റുഡ്യായാർഡ് കിപ്ലിങിന്റെ ഒരു പഴമൊഴിയുണ്ട്, ' God could not be everywhere, and therefore he made mothers'. ദൈവത്തിന് എല്ലായിടത്തും എത്താൻ കഴിയാത്തതുകൊണ്ട് അമ്മമാരെ സൃഷ്ടിച്ചതാണത്രേ. എത്ര സുന്ദരമായ വാചകം.

അമ്മ- രണ്ടക്ഷരം മാത്രം. പക്ഷേ അതിന്റെ വ്യാപ്തി അളക്കാൻ സാഹിത്യകാരന്മാരായാലും ചിത്രകാരന്മാരായാലും പുതിയ വാക്കുകൾ- വർണങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു, പിറന്നു വീണിട്ട് ദിവസങ്ങൾ മാത്രമായ പിഞ്ചുകുഞ്ഞാണെങ്കിലും അത് ഒന്നു കരഞ്ഞാൽ, അതിനു വിശക്കുന്നു, ഉറക്കം വരുന്നു, എന്തോ വേദനയുണ്ട്, കയ്യിലെടുത്തു നടക്കാനാണ് എന്നെല്ലാമുള്ള കൃത്യമായ കാരണങ്ങൾ ഒരു സ്റ്റെതസ്കോപ്പിന്റെയും സഹായമില്ലാതെ അമ്മ കണ്ടുപിടിക്കും. അവിടെ നിന്ന് തുടങ്ങുന്ന ശ്രദ്ധയും കരുതലും ആ കുഞ്ഞ് വലുതായി അതിന് കുട്ടികളും കുടുംബവുമൊക്കെയായാലും ആ അമ്മ തുടർന്നുകൊണ്ടേയിരിക്കും. കുറേക്കാലത്തിന് ശേഷം കണ്ടുമുട്ടിയാലും ഒരമ്മയുടെ ചോദ്യം ഇതായിരിക്കും- 'മക്കള് വല്ലതും കഴിച്ചതാണോ.'

പല അമ്മമാരുടെയും ത്യാ​ഗത്തിന്റെയും സ്നേഹത്തിന്റെയും കഥകൾ നമുക്കറിയാം. ഞാനിനി വേറൊരു കാര്യം പറഞ്ഞോട്ടെ- അമ്മ- അഥവാ മാതൃത്വം എന്ന മഹാശക്തി നമുക്ക് സമ്മാനിച്ച് അനശ്വരമായ ഒരു കലാരൂപമുണ്ട്, ഏതോ ഒരമ്മ ഒരുകാലത്ത് തന്റെ കുഞ്ഞ് കരഞ്ഞപ്പോൾ സമാധാനിപ്പിക്കാനായി രാ​ഗമില്ലാതെ, ശ്രുതിയില്ലാതെ, താളമില്ലാതെ തന്റേതായ ഈണത്തിൽ പാടിയ ഏതോ കുറച്ചു വാക്കുകൾ. അതായിരിക്കില്ലേ ലോകത്തിലെ ആദ്യത്തെ താരാട്ട്, അല്ലേ എന്നല്ല അതെ. ഒരു പക്ഷേ അന്നത് പേരില്ലാത്ത അഡ്രസ്സില്ലാത്ത ഒരു ശബ്ദം മാത്രമായിരുന്നിരിക്കാം. പിന്നീട് ഏതോ ഒര‍ജ്ഞാതൻ അതിന് നാമകരണം ചെയ്തു. കവികളും സം​ഗീതജ്‍ഞരും രൂപഭാവങ്ങൾ മാറ്റി, താരാട്ട് ആക്കി. പല ഭാഷകളിലെ അനശ്വര​ഗാനങ്ങളാക്കി. എങ്കിലും അമ്മയിൽ നിക്ഷിപ്തമായ അതിന്റെ അവകാശത്തിന് ആർക്കും റോയൽറ്റി ചോദിക്കാനാവില്ല.

ഒരു പക്ഷേ ആദ്യത്തെ പ്രസിദ്ധമായ താരാട്ട് സ്വാതിതിരുനാൾ മഹാരാജാവിനെ കുട്ടിയായിരിക്കുമ്പോൾ പാടിയുറക്കാൻ ഇരയിമ്മൻ തമ്പി രചിച്ച 'ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ' ആയിരിക്കില്ലേ... ഇന്ന് അത് അനശ്വരമായി പല ​ഗായകരുടെയും ശബ്ദത്തിൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. ഇന്നലെ ജയചന്ദ്രൻ പാടി റിലീസ് ചെയ്തിട്ടുണഅട്. അവർണ്ണനീയം! പിന്നെ ഇങ്ങോട്ട് എത്രയെത്ര താരാട്ടു പാട്ടുകൾ. എല്ലാ ഭാഷകളിലുമായി.

തന്റെ ദുഃഖവും നിസ്സഹായതയും ഒരു പക്ഷേ കുഞ്ഞിനെ വളർത്താൻ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടും ഭർത്താവിന്റെ അവ​ഗണനയും എല്ലാം കുഞ്ഞിനോട് തന്നെ പറയുന്നത് പാട്ടായി മാറിയതാവില്ലേ എന്തെന്നറിയാതെ കുഞ്ഞുറങ്ങിയിട്ടുമുണ്ടാവും, അങ്ങനെ അത് 'ഉറക്കുപാട്ട്' അഥവാ 'താരാട്ടായി' മാറുന്നു.

മാതൃത്വം ഒരവസ്ഥയാണ്. ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവളിൽ അന്തർലീനമായിരിക്കുന്ന അവസ്ഥ. അമ്മയാവണമെങ്കിൽ പ്രസവിക്കുകയോ ഒരു കുഞ്ഞിന് ഝന്മം നൽകുകയോ ചെയ്യണമെന്നില്ല. എത്രയോ പ്രസവിക്കാത്ത അമ്മമാരെ എനിക്കറിയാം.തിരിച്ച് അവരെ ജീവനു തുല്യം സ്നേഹിക്കുന്ന മക്കളെയും. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ സ്വന്തം മക്കളായി സ്നേഹിച്ചു വളർത്തുന്ന അവിവാഹിതകളായി ജീവിക്കേണ്ടി വന്ന സ്ത്രീകൾ പണ്ടൊക്കെ മിക്കതറവാടുകളിലും ഉണ്ടായിരുന്നു. അവരെയും നമ്മൾ നന്ദിയോടെ സ്മരിക്കേണ്ടതാണ് ഈ ദിവസത്തിലെങ്കിലും. പ്രസവിച്ചതുകൊണ്ട് മാത്രം അമ്മയാവില്ല.

ഒരു സംശയം ഞാൻ ഇവിടെ പറഞ്ഞോട്ടെ. സന്ദർഭത്തിന് അനുയോജ്യമല്ലെങ്കിൽ ക്ഷമിക്കുക. അമേരിക്കയിലോ ഇം​ഗ്ലണ്ടിലോ ഒക്കെ ജോലിയുമായി താമസിക്കുന്നവർ പോലും ഫോൺ ചെയ്യുമ്പോൾ 'അമ്മേ.. അമ്മയുടെ സാമ്പാർ കൂട്ടാൻ കൊതിയാവുന്നു, എത്രനാളായി അമ്മേടെ കാപ്പികുടിച്ചിട്ട്' എന്നൊക്കെ ​ഗൃഹാതുരതയോടെ പറയുന്ന മക്കളാണ്. അങ്ങനെയുള്ള ഭാരതീയരായ നമ്മൾക്ക് ഒരു 'മദേഴസ് ഡേ' വേണമോ... വിദേശത്ത് നിന്ന് ആവശ്യമില്ലാതെ ഇറക്കുമതി ചെയ്ത ഒരാഘോഷം എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. അവിടെ ഒരു പ്രായം കഴിഞ്ഞാൽ ഏതെങ്കലും ഓൾഡ് ഏജ് ഹോമിലാക്കും അച്ഛനമ്മമാരെ. പിന്നെ അവരുടെ ജന്മദിനത്തിനോ ന്യൂഇയറിനോ ഒക്കെ ഒരു കേക്കും കുറച്ച് പൂക്കളുമായി കാണാൻ ചെല്ലും. 'ഹായ് മമ്മാ ഹൗ ആർ യൂ പറയും. ഫോട്ടോ എടുക്കും സീ യൂ' പറഞ്ഞ് പോരും. അവർ ​ഗ്രീറ്റിങ് കാർഡുകളുടെ വിപണി മുന്നിൽ കണ്ട് ഉണ്ടാക്കി വച്ചിട്ടുള്ളതാണ് ഈ ' ഡേ 'കളെല്ലാം. പിന്നെ ഒരു സമാധാനം നമ്മുടെ കൂട്ടത്തിലും വിദേശികൾ ഉണ്ടെങ്കിൽ അവരുടെ അമ്മാർക്ക് ഒരു സന്തോഷം കിട്ടിക്കോട്ടെ. നമുക്കും നാടിന്റെ നടുവേ തന്നെയോടാം.

ശ്രേഷ്ഠ ഭാരതത്തിൽ സ്ത്രീയെന്നും ശക്തിയായും സർവ്വം സഹയായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ലോകത്തെ തന്നെ താങ്ങി നിർത്തിയിരിക്കുന്ന ഭൂമിയെ എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്- 'ഭൂമി ദേവി', നാടിനെയോ 'ഭാരത മാതാ'- നമ്മുടെ നാട് എന്നും സ്ത്രീകളെ ബഹുമാനിച്ചിട്ടുണ്ട്.

മാതൃത്വത്തിന് പോലും അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെയും ത്യാ​ഗത്തിന്റെയും പ്രതീകങ്ങളായ താരാട്ട് എന്ന സുന്ദര ​ഗാന ശാഖയുടെ അവകാശികളായ കടന്നു പോയവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ പ്രിയപ്പെട്ട അമ്മമാർക്കുമായി ഈ മാതൃദിനം സമർപ്പിക്കട്ടേ, പ്രണാമം.

Content Highlights: Raji Thmpi share her toughts about Mother's day