ദ്യത്തെ കണ്‍മണി, അത് പെണ്‍കുട്ടി ആവണമെന്ന് എനിക്ക് അതിയായ ആഗ്രഹം ആയിരുന്നു. അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവളുടെ കൂടെ നിന്ന്, ഒരു പെണ്‍കുട്ടി ആയി ജനിച്ചതില്‍ അവള്‍ അഭിമാനം കൊള്ളുന്ന നിമിഷം വരെ എനിക്ക് അവളോടൊപ്പം നില്‍ക്കണമായിരുന്നു. ആ നിമിഷമായിരുന്നു എന്നിലെ ഏറ്റവും വലിയ സ്വപ്നം. പക്ഷേ ജീവിതം എനിക്കായി വെച്ചത് അതിലും വലിയ അത്ഭുതങ്ങളും തിരിച്ചറിവുകളും ആയിരുന്നു.

വര്‍ഷത്തില്‍ ഒരോണം വരും, ഒരു വിഷുവും... ഉപ്പേരി, പപ്പടം, അവിയല്‍, പായസം എന്നിങ്ങനെ സദ്യ പലതരം വച്ച് ഒടിവിലത്തെ എച്ചിലും മാറ്റി സ്വന്തം വീട്ടിലേക്ക് പോകുന്ന അമ്മയെ എനിക്ക് ഓര്‍മയുണ്ട്. സന്ധ്യമയങ്ങും മുമ്പേ അമ്മ തിരിച്ചെത്തുകയും ചെയ്യും. പത്തിരുപത്തഞ്ചു വര്‍ഷം പൊന്നുപോലെ വളര്‍ത്തിയ അച്ഛനമ്മമാര്‍ക്കായി ഒരു വൈകുന്നേരം. അതില്‍ കൂടുതല്‍ അമ്മയ്ക്ക് പലപ്പോഴും സാധിക്കുന്നുണ്ടായിരുന്നില്ല. 

പോകാന്‍ മടിച്ചിട്ടോ അച്ഛന്‍ സമ്മതിക്കാതിരുന്നിട്ടോ ആയിരുന്നില്ല അത്. താന്‍ വലതുകാല്‍ വച്ചുകയറിയ വീടിന് താന്‍ ഒരു അമ്മയും മകളും ഭാര്യയും ഒക്കെ ആണെന്ന തിരിച്ചറിവായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു. കൃത്യമായി പറഞ്ഞാല്‍ എന്റെ മകള്‍ എന്റെ ഉദരത്തില്‍ ജനിക്കും വരെ.

അന്നുവരെയുള്ള അമ്മ കാഴ്ചപ്പാടുകള്‍ മാറുകയായിരുന്നു അന്നുമുതലുള്ള പത്തു മാസങ്ങളില്‍. ഭാവാത്മകമായി പ്രയാന്‍ ഒരുപാടുണ്ടാകും. പക്ഷേ അലച്ചിലുകളും, കഷ്ടതകളും, വേദനകളും 'അമ്മ' എന്ന വികാരത്തിന്റെ മറ്റൊരു തലമാണ് കാണിച്ചു തന്നത്. വിറകടുപ്പില്‍ തിളക്കുന്ന കഞ്ഞിക്കരുകില്‍ ഇരുന്ന് അമ്മ അന്ന് നിറവയറുമായി കണ്ട്ത ഭാസുരമായ ഭാവികാലമൊന്നുമായിരുന്നില്ല എന്ന് എനിക്ക് പതിയെ മനസ്സിലായി തുടങ്ങുകയായിരുന്നു. 

പക്ഷേ അമ്മ ഇത്രയും വര്‍ഷങ്ങളിലൊരിക്കലും അതിലൊരു ചെറുകഷ്ടപ്പാടിന്റെ ചൂടുപോലും വാക്കുകളില്‍ ഞങ്ങള്‍ക്കായി കരുതിയില്ല. എന്നാല്‍ ആ കഷ്ടപ്പാടുകളില്‍ കൂടെ നിന്ന് ചേര്‍ത്തു പിടിച്ചവരുടെ ബുദ്ധിമുട്ടുകള്‍ അമ്മ ഇന്നും ഒര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ അമ്മയെ തിരിച്ചറിയാന്‍ എന്നിലെ അമ്മയുടെ ജനനംവരെ കാത്തിരിക്കേണ്ടി വന്നതോര്‍ത്ത് ലജ്ജ തോന്നാറുണ്ട്.

Content Highlights: Jayalakshmi Shares about her Mother Mother's day 2021