റയാന്‍ പോകുന്നത് ഒരു ലേബര്‍റൂം കഥയാണ്. നവരസങ്ങളില്‍ ചിലത് നേരിട്ട് അനുഭവിച്ച പ്രസവ ചരിതത്തിലെ മൂന്ന് ദിവസങ്ങള്‍. ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം ഒട്ടും സാങ്കല്‍പ്പികമല്ല.  ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ സാദൃശ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം.

വീരം :

മെറ്റേണിറ്റി സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടും,  ഡെലിവറി  ബാഗ് പാക്കിംഗും കഴിഞ്ഞു ഹോസ്പിറ്റലിലേക്ക് പോകേണ്ട ദിവസം വന്നെത്തി. 'ലേബര്‍ റൂമില്‍ ആയാലും ചമഞ്ഞു കിടക്കണം 'എന്ന ചിന്തയില്‍ ആദ്യമേ സെലിബ്രിറ്റി ഫാഷന്‍ ഒക്കെ തപ്പി കുറെ ഉടുപ്പുകള്‍ എല്ലാം സെറ്റാക്കിയിരുന്നു.

കൂട്ടു വന്ന കണവന്റെ  ഉള്ളതില്‍ വെച്ചേറ്റവും നിറം മങ്ങിയ  വസ്ത്രങ്ങളിലായിരുന്നു ആകെ ഒരു പിന്‍വലിയല്‍  അനുഭവപ്പെട്ടത്. ടൗണില്‍ എത്തുന്നതിനു തൊട്ടു മുന്‍പ് വരെ നീണ്ടുനിന്ന അടിയില്‍ നിന്നും ' ഈ  പെണ്ണുങ്ങളെല്ലാം ഇങ്ങനെയാണോ'  എന്നുള്ള ആശ്ചര്യത്തെ 'ഈ പെണ്ണ് ഇങ്ങനെയാ' എന്നാക്കി മാറ്റി പുതിയ ഡ്രസ്സ് എടുക്കാന്‍ സമ്മതിപ്പിച്ചതില്‍ വരെ എത്തി സീന്‍ കൂള്‍! ഇത്തരം അടിയന്തര ഘട്ടങ്ങളില്‍  അഡ്രിനാലിന്റെ  പ്രതിഫലനങ്ങള്‍ അടക്കിനിര്‍ത്താനാണ് എളുപ്പമെന്നു പ്രിയതമന്‍ അനുഭവങ്ങളില്‍നിന്ന് പഠിച്ചിരിക്കുന്നു. പ്രമുഖ വസ്ത്രശാലയിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന ഞാന്‍ നിറവയറോടെ  അഞ്ചാം നിലയില്‍ നടന്നെത്തിയപ്പോള്‍  സ്‌നേഹത്തോടെ ഓടി വന്ന  പരിചയകാരിയായ സെയില്‍സ് ഗേള്‍സ്  ചോദിച്ചു : 'എന്നാ ഡേറ്റ്? '.
ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : 'മറ്റന്നാള്‍!, ആശുപത്രിയിലേക്ക് പോകുന്ന വഴിയാ. ഇവിടെ കേറി പോകാമെന്ന് കരുതി!'.  പ്രസവത്തിനായി  ഹോസ്പിറ്റലില്‍ പോകുന്നതിനു മുന്‍പും കാണിച്ച  ആ  ഷോപ്പിംഗ് സ്പിരിറ്റില്‍ ഞാനും അവരും ഒരുപോലെ കൃതാര്‍ത്ഥരായി.

ഹോസ്പിറ്റലില്‍ എത്തി, ഫിംഗര്‍ ടെസ്റ്റും മറ്റു ചില പരിശോധനകളുമെല്ലാം കഴിഞ്ഞപ്പോള്‍  കുറച്ചു ത്രില്ലങ്ങു വറ്റിയെങ്കിലും 'ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവളാണീ ' എന്ന ഭാവം വിടാതെ പിടിച്ചു. റൂമിലെ കട്ടിലില്‍ മലര്‍ന്നു കിടന്ന് കൊണ്ട് ഞാന്‍  ലേബര്‍ റൂമിനകത്ത് ചെയ്യേണ്ട ശ്വസന മുറകളെ പറ്റിയും, പുഷ് -പുള്‍ രീതികളെ കുറിച്ചും യൂ ട്യൂബ് വീഡിയോസ് കണ്ടുകൊണ്ടേയിരുന്നു.  നോര്‍മലോ,സി -സെക്ഷനോ നല്ലത്, ആണെങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ വിഷയങ്ങള്‍ കൂലങ്കുഷമായി  ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ തപ്പി പിടിച്ചു  വായിച്ച് ഞാന്‍ അബ്‌നോര്‍മലായി.

ഒടുവില്‍ പ്രസവചരിതം  രണ്ടാം ദിവസം എത്തി.രാവിലെതന്നെ വയറു കഴുകല്‍, രക്തസമ്മര്‍ദ്ദം അളക്കല്‍ ഇത്യാദി ചടങ്ങുകള്‍ക്കായി  വിളി വന്നു. കരീന മോഡല്‍ ഉടുപ്പൊക്കെയിട്ട്  ഞാനൊരു 'മോഡേണ്‍ ഗര്‍ഭിണി', എന്നമട്ടില്‍ കഴുത്തില്‍ എത്തുന്ന ലയര്‍ കട്ട്  മുടിയെല്ലാം കാറ്റില്‍പറത്തി  ഭയവും ആകാംക്ഷയും മറ്റെന്തെല്ലാമോ കൂടിച്ചേര്‍ന്ന വികാരവും  ഉള്ളിലൊതുക്കി ലേബര്‍ റൂമിലേക്ക് ഒരു മാസ്എന്‍ട്രിയ്ക്ക് ഞാന്‍ ശ്രമിച്ചു. ഉള്ളില്‍ എത്തിയപ്പോള്‍ അവിടെ ഒരു അരികിലായി വെച്ച ബെഞ്ചില്‍ ഇതേ ചടങ്ങുകള്‍ക്കായി  ഊഴം നോക്കിയിരിക്കുന്നു ഒരു നിര ഗര്‍ഭിണികള്‍! ഞാന്‍ ഓരോരുത്തരെയായി വീക്ഷിച്ചു. ഇല്ല. മത്സരത്തിന് ആരുമില്ല! ഏറ്റവും ഫാഷനബിള്‍ ഞാന്‍ തന്നെ. എല്ലാവരില്‍ നിന്നും അല്പം മാറി ബെഞ്ചിന്റെ  അറ്റത്ത് ഞാന്‍ ആസനസ്ഥയായപ്പോഴേക്കും അസ്വസ്ഥത സമ്മാനിച്ച ആ ചോദ്യം എത്തി. 'ചേച്ചിയുടെ ഡേറ്റ് എന്നാ?', കാഴ്ചയില്‍ തന്നെ എന്നേക്കാള്‍ പത്തു വയസ്സ് അധികം തോന്നിക്കുന്ന ഒരു ഗര്‍ഭിണി. ഉള്ളില്‍ നുരഞ്ഞുപൊന്തി വന്ന ദേഷ്യം അടക്കിപ്പിടിച്ച് ഞാന്‍ പറഞ്ഞു :'നാളെ!'. ഇത് കടുത്ത അസൂയ തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. എന്റെ കരീന ഉടുപ്പ് ഒന്നു നന്നാക്കി ഞാനവിടെ അമര്‍ന്നിരുന്നു. ജാഡ പരിവേഷം ഉറപ്പിക്കാന്‍ സഹായകമാകുന്ന കാലിന്മേല്‍ കാല്‍ കയറ്റി വെച്ചുള്ള ഇരിപ്പിനു നിറവയര്‍ എന്നെ അനുവദിച്ചില്ല.

ഹാസ്യം :

ഒടുവില്‍ എന്റെ ഊഴമെത്തി. പ്രധാന കാര്യപരിപാടി അരങ്ങേറുന്ന ഹാളിലേക്ക് ഞാന്‍ പ്രവേശിച്ചു. നിരത്തിയിട്ടിരിക്കുന്ന കട്ടിലുകള്‍! ഓരോ കട്ടിലുകള്‍ക്കിടയിലും സയാന്‍ നിറത്തില്‍ വെള്ള വരകളുള്ള കര്‍ട്ടനുകള്‍.  മറ്റെന്തോ പണിയിലായിരുന്ന സിസ്റ്റര്‍ ബെഡില്‍ കയറി കിടക്കാന്‍ നിര്‍ദേശിച്ചു.  അത്യാവശ്യം ഉയരമുള്ള കട്ടിലില്‍ ഗര്‍ഭിണികള്‍ക്ക് എന്നല്ല, ഏതു കൊച്ചു കുഞ്ഞിനും കയറാന്‍ പാകത്തിന് സ്റ്റെപ്പുകള്‍ ഉണ്ടാകും എന്നുള്ള സാമാന്യ ബോധം പോലുമില്ലാതെ ഞാന്‍, ' കൊമ്പത്തെ മരംകേറ്റക്കാരിയാണെന്ന ' ഭാവത്തില്‍  കട്ടിലില്‍ ഉരുണ്ടു കയറാന്‍ ഒരു ശ്രമം നടത്തി. ' താന്‍ എന്തുവാടോ  കാണിക്കുന്നത്, ഈ വയറും വെച്ച്...  സൈഡില്‍ സ്റ്റെപ്പ് ഉള്ളത് കണ്ടു കൂടേ!'.  സിസ്റ്ററുടെ പെട്ടെന്നുള്ള ചോദ്യത്തില്‍ ഞാനും എന്റെ കരീന ഉടുപ്പും വിയര്‍ത്തു നനഞ്ഞു.  സ്‌കൂളില്‍ ആദ്യമായി സ്റ്റേജില്‍ കയറിയ കുട്ടിയുടെ പരിഭ്രാന്തിയോടെ ഉടുപ്പില്‍  മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ നിന്നു.  കാര്യം മനസ്സിലായ സിസ്റ്റര്‍ ചോദിച്ചു : 'ആദ്യത്തെതാണല്ലേ?'

ഞാന്‍ തലയാട്ടി. ഒടുവില്‍ നടന്ന വയറുകഴുകല്‍  ചടങ്ങില്‍ ഞാന്‍ തരക്കേടില്ലാതെ അടക്കം പ്രകടിപ്പിച്ചു  നല്ല പിള്ളയായി.  ലേബര്‍ റൂമിലെ ടോയ്ലറ്റിനു മുന്നിലെ നിരന്ന വരി കണ്ട്  ഞാന്‍ എന്റെ റൂമിലേക്ക് ഓടി. റൂമിനു മുന്നില്‍ സഡന്‍ ബ്രേക്കിട്ടു നിര്‍ത്തിയപ്പോള്‍ അതാ വാതില്‍ പൂട്ടി ഭദ്രം! കാര്യങ്ങള്‍ക്കൊക്കെ ഒരു കരുതല്‍ വേണം എല്ലാം ഇങ്ങനെ ലാഘവത്തോടെ കാണരുത് എന്ന്  അമ്മ, വൈകാതെ തന്നെ ഉത്തരവാദിത്വബോധമുള്ള അച്ഛന്‍ റോള്‍ ഏറ്റെടുക്കേണ്ട മരുമകനെ ഉപദേശിച്ചതിന്റെ പരിണിതഫലം. റൂം പൂട്ടി ഭദ്രമാക്കി കക്ഷി  പുറത്തു പോയിരിക്കുന്നു. എന്റെ വയറിനുള്ളില്‍ നിന്ന് ഭദ്രമാക്കാനാവാതെ എന്തെല്ലാമോ കുത്തിയൊലിച്ചു വന്നു. മാനം കെടുത്തുമോ മോഡേണ്‍ ഗര്‍ഫിണി എന്ന് കരീന ഉടുപ്പ് കെഞ്ചി.  ഇതിനിടെ അമ്മ ഫോണ്‍ വിളിച്ച് ആളോടു കാര്യമെല്ലാം പറഞ്ഞു തിരിച്ചെത്താന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ' ഇണയാം ഹരി മന്ദ വേഗനാ 'എന്നറിയുന്ന ഞാന്‍ തെല്ലും പ്രതീക്ഷയില്ലാതെ എണ്ണി തുടങ്ങി.. ടിക്ക്.. ടിക്ക്..1..2... പെട്ടെന്ന് വെടികൊണ്ട പോലെ കുതിച്ചെത്തിയ പ്രതി ഒരു വിജയിയുടെ ഭാവത്തില്‍ വാതില്‍ തുറക്കാന്‍ ഒരുങ്ങി. അവിടെയും എന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കാന്‍ ഒരവസരം തന്നില്ല മഹാന്‍. എന്നത്തെയും പോലെ താക്കോല്‍ കാണ്മാനില്ല.  ഭാഗ്യവശാല്‍ ഇടത് പോക്കറ്റില്‍ നിന്നു താക്കോല്‍ കണ്ടെടുത്  വാതില്‍ തുറന്നതും ഞാന്‍ ഓടി ടോയ്ലറ്റില്‍ കയറി. അന്നേരം വരെ മനസ്സിലും വയറിലും ഉരുണ്ടു കൂടിയതെല്ലാം ഒറ്റ സെക്കന്‍ഡില്‍ ക്ലീന്‍ ബൗള്‍ഡ്!

അത്ഭുതം

ലേബര്‍ റൂമിന്റെ ഏറ്റവും അരികിലെ ബെഡില്‍ മരുന്നും സ്വീകരിച്ച് ചെറിയ  വേദനകളില്‍ ഇന്നലെ യൂട്യൂബില്‍ കണ്ട ശ്വസനക്രിയകളില്‍ ഏതു വേണം എന്നോര്‍ത്ത് കിടക്കുകയായിരുന്നു ഞാന്‍. തൊട്ടടുത്ത ബെഡില്‍ നിന്നും അപ്പോള്‍ ഒരു ചോദ്യം എന്റെ നേര്‍ക്ക്. ' അതേ,സമയം എത്രയായി? '  എന്റെ ശ്വസന പ്രക്രിയകള്‍ക്ക്  തടസ്സം നേരിട്ടതിന്റെ നീരസം പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു: '11 മണി' . ക്ലോക്ക് കാണാന്‍ ഏറ്റവും സൗകര്യം സ്ഥാനവശാല്‍  എനിക്കായതുകൊണ്ടാകാം സഹവയറിയുടെ ചോദ്യം എന്നു കരുതി സമാധാനിച്ചു ഞാന്‍.  എന്നാല്‍ അതൊരു താല്‍ക്കാലിക ആശ്വാസം മാത്രമായിരുന്നു. പിന്നെയും അവര്‍ സമയം ചോദിച്ചു കൊണ്ടേയിരുന്നു. ഒന്നര മണിക്കൂറില്‍ ഒരു പത്തു തവണ. എന്റെ നീരസം പരമാവധി പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ വിഫലമായി ശ്രമിച്ചു .  അല്പസമയം കഴിഞ്ഞപ്പോള്‍ അവര്‍ സിസ്റ്ററെ വിളിക്കുന്നതും , കുഞ്ഞിങ്ങെത്തി കഴിഞ്ഞു എന്നു പറയുന്നതും കേട്ടു. സിസ്റ്റര്‍ എന്നെയും അവരെയും വേര്‍തിരിക്കുന്ന കര്‍ട്ടന്‍ വലിച്ചിട്ടു. എന്നോട് തിരിഞ്ഞു കിടന്നു കൊള്ളാന്‍ നിര്‍ദ്ദേശിച്ചു. പിന്നെ അപ്പുറത്ത് എന്തൊക്കെയോ സംഭവിച്ചു. ഞാന്‍ സിനിമയിലും യൂട്യൂബിലുമായി കണ്ട് പ്രതീക്ഷിച്ച  കരച്ചിലുകളോ പുഷ്-പുള്‍ പ്രയോഗങ്ങളോ  അവിടെ ഉണ്ടായിരുന്നില്ല. ഇടയ്‌ക്കെപ്പോഴോ ഒന്ന് തിരിഞ്ഞു കിടന്നു നോക്കിയപ്പോള്‍ ഏതോ ലൈറ്റിന്റെ വെളിച്ചത്തില്‍ കര്‍ട്ടനില്‍ അപ്പുറത്തെ നിഴല്‍ ചിത്രം തെളിഞ്ഞു വന്നു  . ഞാന്‍ കണ്ണുകളടച്ച് ചെവികൂര്‍പ്പിച്ചു. എപ്പോഴോ സഹവയറിയുടെ  ഒരു ഞരക്കം മാത്രം കേട്ടു.  പിന്നെ ഒരു കുഞ്ഞിന്റെ കരച്ചിലും. എല്ലാം കഴിഞ്ഞ് താന്‍ റൂമിലേക്ക് നടന്നു പോയി കൊള്ളാമെന്ന് ഡോക്ടറോട് പറഞ്ഞ സഹവയറിയ്ക്ക്  എന്റെ മനസ്സില്‍ പെട്ടെന്നു  സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. പോകുന്നപോക്കില്‍  അവര്‍ ഡോക്ടറോട് ചോദിക്കുന്നത് കേട്ടു, ' നാളെ തന്നെ ഡിസ്ചാര്‍ജ് തരണേ ഡോക്ടറെ'  അതിനു മറുപടിയായി ഡോക്ടര്‍ പറഞ്ഞത്  :' താന്‍ കുഞ്ഞിനെ കണ്ടില്ലേ... ആണ്‍ കുഞ്ഞാ  മിടുക്കന്‍! '. എന്നാല്‍  ' ഡിസ്ചാര്‍ജ് നാളെ തന്നെ തരണേ ഡോക്ടറെ' എന്നുപറഞ്ഞുകൊണ്ട് അവര്‍ ആ  സംഭാഷണം അവസാനിപ്പിച്ചു ലേബര്‍ റൂം വിട്ടുപോകുമ്പോള്‍.... എന്റെ മനസ്സിലെ ക്ലോസ് ഷോട്ടില്‍ ഇന്റര്‍വെല്ലിന് മുന്‍പ് സഹവയറിയുടെ  മുഖം !

കരുണം:

  വൈകുന്നേരമായപ്പോഴേക്കും രണ്ടു തള്ളിയ കണ്ണുകളും ഒരു തൂങ്ങിയ വയറുമായി ഞാന്‍ ഏതാണ്ട് തീരുമാനമായ മട്ടിലായിരുന്നു. കഴുത്തിലും കാലിലും കറുപ്പ് വ്യാപിച്ചു തുടങ്ങിയിരുന്നു. ആശുപത്രി വരാന്തയിലൂടെ, പ്രിയതമന്റെ  കൈപിടിച്ചു നടക്കവേ ഞാന്‍ തളര്‍ന്നു പോകുന്നുണ്ടായിരുന്നു. സാനിയ മിര്‍സ പതിനഞ്ചു  തവണയാണ്  ഡെലിവറി ഡേറ്റിനോടടുത്തു സ്റ്റെയര്‍കെയ്‌സ് കയറി ഇറങ്ങിയത് കരീനയാവട്ടെ.... പ്രിയന്‍ നമ്മുടെ ദൗര്‍ബല്യം മുതലെടുത്ത് മരണമാസ്സാക്കാന്‍ ശ്രമിക്കുകയാണ്. ഈ രണ്ടു ദിവസം കൊണ്ട് ഏതാണ്ട് ഭൂമിയിലേക്കിറങ്ങി വന്നിരുന്നു ഞാന്‍.  അപ്പോഴും ചെറുതായി തിളക്കുന്ന അഹങ്കാരത്തോടെയും അല്പം ദൈന്യതയോടെ യും ഞാന്‍ മൂപ്പരോട് പറഞ്ഞു: '  ലുക്ക് മാത്രേള്ളൂ ഭായി...ഇത് എന്നെക്കൊണ്ട് പറ്റും എന്നു തോന്നുന്നില്ല '.  പാതി ചിരിയാലും പാതി സഹതാപത്താലും ആ കൈകള്‍ എന്റെ തോളില്‍ അമര്‍ന്നു. നാലു കാലുകള്‍ ആശുപത്രിയാകെ  ചുറ്റി തിരിച്ചുവന്നു.

ഒടുവില്‍ ആ പ്രതീക്ഷിത ദിനം  വന്നെത്തി. പ്രസവ ചരിതം മൂന്നാം ദിവസം! രാവിലെ തന്നെ കുളിച്ചു ലേബര്‍ റൂമിലേക്ക് പോകാനൊരുങ്ങി. എന്റെ ഡെലിവറി ബാഗിലെ സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി.  'എന്തൊക്കെയായിരുന്നു... എന്നിട്ടിപ്പോള്‍. ഇതോ അങ്കം ?എന്റെ മോഡേണ്‍... '.ബാക്കി വിവര്‍ത്തനത്തിന് മനസ്സിനെ വിട്ടുകൊടുക്കാതെ ഞാന്‍ നിര്‍നിമേഷയായി ലേബര്‍ റൂമിലേക്കുള്ള വഴി നോക്കി നിന്നു .  ലേബര്‍ റൂമിലെ അരികുവല്‍ക്കരണം തന്നെയായിരുന്നു അന്നും.  ഞാന്‍ അത്രപെട്ടെന്നൊന്നും കാര്യത്തോട് അടുക്കില്ല എന്നുള്ള തോന്നല്‍ ആയിരിക്കാം കാരണം.  അരികു വശത്തെ കട്ടിലില്‍ ഞാന്‍ നിര്‍വികാരയായി കിടന്നു.  ഇതിനിടെ അടുത്തടുത്തുള്ള ബെഡുകളില്‍  പല സഹ വയറികളും വന്നു.  ഓരോരുത്തരും വ്യത്യസ്തം. പലതരത്തിലുള്ള കരച്ചിലുകള്‍, പിറുപിറുക്കലുകള്‍. ചിലത് ഉച്ചസ്ഥായിയില്‍ ചിലത് മധ്യസ്ഥായിയില്‍...  ചിലത് നേര്‍ത്തുനേര്‍ത്തങ്ങനെ. എന്നാലും ഇന്നലത്തെ കഥാപാത്രത്തെ പോലൊരാള്‍ വന്നതേയില്ല.  ഏതാണ്ട് അഞ്ചര മണിക്കൂര്‍ നീണ്ട കഠിന  വേദനയ്ക്ക് ശേഷം എങ്ങനെയെല്ലാമോ എനിക്ക്  സുഖപ്രസവം ഒരുക്കി തന്നു ഡോക്ടറും  സിസ്റ്റര്‍മാരും. എനിക്കൊപ്പം അവരും  വിയര്‍ത്തൊലിച്ചു. പുറത്ത് ശക്തമായ മഴ  പെയ്തു തോര്‍ന്നിരുന്നു . എന്നെ നോക്കി തൊള്ള കീറി കരഞ്ഞ  വാവക്കുട്ടനെ കണ്ട മാത്രയില്‍ ഞാനും തിമര്‍ത്തു പെയ്തമര്‍ന്നു.

ശാന്തം :

പിറ്റേന്ന് ലേബര്‍ റൂമിലേക്ക് വീണ്ടും ചില പോസ്റ്റ് ഡെലിവറി ചടങ്ങുകള്‍ക്കായി പോയ എന്നെ അത്ഭുതപരതന്ത്രയാക്കി കൊണ്ട്  അതാ എന്റെ സര്‍വ്വംസഹയായ  കഥാപാത്രം എവിടെനിന്നോ എന്നേ  ലക്ഷ്യം വെച്ച് നടന്നു  വരുന്നു.  അടുത്തെത്തിയ മാത്രയില്‍ തന്നെ  ഒരു ചിരപരിചിതയെന്നപോലെ അവര്‍ സംസാരിച്ചു തുടങ്ങി : 'നോര്‍മല്‍ ആയിരുന്നുവല്ലേ,ഞാന്‍ സിസ്റ്ററോട് ചോദിച്ചിരുന്നു. മോളാണ് ല്ലേ . ഒന്നു കാണണമെന്നുണ്ടായിരുന്നു.രണ്ടുമൂന്നു ദിവസം നന്നായി ബുദ്ധിമുട്ടിയതല്ലേ. സാരമില്ല,  എന്നാലും രണ്ടിനെയും രണ്ടു വഴിക്കാക്കി തന്നല്ലോ. ദൈവാധീനം.  ഞാന്‍ ഡിസ്ചാര്‍ജ് ആയി പോവാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങളെ കണ്ടത്. എന്നാല്‍ പോട്ടെ? '. എന്തു പറയണമെന്നറിയാതെ പരുങ്ങി  നിന്ന ഞാന്‍ ചോദിക്കാനും അറിയാനും  ഏറെ ഉണ്ടായിരുന്നെങ്കിലും  'ആദ്യത്തെയാണോ' എന്നുള്ള ഒരു ചോദ്യത്തില്‍ എല്ലാം ഒതുക്കി.

അപ്പോള്‍ വന്ന മറുപടിയില്‍ എനിക്ക് വേണ്ടതും അപ്പോള്‍  വേണ്ടാത്തതുമായ എല്ലാമുണ്ടായിരുന്നു.അതിങ്ങനെ. 'അല്ല അഞ്ചാമത്തെയാ.. അന്നു ഞാന്‍ ഇടയ്ക്കിടയ്ക്ക് സമയം ചോദിച്ചു ഇങ്ങളെ  ഇടങ്ങേര്‍ ആക്കീലെ.  ഒന്നും തോന്നരുത് കേട്ടോ. വേറൊന്നും കൊണ്ടല്ല. ഇതിനു മേലത്തെതിന്  പ്രായം 1, പിന്നെ രണ്ടര, 5,8.. ഇളയവന്‍ ഏതുനേരവും വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റിനടുതാണു  കളി. മൂത്തവള്‍ക്ക് അടുക്കളയില്‍ കഞ്ഞി ഉണ്ടാക്കലും കറി വെക്കലും ആയി ഇവരെയൊന്നും നോക്കാനുള്ള സമയം ഉണ്ടാവില്ല. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും കൂലിപ്പണി കഴിഞ്ഞു വരാന്‍ ഉച്ചയാവും. ഭര്‍ത്താവ് സ്ഥലത്തില്ല.അവിടെ  കിടന്നിട്ട് മനസ്സു നിന്നില്ല. എത്രയും പെട്ടെന്ന് കഴിഞ്ഞു പോയാല്‍ മതിയെന്നായിരുന്നു'. ഞാന്‍ അപ്പോഴാണ് അവരെ ശരിക്കൊന്നു നോക്കിയത്.  പകിട്ടില്ലാത്ത ഒരു നൈറ്റിയാണ് വേഷം. കുഴിഞ്ഞിരിക്കുന്ന കണ്ണും എല്ലുന്തിയ കഴുത്തും മെലിഞ്ഞൊട്ടിയ ശരീരവും.
എന്നാല്‍ അടുത്ത കുശലാന്വേഷണത്തില്‍ എന്റെ നോട്ടവും മനസ്സും പതറി. ' ഇനിയെന്നാ നമ്മള്‍ കാണുക,  മിക്കവാറും ഞാന്‍ അടുത്ത് തന്നെയുണ്ടാകും. വയ്ച്ചിട്ടല്ല, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് നിര്‍ബന്ധാ'.  സ്ത്രീശാക്തീകരണത്തെ കുറിച്ചും അവകാശങ്ങളെക്കുറിച്ചും ഒരു ക്ലാസ് എടുക്കാനുള്ള  ത്രാണി അപ്പോള്‍ എനിക്ക് ഉണ്ടായിരുന്നില്ല.  അടുത്തല്ല അടുത്തകാലത്തൊന്നും ഇനി ആ വഴി ഇല്ല  എന്നു ഞാന്‍ ഇന്നലെ രാത്രി റൂമില്‍ വച്ച് ഉറക്കെ പ്രഖ്യാപിച്ചത് ഓര്‍ത്തു പോയി. ഇത്രയെല്ലാം പറഞ്ഞിട്ടും അധികമൊന്നും പ്രതികരിക്കാത്ത എന്റെ നിസ്സംഗതയില്‍ പരിതപിക്കാതെ അവര്‍ ദൂരേക്ക് നടന്നു നീങ്ങി. എന്നിലെ മോഡേണ്‍ ഗര്‍ഭിണി വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടു.

പിന്നെയും ഞാന്‍ കണ്ടു. എന്റെ സര്‍വ്വംസഹയായ സഹവയറിയെ.  നാല്പതാം നാള്‍ വാക്‌സിനേഷനും ഫോളോ അപ്പ് ചെക്കപ്പിനു മായി ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍. കൂടെ അഞ്ചംഗ സംഘവും ഹാജര്‍! ഒരു കുലയില്‍ അടുത്തടുത്തായി വിരിഞ്ഞു  നില്‍ക്കുന്ന നാലു കുഞ്ഞു   പൂവുകള്‍! അടുത്തിടെ കണ്ണുതുറന്ന പൂമൊട്ടു മാത്രം അമ്മചില്ലയില്‍ സുഖമായുറങ്ങുന്നു. എന്നത്തെയും പോലെ യാതൊരു മുഖവുരയും ഇല്ലാതെ അവര്‍ ഇങ്ങോട്ടു വന്നു മിണ്ടി തുടങ്ങി.അമ്മയുടെ കയ്യില്‍ കിടന്ന എന്റെ കുഞ്ഞോള്‍ടെ നേര്‍ക്ക് ആ അമ്മച്ചില്ല നീണ്ടു വന്നു. ' മുടി കുറവാ ല്ലേ ,  കാച്ചിയ എണ്ണ തേപ്പിച്ചാ മതി.  ഇവന്റെ മുടി നോക്ക്. നല്ല ഉള്ളില്ലേ. ' ഞാന്‍ ഒന്നു മൂളി  'ഉം '. അവര്‍ തുടര്‍ന്നു ' അന്നു വീട്ടിലെത്തിയപ്പോഴാണ് ഞാനോര്‍ത്തത് ഇങ്ങളെ  നമ്പര്‍ വാങ്ങിയില്ലല്ലോന്നു,  ഇടയ്ക്ക് ഒന്നു വിളിച്ച് നോക്കണം എന്നു കരുതിയിരുന്നു'. പ്രസവചരിതം കഴിഞ്ഞ് വീട്ടിലെത്തി ഇന്നേ നാള്‍ വരെയും, ഒരിക്കല്‍ പോലും ഞാനീ മുഖം! ഞാന്‍ അമ്മയുടെ പിന്നിലേക്കൊതുങ്ങി.

കണ്ടനാള്‍ മുതല്‍,  ഒറ്റ വാക്കായും മൂളക്കമായും എന്നില്‍ നിന്നും ലഭിച്ച മറുപടികള്‍,  എന്നെകാര്യമായി കരുതലോടെ കണക്കാക്കി വിശേഷങ്ങള്‍ പങ്കു വെച്ച  ഒരാള്‍ക്ക് എത്ര മാത്രം നിരാശാജനകമായിരുന്നു എന്നത് മനസ്സിലാക്കാന്‍ ഞാന്‍ പിന്നെയും വളരേണ്ടിയിരുന്നു.  ഒടുവില്‍ അവര്‍ അമ്മയുടെ നേര്‍ക്ക് പ്രതീക്ഷയോടെ തിരിഞ്ഞു. ഡിസ്ചാര്‍ജ്  ചെയ്തത് മുതല്‍ ഇന്നോളം കിടക്കാതെ ഓടിനടന്ന് പണി ചെയ്തതും ഇന്നു കൂടെ വരാന്‍ ആരുമില്ലാതിരുന്നിട്ട്  അടുത്ത വീട്ടിലെ കുട്ടിയെ കൂട്ടിയതുമെല്ലാം തുടങ്ങി എന്തെല്ലാമോ അവര്‍  അമ്മയുമായി  വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഞാനെല്ലാം കേട്ടു നിന്നു.

ഒടുവില്‍ പോകാന്‍ നേരം ഞാന്‍ അവരുടെ പിന്നില്‍ ഒളിച്ചു നിന്ന ഒരു വയസുകാരന്റെ  കവിളില്‍ നുള്ളി. എന്റെയുള്ളില്‍ നിന്നും ഒരു ദീര്‍ഘ വാചകം ആദ്യമായി പുറത്ത് ചാടി : 'കിണറ്റില്‍ എത്തി നോക്കരുത് ട്ടോ, കോക്കാന്‍ ഉണ്ടാവും!'. അതുകേട്ടു അവനടക്കം നാലു ഒറ്റക്കുല പൂമൊട്ടുകളും പൊട്ടിച്ചിരിച്ചു. കൂടെ അമ്മമരവും. കുഞ്ഞുങ്ങളെ കഥയില്‍ കൂടെ പോലും പേടിപ്പിക്കുകയോ പറ്റിക്കുകയോ ചെയ്യരുതെന്ന പ്രൊഫഷണല്‍ എത്തിക്‌സ് ഒന്നും അപ്പോള്‍ വിലപ്പോയില്ല. പടര്‍ന്നു പന്തലിച്ച എന്നാല്‍ മണ്ണില്‍ വേരുറപ്പിക്കാന്‍ പാടുപെടുന്ന  അമ്മമരം മാത്രം മനസ്സില്‍ തെളിഞ്ഞു.യാത്ര പറഞ്ഞു പോകെ, ഞാന്‍ അവരുടെ കണ്ണില്‍ നോക്കി ചിരിച്ചു.ആ കണ്ണിറുക്കിയുള്ള ചിരിയും  മാസ്‌ക് മുഖം മറക്കാത്ത കാലമായതിനാല്‍ ചിരിയോടൊപ്പമുള്ള ചുണ്ട് കോട്ടലും  എന്റെ മനസ്സില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

'ചിന്താമണീ.... 'പിറകില്‍ നിന്നും കണവന്റെ ഒളിയമ്പ്! ഫോളോ അപ്പിനു ലീവ് കിട്ടിയില്ലെന്നും  കൂടെ വന്നാലും ഉച്ചക്ക് പോകേണ്ടി വരുമെന്ന്  പറഞ്ഞതിന്  ഞാന്‍ എയ്തു വിട്ട  നേരമ്പുകളുടെ സ്വാധീനം! പെട്ടെന്നു ഞാന്‍ എന്തോ  ബോധോദയം കിട്ടിയ പോലെ പറഞ്ഞു : ' ലീവ് എടുക്കണം എന്നില്ല, പൊയ്‌ക്കോളൂ'. സംഭവത്തിന്റെ ഏകദേശ ഗതി മനസിലാക്കിയ കണവന്‍ ഒന്നൂടെ ചേര്‍ന്ന് ചെവിയില്‍ പറഞ്ഞു. ' അതേ.. ലുക്കെയുള്ളു എന്നതൊക്കെ സത്യം തന്നെ. എന്നു കരുതി എന്റെ മോഡേണ്‍ ഗര്‍ഭിണി ഇങ്ങനായാല്‍ മതിട്ടോ. അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്നു കേട്ടിട്ടില്ലേ '. അതില്‍ എന്റെ  തകര്‍ന്നുപോയ ആത്മവിശ്വാസവും വീര്യവും  തിരിച്ചുകിട്ടി.  എന്നാല്‍ പ്രതീക്ഷിച്ചതു പോലെ വന്നു അടുത്ത ഡയലോഗ്  : ' എന്നുകരുതി അണ്ണാന്‍ ഒറ്റക്കുട്ടി നയം എടുത്തിട്ടൊന്നും   ഇല്ലാട്ടോ!'. 'ഈ ആണുങ്ങള്‍ ഒക്കെ ഇങ്ങനെയാണോ? ' ഞാന്‍ എടുത്തടിച്ചു. ആയിരിക്കാം!   പ്രിയന്‍ അവിടെയും ഇവിടെയും ഇല്ലാത്ത ഒരു മറുപടി തന്നു  എന്റെ ചിന്താധാരയെ വീണ്ടും പ്രകോപിപ്പിച്ചു കൊണ്ടിരുന്നു.

Content Highlights: A mother shares her labour room experience Mother's day 2021