കുട്ടിക്കാലത്തു അമ്മയേക്കാള്‍ ഞാന്‍  സ്‌നേഹിച്ചതും എന്നെ ഏറ്റവും സ്വാധീനിച്ചതും അച്ഛനായിരുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ മുടി ചീകി തരുമ്പോള്‍ പോലും ആ കരുതല്‍ അനുഭവിക്കാന്‍ സാധിച്ചിരുന്നു (തല അറിയില്ല മുടി ചികുന്നതു ). മിഠായിക്കും കുലാവിക്കുമെല്ലാം പൈസ തന്നു. പഠിക്കാന്‍ നിര്‍ബന്ധം പറയാതെയാണ് എന്റെ എല്ലാം ഇഷ്ടങ്ങളെയും  അച്ഛന്‍ സാധിച്ചു തന്നിരുന്നത്. അമ്മ പറഞ്ഞാല്‍ മാത്രം ഒന്ന് ശാസിക്കുമെന്നല്ലാതെ അച്ഛന്‍ മുന്‍കൈ എടുത്ത്  ഇത് വരെ എന്നെ തല്ലിയിട്ടില്ല. 

അനാഥത്വത്തിന്റെ അവഗണന ഒരുപാട് നേരിട്ടതിനാലാണോ ചൂഷണത്തിന്റെ ബാല്യം നോവിച്ച മനസ് ഉള്ളില്‍ പേറുന്നത് കൊണ്ടാണോയെന്നറിയില്ല എന്നെയെന്നല്ല ഒരു കുട്ടിയേയും അച്ഛന്‍ നോവിക്കാറില്ല. ശരിയായ വിദ്യഭ്യാസത്തിന്റെ അഭാവത്തിലും കഷ്ടപ്പാടിന്റെ നെരിപ്പോടിലും സ്‌നേഹം നിറഞ്ഞ ഒരു ഹൃദയം കൊണ്ട് നടക്കാന്‍ അച്ഛനെങ്ങനെ സാധിക്കുന്നു. ആ ഒരു പോസിറ്റീവ് ഭാവം നിലനില്‍ക്കുന്നത്  ഭാര്യയുടെ സത്യത്തിന്റെ, തന്റേടത്തിന്റെ, ഏതൊരു സാഹചര്യത്തിലും തളരാത്ത കരുത്തലിലാണ്.  

അച്ഛന്റെ യഥാര്‍ത്ഥ ശക്തി അമ്മയാണെന്ന് പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു. മുതിര്‍ന്നതിനു ശേഷം. ഏതൊരു ചെറിയ തെറ്റുകളും തെറ്റണെന്നും മറ്റുള്ളവര്‍ തെറ്റ് ചെയ്യുകയാണെങ്കില്‍ അതിനു കൂട്ട് കൂടരുത് എന്നെല്ലാമുള്ള കര്‍ശന നിര്‍ദ്ദേശം അമ്മയുടെ സംഭാവനകള്‍ ആയിരുന്നു. അച്ഛനും അമ്മയും  ഒരുമിച്ചു വരുമ്പോള്‍ മാത്രമാണ് ജീവിതം അര്‍ത്ഥ  പൂര്‍ണമാകൂ എന്ന തിരിച്ചറിവ് വലിയൊരു പാഠമാണ് നല്‍കിയത്. 

അമ്മയ്ക്ക് നല്ല റോള്‍ മോഡലുകള്‍ സ്വന്തം വീട്ടില്‍  തന്നെ ഉണ്ടായിരുന്നു എന്നത് തന്നെയാണ്  ജീവിതത്തെ ഇത്ര നിസംശയം നേരിടാന്‍ അമ്മയെ പ്രാപ്തമാക്കിയത്. ദുര്‍ബല വികാരങ്ങള്‍ ഒന്നിനും അമ്മയെ കിഴ്‌പെടുത്താന്‍ സാധിച്ചിരുന്നില്ല. സാമ്പത്തികമോ പദവികളോ അല്ല അഭിമാനികളും കഠിനാധ്വാനികളുമായ  മൂന്നു  ആങ്ങളമാരുടെ ഒരേ ഒരു പെങ്ങള്‍ അതായിരുന്നു അമ്മയുടെ അന്തസിന്റെ അടിസ്ഥാനം. 

സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന മാതാവിന്റെ ഹൃദയം ഉള്ളില്‍ ഉള്ളപ്പോഴും പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ അമ്മയ്ക്ക് കഴിഞ്ഞു.വെറുതെ ഒന്നും ആരും തരില്ല അല്ലെങ്കില്‍ സ്വീകരിക്കാത്തതാണ് ജീവിത വിജയത്തിന് ആധാരം എന്ന കോമ്മണ്‍സെന്‍സ് അമ്മക്ക് ഉണ്ടായിരുന്നു. അത് എനിക്കും എന്റെ സഹോദരിക്കും നല്‍കിയത് മഹത്തരമായ മൂല്യ ബോധമുള്ള ജീവിത കാഴ്ച്ചപ്പാടുകള്‍ ആയിരുന്നു. 

അപരിഷ്‌കൃത സമൂഹത്തിന്റെ ദുര്‍ബല ഭൂതങ്ങള്‍ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ പിടിച്ചു നില്‍ക്കുന്നത് ബാല്യത്തില്‍ കിട്ടിയ അമ്മ മനസിന്റെ കരുത്തു ഒന്നുകൊണ്ടു മാത്രമാണ്.  ജീവിതം ഒരുപാട് പിന്നിട്ട ഈ അവസരത്തില്‍ ആത്മീയ അറിവുകളുടെ വെളിച്ചത്തിലും , യുക്തി ചിന്തയുടെ വാള് കൊണ്ട് ഇഴകിറി പരിശോധിച്ചിട്ടു മഹാത്മാക്കളെല്ലാം  ഒരേയൊരു ഉത്തരം കണ്ടെത്തിയതും, കണ്‍കണ്ട ദൈവം അമ്മ തന്നെ എന്നതാണ്.

Content Highlights: Mother's Day 2020, Mother and Father