ടന്‍ സുകുമാരന്‍ മരിക്കുമ്പോള്‍ മക്കളായ ഇന്ദ്രജിത്ത് പന്ത്രണ്ടിലും പൃഥ്വിരാജ് ഒമ്പതിലും പഠിക്കുകയാണ്. എന്തിനും ഏതിനും സുകുവേട്ടനോട് അഭിപ്രായം ചോദിക്കുന്ന മല്ലികയ്ക്ക് ഭര്‍ത്താവിന്റെ വിയോഗം ജീവിത്തിലുണ്ടാക്കിയത് പെട്ടെന്നൊരു ശൂന്യതയാണ്്.മക്കള്‍, അവരുടെ പഠനം,ഭാവി. ഒരുപാട് ഇടിമിന്നലുകള്‍ ആ അമ്മ മനസ്സിലൂടെ കടന്നുപോയി.
'വല്ലാത്തൊരു സമയത്താണ് മക്കളുടെ അച്ഛന്‍ പോവുന്നത്. ഈശ്വരാ എന്റെ കുഞ്ഞുങ്ങള്‍ വഴി തെറ്റി പോവാതെ മിടുക്കരായി വരണമേ എന്നായിരുന്നു അന്നത്തെ വലിയ പ്രാര്‍ത്ഥന. അവരെ വളര്‍ത്താന്‍ ഞാന്‍ നന്നായി പാടുപെട്ടു.ഒരുപാട് അധ്വാനിച്ചു. അവരുടെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങളില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ ആരോടും അഭിപ്രായം ചോദിക്കാനില്ലാതെ കുഴങ്ങി. ഓരോ അണുവിലും സുകുവേട്ടന്‍ ഇല്ലാത്തതിന്റെ ശൂന്യത അനുഭവിച്ചകാലം.' കാല്‍നൂറ്റാണ്ടിന്റെ ആ ഓര്‍മകളിലൂടെ കടന്നുപോവുമ്പോള്‍ മല്ലിക എന്ന അമ്മ മനസ്സില്‍ ഏറെ സങ്കടങ്ങളുണ്ട്. ഇപ്പോള്‍ അതിലേറെ സന്തോഷങ്ങളും. ഇന്ന് മലയാള സിനിമയിലെ താരമാതാവ് എന്ന പദവിയിലാണ് ഈ അമ്മ. സിനിമയിലെ രണ്ട് വലിയ നക്ഷത്രങ്ങളുടെ അമ്മ. നടന്‍മാരായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കരുത്ത്. മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം സിനിമയും നൃത്തവും പാട്ടുമെല്ലാമായി മലയാളി ഹൃദയത്തിലിടം നേടുമ്പോള്‍ എല്ലാത്തിനും പിന്നില്‍ നിശ്ശബ്ദമായി അവരെ പിന്തുണയ്ക്കുന്ന അമ്മ. ഓര്‍മകളിലെ അമ്മ ദിനങ്ങളിലൂടെ, ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും മാറിവന്ന നാളുകളിലൂടെ മല്ലിക വീണ്ടും സഞ്ചരിക്കുകയാണ്.

ആര്‍ക്കുമില്ലാത്ത പേരുകള്‍

അന്ന് മല്ലികയ്ക്ക് 25 വയസ്സാണ്. ആദ്യകുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം. അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം നിറഞ്ഞ കാലം.'അമ്മയാവുന്നതും സങ്കല്‍പിച്ച് ചിന്തിച്ച് സന്തോഷിച്ച കാലമായിരുന്നു അത്. സുകുവേട്ടനാവട്ടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് പേരിടാനുള്ള ആലോചനകളിലും. എന്റെ അച്ഛനിട്ട പോലെ സുകുമാരന്‍ എന്നൊന്നും പേരുവേണ്ടെന്ന് ഇടയ്ക്ക് തമാശയും പറയും. നമ്മുടെ മക്കളുടെ പേര് അവര്‍ പഠിക്കുന്ന സ്‌കൂളില്‍ വേറെയാര്‍ക്കും ഉണ്ടാവാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയാണ് മൂത്തവന് ഇന്ദ്രജിത്ത് എന്നും രണ്ടാമത്തേവന് പൃഥ്വിരാജെന്നും പേരിട്ടത്. സൈനിക് സ്‌കൂളില്‍ അവര്‍ പഠിച്ചിറങ്ങുന്നതുവരെ അതുപോലൊരു പേരുകാര്‍ അവിടെ വന്നിട്ടില്ല.

മക്കളുടെ പഠിത്തത്തെക്കുറിച്ചൊക്കെ അദ്ദേഹത്തിന് വലിയ താത്പര്യമായിരുന്നു. നന്നായി പഠിപ്പിക്കണമെന്ന് പറയും. പിന്നാലെ അവര് കേള്‍ക്കാതെ എന്നോട് പറയും. എങ്ങനെ പഠിപ്പിച്ചാലും ഒടുക്കം ഇവന്‍മാര്‍ കറങ്ങി തിരിഞ്ഞ് സിനിമയില്‍ തന്നെ വന്നേക്കുമെന്ന്.'
സുകുമാരന്‍ മൂത്തമകന് ഇന്ദ്രജിത്ത് എന്ന പേര് കണ്ടെത്തിയതിന് പിന്നില്‍ രസകരമായൊരു കാര്യം കൂടെയുണ്ട്. മല്ലികയുടെ ഓര്‍മകള്‍ ആ കാലത്തേക്ക് പടരുന്നു.'ഇന്ദ്രജിത്ത് രാവണന്റെ മകനാണ്. അങ്ങനെയൊരു പേര് മകന് വേണ്ടി ആലോചിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, സുകുവേട്ടാ, നിങ്ങളെന്താ രാവണനാണോ എന്ന്. അപ്പോ അദ്ദേഹത്തിന്റെ മറുചോദ്യം. 'എന്താ രാവണന് കുഴപ്പം? അയാള്‍ ഒറ്റയാനെപ്പോലെ നിന്ന് പോരാടിയതാണ്. സീത ലങ്കയിലൊന്ന് പോയെന്ന് പറഞ്ഞ് സംശയം തോന്നിയ ഭര്‍ത്താവാണ് ശ്രീരാമന്‍. അതിലും നല്ലയാളാണ് രാവണന്‍.' സുകുവേട്ടന് അന്നൊരു ഇടതുപക്ഷ ചിന്താഗതിയുണ്ടായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ കഴിയുന്തോറും അതൊക്കെ മാറിത്തുടങ്ങി. ഇടതുപക്ഷത്തുള്ള സുഹൃത്തുക്കളോടൊക്കെ അദ്ദേഹം തന്റെ വിമര്‍ശനം ഉന്നയിക്കുന്നത് കേട്ടിട്ടുണ്ട്. പഴയപോലെയല്ല ഇപ്പോള്‍, എല്ലാവര്‍ക്കും സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതി വന്നു. അതൊക്കെ അദ്ദേഹത്തെ ദുഖിപ്പിച്ചിരുന്നു.'

നന്നായി പഠിപ്പിക്കാന്‍ ആഗ്രഹിച്ചപ്പോഴും മക്കളുടെ മനസ്സിലെ കലയുടെ തളിര്‍പ്പ് കാണാന്‍ മല്ലികയെന്ന അമ്മയ്ക്ക് കഴിഞ്ഞിരുന്നു. മൂത്തവന്‍ ഇന്ദ്രന്‍ നന്നായി പാടി. ഇളയവന്‍ രാജു സിനിമയുടെയും ക്യാമറയുടെയും ലെന്‍സിന്റെയുമൊക്കെ പിന്നാലെ കൂടി.രണ്ടിനും അമ്മ പിന്നാലെ നിന്നു.
'രാജു അന്ന് ഫിലിം മേക്കിങ്ങിനെക്കുറിച്ചൊക്കെ പഠിക്കാന്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് കാമറ മൂവ്‌മെന്റിനെക്കുറിച്ച് പഠിക്കാനുള്ള പുസ്തകം വേണമെന്നൊക്കെ ചെറിയ പ്രായത്തിലേ പറയുമായിരുന്നു. എന്തിനാടാ നീ ഇപ്പോ ഇതൊക്കെ പഠിക്കുന്നതെന്ന് സുകുവേട്ടന്‍ തിരിച്ച് ചോദിക്കാറുണ്ട്. ഇന്ദ്രന്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും സൈനിക് സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവന് എസ്.എസ്.സി പരീക്ഷ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രണ്ടുപേരും കൊച്ചിലേ നന്നായി പാടുമായിരുന്നെങ്കിലും ഇന്ദ്രനായിരുന്നു പാട്ടില്‍ മുന്നില്‍. അവന്‍ പാട്ട് പഠിച്ച് പ്രാക്ടീസ് ചെയ്‌തൊക്കെയാണ് സ്‌കൂളില്‍ പോവുന്നത്. രാജു ഇതിനിടയില്‍ സ്‌കൂളില്‍ ഒരു നാടകം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. മത്സരമൊക്കെയുണ്ടെങ്കില്‍ തലേന്ന് അമ്മയെ ഒന്ന് പാടിക്കേള്‍പ്പിച്ചേ എന്ന് പറഞ്ഞ് ഞാന്‍ രണ്ടുപേരെയും ഇരുത്തി പാടിക്കുമായിരുന്നു. എല്ലാ കാര്യത്തിലും ചെറിയ ഉപദേശങ്ങളും തിരുത്തലുകളുമൊക്കെ മക്കളോട് പറയാറുണ്ട്. അത് അന്നുമുണ്ട്, ഇന്നുമുണ്ട്.'മല്ലിക പറയുന്നു.

ഒറ്റരക്ഷിതാവെന്ന സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അമ്മയെ മനസ്സിലാക്കിയ മക്കളായി ഇന്ദ്രനും രാജുവും വളര്‍ന്നു.'കുറെയൊക്കെ സുകുവേട്ടന്റെ സ്‌കൂളില്‍ തന്നെയാണ് അവരും വളര്‍ന്നത്. എനിക്കൊരു വേദനയും തരാത്ത രീതിയില്‍ അവര്‍ ഒപ്പം നിന്നതുകൊണ്ട് ഞാന്‍ അധികം വിഷമങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. അച്ഛന്‍ പോയി, അമ്മ കുറെ കഷ്ടപ്പെട്ട് ഞങ്ങളെ പഠിപ്പിച്ചു എന്നൊരു ചിന്ത രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. ഞാനൊരു കാര്യം പറഞ്ഞാല്‍ മക്കള്‍ അതിനോട് ചേര്‍ന്നുനില്‍ക്കുമായിരുന്നു. അത് തന്നെ വലിയൊരു സമാധാനമായി.'അമ്മയുടെ കൂടെ നിന്ന ആ മക്കള്‍ തന്നെയാണ് മല്ലികയുടെ കരുത്തും സമ്പാദ്യവും.

സുകുമാരന്റെ വിയോഗ ശേഷം വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു മല്ലിക.'ആ സമയത്ത് സിനിമയിലെ സഹപ്രവര്‍ത്തകരൊന്നും കൂടെ നിന്നിട്ടില്ല. പക്ഷേ സുകുവേട്ടനെ പരിചയമുള്ളവര്‍ക്ക് അറിയാമായിരുന്നു,കുടുംബത്തിന് വേണ്ടി ഒന്നും കരുതാതെ അദ്ദേഹം പോവില്ലെന്ന്. മരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടതെല്ലാം അദ്ദേഹം കരുതി വെച്ചിരുന്നു.വീടുകളും സ്ഥലവുമെല്ലാം ഉണ്ടായിരുന്നു. അത്യാവശ്യം സമ്പാദിച്ചിട്ടുതന്നിട്ട് പോയ ആളാണ്. ജീവിക്കാന്‍ എന്ത്് വഴിയെന്നതായിരുന്നില്ല അന്നത്തെപ്രശ്‌നം. മക്കളെ എന്ത് പഠിപ്പിക്കണം, ഏത് വഴിക്ക് പോവണമെന്നതായിരുന്നു. അപ്പോഴാണ് രാജുവിന് ഓസ്‌ട്രേലിയയില്‍ പോവാനുള്ള ചിന്ത വന്നത്. അവന്‍ തന്നത്താന്‍ പോയി അഭിമുഖത്തിനൊക്കെ പങ്കെടുത്തു. രണ്ടാം റാങ്ക് നേടി. ഓസ്‌ട്രേലിയയില്‍ പോയി. അവിടെയും മിടുക്കനായി പഠിച്ചു.' ഓരോ പ്രായത്തിലെയും ഓരോ ഓര്‍മകള്‍. എല്ലാം മക്കളെക്കുറിച്ച്.അമ്മയുടെ മനസ്സില്‍ സന്തോഷം നിറഞ്ഞൊഴുകാനുള്ള വഴികള്‍.

വികൃതിക്കാരന്‍ രാജു

ചെറുപ്പത്തില്‍ വലിയ വികൃതിക്കാരനായിരുന്നു മല്ലികയുടെ സ്വന്തം രാജുമോന്‍.' മൂന്ന് വയസ്സ് വരെ ഇന്ദ്രന് അത്യാവശ്യം കുസൃതിയൊക്കെയുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ രാജുവിനെ പ്രസവിക്കുന്നത്. അതോടെ ഇന്ദ്രന്റെ ശ്രദ്ധ രാജുവിലായി. കൃസൃതിയെല്ലാം മാറി. രാജുവിനെ കളിപ്പിക്കലും കുളിപ്പിക്കലും കളിപ്പാട്ടം വാങ്ങിക്കൊടുക്കലുമൊക്കെയായി അവന്റെ സന്തോഷങ്ങള്‍. എല്ലാത്തിലും നല്ല ഉത്സാഹമായിരുന്നു. അന്ന് മുതല്‍ ചേട്ടനും അനിയനും അടുത്ത കൂട്ടുകാരാണ്. ഇപ്പോള്‍ മുതിര്‍ന്നിട്ടും ഞാന്‍ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഇന്ദ്രന്‍ ഇടപെടും.' പോട്ടെ അമ്മേ, അവന്‍ കൊച്ചുവാവയല്ലേ' എന്ന് പറയും ഇന്ദ്രന്‍. എപ്പോഴും രാജുവിന്റെ വശത്താണ് അവന്‍. എല്ലാത്തിലും അതുപോലെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും അവര്‍ തമ്മില്‍ മനസ്സ് തുറന്ന് സംസാരിക്കുന്ന സുഹൃത്തുക്കളാണ്. ഇങ്ങനെയൊരു ചേട്ടനെ കിട്ടിയത് നിന്റെ ഭാഗ്യമാണെന്ന് ഞാനെപ്പോഴും രാജുവിനോട് പറയാറുണ്ട്. എന്തുണ്ടായാലും നിനക്ക് ആദ്യം ഫോണെടുത്ത് ചേട്ടനെ വിളിക്കാമല്ലോ എന്ന്. അതുപോലെ ഇന്ദ്രന്റെ എല്ലാ കാര്യങ്ങളിലും രാജുവും കൂടെ നില്‍ക്കാറുണ്ട്.'

മക്കള്‍ മുതിര്‍ന്നപ്പോഴും പല കാര്യങ്ങളിലും ഒരേ സ്വഭാവം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് മല്ലികയെന്ന അമ്മ. രണ്ടുപേരുടെയും വിവാഹസമയത്തുമുണ്ടായി അങ്ങനെയൊരു കൗതുകം.'ഞാന്‍ എല്ലാത്തിലും മക്കളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് കൂടെ നിന്നയാളാണ്. ഒരു കൂട്ടുകാരിയെപ്പോലെ. വിവാഹക്കാര്യത്തില്‍ രണ്ടുപേര്‍ക്കും ഓരോ ചിന്തകളുണ്ടായിരുന്നു. അവര്‍ തന്നെ അവരുടെ കൂട്ട് കണ്ടെത്തി. സമയമായപ്പോള്‍ ഇന്ദ്രനും രാജുവും ഒരേപോലെ പറഞ്ഞു, ഒരു പെണ്‍കുട്ടിയെ അമ്മയെ കൊണ്ടുവന്ന് കാണിക്കാമെന്ന്. അമ്മ സംസാരിച്ച് നോക്കി തീരുമാനിച്ചാല്‍ മതിയെന്ന്.  അപ്പോള്‍ ഞാന്‍ തമാശയ്ക്ക് ചോദിച്ചു, സംസാരിച്ച ശേഷം എനിക്കെന്തെങ്കിലുമൊരു ഇഷ്ടക്കേട് വന്നാലും നിങ്ങള്‍ ഇതില്‍ ഉറച്ചുനില്‍ക്കുമോ എന്ന്. അതേ എന്നായിരുന്നു രണ്ടുപേരുടെയും മറുപടി.അതും ഒരുപോലെ തന്നെ വന്നു. പിന്നെന്തിനാടാ എന്നോട് അഭിപ്രായം ചോദിക്കുന്നതെന്ന് ഞാന്‍ തമാശയോടെ പരിഭവം കാണിച്ചു. എങ്കിലും രണ്ടുപേരും അവരുടെ പങ്കാളികളെ വിവാഹം തീരുമാനിക്കുംമുന്നേ എന്റെ മുന്നില്‍ കൊണ്ടുവന്നുനിര്‍ത്തി. ഞങ്ങളുടെ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് കുറെ സംസാരിച്ചാണ് പോയത്. സുപ്രിയയെ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു രാജുവിന്റേത് കുറെക്കൂടെ വിശാലമായ ലോകമാണ്,അപ്പോള്‍ അവന് ഇങ്ങനെയൊരു കുട്ടി ഇരിക്കട്ടെയെന്ന്. പൂര്‍ണിമയും അതുപോലെത്തന്നെ. അവളാണല്ലോ ആദ്യംവന്നുകയറിയ മോള്‍. ഒരുകാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. രണ്ടുമക്കളും അവരുടെ ആഗ്രഹങ്ങള്‍ നോക്കി നടത്താന്‍ മിടുക്കരാണ്. ഞാനവരെ ഒന്നിനും ശല്യം ചെയ്യാന്‍ പോവാറുമില്ല. ഞാന്‍ സുകുവേട്ടന്‍ കാണിച്ചുതന്ന വഴിയിലൂടെ സുഖമായിട്ട് ജീവിച്ച് പോവുന്നു.'

പൂര്‍ണിമയുടെയും സുപ്രിയയുടെയും അമ്മായിയമ്മ റോളിലും സന്തോഷത്തോടെ ജീവിക്കുന്ന ഒരാളെ മല്ലികയില്‍ കാണാം. അതും മറ്റൊരു അമ്മയാണല്ലോ.'അമ്മായിയമ്മ എന്നൊരു പോസ്റ്റില്‍ ഞാന്‍ ഇതുവരെ ഇരുന്നിട്ടില്ല. പൂര്‍ണിമയും സുപ്രിയയും പറയുന്നത് അമ്മായിയമ്മയായി ഞങ്ങള്‍ അമ്മയെ കണ്ടിട്ടില്ലെന്നാണ്. എപ്പോഴും ഞാനവരുടെ കൂടെ താമസിക്കുന്നില്ലെന്ന പരാതിയാണ്. പക്ഷേ അവരോട് ഞാന്‍ പറയാറുണ്ട്. സുകുവേട്ടന്‍ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാന്‍ തോന്നുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും പോവാമല്ലോയെന്ന്.' മല്ലികയുടെ കൊച്ചിയിലെ ഫ്‌ളാറ്റിന് അപ്പുറത്തെയും ഇപ്പുറത്തെയും കരയിലാണ് ഇന്ദ്രജിത്തും പൃഥ്വിരാജും താമസിക്കുന്നത്. രണ്ടുകരയില്‍നിന്ന് അമ്മയെ സ്‌നേഹപൂര്‍വം നോക്കുന്ന രണ്ട് നക്ഷത്രങ്ങള്‍.

'കുഞ്ഞുങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഇപ്പോള്‍ അവര്‍ വലുതായി കല്യാണമൊക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നാറുണ്ട്, കൊച്ചുമക്കളാണ് വലിയ സന്തോഷമെന്ന്. മക്കളെ പഴയ പോലെ അടുത്ത് കിട്ടില്ലല്ലോ. ജോലി, തിരക്കുകള്‍, ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍.. അങ്ങനെയൊക്കെ അവരങ്ങ് പോവും. അപ്പോഴാവും ഫോണിലൂടെ കൊച്ചുമക്കള്‍ അച്ചമ്മാ എന്നുപറഞ്ഞ് കിലുക്കാംപെട്ടി പോലെ സംസാരിക്കാന്‍ വരുന്നത്. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്നൊരു സുഖമുണ്ട്. അതാണ് ഇപ്പോഴത്തെ വലിയ സന്തോഷം'മല്ലിക ഫോണില്‍ കൊച്ചുമകള്‍ പ്രാര്‍ത്ഥനയുടെ ഒരു പാട്ട് തിരഞ്ഞു. ആ ഈണത്തില്‍ അവരുടെ ഉള്ളില്‍ സന്തോഷം ഒഴുകി. സ്‌നേഹം നിറഞ്ഞ് ഒഴുകുന്ന നദിയായി, ആ അമ്മ.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Mallika Sukumaran Open up about her life and family Mother's day 2021