മാത്തന്‍, ഹമീദ്, വിശാല്‍ ടൊവിനോ അവതരിപ്പിച്ച കതാപാത്രങ്ങളോരൊന്നും പ്രേക്ഷകമനസ്സുകള്‍ കീഴടക്കി യാത്ര തുടരുകയാണ്. ടൊവിനോ തിരക്കിലാണ്..പക്ഷേ ഈ തിരക്കിനിടയിലും കുടുംബജീവിതത്തിനും ഒരുപോലെ തന്നെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ടൊവിനോ. തന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങളുണ്ടെങ്കില്‍ അത് അമ്മയുടെ സ്‌നേഹത്തോടുകൂടിയുള്ള ശിക്ഷണത്തിന്റെ ഫലമാണെന്നാണ് ടൊവിനോയുടെ അഭിപ്രായം. മാതൃദിനത്തില്‍ അമ്മയെ കുറിച്ചും സിനിമയിലെ അമ്മമാരെ കുറിച്ചുമെല്ലാം ടൊവിനോ സംസാരിക്കുന്നു. 

ഞാന്‍ ഒരു അമ്മക്കുട്ടി 

ഞാന്‍ ഒരു അച്ചന്‍കുട്ടിയാണോ അതോ അമ്മകുട്ടിയാണോ എന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും എനിക്ക് പറയാം ഞാന്‍ ഒരു അമ്മകുട്ടി തന്നെ ആണെന്ന്. അമ്മയുമായിട്ടാണ് എനിക്ക് കൂടുതല്‍ അടുപ്പം. എന്റെ പ്രസവദിവസമായി അമ്മയോട് ഡോക്ടര്‍ പറഞ്ഞിരുന്ന ദിനം ജനുവരി 20  ആയിരുന്നു. പക്ഷെ, ഞാന്‍ ജനിച്ചത് ഒരു ദിവസം കൂടി കഴിഞ്ഞാണ്. അമ്മയെ വിട്ടുപോരാന്‍ അന്നേ എനിക്ക് ഇഷ്ടമില്ലായിരുന്നു എന്ന് ഇപ്പോഴും പലരും താമാശയായി പറയാറുണ്ട്. ഒരു ചെറുചിരിയോടുകൂടി ടോവിനോ ഓര്‍ക്കുന്നു. 

അച്ഛനോട് നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തതെല്ലാം അമ്മവഴിയാണ് അച്ഛനിലേക്കു എത്തിക്കാറുള്ളത്. വളരെ ശാന്തതയും സ്‌നേഹവുമുള്ള പ്രകൃതമാണ് അമ്മയുടേത്. ഞങ്ങളുടെ കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നുണ്ടെങ്കില്‍ അത് അമ്മ കാരണം ആണെന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ട്. ഉത്തമയായ അമ്മ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ തന്നെ അമ്മയാണ് എന്റെ മനസ്സില്‍. ഇന്ന് എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണാന്‍ സാധിക്കുണ്ടെങ്കില്‍ അതെന്റെ അമ്മയുടെ സ്‌നേഹത്തോടുകൂടിയുള്ള ശിക്ഷണത്തിന്റെ ഫലമായിട്ടാണ്. 

ഭാര്യ നല്ല ക്ഷമയുള്ള അമ്മ 

എന്റെ മകളുടെ സ്വഭാവം കണക്കിലെടുത്തുകൊണ്ട് അവളുടെ അമ്മ ആവുക എന്നുള്ളത് വളരെ ക്ഷമ ആവശ്യമുള്ള ഒരു കാര്യമാണ്. വളരെ ഹൈപ്പര്‍ ആക്റ്റീവ് ആയ ഒരു കുട്ടിയാണ് ഞങ്ങളുടെ മകള്‍. അവളെ നിയന്ത്രിക്കാനോ കൂട്ടിലടച്ചിട്ട പോലെ വളര്‍ത്താനോ ഞങ്ങള്‍ക്ക് താല്പര്യമില്ല. അതിനാല്‍ത്തന്നെ, ഞങ്ങള്‍ പോകുന്നിടത്തേക്കെല്ലാം അവളേയും കൂടെകൂട്ടാറുണ്ട്. അതിനിടിയിലൊക്കെ സ്വാഭാവികമായും ചെറിയകുട്ടി എന്ന നിലയില്‍ ഇവള്‍ കുഞ്ഞി കുറുമ്പുകള്‍ ഒക്കെ കാണിക്കാറുണ്ട്. നമ്മള്‍ പറയുന്നതെല്ലാം കേട്ട് അനുസരിക്കുന്ന ഒരു പാവം കുട്ടി അല്ല അവള്‍. 

ചിലപ്പോഴൊക്കെ അവളുടെ കുറുമ്പുകള്‍ കാണുമ്പോള്‍ നല്ല ദേഷ്യം വരും. പക്ഷെ അതിന്റെ പേരില്‍ അവളെ വേദനിപ്പിക്കാറില്ല.  ചെറിയകുട്ടിയല്ലേ.. പരമാവധി ക്ഷമിക്കുകയും പിന്നീട് സ്‌നേഹത്തോടുകൂടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തെറ്റുകള്‍ തിരുത്താനും ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയാല്‍ പിന്നീട് അവള്‍ അത് ആവര്‍ത്തിക്കില്ല. മറിച്ചു, പേടിപ്പിച്ചു മനസിലാക്കിക്കാന്‍  ശ്രമിച്ചാല്‍ അവള്‍ നമ്മള്‍ കാണാതെ അത് ചെയ്യുമായിരിക്കും. അവളെ പരിപാലിക്കുക എന്നുള്ളത് എളുപ്പമല്ല. അതുകൊണ്ടുതന്നെ, ഈ ഒരു കാര്യത്തില്‍ എനിക്ക് എന്റെ ഭാര്യയോട് വല്ലാത്ത ബഹുമാനം തോന്നാറുണ്ട്. അവള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്. 

അമ്മയോളം സ്‌നേഹം തന്നു ഉര്‍വശി 

'എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയില്‍ വളരെ സൂപ്പര്‍ കൂള്‍ ആയ ഒരു അമ്മ ആയിട്ടാണ് ഉര്‍വ്വശിചേച്ചി അഭിനയിച്ചത്. അഭിനയിക്കുമ്പോഴായാലും സെറ്റില്‍ ഒരുമിച്ചു ചെലവഴിച്ച സമയങ്ങളിലായാലും എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളായിട്ടാണ് ഉര്‍വ്വശിചേച്ചിയെ തോന്നിയിരുന്നത്. ഒരു ചേച്ചിയോടോ അല്ലെങ്കില്‍ ഒരു അമ്മയോടോ തോന്നുന്ന തരത്തിലുള്ള ഒരു സ്‌നേഹം എനിക്ക് ചേച്ചിയോട് ഉണ്ടായിരുന്നു. 

ചേച്ചിക്കും എന്നോട് വല്യ സ്‌നേഹമായിരുന്നു. ഞാന്‍ മൊബൈല്‍ ഫോണ്‍ നോക്കി ഇരിക്കുന്നത് കാണുമ്പോള്‍ കണ്ണ് കേടാവും, കഴുത്തു കേടാവും എന്നൊക്കെ വീട്ടില്‍ അമ്മപറയുന്നതുപോലെ ചേച്ചിയും പറയുമായിരുന്നു. വളരെ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടെയുള്ള സമീപനം ആയിരുന്നു ചേച്ചിയുടേത്. വര്‍ഷങ്ങളുടെ അഭിനയ പരിചയമുണ്ടെങ്കിലും വളരെ എളിമയുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് ഉര്‍വ്വശിചേച്ചി. 

ആകാശദൂതിലെ അമ്മയെ എനിക്കേറെ ഇഷ്ടം 

ആകാശദൂത് എന്ന സിനിമയിലെ ആനി എന്ന കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടമാണ്. ഒരുപക്ഷെ അത് ആ സിനിമയോടുള്ള ഇഷ്ടംകൊണ്ടു കൂടെ ആയിരിക്കും. അമ്മയെ കേന്ദ്രകഥാപാത്രമാക്കിയിട്ടുള്ള സിനിമയാണല്ലോ അത്. എന്റെ ഹൃദയത്തില്‍ ഇടം നേടിയ ഒരു സിനിമയാണ് ആകാശദൂത്. 

Content Highlights: Mother's Day 2019, Tovino