കഥ കുറച്ച് ക്ലീഷേയും ഫ്ളാഷ് ബാക്കുമാണ്. ഫ്ളാഷ് ബാക്ക് എന്നുപറഞ്ഞാൽ ഒരു പത്ത് മുപ്പത്തിരണ്ട് കൊല്ലം മുമ്പ്. ആദ്യത്തേതും രണ്ടാമത്തേതും പെൺകുട്ടികളായതിന്റെ വിഷമം തീർക്കാൻ വീണ്ടും ഗർഭം ധരിച്ചു മൂന്നാമത്തെ ഒരാൺകുഞ്ഞിനുവേണ്ടി ദിവസം എണ്ണികാത്തിരിക്കുന്ന ഒരു ചൂട് പറക്കുന്ന മീന മാസം. അന്ന് എന്റെ കുടുംബം വയനാട്ടിലെത്തിയിട്ടില്ല. മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് വലിയൊരു വയറുമായി ആൺകുഞ്ഞിനെ സ്വീകരിക്കാൻ അമ്മയും അച്ഛനും ചേച്ചിമാരും അമ്മൂമ്മയും കാത്തിരുന്നു. ചേച്ചിമാർക്ക് അന്ന് ആറും ഏഴും വയസ്സ് പ്രായം. അമ്മൂമ്മ ടീച്ചറായിരുന്നു. റിട്ടയർമെന്റ് ജീവിതം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

അമ്മ ഇപ്പോഴും പറയും ചേച്ചിമാരുടെ യൂണിഫോം പാവാടകൾ രണ്ടെണ്ണം കൂട്ടി തുന്നിയ ഒരു വലിയ പാവാടയും ബ്ലൗസും മാത്രമേ അമ്മയ്ക്ക് അഞ്ചാം മാസം മുതൽ ഇടാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന്. അത്രയും വയറുണ്ടായിരുന്നു എന്നും അത് കുറച്ച് ഓവറല്ലേ എന്ന് ഇപ്പോഴും ഞങ്ങൾ കളിയായി ചോദിക്കാറുണ്ട്. ഒരു ഇഡ്ഡലി കഴിക്കുമ്പോഴേക്കും വയറു നിറയും. പത്താം മാസം വരെ മുങ്ങിക്കുളിക്കാൻ പുഴയിൽ പോകുമായിരുന്നു എന്നൊക്കെ ഏതൊരു ഗർഭിണിയെ കണ്ടാലും അമ്മ പറയാതെ വിടില്ല. അമ്മയ്ക്കു സാധാരണ ഗർഭിണികളേക്കാൾ വയറുണ്ടായിരുന്നത്രെ. കാരണം കുട്ടി 'തടിയനാണ്' എന്നാണ് ഡോക്ടർ പറഞ്ഞത്. അന്ന് ഇന്നത്തെ പോലെ എല്ലാ മാസത്തിലും ഉള്ള സ്കാനിംഗ് ഇല്ല.

അങ്ങനെ മാർച്ച് 31 ആയി. അച്ഛൻ ജോലി ചെയ്യുന്ന പോസ്റ്റോഫീസിൽ കള്ളൻ കയറിയെന്ന് അതിരാവിലെ ആരോ വന്നു പറഞ്ഞു. അതു കേട്ടതും അച്ഛനിലെ പോസ്റ്റ് മാസ്റ്റർ തളർന്നു. കേട്ടപാതി കേൾക്കാത്ത പാതി അച്ഛൻ പോസ്റ്റോഫീസിലേക്ക്. സമയം ഉച്ചയായി. അമ്മയ്ക്ക് അടിവയറ്റിൽ നിന്ന് ഒരു ഗുളു ഗുളു തുടങ്ങി. തലേന്നു കഴിച്ച ചക്കപ്പഴത്തിന്റെതാകും എന്നു കരുതി കാര്യമാക്കിയില്ല. പിന്നെ ഗുളു ഗുളയുടെ കളി മാറി സീരിയസ്സിലേക്ക് നീങ്ങി. അങ്ങനെ കഥ ക്ലൈമാക്സിലേക്കു നീങ്ങിത്തുടങ്ങി. അമ്മൂമ്മ പഴന്തുണിയും ഫ്ളാക്സിൽ ചൂടുവെള്ളവും ഒക്കെ റെഡിയാക്കി അച്ഛൻ വരാൻ കാത്തുനിന്നു. അച്ഛനെ വിവരമറിയിക്കാൻ വഴിയൊന്നുമില്ല. ലാൻഡ് ഫോൺ ഒക്കെ വന്നു തുടങ്ങുന്നേ ഉള്ളൂ. മലപ്പുറം ഗൾഫ് മേഖലയായതു കൊണ്ട് അടുത്ത വീട്ടിൽ ഫോണുണ്ടായിരുന്നു. അമ്മൂമ്മ പോസ്റ്റോഫീസിലേക്ക് വിളച്ച് കാര്യം പറഞ്ഞു. പോസ്റ്റോഫീസിലെ കള്ളനും പോലീസും കളിയൊക്കെ കഴിഞ്ഞ് അച്ഛൻ വീട്ടിലെത്തി. അപ്പോഴേക്കും അമ്മയുടെ വേദനയൊക്കെ മാറി. എന്തായാലും നാളെ പോകാം ഹോസ്പിറ്റലിൽ എന്നായി.

അങ്ങനെ ഏപ്രിൽ ഒന്ന്. ഏപ്രിൽ ഫൂൾ ലോക വിഡ്ഢിദിനം. അമ്മയും അച്ഛനും അമ്മൂമ്മയും ഗുളു ഗുളു അതിവേദനയായതിനെ തുടർന്ന് ഹോസ്പിറ്റലിലേക്ക്. ചേച്ചിമാരെ അടുത്ത വീട്ടിൽ കൊണ്ടുപോയാക്കി. അമ്മ പറഞ്ഞു. മക്കൾ പ്രാർഥിക്കണേ 'ഒരുണ്ണിക്കണ്ണൻ' വേഗം വരാൻ.

അങ്ങനെ അമ്മ ഹോസ്പിറ്റലിൽ പ്രസവ വേദനയിൽ പുളയുമ്പോൾ ഞങ്ങളുടെ നാട്ടിൽ ഒരു വാർത്ത പരന്നു. 'നമ്മുടെ സുമേച്ചി പ്രസവിച്ചു. ഇരട്ടകളാണ്. പെൺകുട്ടികൾ'. ഏപ്രിൽ ഫസ്റ്റ് അല്ലേ കുറെ പേരെ വിഡ്ഡികളാക്കിയ സന്തോഷത്താൽ വാർത്ത പറന്നങ്ങനെ നടന്നു. അങ്ങനെ ഒരു ഉച്ച ഉച്ചരയായപ്പോൾ രാധിക എന്ന ഞാൻ ഭൂമിയിലെത്തി. പെൺകുഞ്ഞാണെന്ന് പറഞ്ഞ് അച്ഛന്റെ കൈയിൽ കുഞ്ഞിനെ കിട്ടിയപ്പോൾ അച്ഛന്റെ മുഖമൊന്ന് വാടിയത് ഞാൻ കണ്ടതാണ്. അമ്മയ്ക്ക് പ്രസവവേദന മാറിയില്ല. ദാണ്ടെ ഒരെണ്ണം കൂടി പെണ്ണ്. കാർത്തിക എന്ന എന്റെ അനിയത്തി. കുട്ടി ഇത്രയും 'തടിയനാണെന്ന്' എന്റെ അമ്മയെ പെറ്റ അമ്മൂമ്മ പോലും വിചാരിച്ചില്ല എന്നത് സത്യം. അങ്ങനെ ആരോ നാട്ടിൽ പ്രചരിപ്പിച്ച നുണ സത്യമായി. സുമേച്ചിക്ക് ഇരട്ടപെൺകുഞ്ഞുങ്ങൾ. ഇരട്ടപെൺകുഞ്ഞുങ്ങൾ ഭാഗ്യം കൊണ്ടുംവരും മാഷേ എന്ന് പറഞ്ഞ് സുബൈദ ഡോക്ടർ അച്ഛന്റെ പുറത്ത് തട്ടി.

അനിയനെ കാത്തിരുന്ന ചേച്ചിമാർക്ക് അനിയത്തിമാരെ കണ്ടതും കട്ട കലിപ്പായി. അടുത്ത കട്ടിലെ ആൺകുഞ്ഞുമായി കുട്ടികളെ മാറ്റാം എന്നു വരെ പ്ലാൻ ചെയ്തിരുന്നത്രെ. എന്തായാലും ഇരട്ട പെൺകുഞ്ഞുങ്ങൾ വളർന്നു. ഒരേ പോലെ. ഒരേ കളർ ഉടുപ്പുകളിട്ടു ഒരേ ക്ലാസിൽ ഒരേ സ്കൂളിൽ അങ്ങനെ അങ്ങനെ അങ്ങനെ...

Content Highlights: A Mother Shares about her Mother and twin sister story Mother's day 2021