സ്നേഹത്തോടെ കൊടുക്കുന്ന ഏത് സമ്മാനവും അമ്മമാര്‍ക്ക് സന്തോഷം നല്‍കും. അതൊരു ചെറിയ ചോക്ലേറ്റോ പൂവോ ആണെങ്കില്‍ പോലും. അതിനൊപ്പം അമ്മമാര്‍ക്ക് നന്നായി ഉപകാരപ്പെടുന്ന സമ്മാനമാണെങ്കിലോ? ചൂടോടെ കാപ്പിയും ചായയും കുടിക്കാന്‍ ഇന്‍സുലേറ്റഡ് ട്രാവല്‍ മഗ്, മാനസികോല്ലാസത്തിന് ക്രോസ് വേര്‍ഡ് പസില്‍ ബുക്ക്, സ്വസ്ഥമായി ഇരിക്കാന്‍ എര്‍ഗൊണോമിക് ഓഫീസ് ചെയര്‍...ഇങ്ങനെ അല്പം വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കാം.

എര്‍ഗൊണോമിക് ഓഫീസ് ചെയര്‍

ഒരുപാട് നേരമിരുന്ന് ജോലി ചെയ്യുമ്പോള്‍ നടുവേദനയും കാലുവേദനയുമുണ്ടാവാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ ഓഫീസ് ചെയര്‍ വളരെ സഹായകമാണ്. വീട്ടിലിരുന്ന് ഓഫീസ് ജോലി കൂടി ചെയ്യുന്ന അമ്മമാര്‍ക്ക് ഈ സമ്മാനം ഇഷ്ടപ്പെടും.

ക്രോസ് വേര്‍ഡ് പസില്‍ ബുക്ക്

ടെന്‍ഷനും മാനസികസമ്മര്‍ദവുമെല്ലാം മറികടക്കാന്‍ സഹായിക്കുന്ന സമ്മാനമാണിത്. ഒരു സെറ്റില്‍, കുറേ പസിലുകളുണ്ടാവും. ചുറുചുറുക്കോടെ ഓരോ പസിലുകളും പരിഹരിക്കാം. അങ്ങനെ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴുള്ള വിഷമവും നിരാശയും മറികടക്കാനും കഴിയും.

ടെറേറിയം

ടേബിള്‍ ടോപ്പില്‍ വെക്കാവുന്ന ടെറേറിയവും സമ്മാനമായി നല്‍കാം. ചെറിയ ഗ്ലാസ് ബൗളില്‍ ചെടി പിടിപ്പിച്ചാണ് ടെറേറിയം തയ്യാറാക്കുന്നത്. ഒപ്പം ചെടിച്ചട്ടിയുടെയും മറ്റും മിനിയേച്ചര്‍ രൂപങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. ചെറിയ പച്ചപ്പ് പോലും അമ്മമാര്‍ക്ക് നല്‍കുന്ന സന്തോഷം വളരെ വലുതായിരിക്കും.

വയര്‍ലെസ് ഹെഡ്സെറ്റ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ്

സൂം കോളോ വാട്സാപ്പ് കോളോ ചെയ്യുമ്പോള്‍ ഈ വയര്‍ലെസ് ഹെഡ്സെറ്റ് ഉപകരിക്കും. ഇഷ്ടമുള്ള പാട്ടുകള്‍ കേട്ട് മടുപ്പില്ലാതെ അടുക്കളജോലികളും മറ്റും ചെയ്യാനും പറ്റും. ഏറെനേരം നിലനില്‍ക്കുന്ന ബാറ്ററി നോക്കിവാങ്ങുന്നതാണ് നല്ലത്.

ഇന്‍സുലേറ്റഡ് ട്രാവല്‍ മഗ്

യാത്ര ചെയ്യുമ്പോഴും മറ്റും ചൂടുവെള്ളമോ അല്ലെങ്കില്‍ കാപ്പിയോ ചായയോ ഇതിലൊഴിച്ച് കൊണ്ടുപോവാം. തണുപ്പുള്ളതും ഇതിലൊഴിച്ച് സൂക്ഷിക്കാം. താപനില അതേപോലെ നില്‍ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് അമ്മമാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന സമ്മാനമായിരിക്കും.

നെക്ക് ട്രാവല്‍ പില്ലോ

സ്ഥിരമായി യാത്ര ചെയ്യുന്ന അമ്മമാര്‍ക്ക് കൊടുക്കാന്‍ പറ്റിയ സമ്മാനമാണിത്. പ്രത്യേകിച്ചും കഴുത്തുവേദനയുള്ളവര്‍ക്ക്. ഓരോരുത്തരുടെയും കഴുത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നവ നോക്കി വാങ്ങാം.

സ്ലീപ് ഐ മാസ്‌ക്

മുറിയിലെ നേര്‍ത്ത വെളിച്ചവും മറ്റും ഉറക്കത്തെ തടസ്സപ്പെടുത്തുന്നുവെന്ന് എന്നെങ്കിലും അമ്മ പരാതി പറഞ്ഞിട്ടുണ്ടോ? എങ്കില്‍ സ്ലീപ് ഐ മാസ്‌ക് വാങ്ങിക്കൊടുക്കാം. പരിചയമില്ലാത്ത സ്ഥലത്തെ ഉറക്കവും പകലുറക്കവുമൊക്കെ സുഗമമാക്കാന്‍ സ്ലീപ് ഐ മാസ്‌ക് സഹായിക്കും.

ക്രോസ് സ്റ്റിച്ച് എംബ്രോയ്ഡറി കിറ്റ്

സ്റ്റിച്ചിങ് താത്പര്യമുള്ളവര്‍ക്ക് കൊടുക്കാന്‍ പറ്റിയ സമ്മാനമാണിത്. ഇതില്‍ പലതരത്തിലുള്ള പാറ്റേണുകളുണ്ടാവും. അതിഷ്ടമുള്ള തുണിയിലേക്ക് അതേപോലെ പകര്‍ത്താം.

ഫോണ്‍ ഹോള്‍ഡര്‍

ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ കാലമാണിത്. അതിലെല്ലാം ഇഷ്ടംപോലെ സിനിമകളും സീരിസുകളുമുണ്ട്. ഇഷ്ടമുള്ള പരിപാടി കണ്ടുകൊണ്ട് ജോലി ചെയ്യാന്‍ എന്ത് രസമായിരിക്കും. അതിനായി അമ്മയ്ക്ക് നല്ലൊരു ഫോണ്‍ ഹോള്‍ഡര്‍ സമ്മാനമായി നല്‍കാം.

ഇന്‍ഡോര്‍ ബോണ്‍സായ് ട്രീ

ചെടികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ബോണ്‍സായ് ട്രീ വാങ്ങിക്കൊടുക്കാം. അമ്മയുടെ വായനാമുറിയിലോ യോഗാമുറിയിലോ അടുക്കളയിലോ ഓഫീസിലോ വളര്‍ത്താന്‍ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഫോട്ടോ പ്രിന്റ് ചെയ്ത കോഫി മഗ്, കുഷ്യന്‍കവര്‍

അമ്മയ്ക്കേറ്റവും ഇഷ്ടമുള്ള ഫോട്ടോ പ്രിന്റ് ചെയ്ത കോഫി മഗ് സമ്മാനമായി കൊടുത്തുനോക്കൂ. അതവര്‍ക്ക് സന്തോഷം നല്‍കും. കുഷ്യന്‍ കവറിലും ഇങ്ങനെ ഫോട്ടോ പ്രിന്റ് ചെയ്തുകൊടുക്കാം.

ബെര്‍ത്ത് മന്ത് ഫ്ളവര്‍ ഗ്ലാസ്

ഓരോ മാസത്തില്‍ ജനിച്ചവര്‍ക്കും ഭാഗ്യമായി ഓരോ പൂക്കളുണ്ടാവും. ജൂണില്‍ ജനിച്ചവര്‍ക്ക് റോസ്, ഓഗസ്റ്റില്‍ ജനിച്ചവര്‍ക്ക് ഗ്ലാഡിയോലസ്...എന്നിങ്ങനെ. ഇവ പതിപ്പിച്ച ഗ്ലാസ് അമ്മമാര്‍ക്ക് സമ്മാനമായി നല്‍കാം. തികച്ചും വ്യത്യസ്തമായിരിക്കും.

Content Highlights: gifts for mother on mother's day 2021