കൊറോണയൊക്കെ തുടങ്ങുന്ന കാലത്തിനു മുൻപ് ഒരു രാത്രി പേടിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്. മുൻപ് പലതവണ അവിടെ പോയിട്ടുണ്ട് പക്ഷെ അന്നെല്ലാം അസുഖത്തിന്റെയും വേദനയുടെയും തീവ്രത ഡോക്ടറെ പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ അതിനുപോലും പറ്റുന്നില്ല. കാരണം അന്ന് ഒന്നര വയസ്സുമാത്രം പ്രായമുള്ള എന്റെ മോൾ അദ്വൈതയാണ് രോഗി.

ഒരു വികൃതിക്കുടുക്കയാണ് അന്നും ഇന്നും. കേറിയെത്താത്ത ഷെൽഫുകളില്ല. അവൾ നടത്തം പഠിച്ചതുമുതൽ വീട്ടിലെ സാധനങ്ങളെല്ലാം അവളെക്കാൾ ഉയരത്തിലേക്ക് മാറ്റിവെക്കേണ്ടി വന്നു. ഞാനും ചേട്ടനും മോളും എന്റെ ജോലി ആവശ്യത്തിന്റെ ഭാഗമായി ഓഫീസിനു അടുത്ത് വേറെ വീട്ടിലാണ് താമസം. എന്റെ അമ്മയോ ചേട്ടന്റെ അമ്മയോ വന്നു നിന്നാണ് മോളെ പകലെല്ലാം നോക്കിയിരുന്നത്.

ചേട്ടന്റെ വീട്ടിൽ ചെല്ലുമ്പോൾ ഭക്ഷണം കഴിക്കാനുള്ള മടി മാറ്റാൻ അച്ഛച്ചൻ അവൾക്ക് ചിക്കൻ കാല് സ്പെഷ്യൽ വാങ്ങിക്കൊടുക്കുമായിരുന്നു. അത് എരിവ് കുറച്ച് പൊരിച്ചോ കറിവെച്ചോ കൊടുത്താൽ കുറച്ചൊക്കെ വയറുനിറയെ കഴിക്കും. ഈ ഹോസ്പിറ്റലിൽ പോകേണ്ടിവന്ന ആ രാത്രിയിലും മോൾക്ക് ഇഷ്ടമുള്ള രീതിയിൽ ചിക്കൻ വാങ്ങിച്ച് പൊരിച്ചു തയ്യാറാക്കിവെച്ചിരുന്നു. അടുക്കളയിൽ എന്റെ കൂടെ നിന്ന് പൊരിച്ച ചിക്കൻ കഷ്ണം വാങ്ങി ടേസ്റ്റ് നോക്കി വയറൊക്കെ ചെറുതായി നിറച്ചിട്ടുണ്ട് മോൾ. അങ്ങനെ സ്പെഷ്യൽ എല്ലാം തയ്യാറാക്കി തീൻമേശയിൽ എത്തിയപ്പോൾ സമയം ഏതാണ്ട് രാത്രി 10 മണി കഴിഞ്ഞിരുന്നു.

സമയം ഒരുപാട് വൈകിയതിനാൽ മോൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെ കൂടെ ഞങ്ങളും ഭക്ഷണം കഴിക്കാൻ തുടങ്ങി. അവൾ ഓരോ ഉരുള ചോറ് വായിലിട്ട് ഹാളിലൂടെ ഓരോ കളിയിൽ മുഴുകി നടക്കുകയാണ്. ഇടയ്ക്ക് ഇത്തിരി നേരം അവളെ കാണുന്നില്ല. പൈപ്പിൽ നിന്നും വെള്ളം താഴെ വീഴുന്ന ശബ്ദം കേട്ടപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ ചേട്ടൻ പോയി നോക്കി. മോൾ വാഷ് ബെയ്സന്റെ അടിയിലെ പൈപ്പ് തുറക്കാതിരിക്കാൻ അതിന്ടെ മുൻപിലിട്ട പെട്ടിയിൽ കയറി നിന്ന് ബെയ്സന്റെ ഉള്ളിലെ പൈപ്പ് തുറന്നിട്ടിരിക്കുന്നു. ചേട്ടൻ ആ മിടുക്കിയെയും എടുത്ത് കൈ കഴുകി വന്നു. വായിൽ എന്തോ ചവക്കുന്നുണ്ട് ചോറ് അല്ല. ഞങ്ങൾ കൊടുക്കുന്ന ഭക്ഷണം ഒന്നും തികയാഞ്ഞിട്ട് കണ്ടതെല്ലാം പെറുക്കി തിന്നുന്ന വളരെ നല്ലൊരു സ്വഭാവമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് വായിൽ കൈ ഇട്ടു നോക്കേണ്ടി വന്നു. സ്വാഭാവികമായും കിട്ടാനുള്ള കടി കിട്ടി, കൂടെ ഒരു ചെറിയ കഷ്ണം കർപ്പൂരം പോലുള്ള സാധനവും. പക്ഷേ അത് കർപ്പൂരം ആയിരുന്നില്ല നാഫ്തലീൻ ഗുളികയാണ്. പാറ്റയ്ക്ക് കൊടുത്ത പണി ഞങ്ങൾക്ക് തന്നെ തിരിച്ചു കിട്ടി. പാറ്റ റൂമിലും ഷെൽഫിലും വാഷ് ബേസിനിലും ഇടയ്ക്ക് ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ നാഫ്തലീൻ ഗുളിക വാങ്ങി മോൾക്ക് എത്തുകയില്ലെന്ന വിശ്വാസത്തിൽ വാഷ് ബേസിനിൽ ഇട്ടതാണ്. അതാണിപ്പോൾ കയറിയെടുത്തത്.

ചേട്ടന്റെ കസിന്റെ ഭാര്യ ഡോക്ടർ ആണ് അവളെ വിളിച്ച് പറഞ്ഞപ്പോൾ ചെറിയകുട്ടിയല്ലേ ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞു. ആ നട്ടപ്പാതിരാ സമയത്ത് മെഡിക്കൽ കോളേജിലേക്ക് അമ്മാവനും അവളും ഞങ്ങളെ കൂടെ വന്നു. മോൾക്ക് പറയത്തക്ക ലക്ഷണങ്ങൾ ഒന്നുമില്ല അവൾ എന്റെ തോളിൽ തലവെച്ചു കിടക്കുകയാണ്. ഡോക്ടർ വന്നു നോക്കി വയറ് കഴുകി നോക്കാമെന്ന് പറഞ്ഞു. അപ്പോഴും അവള് ചിരിച്ചുകൊണ്ട് ഡോക്ടറുടെ സ്റ്റെതസ്കോപ്പ് എടുത്ത് നെഞ്ചിൽ വെച്ച് കൊണ്ട് അവരെയും ചിരിപ്പിച്ചു. കൂടെയുള്ള നേഴ്സ് "ആദ്യമായാണ് ഇവിടെ ഒരു കുട്ടിയെ നാഫ്തലീൻ ഗുളിക തിന്നിട്ട് കൊണ്ടുവരുന്നത്... നിങ്ങൾ തീരെ ശ്രദ്ധിച്ചില്ലേ" എന്നെല്ലാം ചോദിച്ച് ടെൻഷൻ അടിച്ച് നിൽക്കുന്ന ഞങ്ങളെ വീണ്ടും പേടിപ്പിച്ചു.

അങ്ങനെ കുറച്ചുപേര് ചേർന്ന് അവളെ കയ്യും കാലും തലയും അനക്കാതെ പിടിച്ചുകൊടുത്ത് ഡോക്ടർ ട്യൂബ് ഇറിക്കി വലിച്ചെടുക്കാൻ തുടങ്ങി. മോൾ എന്നെ നോക്കി ബലംപിടിച്ച് കരയുകയാണ്. അവള് ഇഷ്ടപ്പെട്ടു കഴിച്ച ചിക്കനും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ച ചോറും പുറത്തുവന്നു. വേറെയൊന്നും കിട്ടിയതുമില്ല. ശെരിക്കും എനിക്ക് വായിൽ നിന്നും കിട്ടിയ ആ ചെറിയ കഷ്ണം നാഫ്തലീൻ മാത്രമാണോ ബാക്കിയുള്ളതെന്ന് തോന്നി. അത്രയും കരഞ്ഞതിന്റെ ക്ഷീണത്തിൽ അവൾ എന്റെ തോളിൽ കിടന്നുറങ്ങി. കുറച്ചു സമയം കഴിഞ്ഞു നോക്കിയിട്ട് വിടാമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ അവളെ മടിയിൽ വെച്ച് അവിടെ ഇരുന്നു. അതെല്ലാം കഴിഞ്ഞ് അടുത്ത ദിവസം രാവിലെയാണ് മോളെയും കൊണ്ട് വീട്ടിൽ എത്തിയത്. അതിൽ പിന്നെ വീട്ടിൽ നാഫ്തലീൻ ഗുളിക വാങ്ങിയിട്ടുമില്ല, അവള് ഏതു ഭക്ഷണം വളരെ ഇഷ്ടത്തോടെ കഴിക്കുന്നത് കണ്ടാലും പേടിയുമാണ്. അങ്ങനെ ഒരു പേടിപ്പിക്കുന്ന രാത്രി ഇനിയുണ്ടാക്കല്ലേയെന്ന പ്രാർത്ഥനയുമുണ്ട്. അങ്ങനെ മോളെകൂടെയുള്ള ഓരോ ദിവസവും ഒട്ടേറെ അനുഭവങ്ങളുടെ ദിവസങ്ങൾ കൂടിയാണ്. അത് ചിലപ്പോൾ ഒരു അമ്മക്ക് മാത്രമുള്ള പരീക്ഷണ ദിവസങ്ങൾ കൂടെയാകാറുണ്ട്.

Content Highlights: Mother and Child life experience Mother's day 2021