ഈ മാതൃദിനത്തിലും പതിവുപോലെ സമ്മാനപ്പൊതികളോ പൂക്കളോ നിങ്ങള്‍ അമ്മയ്ക്കായി മാറ്റി വെച്ചിട്ടുണ്ടോ ? വര്‍ണകടലാസില്‍ തീര്‍ത്ത ആശംസാകാര്‍ഡുകള്‍ അമ്മയ്ക്കായി നിങ്ങള്‍ മാറ്റിവെച്ചിട്ടുണ്ടോ ?ഒരുപക്ഷേ നിങ്ങള്‍ അന്നാ ജാര്‍വിസിനെ നോവിക്കുകയായിരിക്കും.
അടുക്കളയില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന അമ്മയെ കെട്ടിപ്പിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, ഒറ്റപ്പെടലും പരാധീനകളുമായി കഴിയുന്ന അവരുടെ ഏകാന്തകളെ സ്നേഹം കൊണ്ടും നിറക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതാണ് എല്ലാ മാതൃദിനത്തേയും പൂര്‍ണതയിലെത്തിക്കുന്നത്. അന്ന ജാര്വ്വിസിന്റെ പരിശ്രമങ്ങളും അതിനുവേണ്ടിയായിരുന്നു. സ്നേഹത്തില്‍ ചാലിച്ച ചേര്‍ത്തുപിടിക്കലും ചുംബനവും നിങ്ങള്‍ അമ്മയ്ക്കായി കരുതിവെക്കുക അതുതന്നെയാണ് ഏറ്റവും വിലപിടിപ്പുള്ള മാതൃദിനസമ്മാനം.
അന്ന ജാര്വ്വിസിനെ മാതൃദിനത്തില്‍ ഓര്‍മ്മിക്കാതിരിക്കാനാവില്ല. അവളുടെ സ്വന്തം അമ്മയില്‍ നിന്നാണ് ഇതിനെല്ലാം തുടക്കം. പശ്ചിമ വിര്‍ജീനിയയിലെ ആഭ്യന്തരയുദ്ധകാലത്ത് ഇരുചേരിയിലും പരിക്കേറ്റവരെ പരിചരിച്ച അമ്മ ആന്‍ ജാര്‍വിസിന്റെ ഓര്‍മ്മയ്ക്കാണ് മകളായ അന്ന ജാര്‍വിസ് മാതൃദിനത്തിന് രൂപം നല്‍കിയത്.തന്റെ പ്രിയപ്പെട്ട അമ്മയോടുള്ള ബഹുമാനാര്ത്ഥമായിരുന്ന ആ ദിനം അവര്‍ ആചരിച്ചത്. എന്നാല്‍ സ്നേഹത്തിനും സഹനത്തിനും അപ്പുറത്തേക്ക് ആ ദിനത്തിന്റെ പ്രാധാന്യം മാറ്റിയെഴുതപ്പെട്ടതവരെ തളര്‍ത്തികളഞ്ഞു.തുടര്‍ന്ന് മാതൃദിനത്തെ വാണിജ്യവത്ക്കരിച്ചതിനെതിരേ പോരാടാന്‍ അവര്‍ തന്റെ ശിഷ്ടകാലം ചെലവഴിക്കുകയായിരുന്നു. ഒടുവില്‍ ഒരു മാനസികാരോഗ്യകേന്ദ്രത്തിലെ ഇരുട്ടിലാണവരുടെ ജീവന് പൊലിഞ്ഞുപോയത്. മാതൃദിനത്തിന് പിന്നിലെ ചരിത്രവഴികളെ അടയാളപ്പെടുത്താതെ അന്ന ജാര്വ്വിസിനെക്കുറിച്ച് പറയാനാവില്ല.
ആ അമ്മയുടെ കഥ
1858-ല്‍ ആന്‍ റീവ്സ് ജാര്‍വിസ് (അന്ന ജാര്‍വിസിന്റെ അമ്മ) കമ്യൂണിറ്റിയിലെ അമ്മമാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും അവിടുത്തെ ഭയാനകമായ ശിശുമരണ നിരക്ക് തടയുന്നതിനുമായി മദേഴ്സ് ഡേ വര്‍ക്ക് ക്ലബ്ബുകള്‍ സംഘടിപ്പിച്ചു. ആന്‍ ജാര്‍വിസിനു 13 കുട്ടികളുണ്ടായിരുന്നത്.എന്നാല്‍ അതില്‍ നാലുപേര്‍ ഒഴിച്ചു ബാക്കിയുള്ളവര്‍ പ്രായപൂര്‍ത്തിയാകും മുന്‍പേ മരണപ്പെട്ടു.
ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ആന്‍ റീവ്സ് ജാര്‍വിസ് പശ്ചിമ വിര്‍ജീനിയയില്‍ ഒരു അമ്മമാരുടെ സൗഹൃദ ദിനം ഏകോപിപ്പിക്കുകയുണ്ടായി.യുദ്ധക്കളത്തിലെ മുന്‍ ശത്രുക്കളെ വീണ്ടും ഇത് ഒരുമിപ്പിക്കുന്നത് ഇത് വേദിയായി മാറി.അതൊരു തുടക്കമായിരുന്നു.അത്തരത്തില്‍ സ്നേഹത്തിനും പരിചരണത്തിനും ജീവിതം മാറ്റിവെച്ച അവര്‍ 1905-ലെ മെയിലെ രണ്ടാം ഞായറാഴ്ച ലോകത്തോട് വിട പറഞ്ഞു.1907-ല്‍ ജാര്‍വിസിന്റെ അതിജീവിച്ച പെണ്മക്കളില് ഒരാളായ അന്ന ജാര്‍വിസ് മെയ് രണ്ടാം ഞായറാഴ്ച വെസ്റ്റ് വിര്‍ജീനിയയിലെ ഗ്രാഫ്റ്റണിലുള്ള ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ മരിച്ചുപോയ അമ്മയുടെ സ്മരണയ്ക്കായി ഒരു ചെറിയ ചടങ്ങ് സംഘടിപ്പിച്ചു.
അമ്മദിനത്തിലെ കാര്‍ണേഷന്‍ പൂക്കള്‍
1908-ല്‍ ആദ്യത്തെ പ്രതീകാത്മകമായ 'മാതൃദിന' അനുസ്മരണം മെയ് രണ്ടാം ഞായറാഴ്ച ഗ്രാഫ്റ്റണിലെ അതേ പള്ളിയില്‍ നടന്നു.ഫിലാഡല്‍ഫിയയിലെ മറ്റൊരു പള്ളിയില്‍ ഒരു വലിയ ചടങ്ങും അന്നു നടക്കുകയുണ്ടായി.ഗ്രാഫ്റ്റണില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത അമ്മമാര്‍ക്ക് മക്കള്‍ വെള്ള നിറത്തിലുള്ള കാര്‍നേഷന്‍ പൂക്കള്‍ സമ്മാനിച്ചു. അങ്ങനെ വെളുത്ത കാര്‍നേഷന്‍ പൂക്കള്‍ മാതൃദിനത്തിന്റെ പ്രതീകമായി മാറി. 1910-ല്‍ വെസ്റ്റ് വിര്‍ജീനിയയിലെ ഗവര്‍ണര്‍ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ഔദ്യോഗികമായി അവധി ദിവസമായി പ്രഖ്യാപിച്ചു.1912-ല്‍ മാതൃദിനത്തിന്റെ ദര്‍ശനവും അന്ന ജാര്വ്വിസ് വ്യക്തമാക്കിയിരുന്നു. മാതൃദിനമെന്നത് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന അമ്മമാര്‍ക്കുള്ള സ്വകാര്യമായ അംഗീകാരമാകണം. അന്ന ജാര്‍വിസ് മദേഴ്സ് ഡേ ഇന്റര്‍നാഷണല്‍ അസോസിയേഷനും രൂപം നല്കി.1914-ല്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മാതൃദിനത്തെ ഔദ്യോഗിക ദേശീയ അവധിദിനമാക്കി മാറ്റി.1915-ലാണ് കാനഡയുടെ ഔദ്യോഗിക അവധിദിനമായി ഈ ദിവസം മാറിയത്.
ആ പൂക്കള്‍ അമ്മമാര്‍ക്കുള്ളതല്ല
1915-ലാണ് മാതൃദിനത്തിന്റെ രീതികളെല്ലാം എല്ലാം മാറിപ്പോയെന്ന് അന്ന തിരിച്ചറിയുന്നത്. ഒരു പൂ വില്‍പ്പനക്കാരനില്‍ നിന്നാണ് അവര്‍ക്ക് തിരിച്ചറിവുണ്ടാകുന്നത്. കാര്‍ണേഷന്‍ പുഷ്പങ്ങള്‍ മാതൃദിനത്തിന്റെ പ്രതീകമായി വാണിജ്യവത്ക്കരിക്കപ്പെട്ടു.മാതൃദിനം ഔദ്യോഗികമായി സമാരംഭിച്ചതിന് തൊട്ടുപിന്നാലെയാണിത്. ആശംസാകാര്‍ഡുകള്‍,മിഠായി തുടങ്ങിയ വ്യവസായങ്ങള്‍ മാതൃദിനത്തെ വാണിജ്യപരമായി ഉപയോഗപ്പെടുത്തുന്നതില്‍ അവര്‍ അതൃപ്തയായി. താന്‍ തുടങ്ങി വെച്ചത് ദിവസത്തിന്റെ പ്രത്യേകത തന്നെ മാറിപ്പോയിയെന്നും അവര്‍ തിരിച്ചറിഞ്ഞു. കുടുംബങ്ങളില്‍ ഭക്തിനിര്‍ഭരമായ ആചരിക്കേണ്ട ദിനം വാണിജ്യവത്ക്കരിക്കപ്പെട്ടുപോയതിനെതിരേ അവര്‍ പ്രതികരിച്ചു.
പൂക്കളോടുള്ള യുദ്ധം
1922-ല്‍ പുഷ്പ വ്യവസായികളോട് അവര്‍ തുറന്ന യുദ്ധം തുടങ്ങി.എല്ലാ മെയ് മാസത്തിലും വെളുത്ത കാര്നേഷനുകളുടെ വില ഉയര്‍ത്തുന്ന പൂ വില്‍പ്പനക്കാരെ ബഹിഷ്കരിക്കാന്‍ ജാര്‍വിസ് ആഹ്വാനം ചെയ്തു.1923-ല്‍ വിപുലമായ മാതൃദിനാഘോഷത്തിന് പദ്ധതികളിട്ട ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അല്‍ സ്മിത്തും മേയര്‍ ജോണ്‍ ഹൈലനും അംഗങ്ങളായ ന്യൂയോര്‍ക്ക് മദേഴ്സ് ഡേ കമ്മിറ്റിക്കെതിരെ കേസ് കൊടുക്കുമെന്ന ് ജാര്‍വിസ് ഭീഷണിയുയര്‍ത്തി.തുടര്‍ന്ന ചടങ്ങ് റദ്ദാക്കപ്പെടുകയുണ്ടായി.
മാതൃദിനം വാണിജ്യവത്ക്കരിക്കപ്പെട്ടത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ജാര്‍വിസ് 1940- കളില്‍ ഇത് അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇത്തരത്തില്‍ മാതൃദിനം ആരംഭിച്ചതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞു.
ഇരുട്ടറയിലെ മരണം തൊടുന്നു
1944-ലാണ് അന്ന ജാര്‍വിസിനെ മാര്‍ഷല്‍ സ്ക്വയര്‍ സാനിറ്റോറിയം എന്ന മാനസിക അഭയകേന്ദ്രത്തിലാക്കുന്നത്.മറ്റാരും അഭയമില്ലാതിരുന്ന അവര്‍ 1948-ല്‍ അവിടെത്തന്നെ മരണമടയുകയും ചെയ്തു.മരിക്കുമ്പോള്‍ അവര്‍ക്ക് 84 വയസായിരുന്നു.മാതൃദിനം കൊണ്ട് ഒരു സമ്പാദ്യവും നേട്ടവും അവരുണ്ടാക്കിയില്ല. മാതൃദിനത്തിന്റെ പേരിലുണ്ടായ ആഘോഷങ്ങളെയും ആഡംബരങ്ങളെയുമാണ് അവര്‍ വെറുത്തത്. അതിനെതിരെയാണ് ജീവിതാവസാനം വരെ അവര്‍ പോരാടിയതും. ഓരോ അമ്മയും ആദരിക്കപ്പെടേണ്ടത് ഹൃദയം കൊണ്ടാണെന്നും സ്നേഹത്തിന്റെ നനവാണ് അവര്‍ക്കുള്ള സമ്മാനമെന്നും അന്ന ലോകത്തോട് വിളിച്ചു പറഞ്ഞു.
Content Highlights: Anna Jarvis: The woman who creating Mother's Day