'അമ്മേ, ഈ ആഴ്ചയെങ്കിലും വരുമോ? ഈ കോവിഡ് ഒന്ന് മാറിക്കിട്ടാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. കുട്ടികളുടെ പ്രാര്‍ത്ഥന ദൈവം വേഗം കേള്‍ക്കുമെന്നല്ലേ അമ്മ പറഞ്ഞത്, എന്നിട്ടും എന്തേ എന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാത്തത്...' 

കഴിഞ്ഞ അഞ്ച് മാസമായി മകന്റെ ഫോണ്‍വിളിയിലെ സ്ഥിരം വാക്കുകളാണ്. ഫോണ്‍ വെക്കുമ്പോഴേക്കും കണ്ണ് നിറയും, ഇടനെഞ്ചിലൊരു ആളിക്കത്തലുണ്ട്, പറഞ്ഞറിയിക്കാന്‍ പറ്റില്ല ഈ കോവിഡ് കാലത്ത് ഞങ്ങള്‍ നഴ്‌സുമാരുടെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുള്ള നഴ്‌സുമാരുടെ അനുഭവങ്ങള്‍. കോവിഡ് രൂക്ഷമായതിന് ശേഷം വീട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. പ്രായമായ അച്ഛനമ്മമാരുണ്ട് അവരുടെ കൂടെയാണ് മകനുള്ളത്. ഒരു മാസത്തിലധികം ഇതുവരെ അവരെ കാണാതിരുന്നിട്ടില്ല. ഇപ്പോള്‍ അഞ്ച് മാസമാകുന്നു. ഒന്ന് കാണാന്‍, നെറുകയിലൊരു മുത്തം കൊടുക്കാന്‍ വല്ലാതെ കൊതിയാകുന്നു.

ആശങ്കകള്‍ മാത്രം മുന്നിലുണ്ടായിരുന്ന ഒരു വര്‍ഷമാണ് പിന്നിട്ട് പോകുന്നത്. ഇനി വരാനിരിക്കുന്ന നാളുകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് പോലും നിറം മങ്ങലുണ്ട്. കാസര്‍ഗോഡാണ് എന്റെ നാട്, ജോലിയുടെ ആവശ്യാര്‍ത്ഥം ആദ്യമെത്തിയത് കോഴിക്കോടായിരുന്നു. കുറച്ച് വര്‍ഷം അവിടെ ജോലിചെയ്തതിന് ശേഷം മലപ്പുറം ജില്ലയിലെ കോട്ടക്കലിലേക്ക് ട്രാന്‍സ്ഫറായി. ഇന്‍ഫക്ഷന്‍ കണ്‍ട്രോളര്‍ നഴ്‌സ് എന്നതാണ് ഉത്തരവാദിത്തം. പേരില്‍ തന്നെയുണ്ടല്ലോ ജോലിയുടെ സ്വഭാവവും. കോവിഡ് സാന്നിദ്ധ്യമറിയിച്ചതിന് ശേഷം അണുബാധയുടെ നിയന്ത്രണത്തന് വേണ്ടിയുള്ള അഹോരാത്ര പ്രയത്‌നം തുടരുകയാണ്. 

മുന്‍പൊക്കെ ദിവസവും രണ്ട് നേരം കുറഞ്ഞതൊരു പത്ത് മിനിട്ടെങ്കിലും മകനുമായി സംസാരിക്കുമായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ അവനോട് സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി മാറി. രാവിലെ ജോലിക്ക് കയറുന്ന സമയത്ത് അവന്‍ ഉറങ്ങി എഴുന്നേറ്റ് കാണില്ല. രാത്രി ജോലി കഴിഞ്ഞെത്തുമ്പോഴേക്കും അവന്‍ ഉറങ്ങിയിട്ടുമുണ്ടാകും. ജോലിക്കിടയിലാണ് വല്ലപ്പോഴും ഒന്ന് വിളിക്കുക. അധികസമയമൊന്നും സംസാരിക്കാന്‍ സാധിക്കില്ല, അപ്പോഴേക്കും ആശുപത്രിയില്‍ നിന്നുള്ള വിളികള്‍ വന്നുകൊണ്ടിരിക്കും. ഇടയ്ക്ക് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് ലീവിന് വന്നു. അദ്ദേഹത്തോടൊപ്പവും രണ്ട് ദിവസത്തില്‍ കൂടുതലിരിക്കാന്‍ സാധിച്ചില്ല. സങ്കടങ്ങളും സമ്മര്‍ദ്ദങ്ങളും ഒരു പരിധിവരെ കുറയുക അദ്ദേഹത്തോടും മകനോടുമൊപ്പമുള്ള നിമിഷങ്ങളിലാണ്. ഇപ്പോള്‍ അതിനൊന്നുമുള്ള സാഹചര്യമില്ല. 

ഇതിനിടയിലാണ് അച്ഛനും അമ്മയും കോവിഡ് പോസറ്റീവായത്. പ്രതിസന്ധിഘട്ടങ്ങളില്‍ ഓടിയെത്തേണ്ടത് മകളുടെ കടമയാണ് പക്ഷെ അതിനും സാധിച്ചില്ല. ഉള്ളുലയ്ക്കുന്ന വേദനകളുമായാണ് ഓരോ ദിവസവും പിന്നിട്ടത്. മനസ്സിലെത്ര ദുഖമുണ്ടെങ്കിലും രോഗികളുടെ അടുത്തെത്തുമ്പോള്‍ അത് പ്രകടിപ്പിക്കാനാവില്ലല്ലോ. ഞങ്ങളുടെ ചെറിയ പുഞ്ചിരി പോലും അവര്‍ക്കുണ്ടാക്കുന്ന ആശ്വാസത്തെക്കുറിച്ചറിയാവുന്നതിനാല്‍ എല്ലാ സമ്മര്‍ദ്ദങ്ങളും ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഞാനും കോവിഡ് ബാധിതയായി. സമ്മര്‍ദ്ദങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യതയിലെത്തി. അപ്പോഴും ആശ്വാസം ഇടയ്‌ക്കെത്തുന്ന മകന്റെയും ഭര്‍ത്താവിന്റെയും ഫോണ്‍വിളികളായിരുന്നു. 

പ്രതിസന്ധിയുടെ നാളുകള്‍ ആശങ്കയോടെ തുടര്‍ന്ന് പോകുമ്പോള്‍ കുറച്ച് ദിവസമെങ്കിലും മകന്റെ അമ്മയായി അവന്റെ അരികിലുണ്ടാകണമെന്ന ആഗ്രഹം ബാക്കിയാകുന്നു. 

(ഇന്‍ഫക്ഷന്‍ കോണ്‍ട്രോള്‍ നഴ്സ്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍)

Content Highlights: A Nurse Mother share her experience during corona pandemic Mother's day 2021