ലയാള സിനിമയില്‍ സ്ത്രികള്‍ പൊതുവേ കൈവെയ്ക്കാന്‍ മടിക്കുന്ന ഒരു ലേബലാണ് നിര്‍മ്മാതാവ്. 2012ല്‍ ഫ്രൈഡേ എന്ന ചിത്രം സമ്മാനിച്ചത് ഈ ഉരുക്ക് മനസുള്ള നിര്‍മ്മാതാവിനെയാണ്.പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരിയായി സാന്ദ്ര തോമസ് സ്ഥാനമുറപ്പിച്ചു. ഇന്ന് നിരവധി അമ്മമാര്‍ക്ക് പ്രചോദനമാണിവര്‍. ഇരട്ടപെണ്‍കുരുന്നുകളെ വളര്‍ത്തുന്ന രീതി കണ്ട് ഏവരും കൈയടിക്കുകയാണ്. അമ്മയായതിന് ശേഷം ഫുള്‍ എനര്‍ജിയില്‍ നില്‍ക്കുന്ന സാന്ദ്ര മാതൃഭൂമി ഡോട്ട് കോമുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

ഞാന്‍ പഴയ സാന്ദ്ര തന്നെ

അമ്മയായതിന് ശേഷം ഞാനെന്ന വ്യക്തിയുടെ അടിസ്ഥാന സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. സ്വാഭാവികമായി സംഭവിക്കുന്ന ഒരു കംപാഷന്‍ വന്നിട്ടുണ്ട്. നമ്മുടെ ഉള്ളിലെ കുട്ടിയെ ഒരിക്കലും കളയരുത്. നമ്മള്‍ വലിയ ആളായി എന്ന ചിന്ത കുഞ്ഞുങ്ങളും നമ്മളും തമ്മിലൊരു ഗാപ്പ് വരാന്‍ മാത്രമേ സഹായിക്കൂ. കുഞ്ഞുങ്ങള്‍ ആവുമ്പോള്‍ നമ്മള്‍ നമ്മളല്ലാതെ പക്വതയാര്‍ജിച്ച പോലെ നില്‍ക്കുന്നതിനോട് യോജിപ്പില്ല.

എനിക്ക് അറിയാവുന്ന രീതിയില്‍ അവരെ വളര്‍ത്തുക അത്ര മാത്രം

അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല. എന്റെ കുഞ്ഞുങ്ങളെ എനിക്ക് അറിയാവുന്ന രീതിയില്‍ വളര്‍ത്തുക. എന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ വെച്ച് മുന്നോട്ട് പോവുന്നു. മറ്റുള്ളവര്‍ എന്ത് വിചാരിക്കുന്നുവെന്ന് കരുതി സിസ്റ്റത്തിനൊപ്പം പോയാല്‍ ഈ സമൂഹത്തില്‍ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കില്ല. എന്റെ പാരന്റിങ്ങ് രീതി പലര്‍ക്കും പ്രചോദനമാവുമെന്ന് പറയുമെങ്കിലും എനിക്ക് ഒരുപാട് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. സോഷ്യല്‍ മീഡിയക്ക് പുറമേ നമുക്ക് അറിയുന്ന ആളുകളും വിമര്‍ശിക്കും. ആദ്യം എല്ലാം കുറ്റമേ പറയു. അതിന്റെ പോസിറ്റീവ് അറിഞ്ഞതിന് ശേഷമേ എല്ലാവരും അഭിനന്ദിക്കാറുള്ളു.

കുട്ടികള്‍ എല്ലാം ശ്രദ്ധിക്കും

എല്ലാവരും എന്നോട് ചോദിക്കാറുണ്ട് എങ്ങനെയാണ് അവര്‍ക്ക് ഞാന്‍ ഓരോന്ന് പഠിപ്പിച്ച് കൊടുക്കുന്നത് അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോയെന്ന്. സത്യത്തില്‍ ഞാന്‍ അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ പഠിപ്പിച്ച് കൊടുക്കാറില്ല. എന്റെ മക്കള്‍ക്ക് ഇപ്പോള്‍ മൂന്ന് വയസ്സായി ഈ സമയത്ത് എല്ലാ രക്ഷിതാക്കളും പിള്ളേരെ കുത്തിയിരുത്ത് അക്ഷരമാലയും അക്കങ്ങളും പഠിപ്പിച്ച് കൊടുക്കും. ഞാന്‍ അത്തരത്തിലൊന്നും ചെയ്യാറില്ല. നമ്മടെ ദിവസത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ ഒഴുക്കില്‍ പറഞ്ഞ് കൊടുക്കും. കുട്ടികള്‍ എല്ലാം ശ്രദ്ധിക്കും അവര്‍ നല്ല ഷാര്‍പ്പാണ്. ശ്രദ്ധിക്കാത്തത് പോലെ കാണിക്കുമെങ്കിലും മാസങ്ങള്‍ ശേഷം അവര്‍ ഇതേ വിഷയത്തെ കുറിച്ച് പറയും. അവര്‍ക്ക് എല്ലാം അറിയാന്‍ വല്ലാത്ത ആഗ്രഹം. 

എല്ലാത്തിനെ കുറിച്ചും അവര്‍ക്ക് മനസിലാക്കി കൊടുക്കുക

കഴിഞ്ഞ ദിവസം നോളേജ് എന്ന മലയാളം ഷോര്‍ട്ട് ഫിലിം ഞാന്‍ കാണുകയായിരുന്നു. ആര്‍ത്തവത്തെ കുറിച്ച് പ്രതിപാദിക്കുന്ന സിനിമയാണല്ലോ അത്. ഇത് കാണുമ്പോള്‍ എന്റെ മക്കള്‍ ചോദിച്ചും. എന്താ അമ്മ ആ ചേച്ചിയുടെ പുറകില്‍ എന്ത് പറ്റി. ചോരയാണോ അത് എന്ന്. ഞാന്‍ അവര്‍ക്ക് ആര്‍ത്തവം എന്താണെന്ന് വളരെ ലളിതമായ രീതിയില്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു. ഇനിയൊരു സമയത്ത് അവര്‍ക്ക് കാണുമ്പോള്‍ മനസിലാവും. എന്റെ ആദ്യ ആര്‍ത്തവ സമയത്ത് പാവാടയില്‍ ഗ്രീസ് പറ്റിയെന്ന് പറഞ്ഞ് കാണിച്ച് കൊടുക്കുകയായിരുന്നു. കാരണം എനിക്ക് അതിനെ കുറിച്ച് അന്ന് അറിയില്ലായിരുന്നു ആരും അതിനെ കുറിച്ച് പറഞ്ഞ് തന്നിരുന്നുമില്ല. എല്ലാത്തിനെ കുറിച്ചും കുഞ്ഞുങ്ങള്‍ക്കും പറഞ്ഞു കൊടുക്കാറുണ്ട്

പ്രകൃതിയെ അറിഞ്ഞ് വളരണം

എല്ലാ ഭക്ഷണങ്ങളും കഴിക്കാന്‍ ഞാന്‍ അവരെ ശീലിപ്പിച്ചിട്ടുണ്ട്. നാടന്‍ ഭക്ഷണമാണ് ഞാന്‍ അവര്‍ക്ക് നല്‍കാറുള്ളത് അത് തന്നെയാണ് അവര്‍ക്ക് ഇഷ്ടവും. അത് വേണ്ട ഇത് വേണ്ട എന്ന് പറഞ്ഞാല്‍, വേണ്ട കഴിക്കണ്ട പട്ടിണി കിടക്കേണ്ടി വരും എന്ന ആറ്റിറ്റിയൂഡാണ് ഞാന്‍ കാണിക്കുക. അവര്‍ക്ക് ചോയ്സുണ്ടെന്ന് അറിയുമ്പോഴാണ് വാശി കാണിക്കുന്നത്. അവര്‍ എല്ലായിടത്തും അഡ്ജെസ്റ്റ് ചെയ്യാന്‍ പഠിക്കണം. ചെറുപ്പത്തിലേ അത് പഠിച്ചാല്‍ ഭാവിയിലും അവര്‍ക്ക് അത് ഉപകരിക്കും. ബ്രാന്‍ഡഡ് സാധനങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ പ്രകൃതിയെ അറിഞ്ഞ് വളരണം അതിലാണ് കാര്യം. 

നല്ല മനുഷ്യനാവുന്നതിലാണ് കാര്യം

ആണ്‍കുട്ടി പെണ്‍കുട്ടി എന്ന് വേര്‍തിരിച്ച് ഞാന്‍ അവരെ കാണുന്നില്ല.നല്ല മനുഷ്യരായിട്ട് വളരണം. മറ്റുള്ളവരോട് സനേഹവും അനുകമ്പയും ഉണ്ടാവണം. അവരുടെ ജീവിതം കൊണ്ട് നിരവധി പേരുടെ ജീവിതം പോസിറ്റീവ് ആവണം അത് മാത്രമാണ് ആഗ്രഹം. അല്ലാതെ അവരുടെ ജോലി, കല്യാണം എന്നിവയെ കുറിച്ച് ചിന്തിക്കാറില്ല. അവരുടെ ജീവിതം അവരുടെ ചോയ്സാണ്. അവരുടെ സ്വപ്നങ്ങള്‍ അവര്‍ ഉണ്ടാക്കണം. എനിക്ക് എന്റെ ജീവിതത്തെ കുറിച്ച് സ്വപ്നം കാണാന്‍ മാത്രമേ പറ്റുകയുള്ളു. 

എല്ലാവരുടെയും ശ്രദ്ധ അവര്‍ക്ക് ബുദ്ധിമുട്ടാവുമോ എന്ന് പേടിയുണ്ട്

അവരെ ഇപ്പോള്‍ ഒരുപാട് തിരിച്ചറിയുന്നു. ഒരുപാട് പേരുടെ അറ്റന്‍ഷന്‍ പോയിന്റിലാണ് അവര്‍ ഇപ്പോളുള്ളത്. അവരുടെയെല്ലാം സ്നേഹം ലഭിക്കുന്നത് നല്ലതാണെങ്കിലും അതവര്‍ക്ക് ഭാവിയില്‍ ഒരു ബുദ്ധിമുട്ടാവുമോ എന്നൊരു പേടി എനിക്കുണ്ട്. ഒരു സ്റ്റേജ് കഴിഞ്ഞാല്‍ അതൊരു ഒബ്സെഷന്‍ ആവാന്‍ സാധ്യതയുണ്ട് നിങ്ങള്‍ എന്തിന് അങ്ങനെ ചെയ്തു? എന്തിന് അവിടെ പോയി ഇവിടെ പോയി എന്ന ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടാവാന്‍ സാധ്യതയുണ്ട്. അവരെ വളര്‍ത്തുന്നത് ഒരുപാട് പേര്‍ക്ക് പ്രചോദനമാവാറുണ്ട്. തങ്കക്കൊലുസിനെ കണ്ട് അവര്‍ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നു. അവര്‍ പ്രകൃതിയോടിണങ്ങാന്‍ ആഗ്രഹിക്കുന്ന എന്ന തരത്തിലുള്ള നിരവധി മെസേജുകള്‍ എനിക്ക് ലഭിക്കാറുണ്ട്. അത് കൊണ്ടാണ് ഞാന്‍ ഇതില്‍ നിന്ന് പിന്നോട്ട് പോവാത്തത്.

നോ ഉപദേശം

അവര്‍ക്ക് നമ്മള്‍ പല ജീവിത മൂല്യങ്ങളും പറഞ്ഞ് കൊടുക്കും പക്ഷേ പല കാര്യങ്ങളും മാതാപിതാക്കള്‍ ചെയ്യാറില്ല. അത് കൊണ്ട് തന്നെ ഞാന്‍ അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാറില്ല. കള്ളത്തരം പറയരുതെന്ന് മാത്രമാണ് പറഞ്ഞ് കൊടുത്തുട്ടുള്ളത്. എന്റെ മക്കളില്‍ നിന്ന് ദിവസം ഒരോ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.

കുടുംബം ഫസ്റ്റ് ചോയ്സ്

നിര്‍മാതാവായത് കൊണ്ട് തന്നെ എനിക്ക് എപ്പോള്‍ വേണമെങ്കിലും ഈ രംഗത്ത് സജീവമാവാം. അത് കൊണ്ട് ഇടയ്ക്കൊരു ബ്രേക്കെടുത്തതില്‍ വിഷമം തോന്നാറില്ല. എന്റെ മുന്‍ഗണന എന്റെ കുടുംബം തന്നെയാണ്. പിന്നെ ഞാന്‍ അവര്‍ക്ക് ഞങ്ങളുടെ ജോലിയെ കുറിച്ച് പറഞ്ഞ് മനസിലാക്കി കൊടുത്തിട്ടുണ്ട്. ഞാന്‍ മീറ്റിങ്ങിന് പോവുകയാണെങ്കില്‍ അവര്‍ക്ക് അറിയാം. ചിലര്‍ എന്നെ കളിയാക്കും എന്തിനാണ് ഈ കൊച്ചു കുഞ്ഞുങ്ങളോട് വലിയ കാര്യങ്ങള്‍ പറഞ്ഞ് കുഴപ്പിക്കുന്നതെന്ന്. പക്ഷേ നമ്മള്‍ അവരെ മനസിലാക്കാഞ്ഞിട്ടാണ്. അവര്‍ക്ക് എല്ലാം പെട്ടെന്ന് മനസിലാകും. 

ഒറ്റയ്ക്ക് നേരിടാന്‍ പഠിക്കണം

ഒരു പരിധിക്ക് അപ്പുറം അവരുടെ ജീവിതത്തില്‍ തീരുമാനം എടുക്കാറില്ല. അവര്‍ക്ക് സ്വയം ഡിസിഷന്‍ എടുക്കാന്‍ പറ്റണം. വീണാലോ പൊട്ടിയാലോ എല്ലാം അവര്‍ ഒറ്റയ്ക്ക് നേരിടും. ഞാനില്ലെങ്കിലും അവര്‍ക്ക് എല്ലാം സ്മൂത്തായി പോവണം. ഇപ്പോഴത്തെ കുട്ടികള്‍ രക്ഷിതാക്കളെ വല്ലാത്ത രീതിയില്‍ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അവര്‍ ജീവിതത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റില്ല. വല്ലാതെ ഓവര്‍ കെയര്‍ ലഭിക്കുമ്പോള്‍ ജീവിതത്തിലെ ചെറിയ തിരസ്‌ക്കരണം പോലും താങ്ങാന്‍ പറ്റില്ല. എല്ലാത്തിനും അവരുടെ അടുത്ത് ഓടി ചെന്ന് അയ്യോ എന്റെ കൊച്ചിന് ഇത് പറ്റി അത് പറ്റി എന്ന് പറഞ്ഞ് ഓടി പോവരുത്. അവര്‍ അത് നേരിടാനായി അവസരം കൊടുക്കാം. അവരെ ശ്രദ്ധിക്കരുതെന്നല്ല ഞാന്‍ പറഞ്ഞത്.

ആ ഘട്ടം ഞാന്‍ ഒറ്റയ്ക്ക് തരണം ചെയ്തു

ഗര്‍ഭക്കാലത്തും പ്രസവം കഴിഞ്ഞ ശേഷവും ഞാന്‍ വിഷാദത്തിലൂടെ കടന്ന് പോയി. എനിക്ക് മെഡിക്കല്‍ സഹായം വേണമെന്ന് തോന്നിയിരുന്നു. പക്ഷേ എന്റെ ചുറ്റുമുള്ളവര്‍ക്ക് ഇത് മനസിലായില്ല. എല്ലാം കൊണ്ടും വല്ലാത്തൊരു കാലഘട്ടമായിരുന്നു. വല്ലാതെ ദേഷ്യം വരുക സങ്കടപ്പെടുക ഇതൊക്കെയുണ്ടായിരുന്നു. വീട്ടുകാര്‍ നോക്കുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ച് തരുന്നു പിന്നെ ഇവള്‍ക്കെന്താ പ്രശ്നമെന്നായിരുന്നു അവര്‍ കരുതിയത്. ഇരട്ട കുട്ടികള്‍ പോരത്തതിന് സിസേറിയന്‍ എന്റെ ശരീരഭാരവും വല്ലാതെ കൂടിയിരുന്നു

ആ ഘട്ടം ഞാനൊറ്റയ്ക്ക് തരണം ചെയ്തു

കേട്ടാല്‍ നിസാരമെന്ന് തോന്നാം ആ സമയത്ത് കൊറിയന്‍ ഡ്രാമകള്‍ കാണുമായിരുന്നു. വല്ലാത്തൊരു റിലീഫ് എനിക്ക് അതില്‍ നിന്ന് ലഭിച്ചിരുന്നു. വായനയും എന്നെ സഹായിച്ചിരുന്നു. അങ്ങനെ എന്റെ മനസ്സിനെ തിരച്ച് വിടാനായി ശ്രമിച്ചു. സാന്ദ്രയ്ക്ക് ഇത് നേരിടാന്‍ പറ്റുമെന്ന് പറഞ്ഞ് ധൈര്യം തന്ന എന്റെ ഗൈനക്കോളജിസ്റ്റിനെ എനിക്ക് മറക്കാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ഒറ്റയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പറ്റിയെന്ന് വരില്ല. 

ഭര്‍ത്താവിന്റെ പാരന്റിങ്ങ്

ഭര്‍ത്താവിന്റെ പേരന്റിങ്ങ് രീതി വളരെ വ്യത്യസ്തമായിരുന്നു. ആദ്യമൊന്നും യോജിപ്പില്ലായിരുന്നു. പക്ഷേ അദ്ദേഹം എന്നെ നന്നായി മനസിലാക്കുന്ന ഒരാളായിരുന്നു. ഇപ്പോള്‍ ഈ രീതിയില്‍ മുന്നോട്ട് പോവുന്നു.

Content Highlights: Interview with sandra thomas