ്പെട്ട ഒരുമ്മയെ ഓർമ വരുന്നു. അവർ ജോലിചെയ്യുന്ന മലപ്പുറത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് ഒരു ചുമട് സാധങ്ങളുമായുള്ള യാത്ര. അന്നത്തെ കാലാവസ്ഥ വച്ചുനോക്കുമ്പോൾ എവിടം വരെ ആ ബസ് പോകും എന്നുപോലും ഉറപ്പില്ലാതെ ഇരുന്നിട്ടും യാതൊരു ആകാംക്ഷയോ വെപ്രാളമോ ഒന്നുമില്ല ആൾക്ക്. പ്രായം അറുപതുകളുടെ തുടക്കത്തിൽ എത്തിയിട്ടും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ വഴിയിലെ കാഴ്ചകളൊക്കെ കണ്ട് ഇങ്ങനെ. ഇടക്ക് ഉറങ്ങിപ്പോയ എന്നെ വഴക്കുപറയുക പോലും ചെയ്തു ഇങ്ങനെ ഉറങ്ങിയാൽ ഇതൊക്കെ എങ്ങനെ കാണുംന്നു ചോദിച്ച്. അവരുടെ വിശേഷങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ ബഹുമാനം തോന്നിപ്പോയി.

ചെറിയ പ്രായത്തിൽ കല്യാണം, മൂന്നു നാലു പെണ്മക്കൾ ആയിക്കഴിഞ്ഞപ്പോൾ ഭർത്താവിന് അസുഖം, അവിടുന്നു തുടങ്ങി അവരുടെ പോരാട്ടം. മക്കളെയൊക്കെ അത്യാവശ്യം പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു. ഒന്നുരണ്ടുപേർക്ക് കല്യാണം കഴിഞ്ഞും പ്രശ്നങ്ങൾ ആയപ്പോളും തളർന്നില്ല. ആരുടെ മുന്നിലും കൈനീട്ടിയില്ല. എല്ലാം കൂലിപ്പണി എടുത്തും വീട്ടുജോലി ചെയ്തും തനിയെ നോക്കി നടത്തി. ഒരു കുഞ്ഞു കൂരയുള്ളത് പലപ്രാവശ്യം കൈവിട്ടു പോകാൻ തുടങ്ങിയെങ്കിലും അവർ വിട്ടുകൊടുത്തില്ല. നിയമം പറഞ്ഞും കേസിനു പോയും ബന്ധുക്കൾ തന്നെ ഉപദ്രവിച്ചപ്പോളും പിടിച്ചു നിന്നു. പലപ്പോളായി പലരും പറ്റിച്ചു. എന്നിട്ടും ആരോടും പരാതിയോ പരിഭവമോ ഇല്ല. എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞത് 'എന്റെ മക്കൾക്കു വേണ്ടിയല്ലേ മോളെ. പണിയെടുക്കാൻ എനിക്കിപ്പോ ആരോഗ്യം ഉണ്ടല്ലോ പിന്നെന്താ'ന്ന്. ഒരു ജീവിതകാലത്തെ കഷ്ടപ്പാട് മുഴുവൻ ആ ഒരൊറ്റ വാചകത്തിൽ നിസാരമാക്കി കളഞ്ഞു.

പിന്നെയുമുണ്ട് എന്റെ കുഞ്ഞു ജീവിതത്തിൽ പരിചയപ്പെട്ട വേറെയും അമ്മമാർ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മക്കൾക്കു വേണ്ടി ഏതറ്റം വരെയും പോകുന്നവർ. കാണുമ്പോളും കേൾക്കുമ്പോളും അത്ഭുതവും ആദരവും ഒരുപാട് സ്നേഹവും തോന്നുന്നവർ. അക്ഷരാർത്ഥത്തിൽ പോരാളികളായവർ.

Content Highlights:Rehana Vijay share story about a Mother she met from a Travel