'മ്മേ ഇതെങ്ങനെയാ ചെയ്യുന്നേ, അമ്മേ ഇതിങ്ങനെയാണോ?', ഗായിക അമൃത സുരേഷിനോടു സംസാരിക്കുമ്പോള്‍ മറുതലയ്ക്കല്‍ ഇടയ്ക്കിടെ കേള്‍ക്കാം ഈ ശബ്ദങ്ങള്‍.. ഓരോന്നിനും പാപ്പു എന്ന തന്റെ മകള്‍ക്കു വേണ്ട മറുപടി പറഞ്ഞ് അമൃത വീണ്ടും തിരികെയെത്തും. മാതൃദിനത്തോടനുബന്ധിച്ച് തന്റെ അമ്മത്വത്തെക്കുറിച്ചും പാപ്പു എന്നു വിളിക്കുന്ന മകള്‍ അവന്തിക ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും തന്റെ വളര്‍ച്ചയിലുള്ള അമ്മയുടെ പങ്കിനെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട് കോമിനോടു മനസ്സു തുറക്കുകയാണ് അമൃത.

ലോക്ക്ഡൗണിലെ അമ്മക്കാലം

ലോക്ക്ഡൗണ്‍ കാലം പ്രൊഫഷണലി ലോക്ക് ആണെങ്കിലും ഒരു പാരന്റ് എന്ന നിലയ്ക്ക് മകളോടൊപ്പം ഏറെസമയം ചെലവഴിക്കാന്‍ കിട്ടിയ അവസരമാണിത്. പാപ്പുവിനെ സംബന്ധിച്ച് അവള്‍ ഭയങ്കര സന്തോഷവതിയാണിപ്പോള്‍. മുമ്പൊക്കെ അമ്മയെ എപ്പോഴും കിട്ടുന്നില്ലെന്ന പരാതിയായിരുന്നു, ഇപ്പോള്‍ അമ്മ അവള്‍ക്കൊപ്പം കളിക്കാനും ഒന്നിച്ച് വീഡിയോ ചെയ്യാനുമൊക്കെ കിട്ടുന്നുണ്ടല്ലോ. ലോക്ക്ഡാണായതുകൊണ്ട് പുറത്തുപോകാന്‍ കഴിയാത്തതിന്റെ വിഷമമൊന്നുമില്ല പാപ്പുവിന്. ഞാനും അഭിരാമിയുമൊക്കെ കൂടെ എപ്പോഴും കളിക്കാനുണ്ടായാല്‍ മതി. വ്യക്തിപരമായി ലോക്ക്ഡൗണ്‍ കാലം സമ്മര്‍ദത്തിലല്ലെങ്കിലും ലോകമെമ്പാടും നടക്കുന്ന കാര്യങ്ങളില്‍ ആശങ്ക തോന്നാറുണ്ട്.

amrutha

പാപ്പുവിനു മുമ്പും ശേഷവും

പാപ്പു വരുന്നതിനു മുമ്പും ശേഷവുമുള്ള പ്രധാന മാറ്റം എന്റെ പ്രയോറിറ്റികള്‍ മാറിയെന്നതാണ്. ഇപ്പോള്‍ എന്തു ചെയ്യുമ്പോഴും ആദ്യം മനസ്സില്‍ പാപ്പുവിന്റെ മുഖമാണ്. ചെറിയ കാര്യം ചെയ്യുമ്പോള്‍ പോലും കൂടുതല്‍ ശ്രദ്ധയോടെ ചെയ്യും, കാരണം എന്നെ കോപ്പി ചെയ്യലാണ് അവളുടെ പ്രധാനപണി. പാട്ടിന്റെ കാര്യത്തിലായാലും നമുക്കു ശേഷം ഒരാള്‍ ഉണ്ടല്ലോ അപ്പോള്‍ അവളെ പഠിപ്പിക്കണം എന്ന ചിന്തയാണ്. അഭിരാമിക്കായാലും പാപ്പു ആദ്യത്തെ കുഞ്ഞിനെപ്പോലെയാണ്. അവളുടെ കുട്ടിക്കളികള്‍ക്കെല്ലാം കൂടെ നില്‍ക്കുന്നത് അഭിയമ്മയാണ്. ഒരുപക്ഷേ ഞാന്‍ പാപ്പുവിന്റെ കൂടി ചിലവഴിക്കുന്നതിനേക്കാള്‍ സമയം അഭി അവള്‍ക്കൊപ്പമുണ്ടാകും. സത്യം പറഞ്ഞാല്‍ ഒരു കുഞ്ഞുണ്ടാകുമ്പോഴാണ് നമ്മുടെയും നിഷ്‌കളങ്കതയും കുട്ടിത്തവുമൊക്കെ വീണ്ടും പുറത്തുവരുന്നത്. 

അഭിരാമി എനിക്ക് മകള്‍ തന്നെ

അഭിരാമി എനിക്കൊരിക്കലും അനിയത്തിയായിട്ടല്ല തോന്നിയിട്ടുള്ളത്, എന്റെ മൂത്ത മകളെപ്പോലെയാണ്. അവളുടെ കാര്യത്തില്‍ ഞാന്‍ വിട്ടുവീഴ്ച്ച ചെയ്യാറേയില്ല. ഒരുപാടു സ്വപ്‌നങ്ങളും ഉണ്ട്. വഴക്കുകൂടലും ചീത്തവിളിയുമൊക്കെ ഉണ്ടെങ്കിലും രണ്ടുപേര്‍ക്കും രണ്ടുപേരുമില്ലാതെ കഴിയില്ല. രണ്ടുപേര്‍ക്കും എന്തെങ്കിലും വിഷമമൊക്കെ തോന്നിയാല്‍ ആദ്യം പങ്കുവെക്കുന്നത് പരസ്പരം തന്നെയാണ്. ഞങ്ങളെ സഹോദരിമാരെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയാണെന്ന് തോന്നിയിട്ടുള്ളതെന്ന് പലരും പറഞ്ഞിട്ടുണ്ട്.

amrutha

പാപ്പുവിന് മൂന്ന് അമ്മമാര്‍

പാപ്പു ശരിക്കു പറഞ്ഞാല്‍ മൂന്ന് അമ്മമാരുടെ സ്‌നേഹവും കരുതലുമൊക്കെ അനുഭവിച്ചാണ് വളരുന്നത്. മൂന്നു തലമുറയിലെ അമ്മമാരാണ് അവളെ സ്‌നേഹിക്കാനുള്ളത്, അതുകൊണ്ട് അവള്‍ക്ക് കിട്ടുന്ന കരുതലും മൂന്നുരീതിയിലാണ്. അമ്മയില്‍ നിന്നാണ് അടുക്കും ചിട്ടയും വിശ്വാസവുമൊക്കെ ലഭിക്കുന്നത്. അമ്മൂമ്മയെ ഭയങ്കര ഇഷ്ടവുമാണ് എന്നാല്‍ തെറ്റുചെയ്താല്‍ ചീത്തപറയുമോ എന്ന ഭയവുമുണ്ട്. എന്റെകൂടെ എപ്പോഴും കെട്ടിപ്പിടിച്ചും താലോലിച്ചുമൊക്കെയിരിക്കാനാണ് ഇഷ്ടം. അഭിയമ്മ അവള്‍ക്ക് സഹപാഠിയെപ്പോലെയാണ്. സമപ്രായക്കാര്‍ സംസാരിക്കുന്നതുപോലെയാണ് പലപ്പോഴും പാപ്പുവും അഭിയും സംസാരിക്കുന്നതുതന്നെ. ഇപ്പോഴത്തെ കുടുംബങ്ങളിലേതുപോലെ ഞാനൊറ്റയ്ക്കാണ് അവളെ നോക്കിയിരുന്നതെങ്കില്‍ ഈ സ്‌നേഹമൊക്കെ മിസ് ആയേനെ.

അമ്മയോളം വലുതല്ലൊന്നും

അമ്മയെക്കുറിച്ച് എങ്ങനെയാണ് പറയേണ്ടതെന്നറിയില്ല. എനിക്കും അഭിക്കും കിട്ടിയ സംഗീതവാസനയെല്ലാം അച്ഛന്റെ കുടുംബത്തില്‍ നിന്ന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ്. പക്ഷേ അമ്മ എന്നൊരു സ്ത്രീ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇന്നത്തെ നിലയില്‍ എത്തില്ലായിരുന്നു. ഇന്നു ഞങ്ങളെ നാലാള്‍ അറിയുന്നുണ്ടെങ്കില്‍ അത് അമ്മയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി അമ്മ ഉറക്കമൊഴിച്ച് കൂട്ടിരുന്നതിന് കണക്കില്ല. സ്റ്റാര്‍ സിംഗര്‍ സമയത്തൊക്കെ ജോലിപോലും ഉപേക്ഷിച്ചാണ് കൂടെനിന്നത്. അമ്മയ്ക്കു വേണ്ടിയല്ല ഞങ്ങള്‍ക്കു വേണ്ടിയാണ് അമ്മ ജീവിച്ചതൊക്കെയും. ഇപ്പോഴും അമ്മയുടെ ജീവിതം അങ്ങനെയാണ്, പാപ്പുവിനെ നോക്കുന്നതു കാണുമ്പോഴും അതെല്ലാം തോന്നാറുണ്ട്. എനിക്ക് അമ്മയെപ്പോലൊരു അമ്മയാകാന്‍ കഴിയില്ലെന്ന് ഞാന്‍ പറയാറുണ്ട്. ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീ ആരെന്ന് എപ്പോള്‍ ചോദിച്ചാലും അത് അമ്മയാണെന്നു തന്നെയാണ് മറുപടി.

Content Highlights: amritha suresh about daughter and mother  mothers day 2020