മ്മ.. പറയാന്‍, എഴുതാന്‍ എന്തെളുപ്പം അല്ലേ- പക്ഷേ അതിന്റെ വ്യാപ്തി അളക്കാന്‍ ശ്രമിച്ചിട്ടുള്ള സാഹിത്യകാരന്മാരായാലും ചിത്രകാരന്മാരായാലും പുതിയ വാക്കുകള്‍, വര്‍ണങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പിറന്നുവീണിട്ട് ദിവസങ്ങള്‍ മാത്രമായ പിഞ്ചുകുഞ്ഞായാലും അത് ഒന്ന് കരഞ്ഞാല്‍ അതിന് വിശക്കുന്നു, ഉറക്കം വരുന്നു, എന്തോ വേദനയുണ്ട്, കയ്യിലെടുക്കാനാണ് എന്നെല്ലാമുള്ള കൃത്യമായ കാരണങ്ങള്‍ ഒരു സ്റ്റെതസ്‌കോപ്പിന്റെയും സഹായമില്ലാതെ അമ്മ കണ്ടുപിടിക്കും. അവിടെ തുടങ്ങുന്നു ഒരമ്മയുടെ ശ്രദ്ധ! കരുതല്‍!  മനസ്സില്‍ ഇടംപിടിച്ച കുറച്ച് അമ്മമാരെ ക്യാപ്‌സൂള്‍ രൂപത്തില്‍ ഒന്നവതരിപ്പിക്കാന്‍ ശ്രമിക്കയാണ് ഞാന്‍- സ്ഥലപരിമിതി കൊണ്ട് മാത്രം.

അനുഭവിച്ച് അറിഞ്ഞവര്‍

ജന്മം തന്ന അമ്മ- തീര്‍ച്ചയായും ആദ്യം അറിഞ്ഞത് പെറ്റമ്മയെ ആവുമല്ലോ! അമ്മയെക്കുറിച്ച് പറയുമ്പോള്‍ അമ്മൂമ്മയെ ഒരു നിമിഷം സ്മരിച്ചോട്ടെ- എനിക്ക് 5 വയസ്സുള്ളപ്പോള്‍ ആ സ്‌നേഹനിധി ലോകം വിട്ടുപോയി. അപ്പോഴും എന്നെ ഒക്കത്തെടുത്ത് നടന്നിരുന്നു. ഏഴ് കുട്ടികളെ പ്രസവിച്ചു. സ്‌കൂളിലെ ടീച്ചറായിരുന്നു. എങ്കിലും ലോകമെന്തെന്നറിയാത്ത ഒരു പാവമായിരുന്നുവെന്ന് വല്യമ്മമാര്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്. എന്റെ അമ്മ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ഒന്നും ഉള്ള ആളായിരുന്നില്ല. അച്ഛനമ്മമാരുടെയും നാല് ചേച്ചിമാരുടെയും വാത്സല്യം അനുഭവിച്ച് വളര്‍ന്നു. അക്കാലത്തെ 'ഹയര്‍' എന്നുപേരുള്ളയൊരു സംഗീത പരീക്ഷ ഒന്നാം ക്ലാസില്‍ പാസായി. അതും കേരളത്തില്‍ നിന്നുള്ള രണ്ട് പേരില്‍ ഒരാള്‍. മറ്റൊരാള്‍ പാറശ്ശാല പൊന്നമ്മാള്‍ ആയിരുന്നു. അമ്മ തുടര്‍ന്നു പഠിച്ചില്ല. സ്‌കൂളില്‍ മ്യൂസിക് ടീച്ചറായി. വിവാഹശേഷം നല്ല പ്രോത്സാഹനം കൊടുക്കുന്ന ഭര്‍ത്താവായിട്ടും (വൈക്കം എം.പി. മണി) സംഗീതത്തിന് അമ്മ പ്രാധാന്യം കൊടുത്തില്ല. നല്ലെരാസ്വാദക മാത്രമായി! ഞങ്ങള്‍ മൂന്നു മക്കള്‍- ഗ്യാസ് സ്റ്റൗ, ഫ്രിഡ്ജ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഒന്നുമില്ല. ആ കാലത്ത് വിറകടുപ്പില്‍ പാചകം പൂര്‍ത്തിയാക്കി മറ്റ് ജോലികളും തീര്‍ത്തിട്ട് ജോലിക്ക് പോയിരുന്നു. അന്ന് ഏറെക്കുറെ എല്ലാ അമ്മമാരും അങ്ങനെയൊക്കെ തന്നെ. പാചകത്തില്‍ അസാധാരണ കൈപ്പുണ്യമായിരുന്നു അമ്മയ്ക്ക്. അമ്മയുടെ ഒരു കാപ്പി കുടിച്ചിട്ടുള്ളവര്‍ പോലും അത് ജീവിതകാലം മുഴുവന്‍ പറയുമായിരുന്നു. അമ്മ ഞങ്ങള്‍ മക്കളെക്കാളും കൂടുതല്‍ സ്‌നേഹിച്ചിട്ടുള്ളത് എന്റെ ഭര്‍ത്താവിനെയും കൊച്ചുമക്കളെയുമാണ്. ചേട്ടന്‍ വീട്ടില്‍ ചെന്നാല്‍ ഒരു രാജാവിനെ എന്ന പോലെയാണ് സല്‍ക്കരിക്കുക. ഇഷ്ടമുള്ള വിഭവങ്ങള്‍ എല്ലാം (മൂന്നുനേരം മൂന്നു രീതിയില്‍) ഉണ്ടാക്കും. തീരെ വയ്യാതായ സമയത്ത് അടുക്കളയില്‍ ഒരു സ്റ്റൂളിട്ട് അവിടെയിരുന്ന് പണിക്കാരിയെകൊണ്ട് ഓരോന്നും പറഞ്ഞ് ചെയ്യിക്കും. ഊണ് കഴിഞ്ഞ് പഴുത്ത മാങ്ങയൊക്കെ സ്വന്തം കൈകൊണ്ട് തന്നെ അരിഞ്ഞ് കൊണ്ട് വയ്ക്കും. എന്റെ മക്കള്‍ ഉള്‍പ്പെടെയുള്ള കൊച്ചുമക്കള്‍ക്കും വാത്സല്യ സ്മരണകള്‍ മാത്രമേ അമ്മൂമ്മയെക്കുറിച്ച് പറയാനുള്ളൂ. അവസാനം കാലം എന്റെ കൂടെ ചെന്നൈയിലായിരുന്നു. യാത്രയായതും ഇവിടെ നിന്നു തന്നെ.

മരുമകളായി ചെന്ന വീട്ടിലെ അമ്മ

women
രാജി തമ്പിയു‌ടെ അമ്മ

ആ അമ്മയെക്കുറിച്ച് ചേട്ടന്റെ ആത്മകഥയില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന 'ജീവിതം ഒരു പെന്‍ഡുലം') വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ അത് അമ്മയുടെ കഥ കൂടിയാണ്. അതിനാല്‍ ഒരു മരുമകളായി മാത്രം അമ്മയെ കാണാന്‍ ശ്രമിക്കയാണിവിടെ. നല്ല ഒരു ദാമ്പത്യ ജീവിതം ലഭിക്കാതെ പോയിട്ടും എന്നും സ്വന്തം മക്കളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കണം എന്ന് ആഗ്രഹിച്ച അമ്മ. അതിനായി 'വേലായുധ സ്വാമി'യെ എന്നും എപ്പോഴും വിളിച്ചിരുന്ന അമ്മ. എപ്പോഴും മരുമക്കളുടെ വശംചേര്‍ന്നേ അമ്മ സംസാരിക്കൂ. മക്കളാരും ഭാര്യമാരെ വഴക്കുപറയുന്നതും വിഷമിപ്പിക്കുന്നതും ഒന്നും ഇഷ്ടമായിരുന്നില്ല. എന്നോട് വളരെ സ്‌നേഹമായിരുന്നു. അമ്മയുടെ ഇഡ്ഡലി ഇപ്പോഴുള്ള 'സോഫ്റ്റ് ഇഡ്ഡലി' ആയിരുന്നില്ല. ഇരുമ്പ് ചീനച്ചട്ടിയില്‍ വാഴയില വാട്ടി മുറിച്ചെടുത്ത് എങ്ങനെയോ ആവികയറ്റി ഉണ്ടാക്കും. ഇപ്പോഴും എനിക്ക് ആ ടെക്‌നിക്ക് അറിയില്ല. വലിയ ഇഡ്ഡലി ആയിരിക്കും. എനിക്കത് ഒരുപാട് ഇഷ്ടമായിരുന്നു. പിന്നെ ഇപ്പോള്‍ എല്ലായിടത്തും 'വയറലായി' മാറിയിരിക്കുന്ന പഴങ്കഞ്ഞി. ഞങ്ങള്‍ ചെന്നൈയില്‍ നിന്നു ചെല്ലുമ്പോള്‍ അമ്മ ഉണ്ടാക്കിവെയ്ക്കും. എനിക്കിഷ്ടമായതുകൊണ്ട്. അമ്മയില്‍ അന്നു തന്നെ ഒരു സ്ത്രീ സമത്വവാദി ഉണ്ടായിരുന്നു എന്നതിന് ഒരു ഉദാഹരണം- ഞങ്ങളുടെ മകള്‍ കവിതയ്ക്ക് ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എം.എ.യ്ക്കും എംഫില്ലിനും മദ്രാസ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് റാങ്ക് ഉണ്ടായിരുന്നു. ആ വിവരം മലയാളത്തിലെ മിക്ക ന്യൂസ് പേപ്പറുകളിലും വന്നിരുന്നു. അതിലൊക്കെ 'ശ്രീകുമാരന്‍ തമ്പി'യുടെ മകളായ കവിത എന്നാണെഴുതിയിരുന്നത്. 'അതെന്താ അവര്‍ രാജിയുടെ പേര് എഴുതാഞ്ഞത്, അവളല്ലേ പ്രസവിച്ചത്' - എന്നമ്മ. നമ്മള്‍ കൊടുത്ത വാര്‍ത്തയല്ലല്ലോ അവര്‍ സ്വഭാവികമായും ചേട്ടന്റെ പേര് ചേര്‍ത്തു. അത്രേയയുള്ളൂ. അതില്‍ നിന്ന് അമ്മയുടെ തുറന്ന മനസ്സ് മനസ്സിലാക്കാമല്ലോ. ചേട്ടനിഷ്ടമുള്ള വിഭവങ്ങള്‍ എല്ലാം ഞാന്‍ അമ്മയില്‍ നിന്നാണ് പഠിച്ചത്. ഉള്ളിപ്പുളി, വെറും മാങ്ങ, പപ്പടത്തോരന്‍ ഇതൊക്കെ അമ്മയുടെ സ്‌പെഷലുകളായിരുന്നു. ഓര്‍മകളില്‍ നല്ലതുമാത്രം അവശേഷിപ്പിച്ചിട്ട് പോയ 'അമ്മ'!

ജന്മം തരാതെ അമ്മയായ ചേച്ചിയമ്മ

അമ്മയുടെ നേരെ മൂത്ത ചേച്ചി രണ്ടാമത്തെ പ്രസവത്തോടെ ഈ ലോകം വിട്ടുപോയി. ഭര്‍ത്താവ് വളരെ പെട്ടെന്ന് പുനര്‍വിവാഹവും കഴിച്ചു. കുഞ്ഞുങ്ങള്‍ സ്വാഭാവികമായും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായി. എന്റെ അമ്മയും അന്ന് അധികം പ്രായമില്ലാത്ത കുട്ടിയാണ്. അമ്മയും ഈ കുട്ടികളും ഒന്നിച്ച് വളര്‍ന്നു. അമ്മ വിവാഹിതയായി ഞാന്‍ ജനിച്ചപ്പോള്‍ എന്റെ ചുമതല പൂര്‍ണമായും അപ്പോഴേക്കും യുവതിയായ ചേച്ചി ഏറ്റെടുത്തു. 5 വയസ്സില്‍ സ്വന്തം വിവാഹം കഴിയും വരെ ചേച്ചിയായിരുന്നു എന്റെ അമ്മ. വിവാഹ സമയത്തും ഞാന്‍ തൊട്ടടുത്തു തന്നെ ചേച്ചിയെ കെട്ടിപ്പിടിച്ചിരിപ്പായിരുന്നു. ചേട്ടന് ആഹാരം കൊടുക്കാന്‍പോലും സമ്മതിക്കുമായിരുന്നില്ല. ചേച്ചിയെ എന്നില്‍ നിന്നും പിടിച്ചകറ്റിയ ഒരു ശത്രു! അതായിരുന്നു എന്റെ വിചാരം. വളര്‍ന്നപ്പോള്‍ ചേട്ടനും എനിക്ക് മറ്റൊരച്ഛനായി. എന്റെ ഏതാവശ്യത്തിനും എപ്പോഴും ചേച്ചിയുണ്ടാവും അവിടെ. 'കുഞ്ഞ്' എന്നാണ് ഇന്നും വിളി! എല്ലാവര്‍ക്കും ചിരിയാണ് അത് കേള്‍ക്കുമ്പോള്‍. ചേച്ചിയുടെ കൂടെ നിന്ന ദിവസങ്ങളിലാണ് ഞാന്‍ ഏറ്റവും വാത്സല്യം അനുഭവിക്കുന്നത്. 93 വയസ്സായി. ഇളയ മകളുടെ കൂടെ അടൂരില്‍ ചില്ലറ അസുഖങ്ങളുമായി കഴിയുന്ന എന്റെ പ്രിയപ്പെട്ട 'ചേച്ചിയമ്മ'.

women
ചേച്ചിയമ്മ സരോജിനി ഭായ്, യേശുദാസിന്റെ അമ്മ എലിസബത്ത്

അമ്മച്ചി

കുടുംബത്തിന് പുറത്തൊരാളെ ഞങ്ങള്‍ ഇങ്ങനെ വിളിച്ചിട്ടുള്ളത് ദാസേട്ടന്റെ അമ്മയായ എലിസബത്തിനെയാണ്. എന്റെ അച്ഛന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ ഭാര്യ. സത്യത്തില്‍ എന്റെ പേര് അമ്മച്ചിയുടെ ഓര്‍മയിലുണ്ടായിരുന്നോ എന്ന് പോലും അറിയില്ല. 'മോളേ' എന്നൊരു വിളി മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ. അമ്മച്ചിക്ക് അഞ്ച് മക്കള്‍. എന്നാലും ഞങ്ങളെയും- എന്നെയും ചേട്ടനെയും- ചേര്‍ത്തേ പറയുള്ളൂ. അങ്ങനെയേ കരുതാവൂ എന്ന് അമ്മച്ചിയുടെ മക്കളോട് പറഞ്ഞിട്ടുമുണ്ട്. ജയമ്മയുടെ (അമ്മച്ചിയുടെ മകള്‍) കല്യാണത്തിന് മുമ്പ് ഞാനും അമ്മച്ചിയും ജയമ്മയും കൂടി സിനിമ കാണാന്‍ പോകും. ദാസേട്ടന്റെ പാട്ട് വന്നാലുടനെ എന്റെ കയ്യില്‍ പിടിക്കും. 'മോളേ ദാസപ്പനല്ലേ പാടുന്നത്' എന്ന് ചോദിക്കും. വീട്ടില്‍ ചെല്ലുമ്പോള്‍ എന്നെയും ജയമ്മയേയും കൊണ്ട് പാട്ടുകള്‍ പാടിക്കും. 'നിങ്ങളുടെ മക്കളെയും പാട്ട് പഠിപ്പിക്കണം കേട്ടോ' എന്ന് പറയും. നിര്‍ബന്ധിച്ച് ഊണ് കഴിപ്പിച്ചേ വിടുകയുള്ളൂ. അമ്മച്ചിയുടെ  'മോരു കറി' ഒരിക്കലും നാവില്‍ നിന്ന് പോകാത്ത രുചി. പ്രഭയോടും എന്നോടും കലാകാരന്മാരുടെ ഭാര്യയായി ജീവിക്കുമ്പോഴുള്ള ഉപദേശങ്ങള്‍ പറഞ്ഞുതരും. പ്രഭയെ തിരുവനന്തപുരത്തുവെച്ചു തന്നെയറിയാം. ഞങ്ങളുടെ അമ്മമാര്‍ സുഹൃത്തുക്കളായിരുന്നു. ഒരേ ബര്‍ത്ത്‌ഡേയാണ് ഞങ്ങള്‍ക്കെങ്കിലും എന്നിലും ഇളയതാണ് പ്രഭ.
 കഴിഞ്ഞവര്‍ഷം ദാസേട്ടന്റെ ഏറ്റവുമിളയ അനുജന്‍ മരിച്ചപ്പോള്‍ മണിയും ആന്റണിയും (മറ്റ് രണ്ട് അനിയന്മാര്‍) അമ്മച്ചിയുടെ വാക്കുകള്‍ ഓര്‍ത്താവാം എന്നെ വിളിച്ചിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം. 

അവസാനമായി കണ്ടത് നല്ല സുഖമില്ലാതെ മണിയുടെ വീട്ടില്‍ കഴിയുമ്പോഴാണ്. 'ഞാന്‍ ഒന്ന് നാട്ടില്‍ പോയി വരാം. ഇനി വരുമ്പോ കുഞ്ഞുങ്ങളെ കൂടി കൊണ്ട് വരണേ തമ്പീ' എന്ന് പറഞ്ഞു. പക്ഷേ ആഴ്ചകള്‍ക്കകം ഫോണ്‍ റിംഗ് ചെയ്ത് ചെന്നെടുക്കുമ്പോള്‍ 'മോളേ അമ്മച്ചിയാ' എന്ന് പറയുന്ന ശബ്ദം നിലച്ചുപോയ വാര്‍ത്തയാണറിഞ്ഞത്. ഒരു വലിയ സ്‌നേഹത്തിന്റെ നഷ്ടം.

Content Highlights: raji thampi about mothers in her life