സിനിമയിലും സീരിയല്‍ രംഗത്ത് സജീവയായ പാര്‍വതി ആര്‍ കൃഷ്ണ ഇടക്കാലത്ത് ശ്രദ്ധ നേടിയത് ഗര്‍ഭകാലത്തെ ഒരു ഡാന്‍ഡ് വീഡിയോ പങ്കുവെച്ചാണ്. ഗര്‍ഭകാലം രോഗകാലം ആക്കാതെ  പരമാവധി പോസ്റ്റീവ് ആവുക എന്നതായിരുന്നു പാര്‍വതിയുടെ ലൈന്‍. മകന്‍ അവ്യൂക്ത് ജനിച്ച ശേഷവും ഫുള്‍ എന്‍ര്‍ജിയില്‍ ജോലിയില്‍ സജിവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേരുടെ ഒരു മാതൃക കൂടിയായ പാര്‍വതി വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ്

പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനം.

2020ല്‍ എന്റെ പിറന്നാള്‍ ദിനത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. എനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനം എന്ന് വേണം. ആദ്യമായി അറിഞ്ഞപ്പോള്‍ കണ്ണുകളെല്ലാം നിറഞ്ഞുപോയി. സത്യത്തില്‍ ഞങ്ങള്‍ പ്രഗനന്‍സി പ്ലാന്‍ഡ് ആയിരുന്നു. അത് കൊണ്ട് സര്‍പ്രൈസ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് അനുഭവിച്ച സന്താഷം വളരെ വലുതായിരുന്നു. ഭര്‍ത്താവിനോടാണ് ആദ്യം ഓടി പോയി പറഞ്ഞത്.

അനാവശ്യ ഉപദേശങ്ങളോട് ഗുഡ് ബൈ

ഞാന്‍ സ്വന്തമായി നിലപാടുള്ളൊരു വ്യക്തിയാണ്. എല്ലാ കാര്യത്തിലും എനിക്ക് എന്റെ സ്വന്തം തീരുമാനങ്ങള്‍ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ അനാവശ്യ ഉപദേശങ്ങളുമായി ആരും വന്നിട്ടില്ല. വേണ്ടതാണെന്ന് തോന്നിയാല്‍ സ്വീകരിക്കും ഇല്ലെങ്കില്‍ തള്ളികളയും അത്ര കാര്യമാക്കാറില്ല. പിന്നെ കോവിഡ് സമയത്തായിരുന്നു എന്റെ ഗര്‍ഭകാലവും പ്രസവവും അത് കൊണ്ട് തന്നെ ആരും അങ്ങനെ കാണാന്‍ വന്നിരുന്നില്ല.

ആ വിഷമഘട്ടം എനിക്ക് നേരിടേണ്ടി വന്നില്ല

ഗര്‍ഭകാലത്തും പ്രസവശേഷവും വരാവുന്ന വിഷാദ രോഗത്തെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഭാഗ്യത്തിന് ആ ഘട്ടം എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. പ്രൊഫഷനലി ഞാനൊരു ആര്‍ക്കിടെക്റ്റാണ് പാഷന്‍ കൊണ്ട് ആര്‍ട്ടിസ്റ്റും അത് കൊണ്ട് തന്നെ വളരെയധികം തിരക്ക് പിടിച്ച ജീവിതമായിരുന്നു എന്റേത്. ഗര്‍ഭകാലത്തും ഞാന്‍ വെറുതെ ഇരുന്നില്ല. പരമാവധി ഒരോ വിനോദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു. അത് കൊണ്ടാണോ അറിയില്ല. എനിക്ക് അതൊന്നും നേരിടേണ്ടി വന്നില്ല. കൊറോണയും ലോക്ഡൗണും ആയി വീട്ടുകാര്‍ എല്ലാം തന്നെ എന്റെ ഒപ്പം ഉണ്ടായിരുന്നു. അത് എനിക്ക് നല്‍കിയ ആശ്വാസം വളരെ വലുതാണ്. 

ഏത് കുഞ്ഞാണെങ്കിലും ഞാന്‍ ഹാപ്പിയാണ്. പക്ഷേ പെണ്‍കുട്ടിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു കാരണം ഒരുക്കി കൊണ്ട് നടക്കാം. വലുതാവുമ്പോ ഒരേ മോഡല്‍ ഡ്രസെല്ലാം അണിയാം അതായിരുന്നു മോഹം. പിന്നീട് ഗര്‍ഭകാലത്തിന്റെ അവസാനം എനിക്ക് തന്നെ തോന്നി ഇത് ആണ്‍കുട്ടിയാവുമെന്ന്

അമ്മയായതിന് ശേഷം വന്ന മാറ്റങ്ങള്‍

പേഴ്‌സണലി ഒരുപാട് മാറ്റങ്ങളൊന്നും വന്നിട്ടില്ല. പക്ഷേ എന്റെ അമ്മയോടുള്ള സമീപന രീതി നല്ലപോലെ മാറിയിട്ടുണ്ട്. നമ്മളെല്ലാവരും അമ്മയോടായിരിക്കും ഏറ്റവും അടിയുണ്ടാക്കുക. നമ്മള്‍ അമ്മയാവുമ്പോള്‍ അമ്മയോടുള്ള സമീപനവും വല്ലാതെ മാറും. ക്ഷമാശീലവും കൂടിയെന്ന് വേണം പറയാന്‍. നന്നായി ആലോചിച്ച് കാര്യങ്ങളും തീരുമാനിച്ചെടുക്കാന്‍ പറ്റുന്നുണ്ട്.

പാഷനും പ്രൊഫഷനും എന്നെ വിട്ടുപോവില്ല

ഞാന്‍ പ്രൊഫഷണലി സിവില്‍ എന്‍ജിനിയറാണ്. മീഡിയ ഫീല്‍ഡ് എനിക്ക് സെക്കണ്ടറിയാണ്. അതെന്റെ പാഷനാണ്. അതിനൊരു ബ്രേക്കെടുത്തെന്ന് വെച്ച് അത് എന്നെ വിട്ട് പോവില്ലെന്ന്  നല്ല ഉറപ്പുണ്ടായിരുന്നു. പിന്നെ പ്രൊഫഷനല്‍ സൈഡ് കൊണ്ടും ഞാന്‍ സുരക്ഷിതമായ ലെവലിലാണ് നില്‍ക്കുന്നത്. കുഞ്ഞുണ്ടായെന്ന് കരുതി പ്രൊഫഷനും പാഷനും വിട്ടുകളയേണ്ടി വരില്ലെന്ന് ഉറപ്പാണ്.

സ്ത്രീകളെ ബഹുമാനിക്കുന്നവനാവണം
 
സത്യത്തില്‍ ഭാവിയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ല.  എല്ലാം അറിഞ്ഞു കൊണ്ട് തന്നെ അവന്‍ വളരട്ടെ.. സ്ത്രീകളെ ബഹുമാനിക്കുന്ന മനസിലാക്കുന്ന ഒരാളാവണം.

സോഷ്യല്‍ മീഡിയ അറ്റന്‍ഷന്‍ 

സോഷ്യല്‍ മീഡിയ അറ്റന്‍ഷന്‍ ഒരുപരിധിക്ക് അപ്പുറം അവനെ ബാധിക്കരുതെന്ന് ആഗ്രഹമുണ്ട് അത് കൊണ്ട് തന്നെ അവനെ അതില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. അവന്‍ അതിന്റേതായ സമയത്ത് എന്താണെങ്കിലും ചെയതോട്ടെ.  ഇപ്പോള്‍ അവനെ അങ്ങനെ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലാക്കിയാല്‍ ഭാവിയില്‍ അവനത് ഇഷ്ടമില്ലെങ്കിലോ? അത് കൊണ്ട് തന്നെ എല്ലാം അവന്‍ ആ പ്രായമാകുമ്പോള്‍ തീരുമാനിക്കട്ടെ.

ബോള്‍ഡായി നേരിടണമെന്ന് സ്വയം ഉറപ്പിച്ചു

കുറച്ച് നാളുകള്‍ക്ക് മുന്‍പ് അവന്‍ ഒരു രാത്രി നിര്‍ത്താതെ കരഞ്ഞിരുന്നു. അന്ന് ഞാന്‍ വല്ലാതെ പേടിച്ചിരുന്നു. പക്ഷേ പിന്നീട് ഞാന്‍ എന്റെ മനസിനെ പാകപ്പെടുത്തി. ഇതൊക്കെ സ്വാഭാവികമാണ് നാളെ ചിലപ്പോള്‍ പനി വന്നേക്കാം ബോള്‍ഡായി നേരിടണമെന്ന് സ്വയം ഉറപ്പിച്ചു.

അമ്മയാവുന്നത് സ്വപ്‌നങ്ങളുടെ ഫുള്‍സ്റ്റോപ്പല്ല

അമ്മയാവുക എന്നത് നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ഫുള്‍സ്റ്റോപ്പല്ല. വീട്ടിലെ കാര്യങ്ങളും ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ചെയ്യുന്നതും എല്ലാം ഒറ്റയ്ക്കാണ്. സ്വന്തം സന്തോഷത്തെ ഒരിക്കലും കളയരുത്, അമ്മയാവുക എന്നത് ഒരു കാലഘട്ടം മാത്രമാണ്. ജീവിതം മാക്‌സിമം അടിപൊളിയാക്കുക

Content Highlights: Parvathy R Krishna interview mothers day 2021