ണ്ടാമത്തെ ലോക്ഡൗണ്‍ അഭിമുഖീകരിക്കുകയാണ്- അതായത് നീ ഇനി കുറച്ചുകാലത്തേക്ക് നിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോക്കില്ലാതെ മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഇരിക്കുകയും സമയം രാവിലെ പത്തുമണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ ജനലായ ജനലിന്റെ അരികിലെല്ലാം പോയി ആകാശത്തുനിന്നും നിമിഷനേരത്തേക്കുമാത്രം അനുഗ്രഹമായി ലഭിക്കാന്‍ പോകുന്ന നെറ്റ് വര്‍ക്കിനെ ഊറ്റിയെടുത്ത് ലാപ്‌ടോപ്പിലാക്കി ജോലി ചെയ്യാന്‍ പോകുകയാണ്, മനസ്സിലായോ എന്നു ഞാന്‍ എന്നോട് തന്നെ പറഞ്ഞുപോകുന്ന കാലമായി.

വീടിനെ ഓഫീസാക്കി മാറ്റാനും ആ ഓഫീസിലിരുന്നുകൊണ്ട് വളരെ 'സമാധാനപരമായി' ജോലി ചെയ്യാനുമുള്ള ഉത്തരാധുനിക സാഹചര്യമൊന്നും എന്റെ ജീവിതാന്തരീക്ഷത്തില്‍ 
വന്നു ചേര്‍ന്നിട്ടില്ല എന്നതാണ് ലോക്ഡൗണ്‍കാലത്ത് ഞാനനുഭവിക്കുന്ന വലിയൊരു വെല്ലുവിളി. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയെന്ന വലിയ ബഹുമതിയും സര്‍ട്ടിഫിക്കറ്റുമൊക്കെ കുടുംബത്തില്‍ നിന്നു വാങ്ങിവെച്ചിട്ടുണ്ട് എന്നത് നേര് തന്നെ. പക്ഷേ പ്രശ്‌നം വരുന്നത് വീടിനെ ഓഫീസാക്കി മാറ്റുമ്പോഴാണ്. രാവിലെ തല്ലിപ്പിടച്ച് ചോറും കറിയുമാക്കി, പ്രാതലൊരുക്കി പിള്ളേരോട് അഞ്ചാറ് ഒച്ചയിട്ട്, അഴിച്ചിട്ടതെല്ലാം, കാണുന്ന കുറ്റിയിലും കൊളുത്തിലുമെല്ലാം തൂക്കിയിട്ടിരിക്കുന്ന, സകലമാന മാസ്‌ക് കോണകങ്ങളും അലക്കി വെളുപ്പിച്ച് ആറാനിട്ട്, ചവുട്ടിക്കുലുക്കി കുളിമുറിയില്‍ കയറി ബക്കറ്റ് പൊട്ടിപ്പാളീസാവുന്ന മട്ടില്‍ നാലഞ്ച് കപ്പ് വെള്ളം മുക്കിയെടുത്ത് ശരശരേന്ന് കുളിയും കഴിഞ്ഞ് ചായ കുടിച്ചെങ്കിലായി എന്ന മട്ടില്‍ ഓടുന്നത് സത്യത്തില്‍ ഒരു രക്ഷപ്പെടലാണ്. 'ഇനി രാത്രി എട്ടിന് കാണാം മക്കളേ' എന്ന ഭാവത്തിന് അല്പം ശോകം കൂടി കലര്‍ത്തിയാല്‍ ഏറ്റു! 

ഓഫീസിലെത്തിയാല്‍ പിന്നെ  മറ്റൊന്നും ചിന്തിക്കണ്ട. പിള്ളേര് കയ്യോ കാലോ പൊട്ടിച്ചാല്‍ വിളി വരും. അപ്പോള്‍ നോക്കിയാല്‍ മതി. സംഗതി കുടുംബം പുലരുന്നത് ഭര്‍തൃവീട്ടിലായതിനാലും ജോയിന്റ് ഫാമിലി എന്ന വിശാലമായ കാഴ്ചപ്പാടില്‍ ജീവിക്കുന്നതിനാലും ബാക്കി ഉത്തരവാദിത്തം അച്ഛനും അമ്മയ്ക്കുമാണ്. ജില്ലയുടെ ഒരറ്റത്തുനിന്നും മറ്റൊരു ജില്ലയുടെ തുടക്കം വരെ മൂന്നുമണിക്കൂര്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്ന ഞാന്‍ അത്രയൊക്കെ ഉത്തരവാദിത്തം ഏറ്റാല്‍ മതി. ഇനി നിങ്ങളായി നിങ്ങളുടെ പാടായി എന്നും പറഞ്ഞ് ഓഫീസിനടുത്തേക്കെങ്ങാനും മക്കളെയും കൂട്ടി വാടകക്ക് താമസിച്ചോ എന്നെങ്ങാനും സജഷന്‍ വന്നാല്‍ (വരും, പിള്ളേരെ നോക്കല്‍ അത്ര എളുപ്പമല്ലല്ലോ). നടക്കില്ല എന്നേ പറയാനുള്ളൂ. 

ആയ കാലത്ത് വല്യ കുടുംബസ്‌നേഹമൊക്കെ പറഞ്ഞുമനസ്സിലാക്കിത്തന്നതാ ഭര്‍ത്താവ്. ഇതിപ്പോ മക്കളൊക്കെ തരക്കേടില്ലാതെ വളരുമ്പോളാണല്ലോ കുടുംബമൊക്കെ വിശാലമാകുന്നത്. ഏത്? അങ്ങനെ. എന്റെ യാത്രയും ദുരിതവും ഞാനങ്ങ് സഹിച്ചു. 

പറഞ്ഞുവന്നത് ലോക്ഡൗണ്‍ ആണെങ്കിലും എത്തിച്ചേര്‍ന്നത് കുശുമ്പിലാണ്. അപ്പോള്‍ അമ്മ ഗൗരവമുള്ള ഒരു ജോലിയാണ് ചെയ്യുന്നതെന്നും അമ്മയ്ക്ക് ഒരുപാട് ദൂരം യാത്രചെയ്യേണ്ടതാണെന്നും വൈകീട്ട് വന്നാല്‍ ക്ഷീണമാണെന്നും തങ്ങളെ പഠിപ്പിക്കാനോ കൊഞ്ചിക്കാനോ നേരമില്ലെന്നുമുള്ള ഒരുവിധപ്പെട്ട തിരിച്ചറിവുകളോട് പിള്ളേര്‍ വീണ്ടും സലാം പറഞ്ഞിരിക്കുന്നു. സമയം ഏഴര കഴിഞ്ഞിട്ടും നൈറ്റി മാറാത്ത അമ്മയെ കാണുമ്പോള്‍, തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടിപ്പാഞ്ഞു ബഹളം വെക്കാത്ത അമ്മയെകാണുമ്പോള്‍ ഇന്ന് ലീവാണോ എന്ന ചോദ്യത്തോടൊപ്പം അടക്കിവെക്കാന്‍ കഴിയാതെ ആഹ്‌ളാദം കുതികുത്തി വരുന്നത് കാണാം. അല്ല, വീട്ടീന്ന് ചെയ്താല്‍ മതി എന്നു പറഞ്ഞാല്‍ പിന്നെ എന്റെ ടേബിളിനടുത്തായി കൃത്യം മൂന്നു കസേരകള്‍ പ്രത്യക്ഷപ്പെടും. നാട്ടിലെ സകല കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കളറുകളും എന്തിന് ട്രൗസറുകള്‍ വരെ ടേബിളില്‍ നിരന്നിരിക്കും. എല്ലാം ഒരുവിധം മാറ്റിയിട്ട് പണിയാരംഭിക്കുമ്പോള്‍ ഒറ്റ വിളിയാണ്, അമ്മേ അപ്പിയിടണം. പോയി അപ്പിയിട്ടോ എന്നു പറഞ്ഞ് താഴേക്ക് അയക്കാന്‍ നോക്കിയാല്‍ നേരെ പോകുന്നത് ഞാനിരിക്കുന്ന റൂമിന്റെ അറ്റാച്ഡ് ബാത്‌റൂമിലേക്ക്. നോക്കണേ എന്റെ കോണ്‍സണ്‍ട്രേഷന്‍ പോയിക്കിട്ടി. പൈപ്പ് തുറന്നിടും. വെള്ളം പോയിക്കൊണ്ടേ ഇരിക്കും കാവല്‍ നിന്നില്ലെങ്കില്‍ നടക്കില്ല. നിന്നാല്‍ വേറെയുമുണ്ട് കുഴപ്പം എന്റെ നിഴല്‍ കണ്ടാല്‍ ചെക്കന്‍ പിന്നെ സ്വന്തം അപ്പി കഴുകില്ല. ഇനിയഥവാ എന്തെങ്കിലും ആകട്ടെ എന്നു കരുതി മിണ്ടാതെ ഇരുന്ന് പണിയെടുക്കുയാണെങ്കിലോ വിളിയോട് വിളിയാണ് അമ്മേ കഴിഞ്ഞൂൂൂൂ.........അതിനിടയില്‍ മഴചാറും. അച്ഛനും അമ്മയുമല്ലാത്ത സകലതും മുറ്റത്ത് നിരത്തിയിട്ട് അച്ഛനും അമ്മയും ചേന നടാന്‍ പോയിട്ടുണ്ടാവും, ഞാനിവിടെയുള്ളതല്ലേ. ഒരു വിധം ചെക്കനെ കഴുകിച്ചിട്ട് മുറ്റത്തേക്കോടും. ഇല്ലേല്‍ നട്ടപ്രാന്ത് കയറിയിരിക്കുന്ന സമയമാണേല്‍ അവിടുന്ന് നനയട്ടെ എന്നങ്ങ് വിചാരിക്കും.
 
നൈറ്റിയിട്ട് ഓഫീസ് പണിയെടുക്കാനായോ എന്നാണ് ചെക്കന്‍ വര്‍ക്ക് അറ്റ് ഹോം ആയോ എന്നറിയാന്‍ ചോദിക്കുക. സത്യത്തില്‍ അതെനിക്കൊരു തിരിച്ചറിവാണ്. നൈറ്റിയിട്ട് ഞാനെടുക്കുന്ന ഓഫീസ് പണിക്ക് ഇവന്‍ ഒരു ഗൗരവം തരാത്ത പ്രശ്‌നമില്ലേ എന്നെനിക്കുതന്നെ തോന്നി. പിള്ളേരെ മൊത്തം തൂത്തെറിഞ്ഞ് അവരുടെ മുറിയിലാക്കി എന്റെ മുറി കുറ്റിയിട്ട് പണിയാന്‍ തുടങ്ങിയപ്പോള്‍ സംഗതി ചാലു ആയി. അതിനിടേല്‍ ഒരു നാല്‍പത് തവണ മുട്ടും. അമ്മേ ജ്യൂസ് ഉണ്ടാക്കട്ടെ, പപ്പടം പൊരിക്കട്ടെ, ബുള്‍സൈ ഉണ്ടാക്കട്ടെ? അടുക്കളപൂട്ടി താക്കോല്‍ ഒളിപ്പിച്ചുവെച്ചു. ഉച്ചക്ക് ചോറ് തിന്നാന്‍ ഇറങ്ങിയപ്പോള്‍ ഫ്രിഡ്ജിലെ തക്കാളിമുഴുവന്‍ മുഖത്ത് തേച്ച് ഇരിക്കുന്നു മൂന്നുപേരും! ഹെര്‍ബല്‍ ടൊമാറ്റോ ഫേഷ്യല്‍! അതിനിടേല്‍ അമ്മായിഅമ്മയുടെ ഒരു മാസ് എന്‍ട്രി ഉണ്ട്, ചൂലുമായിട്ട്- 'ഇന്നത്തെ ദിവസം ഈ വീട്ടില്‍ ചൂല് പോലും തൊട്ടിട്ടില്ല.' നോക്കണേ,ആ പണി മാത്രമേ ബാക്കി വന്നിട്ടുണ്ടാകുകയുള്ളൂ. ഓഫീസുള്ളപ്പോള്‍ തിന്ന പാത്രം പോലും കഴുകാതെ ഓടുന്ന എന്നെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയും പരിഭവവും ഇല്ലാത്തതാണേ. 

ഇതിനിടയില്‍ വേറൊരു കാര്യം സംഭവിക്കും. ലോക്ഡൗണ്‍ പ്രതിഭാസത്തിന്റെ ഭാഗമായി സ്‌കൂള്‍പഠനം ഓണ്‍ലൈന്‍ ആണല്ലോ. അപ്പോള്‍ ഫോണ്‍ സ്വാഭാവികമായും ആരുടെ കൈവശമാകും? മക്കളുടെ. ഇടയ്ക്ക് ഒരു രസത്തിന് ചുള്ളിക്കാടിന്റെയും കെ.ജി.എസ്സിന്റെയും ടി.പത്മനാഭന്റെയും നമ്പറൊക്കെ അവരങ്ങ് ഡയല്‍ ചെയ്യും. കാണുന്ന മാത്രയില്‍ ഞാന്‍ ഓടിച്ചെന്ന് കട്ടാക്കും. പിന്നെ കണ്ണുരുട്ടലും വഴക്ക് പറയലും ഫോണ്‍ തിരികെ വാങ്ങലുമൊക്കെയായി സീന്‍ ആകെ കൊളമായി. അതിനിടയില്‍ മുള്ളില്‍ നില്‍ക്കുന്നപോലെ പണിയെടുക്കുന്ന ദിനമാണേല്‍ പാവം മക്കളുടെ കാര്യം പറയണ്ട. എന്റെ മുഖത്ത് നോക്കാന്‍പോലും പിന്നെയവര്‍ക്ക് പേടിയാകും കണക്കിന് വഴക്കും കേള്‍ക്കും ചിലപ്പോള്‍ അതിരുകടക്കുകയും ചെയ്യും. 

സംഗതി ലോക്ഡൗണ്‍ ഒക്കെയാണ്. വീട്ടിലേക്ക് ആരും വരുന്നും പോകുന്നുമില്ല. ശരി തന്നെ. എന്നാലും കണ്ണുവെട്ടിച്ച കാക്ക പറക്കുന്നതുപോലെ  ആരെങ്കിലുമൊക്കെ എത്തിനോക്കും. വന്നവരോട് മിണ്ടിപ്പറഞ്ഞില്ലെങ്കിലോ, പോയി കാര്യം. ആ വീട്ടിലെ പെണ്ണ് മനുഷ്യരോട് മിണ്ടൂല എന്നായി. അതുകൊണ്ടെന്തായി ഉമ്മറത്ത് ആന വന്നാലും ഞാന്‍ അനങ്ങാന്‍ പോകില്ല. അതിനുകൂടി പോയാല്‍ കാര്യം നടക്കില്ലെന്നേ.

മുറി കുറ്റിയിട്ട് ജോലിചെയ്യല്‍ അത്ര എളുപ്പമായില്ല. തൊട്ടടുത്ത മുറിയില്‍ അവരും കുറ്റിയിട്ട് ഇരുന്ന് പണിയെടുക്കാന്‍ തുടങ്ങി. മാഷ് നിന്നു സാധിച്ചാല്‍ കുട്ട്യോള് നടന്നു സാധിക്കും എന്നാണല്ലോ. ഇടക്ക് ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ചെവിയോര്‍ക്കും. ഉണ്ട്- മൂന്നും ലൈവായിട്ടുണ്ട്. ഇവര് മിണ്ടിയാലും കുഴപ്പമാണ് മിണ്ടിയില്ലേലും കുഴപ്പമാണ്. ഒരു ദിവസം കുറേ നേരത്തേക്ക് ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ മെല്ലെ പോയി വാതിലില്‍ മുട്ടി. കറക്ട് എന്റെ ശബ്ദത്തില്‍, എന്റെ മോഡുലേഷനില്‍ അകത്തുനിന്നും ചോദ്യമുയര്‍ന്നു എന്....ന്താ???????????????? ഒരു പെന്‍സില്‍ എടുക്കാനാണ്. ആവശ്യമില്ലാതെ വാതിലില്‍മുട്ടരുതെന്ന് ഞാനാണല്ലോ പറഞ്ഞത്. ഞാന്‍ തന്നെ ആവശ്യം കണ്ടെത്തി. വാതില്‍ അല്പം തുറക്കപ്പെട്ടു. മൂന്നുപേരും അവരവരുടെ സ്റ്റഡി ടേബിളിനുമുന്നില്‍ ഇരിക്കുന്നുണ്ട്. ടെക്‌സറ്റ് ബുക്ക് ലാപ്‌ടോപ്പിന്റെ മാതൃകയില്‍ തുറന്നു വച്ചിരിക്കുന്നു. ഉപയോഗശൂന്യമായ രണ്ട് കീപാഡുകള്‍ പെണ്ണുങ്ങളുടെ മേശപ്പുറത്തുണ്ട്. ഒരു കാര്‍ഡ്‌ബോര്‍ഡ് കഷ്ണത്തില്‍ കീപാഡ് വരച്ച് ചെറുക്കന് അഡ്ജസ്റ്റ് ചെയ്തുകൊടുത്തിട്ടുണ്ട്. 

പെന്‍സില്‍ എടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു എന്താ പരിപാടി? ഗൗരവത്തില്‍ മറുപടി വന്നു, ''ശല്യം ചെയ്യാതെ, സ്റ്റോറി ചെയ്യുകയാണ്.'' ഓ.കെ. സ്‌റ്റോറിയെങ്കില്‍ സ്‌റ്റോറി. സമാധാനം. പക്ഷേ സ്റ്റോറി ഏര്‍പ്പാട് അവര്‍ക്ക് വേഗം മടുത്തു. ഒട്ടും വൈകാതെ എന്റെ കയ്യും മുഖവും കഴുത്തും തോണ്ടി അടുക്കല്‍ പറ്റിപ്പിടിച്ചു നില്‍ക്കാന്‍ തുടങ്ങി. അനവധി ആവശ്യങ്ങളാണ്, ഒരാള്‍ക്ക് വിശക്കും, അടുത്തയാള്‍ക്ക് വയറ് വേദനിക്കും മറ്റേയാള്‍ക്ക് ഒരു നാളുമില്ലാത്ത പെരുന്നാളുപോലെ ആ നിമിഷം തന്നെ പഠിക്കണം, അമ്മ പഠിപ്പിച്ചുതരണം. 

നിസ്സഹായതയുടെ നെല്ലിപ്പടിയും കണ്ട് മൂന്നുപേരെയും നോക്കി തലക്കു കയ്യും കൊടുത്തിരിക്കുകയല്ലാതെ എന്തു വഴി? മൂന്നുപേരോടുമായി മയത്തില്‍ അടവിറക്കി. കുട്ടികളുടെ കഥകള്‍ എഴുതിക്കൊടുക്കാമെന്നേറ്റിട്ടുണ്ട്. പക്ഷേ പറ്റിയ കാരക്ടര്‍ കിട്ടുന്നില്ല. എന്തുകഥ? മൂന്നാളും സടകുടഞ്ഞെണീറ്റു. എന്റെ ചുറ്റും നിക്കാതെ ആ കട്ടിലില്‍ പോയിരിക്ക് മൂന്നാളും എന്നു പറയേണ്ട താമസം ബോബനും മോളികളും കട്ടിലില്‍ ഇരുന്നു കഴിഞ്ഞു. 'പട്ടിയുടെയും പൂച്ചയുടെയും കഥയാണോ?' രണ്ടാമത്തേതാണ് വിഷയത്തിലേക്ക് കടന്നത്. അല്ല കുട്ടികളാണ് ഹീറോസ്. പട്ടിയും പൂച്ചയുമൊക്കെ പിന്നെ വന്നാല്‍ മതി. പക്ഷേ പറ്റിയ കാരക്ടര്‍ ഇല്ല. കാരക്ടര്‍, കാരക്ടര്‍ എന്ന് ഞാന്‍ ഇടക്കിടെ പറഞ്ഞുകൊണ്ടേയിരുന്നെങ്കിലും പാവത്തുങ്ങള്‍ക്ക് പിടികിട്ടിയിട്ടൊന്നുമില്ല. 

''ഈ കാരക്ടറിന് എന്തൊക്കയാ വേണ്ടത്''? മൂത്തതാണ് ചോദിച്ചത്. സംഗതി എന്റെ ലെവലിലേക്ക് അടുത്തുവരുന്നുണ്ട്. ''അത് ഇങ്ങനെ നോക്കിയിരുന്ന് നിരീക്ഷിച്ചാലേ മനസ്സിലാവൂ. ഒരു കുട്ടിയെ, അല്ലെങ്കില്‍ മൂന്നു കുട്ടികളെ അതും, വ്യത്യസ്ത വയസ്സിലുള്ളവരെ നമ്മളിങ്ങനെ നിരീക്ഷിച്ച്, അവരുടെ സ്വഭാവം കണ്ടുപിടിച്ച് പിന്നെ അവരെ നല്ല കുട്ടിയായി ഇങ്ങനെ എഴുതണം..''പരമാവധി വീര്‍പ്പിച്ച് പറഞ്ഞതും മൂന്നാളും കാരക്ടറാവാന്‍ റെഡിയായി. ലോക്ഡൗണ്‍സാഹചര്യ വര്‍ക്ഫ്രം ഹോം. അമ്മയുടെ സുഗമമായ ജോലി സുതാര്യതയ്ക്കായി താഴെപ്പറഞ്ഞവയായിരുന്നു ഒരു കാരക്ടറിനുവേണ്ട മിനിമം ക്വാളിറ്റീസ്.

1. അമ്മയുടെ കണ്‍വെട്ടത്ത് ഉണ്ടാവും.
2. ബാഡ് വേഡ്‌സ് പരസ്പരം പറയില്ല.
3. നഖം പല്ല് മുതലായ മാരകായുധങ്ങള്‍ എതിരാളിയുടെ മുഖത്തോ ചുണ്ടിലോ മറ്റ് ശരീരഭാഗങ്ങളിലോ പതിപ്പിക്കില്ല.
4. വാശിപിടിച്ചു കരയില്ല.
5. കൃത്യസമയത്ത് ഭക്ഷണം കഴിക്കും.
6. ഉടുപ്പുകള്‍ മുഴുവനായും ധരിച്ചിരിക്കും.
7. വളരെ നല്ല സ്‌നേഹത്തോടെ ചിരിച്ചുകൊണ്ട് സംസാരിക്കും.
8. നഖം, കടലാസ്, തുണികള്‍ മുതലായവ തിന്നില്ല.
9. സ്‌കൂള്‍ പൂട്ടിയതുമുതലുള്ള ഹോം വര്‍ക്കുകള്‍ പടപടേന്ന് ചെയ്തുതീര്‍ക്കും.
10. മേശകളും അലമാരയുമൊക്കെ വൃത്തിയായി വെക്കും.
11. അമ്മമാര്‍ക്ക് ജോലിചെയ്യാന്‍ എല്ലാ സഹായവും ചെയ്തുകൊടുക്കും- വെള്ളം, ചാര്‍ജര്‍ തുടങ്ങിയവ.
12. സ്വന്തം പല്ലുതേക്കും, കുളിക്കും ,ഭക്ഷണം കഴിക്കും,എന്തിന് ഉറങ്ങുക വരെ!
13. അടുക്കളയും ഫ്രിഡ്ജും മാജിക് ഓവനും സ്വന്തമായി ഓപ്പറേറ്റ് ചെയ്യില്ല.

മേല്‍പ്പറഞ്ഞതില്‍ പകുതിയെങ്കിലും സമ്മതിച്ചു കിട്ടിയാല്‍ മതി. പക്ഷേ ഒരു കാരക്ടറാവാന്‍ എന്തു ത്യാഗവും സഹിക്കാന്‍ പാവത്തുങ്ങള് തയ്യാറായിരുന്നു. കട്ടിലില്‍ മൂന്നാളും കയറി ഇരുന്ന ഇരിപ്പുണ്ടല്ലോ. ഇനി കഥയെഴുതണം. കഥയെന്നുവെച്ചാല്‍ മൂന്നാളെപ്പറ്റിയുമുള്ള കഥകള്‍. അടങ്ങിയൊതുങ്ങി വല്ല കിളിയോ പാറ്റയോ പറക്കുന്നതും നോക്കി, പുസ്തകത്തിലെ താമരയ്ക്കും പൂച്ചയ്ക്കും നിറം കൊടുത്ത് തങ്ങളാലാവുന്ന വിധം നല്ല മര്യാദകള്‍ എന്നോട് പ്രകടിപ്പിച്ചുകൊണ്ട് മൂന്നാളും കാരക്ടറായി ഇരുന്നു. ജോലി സുഗമമായി നടന്നു. ഇടക്കിടെ കഥയായോ എന്നുള്ള ചോദ്യം വരും. 'എന്റെ കഥയില്‍ ഞാന്‍ മൂക്കില്‍ തോണ്ടുന്നത് എഴുതണ്ടാട്ടോ' എന്ന് പതുക്കെ ചെവിയില്‍ വന്ന് ചെക്കന്‍ പറയും. 'എന്റെ കഥയില്‍ ഒരു ആടിനെ വേണം' എന്നായി രണ്ടാമത്തേത്. 'എന്റെ കഥയില്‍ അപ്പയേയും കൂട്ടാമോ' എന്നായിരുന്നു മൂത്തതിന്റെ അഭ്യര്‍ഥന. അങ്ങനാണേല്‍ 'എന്റെ കഥയില്‍ അച്ഛച്ഛന്‍ വേണം' എന്ന് ചെക്കന്‍. 

'നാനുക്കുട്ടന്റെ കുരുവികള്‍' മാതൃഭൂമി ഡോട്‌കോമിന്റെ കിഡ്‌സ് സെക്ഷനിലേക്ക് എഴുതി. പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ ചെക്കന് വായിച്ചുകൊടുത്തു. എന്റമ്മോ! അങ്ങ് ആകാശം വരെ ഉയര്‍ന്നുപോയി മൂപ്പര്. പിന്നെ ആ കഥയും നോക്കിയുള്ള ആത്മരതിയാണ്. നേരം വെളുത്താല്‍ പിന്നെ ടാബില്‍ വായന തുടങ്ങും. കുറേ ചിരിക്കും, കുറേ ഇങ്ങനെ നോക്കിനില്‍ക്കും. ഒരു കഥയില്‍ കാര്യമൊതുങ്ങില്ല. ചെക്കന്റെ മുഖത്ത് പൂത്തിരി കത്തിിയപ്പോള്‍ രണ്ട് തേനീച്ചക്കൂടുകള്‍ പെണ്ണുങ്ങളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. അല്ലെങ്കിലും അമ്മയ്ക്ക ഓനോടാണ്... ബാക്കി അവര്‍ പറയില്ല. പറഞ്ഞാല്‍...ശരിയാക്കിക്കളയും ഞാന്‍. 'മേധക്കുട്ടിയും ആട്ടിന്‍ കുട്ടികളും' പ്രസിദ്ധീകരിച്ചതും മേധയ്ക്കു കൊടുത്തു. രണ്ട് കേസ് ഒത്തുതീര്‍പ്പാക്കി. അവളുടെ മെലിഞ്ഞകോലവും ഷോക്കടിച്ചമുടിയും എല്ലാം കൂടി ചിത്രത്തില്‍ വന്നപ്പോള്‍ സന്തോഷമായി. താഴെയുള്ള രണ്ടാളേയും പറ്റിക്കാന്‍ എളുപ്പമാണ്. എഴുത്തും വായനയുമൊക്കെ അത്രയേ ഉള്ളൂ. ഞാന്‍ പറയുന്നതാണ് അവരുടെ ആപ്തവാക്യം. പക്ഷേ മൂത്തത് അങ്ങനെയല്ല. അല്പസ്വല്പം വായനയുണ്ട്. എന്താണ് എഴുതിയത്, എന്തിനെക്കുറിച്ചാണ് എഴുതിയത് എന്നെല്ലാം കൃത്യമായി അറിയാം. സംതൃപ്തിയുടെ വാട്ടര്‍ലെവലൊന്നും അവിടെ വിലപ്പോകില്ല. 'ശ്വേതക്കുട്ടിക്കും തന്നാലായത്' എന്ന പേരില്‍ ഒരു ജീവകാരുണ്യമുഖമൊക്കെ കൊടുത്ത് അങ്ങ് കോംപ്രമൈസ് ചെയ്തു. 

കഥ മൂന്നെണ്ണത്തില്‍ നിന്നില്ല. അതാ വരുന്നു അപ്പുവേട്ടനെയും കൂട്ടിയിട്ട്. ഞങ്ങളുടെ കഥമാത്രം പോര, അപ്പുവേട്ടനെപ്പറ്റിയും കഥയെഴുതണം. 'അപ്പുവിന്റെ ഗപ്പികള്‍' എന്ന കഥയിലൂടെ അതും സമാധാനമാക്കി. ഇടക്കിടെ കാരക്ടര്‍, കാരക്ടര്‍ എന്ന് ഓര്‍മിപ്പിച്ചതുകൊണ്ട് വര്‍ക്ഫ്രംഹോമിനെ, നൈറ്റിയില്‍ നിലനിര്‍ത്തിക്കൊണ്ട് ഞാന്‍ സക്‌സസ്സാക്കി. ഇക്കണ്ട ആധുനിക വിനോദോപാധികളെല്ലാം തന്നെ തൊടുവിരല്‍ ദൂരത്തുണ്ടായിരുന്നിട്ടും കഥയോട് മക്കള്‍ കാണിച്ച വികാരമേ നിനക്ക് നന്ദി.

Content Highlights: Mother's Day 2021 Confessions of a Work From Home Mother, Women