ഫ്പ! നായേ...
കട്ടിലില്‍ നിന്നും ഞാന്‍ താഴേക്ക് തെറിച്ചുവീഴാനാഞ്ഞപ്പോള്‍ ഞാന്‍ കട്ടിലിന്റെ അറ്റത്ത് അളളിപ്പിടിച്ചു കിടന്നു. അമ്മയെ ഒന്നുകൂടി മുറുക്കി കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ കയ്യെടുത്ത് അമ്മ ഒറ്റയേറ് എറിഞ്ഞുകൊണ്ട് പ്രതിഷേധത്തോടെ തിരിഞ്ഞുകിടന്നു. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലാത്തപോലെ ഞാനാ തണുത്തകുമ്പയില്‍ അമര്‍ത്തിപ്പിടിച്ചു. വൈകുന്നേരമാണ് (മിക്കവാറും രാത്രി) അമ്മ കുളിക്കുക. കുളി കഴിഞ്ഞാല്‍ അരമണിക്കൂര്‍ കിടക്കും.

സോപ്പിന്റെ മണവും അമ്മമണവും കൂടി ഒന്നിച്ചുചേര്‍ന്നുള്ള ആ മണം പിടിച്ചു കിടക്കാന്‍ ഞങ്ങള്‍ രണ്ടുപെണ്‍കുട്ടികളും മത്സരമായിരുന്നു. അമ്മയുടെ മൂന്നരപവന്റെ മൈനര്‍ചെയിന്‍ അച്ഛന്‍ കൊണ്ടുപോയി പണയം വച്ച് പിന്നെ പലിശകയറി അമ്മയറിയാതെ വിറ്റതിന്റെ ബാക്കിപത്രമായ പ്ലാവില്‍ തീര്‍ത്ത കട്ടിലില്‍ (ആ കട്ടില്‍ എപ്പോളൊക്കെ സംഭാഷണത്തില്‍ കടന്നുവന്നിട്ടുണ്ടോ, അപ്പോളൊക്കെ അത്രയും നീണ്ട വിശേഷണം അമ്മ കൊടുത്തിരുന്നു. അത് കൊണ്ട് ഒറ്റവാക്കില്‍ കട്ടില്‍ എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്കും ഒരു ഫീല് കിട്ടില്ല) നടുവില്‍ അമ്മ ഞരുങ്ങിക്കിടക്കും ഇടത്തും വലത്തും ഓരോ അമ്മിഞ്ഞയ്ക്കു മുകളിലും കൈവച്ച് ഞാനും അവളും.
 
അമ്മയോട് അവതരിപ്പിക്കാനുള്ള കാര്യങ്ങളെല്ലാം അപ്പോളാണ് പറയുക. എസ്.എം. സ്ട്രീറ്റില്‍ ഇരുനൂറ് രൂപയ്ക്ക് രണ്ടുജോടി ചുരിദാര്‍ സെറ്റ് കിട്ടാനുണ്ട്, പുറക്കാട്ടിരി ഹൈലൈഫില്‍ കുറഞ്ഞവിലയില്‍ ചെരിപ്പ് കിട്ടും. അവരുതന്നെ ഉണ്ടാക്കുന്നതുകൊണ്ട് ഈടുനില്‍ക്കും. ഈടുനില്‍ക്കും എന്നുപറഞ്ഞാല്‍ അമ്മ ഒന്ന് മൂളും. പിന്നെ അമ്മയോട് ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യലാണ് പ്രധാനപരിപാടി. തര്‍ക്കത്തില്‍ കിടക്കുന്ന സ്വത്ത് ഭാഗിച്ചു കിട്ടിയാല്‍ ഒരു കുഞ്ഞ് വീടുണ്ടാക്കുന്ന കാര്യം അന്നത്തെ സ്വപ്നപദ്ധതിയില്‍ നിന്നും വിട്ടുപോയിട്ടുണ്ടെങ്കില്‍ കൃത്യമായിട്ട് ഒരു പാളി ചിതല്‍ നേരെ അട്ടത്തുനിന്നും മേലേക്ക് വീഴും. വീട് തന്നെക്കൂടി വര്‍ത്തമാനത്തില്‍ ഉള്‍പ്പെടുത്താത്തതിന്റെ പരിഭവം പോലെ. പിന്നെ വീടിനെക്കുറിച്ചാകും ചര്‍ച്ച. ഇടതടവില്ലാതെ വരുന്ന ദീര്‍ഘനിശ്വാസങ്ങളുടെ ആവര്‍ത്തി കൂടുമ്പോള്‍ അമ്മമ്മ ഇടപെടും. നിന്ന് കത്തിയ്ക്കാനൊരു അടുപ്പ് വേണം. മഴയത്ത് ചോരാത്തതും. അത്രയും നേരം നിശബ്ദമായി ഞങ്ങളുടെ പദ്ധതികള്‍ കേട്ടുകൊണ്ടിരുന്ന അമ്മമ്മ സെന്‍സിറ്റീവാവുക അടുപ്പിന്റെ കാര്യത്തിലാണ്.

ഉമ്മറത്ത് തലയെടുപ്പോടെ ഇരിക്കുന്ന കാരണവരെപ്പോലെ അമ്മയുടെ തയ്യല്‍ മെഷീന്‍ മഴയത്തും വെയിലത്തും ഞങ്ങളുടെ വയറിനെ കാത്തു. അമ്മയുടെ അച്ഛന്‍ സഖാവ് ഗോവിന്ദന്‍ നായര്‍ (പുള്ളിയ്ക്ക് ആ വിശേഷണമായിരുന്നു നാട്ടില്‍) സെലക്ട്‌ചെയ്തുകൊടുത്തതാണ് മെറിറ്റ് മെഷീന്‍ (കാശ് അമ്മയാണ് കൊടുത്തത്). അദ്ദേഹത്തോട് അതിവൈകാരികമായ ഒരു അടുപ്പം അമ്മയ്ക്കുണ്ടായിരുന്നു. നാല്പത്തേഴാം വയസ്സില്‍ വിഷംകുടിച്ച് ജീവനൊടുക്കി എക്കാലത്തേയ്ക്കും അമ്മമ്മയ്‌ക്കൊരു നെടുവീര്‍പ്പും ആലോചനയും കൊടുത്ത അച്ഛഛന്റെ ആണ്ട് എന്റെ പിറന്നാളുമായാണ് അമ്മ ബന്ധപ്പെടുത്തി വയ്ക്കാറ്. അച്ഛന്‍ പോയി മൂന്നിന്റെന്നാണ് കുട്ടിയ്ക്ക് ഒന്നുതികഞ്ഞത്. അങ്ങനെ ജന്മദിനവും ചരമദിനവും തമ്മിലുള്ള അടുപ്പം മാത്രമേ ഞങ്ങള്‍ തമ്മില്‍ പ്രത്യക്ഷത്തില്‍ ഉള്ളൂ എങ്കിലും എന്റെ താഴെ വരിയിലുള്ള പല്ല് ഇടയ്ക്കിടെ താഴ്ത്തി നോക്കി അമ്മ പറയും അച്ഛന്റെ അതേ പല്ല്, അതേ നെറ്റി, അതേ കണ്ണ്.

താഴേപറമ്പൊന്നാകെ പച്ചിലക്കാട്ടിലാഴ്ത്തിയ തത്തച്ചുണ്ടന്‍ മാവ് മുറിച്ച് പൊളികളാക്കി കോലായ്ക്കും അടുക്കളയ്ക്കും ഓരോ വാതില്‍. അതിന് നടുവില്‍ ഒരടുക്കളയും ഒരു മുറിയും. പലകക്കട്ടിലിന്റെ കാല് ദ്രവിച്ചുപോയപ്പോള്‍ അമ്മയുടെ സൂത്രപ്പണിയില്‍ അതൊരു തട്ടിന്‍പുറമായി. പുസ്തകങ്ങള്‍ മഴകൊള്ളാതിരിക്കാനും ചിതല്‍ കാണാതിരിക്കാനും സൗകര്യമായി. രാപകലില്ലാതെ അമ്മ തയ്യല്‍മെഷീനില്‍ത്തന്നെ ഇരിപ്പുറപ്പിച്ച കാലം. കല്യാണ സീസണുകളില്‍ ചോറ് കുഴച്ച് ഉരുട്ടി വായിലാക്കിക്കൊടുക്കും ഞാന്‍. അമ്മയ്ക്ക് കുളിക്കാന്‍ വെള്ളം കോരിക്കൊടുക്കും. കറണ്ടില്ല. ചവിട്ടിച്ചവിട്ടി അമ്മയുടെ കാലിന്റെ മുട്ടില്‍ നിന്നും ഒരു ശബ്ദം കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ വിളിക്കും. പിന്നെ വലതുവശത്ത് നിന്നുകൊണ്ട് ഞാന്‍ പതുക്കെ ചവിട്ടിക്കൊടുക്കും. മെഷീനില്‍ നിന്നും സൂചി താഴേക്കുപോയി അടിയിലുള്ള നൂലിനെകോര്‍ത്തെടുത്ത് അടുത്തപടിയിലേക്ക് കടന്ന് അവിടുന്നും കോര്‍ത്തെടുത്ത്...

അങ്ങനെയാണ് അമ്മ രാത്രിക്കുളി ശീലിച്ചത്. കുളിച്ചുകഴിഞ്ഞാല്‍ നീണ്ടുനിവര്‍ന്ന് കിടക്കും. കുറേ നേരം. ഇടയ്ക്ക് മിണ്ടാതെയാണ് കിടക്കുന്നതെങ്കില്‍ രണ്ടുകവിളിലൂടെയും കണ്ണീര്‍ വാര്‍ന്നു വരുന്നത് കാണാം. അത് മറ്റാരും കാണാതിരിക്കാന്‍ വേണ്ടിയാണ് അകത്തേക്ക് വെളിച്ചം കൊണ്ടുവരരുത് എന്നു പറയുന്നത്. അപ്പോള്‍ ഞങ്ങളാരും അടുത്തേക്ക് ചെല്ലാന്‍ പാടില്ല. അമ്മമ്മയുടെ ശബ്ദം മാത്രം കേള്‍ക്കാം... ധർമക്ഷേത്രേ കുരുക്ഷേത്രേ സമവേദാഃ യുയുത്സവ, മാമകാ പാണ്ഡവശ്ചൈവ കിമകുര്‍വത സഞ്ചയാ...ഭഗവദ്ഗീതയെങ്കില്‍ ഭഗവദ്ഗീത.

എന്നും വൈകുന്നേരം ഒരു മുണ്ട് അമ്മ എടുത്ത് നനച്ച് പുറത്തെ അഴയില്‍ ആറിയിടും. അത്രയടുപ്പമില്ലാത്ത ആളുകള്‍ ഭാര്യമാരുടെയോ മക്കളുടെയോ ഡ്രസ്സുകള്‍ തയ്ക്കാന്‍ കൊണ്ടുവന്ന് പതിവിലും അധികമായി സംസാരിച്ചിരിച്ചിരിക്കുമ്പോള്‍ അമ്മ ഞങ്ങളോടാരോടെങ്കിലും ചോദിക്കും അച്ഛന്‍ വരുന്ന ബസ് വരാനായോ എന്ന്. അവിചാരിതമായി ആദ്യമൊക്കെ ആ ചോദ്യം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ അമ്മയുടെ മുഖത്തുനോക്കുമായിരുന്നു. ഏത് അച്ഛന്‍! അമ്മയെന്താണീ പറയുന്നത്. പിന്നെ സാഹചര്യത്തിനനുസരിച്ച് ഞങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി. അപ്പോള്‍ പിന്നെ അച്ഛനോട് പഞ്ചസാര വാങ്ങാന്‍ പറഞ്ഞിരുന്നോ, അച്ഛന്റെ മുണ്ട് ഉണങ്ങിയോ എന്നൊക്കെ ചോദിച്ച് ഞങ്ങളും സാഹചര്യത്തിനനുസരിച്ച് മുന്നേറാന്‍ തുടങ്ങി. അതോടെ അധികസംസാരവിഷയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ''ന്നാല്‍ പിന്നെ എന്നു പറഞ്ഞ'' പോകുന്നയാളോട് അമ്മ പറയും ''ബ്ലൗസിന് പത്തുര്‍പ്യ കുറച്ചിട്ടുണ്ടെന്ന് മൂപ്പത്ത്യോട് പറയണേ.'' സ്ഥിരം കസ്റ്റമറെ പിടിക്കാനുള്ള ട്രിക്കാണ്.

അങ്ങനെ പോകുന്നതിനിടയില്‍ രാത്രിയില്‍ ഒരു ഓട്ടോറിക്ഷ വന്നു നില്‍ക്കും. മിക്കവാറും അത് സംഭവിക്കുക ജനുവരി പതിനാല് മുതല്‍ പതിനാറ് വരെയുള്ള ദിവസങ്ങളിലാണ്. അരച്ചാക്ക് അരി, ശര്‍ക്കര, എണ്ണ, വെളിച്ചെണ്ണ, കടുക്, ഉണങ്ങലരി തുടങ്ങിയവയുടെ കെട്ടുകള്‍ ഉമ്മറപ്പടിയില്‍ നിന്നും അകത്തേക്ക് കയറണോ കയറണ്ടയോ എന്ന ശങ്കയില്‍ നില്‍ക്കും. അമ്മയൊരു ഭദ്രകാളിയാണ് പിന്നെ. ഒരൊറ്റൊന്നും ഇങ്ങോട്ട് കേറ്റിപ്പോകരുത്. അടുത്തകൊല്ലത്തെ കോട്ടേലെ പാട്ടുവരെ എന്തുണ്ടയാ തിന്നാന്‍ കൊടുക്കുക? ഞങ്ങള്‍ക്ക് സ്‌പെഷ്യലായി കൊണ്ടുവന്ന ഉള്ളിവട പൊടിയഴിക്കും മുമ്പേ അമ്മ എടുത്തെറിയും. ആ ഉള്ളിവടയോടുള്ള സ്‌നേഹത്താല്‍ അതുവരെ അമ്മ നരകിച്ചതൊക്കെ ഞാന്‍ മറക്കും. ആര്‍ക്കുമില്ല ഇങ്ങനൊരമ്മ എന്നു ഞാന്‍ പിറുപിറുക്കും. അന്ന് രാത്രിയില്‍ ചുറ്റുവട്ടത്തുകാരൊക്കെയറിയും അച്ഛന്‍ വന്നിട്ടുണ്ടെന്ന്. കമാന്ന് ഒരക്ഷരം മിണ്ടാതെ അച്ഛന്‍ ഇരിക്കും. അതു കാണുമ്പോള്‍ അമ്മയ്ക്ക് കലി കൂടുതല്‍ കയറും. കള്ളലക്ഷണമാണ് മിണ്ടാതിരിക്കുന്നതെന്നും പറഞ്ഞ് അച്ഛന്‍ ഇറങ്ങിപ്പോകുന്നതുവരെ കാക്ക കാറാളച്ചാത്തന്റെ പിറകേ കൂടിയതുപോലെ അമ്മ കലഹിക്കും. പിറ്റേന്ന് മുതല്‍ അച്ഛന്‍ കൊണ്ടുവന്ന അരിയും സാമാനങ്ങളും വെച്ചുവിളമ്പുകയും ചെയ്യും. അപ്പോള്‍ ചോദ്യം ചെയ്യാന്‍ തികട്ടി വരുമെങ്കിലും പല്ല് അടിച്ച് കൊഴിച്ചുകളയും അമ്മ എന്ന് നല്ല ബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു.

ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് അമ്മയുടെ അമ്മാവന് അച്ഛഛന്‍ വിറ്റ പതിനഞ്ചു സെന്റ് സ്ഥലം തിരിച്ചുവാങ്ങി അതില്‍ ഒറ്റമുറിവീട് പണിതത്. അതിന്റെ ഓരോ നിര്‍മാണഘട്ടത്തിലും അമ്മ എന്നാണിതിലേക്ക് ഒന്ന് താമസിക്കാനാവുക എന്ന് ആശിച്ചുചോദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ എന്നെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മഴപെയ്തു. എന്നെയുമെടുത്ത് പാതി പണിത വീടിനുള്ളിലേക്ക് കയറി അമ്മ ചോദിച്ചു എന്നാ നമ്മള്‍ ഇതില്‍ താമസിക്കുക. ഞാന്‍ അമ്മയെത്തന്നെ നോക്കിനിന്നതോര്‍മ്മയുണ്ട്. പണിപാതിയായ അതേ വീട്ടിലെ അതേ സ്ഥലത്തുവച്ചാണ് അച്ഛന്‍ ഒരിക്കല്‍ കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞത്, ബാലുശ്ശേരിയ്ക്ക് പോവുകയാണെന്ന്. അന്ന് അച്ഛനെയും ഞാന്‍ മറുപടിയില്ലാതെ നോക്കിനിന്നതോര്‍മ്മയുണ്ട്.

അമ്മയുടെ നടുവും തയ്യല്‍യന്ത്രത്തിന്റെ ചക്രവും ഒരുമിച്ചു തേഞ്ഞ് പണിനിലച്ചുപോയത് ഞാന്‍ ഡിഗ്രി കഴിഞ്ഞപ്പോളാണ്. എണീറ്റിരിക്കാനോ ഇഷ്ടത്തിനനുസരിച്ച് ഒന്നു തിരിയാനോ ആകാതെ കിടന്നുപോയി. അടുക്കളയുടെ ഒരു മൂലയില്‍ കമോഡ് വച്ച് അതിലാണ് പ്രാഥമിക കാര്യങ്ങള്‍. അതിനിടയില്‍ അമ്മ പാര്‍ട്ടി വിട്ടതാണ് നാടിനെ സ്തംഭിപ്പിച്ച മറ്റൊരു സംഭവം. വീടിന് വാതില് വച്ച് കയറിക്കൂടുമ്പോള്‍ ഞങ്ങളുടെ ചുമരില്‍ നാലാള്‍ക്കാര്‍ കൂടി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇ.എം.എസ്, എ.കെ.ജി, നായനാര്‍ പിന്നെ സഖാവ് കൃഷ്ണപ്പിള്ള. ഇ.എം.എസ്സിനെ നോട്ടുമാലയിടീച്ച പെണ്‍കുട്ടിയുടെ എസ്.എഫ്.ഐ വിപ്ലവപോരാട്ടത്തള്ളുകള്‍ കേട്ട് ഞങ്ങള്‍ അമ്മയെ അത്ഭുതത്തോടെ നോക്കിക്കിടക്കാറുണ്ടായിരുന്നു. സ്വത്തുതര്‍ക്കത്തില്‍ പ്രാദേശികനേതാക്കള്‍ വേണ്ടതുപോലെ ഇടപെട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ ഇ.എം.എസ്സും. എ.കെ.ജിയും നായനാരും കൃഷ്ണപിള്ളയും ഞങ്ങളുടെ ഉമ്മറത്തെ ചുവരില്‍ നിന്നും എന്നന്നേയ്ക്കുമായി പടിയിറങ്ങി. പകരം വന്നവര്‍ ആലിലക്കണ്ണനും ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും പളനിസ്വാമിയും പിന്നെ വസുദേവര്‍ കൊട്ടയില്‍ പെരുംമഴയത്ത് പുഴകടത്തുന്ന കൃഷ്ണനുമായിരുന്നു. എന്നിരുന്നാലും തിരഞ്ഞെടുപ്പുദിവസങ്ങളില്‍ അരിവാള്‍ചുറ്റികയ്ക്ക് കുത്താതിരിക്കാന്‍ അമ്മയ്ക്ക് കഴിയുമായിരുന്നില്ല. വോട്ടുചെയ്യാതെ ഇറങ്ങിപ്പോന്നു ഒരിക്കല്‍.

ഇടതൂര്‍ന്ന ചുരുണ്ടമുടിയുള്ള, മുടിയറ്റം റോസാക്കുലകള്‍ തൂങ്ങിയാടുന്നതുപോലെ സാരിക്കുപിറകില്‍ കിടന്നാടുമായിരുന്ന്രേത അമ്മ തയ്യല്‍ക്ലാസിലേക്കു നടന്നുപോകുമ്പോള്‍. വഴിവക്കില്‍ അമ്മയെ വിളിച്ച് ചായയും പലഹാരവും മാമ്പഴവും പഴുത്ത ചക്കയും തീറ്റിച്ച അമ്മമാര്‍ക്ക് തങ്ങളുടെ മകന് പറ്റിയ പെണ്ണ് എന്നൊരു കണ്ണുവെയ്പ്പുണ്ടായിരുന്നുപോലും. തയ്യല്‍ക്ലാസിലെ സഹപാഠി ശോഭനേച്ചി പറയണം അമ്മയുടെ സൗന്ദര്യത്തെക്കുറിച്ച്. നിങ്ങളൊക്കെ ഓളെ ഏഴയലത്ത് ഇല്ല. ശോഭനേച്ചി മുടിയും മുഖവും നോക്കി പറയും. പിന്നെയെന്താ ഇങ്ങനായിപ്പോയത്! സക്കറിയ എഴുതിയ കഥയാണ് ഓര്‍മവരിക ആര്‍ക്കറിയാം!
 
പറഞ്ഞുനിര്‍ത്തിയത് അമ്മ കിടന്നുപോയതാണ്. ഒരു മനുഷ്യന്റെ ഇച്ഛാഭംഗത്തിന്റെ ഉത്തുംഗം കാണണമെങ്കില്‍ അവനൊന്നു കിടന്നുപോകണം. അമ്മയ്ക്ക് എല്ലാറ്റിനോടും ദേഷ്യമായി. വേണ്ടതിനും വേണ്ടാത്തതിനും പിറുപിറുത്തുകൊണ്ടേയിരുന്നു. അതിനിടയില്‍ അഗ്നിപര്‍വതം പുകയുന്നതുപോലെ ഒരു പ്രണയം ആ വീടിനകത്തെ സ്വസ്ഥതയ്ക്കകത്തുകയറി പുകഞ്ഞുപൊട്ടാന്‍ തയ്യാറെടുത്തിരുന്നു. അത് മാനസികമായും ശാരീരികമായും അമ്മയെ തളര്‍ത്തി. കാരണങ്ങള്‍ പലതാണ്. ഒന്നാമത്തേത് അച്ഛന്റെ ആളുകളെ സംബന്ധിച്ചിടത്തോളം മക്കള്‍ അമ്മയുടെ ഉത്തരവാദിത്തത്തിലാണ് വളരുന്നത്. അപ്പോള്‍ വരും വരായ്കകള്‍ അനുഭവിച്ചുകൊള്ളണം. അച്ഛനാണേല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന നിലപാടിലും. ആരോടും പറയാനില്ല. എന്നാലും ആരുടെയൊക്കെയോ കയ്യും കാലുംപിടിച്ച് നാണം കെട്ട പ്രണയ മധ്യസ്ഥത്തിന് അമ്മ തലകുനിച്ച് പോയിരിക്കുന്നത് കണ്ടപ്പോള്‍ ഉള്ളുവിങ്ങിപ്പോയിട്ടുണ്ട്. ആരുമില്ലാന്ന് ഉറപ്പു വരുത്തി കുളിമുറിയില്‍ പോയി അലറിക്കരഞ്ഞ് മനസ്സിനെ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അമ്മയുടെ മകളുടെ പ്രണയവിശേഷം അറിഞ്ഞവര്‍ അറിഞ്ഞവര്‍ ഉപദേശിക്കാനും ശാസിക്കാനും എന്നാണ് പോകുന്നതെന്ന് തിരക്കാനുമായി അവളെയും തിരഞ്ഞു വന്നു. വഴിവക്കില്‍ നിന്നുകൊണ്ട് ഉപദേശിച്ചു. അമ്മ തന്ന സ്വാതന്ത്ര്യത്തെ ആണുങ്ങള്‍ ഇല്ലാത്തിടത്തെ സ്ഥിതിയിതാണെന്ന് പരിഹസിച്ചു. അമ്മ എന്നെ നോക്കി. എന്റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചു. ഞാനും പ്രതിയായിരുന്നു രക്ഷിതാക്കള്‍ ചമഞ്ഞവര്‍ക്കുമുന്നില്‍. ഇനി നീയാരെയാ കണ്ടുവച്ചത്. എന്നാ പോകുന്നത്. എന്നൊക്കെയായി ചോദ്യങ്ങള്‍. പ്രതികരിക്കാന്‍ പറ്റാതെ കുറ്റിതറഞ്ഞതുപോലെ നിന്നുപോയി അപ്പോളൊക്കെ.

ഇങ്ങനെയൊക്കെയായിട്ടും അമ്മ മക്കളെ അന്ധമായി വിശ്വസിച്ചു. എവിടെപ്പോകാന്‍, ആര് പോകാന്‍, ഇടത്തും വലത്തും നെഞ്ചിന്‍ ചുവട്ടിലിട്ട്‌പോറ്റിയ മക്കളല്ലേ, പാതിരായ്ക്ക് ഇടിമഴയത്ത് വീഴാനാഞ്ഞുനില്‍ക്കുന്ന പുരയ്ക്കകത്ത് കെട്ടിപ്പിടിച്ചു നിന്നവരല്ലേ. എങ്ങോട്ടുപോകാന്‍! കേട്ടതും കണ്ടതുമെല്ലാം വെറും ഭാവനയായി അമ്മ തള്ളിക്കളഞ്ഞു. പിന്നെ കിടന്നകിടപ്പില്‍ കണ്ണീരൊഴുക്കിയില്ല. മനസ്സ് കല്ലായിട്ടുണ്ടാവും.

മിഠായിത്തെരുവ് കത്തിയ ദിവസം എന്നാണ് എന്ന് ഞാന്‍ ഓര്‍ത്തുവയ്ക്കാറ് അമ്മയ്ക്ക് ആദ്യമായി സമനിലതെറ്റിപ്പോയ ദിവസം എന്നാണ്. അന്നാണ് ഏതോ ഒരുത്തന്‍ വിളിച്ചുപറഞ്ഞത് അവളെ ഞങ്ങള്‍ കൂട്ടിയിട്ടുണ്ടെന്ന്. അമ്മമ്മ ഫോണ്‍ ചെവിയില്‍ നിന്നും കുറേനേരത്തേയ്ക്ക് എടുക്കാനാവാതെ നിന്നു. പിന്നെ വയനാട്ടിലെ നന്ദന്‍മാമനോട് വിളിച്ചു പറഞ്ഞു. അവള് പോയി. ഇനി അന്വേഷിക്കണ്ട. രാത്രിയാണ് നന്ദന്‍മാമന്‍ എന്നെ വിളിച്ചു പറയുന്നത്. ഞാന്‍ ഹോസ്റ്റലിലാണ്. മിഠായിത്തെരുവ് കത്തിയ വാര്‍ത്ത കണ്ടുകൊണ്ടിരിക്കുകയാണ്. ആകെ വിയര്‍ത്തു. വീട്ടിലേക്ക് വിളിക്കാന്‍ പേടി. വിളിക്കാതിരിക്കാനും പേടി. അമ്മമ്മയെ വിളിച്ചു. മൂളല്‍ മാത്രം. അമ്മ ഞങ്ങളുടെ ശരീരമാണങ്കില്‍ രക്തം അമ്മമ്മയാണ്. അമ്മേ എന്നു വിളിക്കുമ്പോള്‍ വിളികേള്‍ക്കുക അമ്മമ്മയാണ്. ഫോണ്‍ അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ തേങ്ങിക്കൊണ്ട് ചോദിച്ചു നിയ്യെപ്പളാ വരികാന്ന്...നേരം വെളുത്താല്‍ എന്നു പറഞ്ഞിട്ട് ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

ജീവിതത്തിലാദ്യമായി ഞാനുറങ്ങാതിരുന്ന ഒരേയൊരു ദിവസം. വയറില്‍ നിന്നും എന്തോ ഒന്ന് മൂളിക്കൊണ്ട് നെഞ്ചുവരെ വന്ന് വിങ്ങുന്നു. പിന്നെ ഒരു വിറയല്‍. തയ്യല്‍മെഷീനിന്റെ ഒറ്റച്ചക്രത്തിന്റെ ഓയിലാടാതെ തിരിയുന്ന ശബ്ദം ചെവിയില്‍ വന്നലയ്ക്കുന്നു. അന്ന് വിശന്നില്ല, വിയര്‍ത്തില്ല, ഉറങ്ങിയില്ല, സമയം നീങ്ങിയില്ല,. ഹോസ്റ്റലിന്റെ ഹാളിലൂടെ നടന്നും ഇരുന്നും നേരം വെളുപ്പിച്ചു. അഞ്ചരയായപ്പോല്‍ റൂംമേറ്റിനോട് വീട്ടിലൊരു അത്യാവശ്യം എന്ന് പറഞ്ഞ് ഇറങ്ങി. വീട്ടിലെത്തുന്നതുവരെ ഒന്നും ഓര്‍മയില്ല. മനസ്സില്‍ മുഴുവന്‍ റിഹേഴ്‌സലായിരുന്നു അമ്മയെ എങ്ങനെയാണ് ഡീല്‍ ചെയ്യേണ്ടത് എന്ന റിഹേഴ്‌സല്‍.

അതിരാവിടെ വീടെത്തിയപ്പോള്‍ അമ്മമ്മ ഉമ്മറത്ത് ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും വിതുമ്പിപ്പോയി. എനിക്കൊന്നു കൂട്ടിപ്പിടിക്കാനുളള അത്രയേ ഉള്ളൂ അമ്മമ്മ. ഞാന്‍ രണ്ടു കൈകൊണ്ടും കെട്ടിപ്പിടിച്ചു പതുക്കെ ചോദിച്ചു അമ്മയെവിടെ. ഞാനൊന്ന് മൂത്രമൊഴിക്കട്ടെ എന്നാണ് അമ്മമ്മ മറുപടി പറഞ്ഞത്. തലേന്ന് രാത്രി മുതല്‍ അമ്മയ്ക്ക് കാവലിരിക്കുകയാണെന്ന് മനസ്സിലായി. ഞാന്‍ അകത്തേക്ക് ചെന്നു. നൂല്‍ ബന്ധമില്ലാതെ അമ്മ കിടക്കുന്നു. പുതപ്പെടുത്ത് ഞാന്‍ പുതപ്പിച്ചു. പെരും ചൂട് എന്നു പറഞ്ഞ് എറിഞ്ഞുകളഞ്ഞു. ചുവരില്‍ മുഴുവന്‍ തുപ്പിവച്ചിരിക്കുന്നു. ഒരു കട്ടില്‍ മുഴുവന്‍ നിറഞ്ഞു കിടക്കുന്ന ഒരു രൂപമായിപ്പോയിരിക്കുന്നു അമ്മ. ആരെയും ആശ്രയിക്കാനില്ല, ആരോടും പറയാനില്ല. കൊച്ചുകുഞ്ഞിനെയെന്നപോലെ അമ്മയെ കെട്ടിപ്പിടിച്ച് കുറേ നേരം ഇരുന്നു. അമ്മ ഒന്നും ഉടുത്തിരുന്നില്ല എന്നത് എനിക്കൊരു കുറവായി തോന്നിയില്ല. അമ്മയെന്നോട് പറഞ്ഞു. ചാകണം. നീയും അമ്മയും കൂടെച്ചാകണം.

ഞാന്‍ അമ്മയെ കുറേ നേരം നോക്കി. അതിനാണോ ഇത്രേം കാലം ഇങ്ങനെ നരകിച്ചത്. ഒരാളൊരു സ്വന്തമായ തീരുമാനമെടുത്ത് സ്വന്തം കാര്യം നോക്കിപ്പോയെങ്കില്‍ പോട്ടെ, ന്തിന്? ഞാനെന്തിന് ചാവണം? അമ്മയ്ക്ക് ഒരു മോളേ ഉള്ള്വോ? അപ്പോള്‍ അമ്മ പറഞ്ഞു. ഞാന്‍ ഒന്നേ എന്ന് എണ്ണിയതിന് ശേഷമാ രണ്ടേന്ന് എണ്ണിയത്. എനിക്ക് മറുപടിയില്ലായിരുന്നു. അമ്മ മരിക്കാനുറച്ചിരിക്കുകയാണ്. ഞാനും അമ്മമ്മയും കൂടെച്ചാവണം. അമ്മമ്മ പറഞ്ഞു, എനിക്ക് എന്തിനും സമ്മതമാ. എന്തിനിങ്ങനെ...

ആളുകളെന്തു പറയും ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും എന്നെതാക്കെയായിരുന്നു ആധിയുടെ മുക്കാലും. പിന്നെ ആദ്യസന്താനത്തിന് കൊടുക്കുന്ന ലാളന അങ്ങനെയായിരിക്കുമല്ലോ. അമ്മയുടെ പാതി ജീവന്‍ അടര്‍ന്നുപോയി ഇന് പാതി ജീവനേയുള്ളൂ അതിജീവനമില്ല എന്നൊക്കെയായി ചിന്ത. ആ അവസ്ഥ തരണം ചെയ്യുക എളുപ്പമായിരുന്നില്ല. എന്നാല്‍ ആ പ്രതിസന്ധി തരണം ചെയ്യുക വഴി അമ്മയെ മറ്റൊരമ്മയായി മാറ്റാന്‍ കഴിഞ്ഞു. ഞാന്‍ അമ്മയുമായി സൗഹൃദം സ്ഥാപിച്ചത് അതിന് ശേഷമാണ്. അതുവരെ അമ്മ- മകള്‍ ബന്ധത്തിനപ്പുറം അമ്മയോട് ഒരു ഭയമുള്ള അകല്‍ച്ചയുണ്ടായിരുന്നു. അമ്മയെ ഞാന്‍ ഏറ്റെടുത്തു. പ്രതീക്ഷകള്‍ എങ്ങനെയൊക്കെ തിരികെ നട്ടുപിടിപ്പിക്കാമോ അങ്ങനെയൊക്കെ ചെയ്തു. അമ്മയുടെ ഏറ്റവും വലിയസ്വപ്നമായ വീട് ഞങ്ങള്‍ മൂന്നുപേരും രാപകലില്ലാതെ സ്വപ്നം കണ്ടും ചര്‍ച്ചചെയ്തും നിവര്‍ത്തിച്ചു. ചോരാത്ത അടുക്കള വേണമെന്ന് ആശ പറഞ്ഞ അമ്മമ്മ പത്തുകൊല്ലം അടുക്കളപ്പുരയില്‍ ഇരുന്നുകൊണ്ട് വീട് ഭരിച്ചു; ചില നിബന്ധനകളോടെ. ചക്കക്കുരു മുരിങ്ങയില കറി വെക്കില്ല, അമ്മമ്മയുടെ മുറിയിലെ ബെര്‍ത്തില്‍ പൊടിപിടിച്ചുകിടക്കുന്ന ടേപ്‌റിക്കോര്‍ഡര്‍ ആരും തൊടരുത്, പാടിക്കരുത്. ഇത് രണ്ടുമായിരുന്നു ഒരു സുപ്രഭാതത്തില്‍ ബന്ധങ്ങളറുത്തുപോയവളുടെ പ്രിയപ്പെട്ടവ.

ഞാന്‍ മറ്റൊരു ഞാനായി. ഏഴുമണിക്ക് ശേഷം മൊബൈല്‍ ഫോണും ലാന്‍ഡ്‌ലൈനും ഔട്ട് ഓഫ് സര്‍വീസ് ആക്കിയശേഷം ഞങ്ങള്‍ കഥ പറഞ്ഞു. നാട്ടിലെ രഹസ്യരതികളുടെ ചരിത്രം മുതല്‍ വര്‍ത്തമാനം വരെ ഞാനറിഞ്ഞത് ഈയമ്മമാരിലൂടെയാണ്. അമ്പട കേമത്തികളേ എന്നു പറഞ്ഞപ്പോള്‍ ഉത്സാഹത്തോടെ വീണ്ടും വീണ്ടും പറഞ്ഞു. കുടുംബത്തിന്റെ ബാധ്യതയുടെ കനം ചില്ലറയൊന്നുമല്ലെന്ന് മനസ്സ് പറഞ്ഞെങ്കിലും വൈകാരികമായി എന്നെ ആശ്രയിക്കുന്നവര്‍ക്കുവേണ്ടിയായിരുന്നു പിന്നെ എന്റെ ഓട്ടം മുഴുവനും. അമ്മ ആളൊരു കടുകട്ടിയാണ്. ശരീരത്തിലെ ചില പഴുപ്പുകള്‍ കണ്ടില്ലേ, ഉണങ്ങാന്‍ സമ്മതിക്കാതെ കാലാകാലത്തേക്ക് അത് കല്ലിച്ചുപോകും. ഇവിടെയുണ്ട് എന്ന ഓര്‍മപ്പെടുത്തലുമായിട്ട്. അങ്ങനെയുള്ള കല്ലിപ്പുകള്‍ ആ മനസ്സിനെ അലട്ടുമ്പോള്‍, എന്നോടെന്തൊക്കെയോ എണ്ണിപ്പെറുക്കിപ്പറയാനുണ്ടെന്ന് തോന്നുമ്പോള്‍ ഞങ്ങളുടെ മാത്രം ലോകത്തിലേക്ക് മറ്റാരെയും കൂട്ടാതെ ഞാനും അമ്മയും പോകും. അമ്മമ്മയുടെ അവസാനനാളുകളെക്കുറിച്ച് പറഞ്ഞുള്ള കരച്ചിലാകും ചിലപ്പോള്‍, അല്ലെങ്കില്‍ പിന്നേ വീടിറങ്ങിപ്പോയവളെക്കുറിച്ചാകും. കുറേകേട്ടിരിക്കും. സമയവും സൗകര്യവും നോക്കി കുറച്ച് വിമര്‍ശിക്കും. ഉപാധികളുള്ള സ്‌നേഹത്തിന്റെ കുഴപ്പമാണ് ഇതൊക്കെ എന്നു പറഞ്ഞുനോക്കും.

പ്രണയവിവാഹങ്ങളുടെ താത്വികമായ അവലോകനചര്‍ച്ചകളില്‍ പെട്ടുപോകുമ്പോള്‍ എന്റെയോര്‍മയിലേക്ക് കത്തുന്ന മിഠായിത്തെരുവാണ് ഓടിവരിക. അതുകൊണ്ടുതന്നെ പുരോഗമനചിന്തയുടെ അതിവിശാലതയൊന്നും ഇക്കാര്യത്തില്‍ കാണിക്കാറില്ല. കുടുംബം എന്നത് ഇമ്പമില്ലാതായിപ്പോകുന്നതെങ്ങനെയെന്ന് ഇനിയും കണ്ടറിയേണ്ടതില്ലല്ലോ.

ഒരിക്കല്‍ ഒരു പെണ്‍കുട്ടി ചോദിച്ചു, ചേച്ചിയ്ക്ക് തൂലികാനാമം സ്വീകരിച്ചൂടെ. ഷബിത സാഹിത്യത്തിനിണങ്ങിയ പേരാണോ? അപ്പോള്‍ ഞാനവളോട് പറഞ്ഞു അങ്ങനയൊരു തൂലികാനാമത്തെക്കുറിച്ച് ചിന്തിക്കാന്‍മാത്രം സാഹിത്യത്തില്‍ ഞാന്‍ അള്ളിപ്പിടിച്ചുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി അങ്ങനൊരു നിര്‍ബന്ധം വരുന്ന കാലത്ത് മനോഹരമായ ഒരു പേരാണ് എന്റെ മനസ്സിലുള്ളത്- ഉഷാദേവി, എന്റെ അമ്മയുടെ പേര്!

ഇനി തുടക്കത്തിലെ ഫ്പ നായേ... എന്ന ഒന്നൊന്നര ആട്ടിലേക്ക് വരാം. ഞാനെന്റെ കുടുംബവും കുട്ടികളുമായി ഒരിടത്തും അമ്മ ഒറ്റയ്ക്ക് മറ്റൊരിടത്തും കഴിയുമ്പോള്‍ ഏകാന്തതയുടെ മടുപ്പാണ് അമ്മയുടെ പ്രധാനപ്പെട്ട വിഷയം. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് പരിതപിക്കുമ്പോള്‍ ഒരു രസത്തിന് ഞാന്‍ ചോദിച്ചുപോയതാണ്; സ്വന്തമായിട്ട് ഒരു ഫോണും ഇഷ്ടംപോലെ ഫ്രീകോളുമൊക്കെയുണ്ടല്ലോ, വല്ലോരേം പ്രേമിച്ചൂടെ? അതൊക്കെയല്ലേ ഇപ്പോളത്തെ ട്രെന്‍ഡ്!

Content Highlights: Mother's Day 2020, mother and Daughter life story