ആംസ്റ്റര്‍ഡാമിലെ ചരിത്രമുറങ്ങുന്ന അയാക്‌സ് ഫുട്ബാള്‍ സ്റ്റേഡിയത്തിന്റെ ഓഫീസ് ചുമരുകളില്‍ നിരനിരയായി തൂക്കിയിട്ട  താരങ്ങളുടെ കൂറ്റന്‍ ഫോട്ടോകള്‍ ഇമവെട്ടാതെ അന്തം വിട്ടു നോക്കിനിന്ന ഒരു പാവം സ്ത്രീ ഉണ്ടായിരുന്നു പണ്ട്  - അയാക്‌സ് ക്ലബ്ബിലെ തൂപ്പുകാരി .

പന്തുകളിക്കാരനായ മകന്റെ ചിത്രം ചുമരിലെ സുവര്‍ണ്ണ താര നിരയില്‍ ഇടം പിടിക്കുന്ന അസുലഭ മുഹൂര്‍ത്തം സ്വപ്നം കണ്ടു നടന്ന ആ അമ്മയ്ക്ക് മറ്റൊരു ഹോബി കൂടിയുണ്ടായിരുന്നു : അയാക്‌സിന്റെ സൂപ്പര്‍ താരങ്ങള്‍ ഉപയോഗിച്ച് ഉപേക്ഷിച്ചു കളയുന്ന ഫുട്‌ബോള്‍ ജേഴ്‌സികള്‍ ഭദ്രമായി സ്വന്തം പെട്ടിയില്‍ സൂക്ഷിച്ചു വെക്കുക. എന്നെങ്കിലുമൊരിക്കല്‍ മകന്‍ അത് അണിഞ്ഞു കാണാനുള്ള നിഗൂഢ മോഹവുമായി.

അമ്മ നെയ്ത  പകല്‍ക്കിനാവിന് കളിക്കളത്തില്‍ മജ്ജയും മാംസവും നല്‍കുന്ന തിരക്കിലായിരുന്നു മകന്‍. പതിനാലാം വയസ്സില്‍ അവന്‍ അയാക്‌സിന്റെ ജൂനിയര്‍ ടീമിലെത്തി; അഞ്ചു വര്‍ഷത്തിനകം സീനിയര്‍ ടീമിലും. അത് വഴി ഡച്ച് ഫുട്ബാളിന്റെയും ലോക ഫുട്ബാളിന്റെയും ഉത്തുംഗ ശൃംഗങ്ങളിലേക്ക്  അശ്വരഥമോടിച്ചു പോയ, നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയുമുള്ള ആ പയ്യനെ നിങ്ങള്‍ അറിയും -- യോഹാന്‍ ക്രൈഫ്. വെടിയുണ്ടകള്‍ ഉതിര്‍ക്കുന്ന ഒരു ജോഡി ബൂട്ടുകളാല്‍ 1970 കളില്‍ ഫുട്‌ബോള്‍ ലോകത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തിയ അതേ  ക്രൈഫ് തന്നെ: ടോട്ടല്‍ ഫുട്ബാളിന്റെ ആചാര്യന്‍.

തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയങ്ങളെല്ലാം ക്രൈഫ് സമര്‍പ്പിച്ചിരിക്കുന്നത് ആ  നാട്ടിന്‍പുറത്തുകാരിയ്ക്കാണ് . അയാക്‌സ് ക്ലബ്ബിന്റെ ഓഫീസ് അടിച്ചുവാരിയും കളിക്കാരുടെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ടും അടുക്കള ജോലി ചെയ്തും സമ്പാദിച്ച തുച്ഛമായ കൂലി കൊണ്ട് മകന്റെ വിശപ്പടക്കാന്‍ പെടാപ്പാട് പെട്ട പാവം അമ്മയ്ക്ക്. ഭഭഎനിക്ക് ലഭിച്ച ബഹുമതികള്‍ എല്ലാം ചേര്‍ത്തുവെച്ചാലും അമ്മയൊഴുക്കിയ വിയര്‍പ്പിനും കണ്ണീരിനും പകരമാവില്ല.''-- ക്രൈഫ് ഒരിക്കല്‍ പറഞ്ഞു.

ഇങ്ങിവിടെ, തൃശൂരിലെ കോലോത്തുംപാടത്ത്, അയിനിവളപ്പില്‍ മണിയുടെ ഭാര്യ കൊച്ചമ്മുവിനും കാലം കനിഞ്ഞുനല്‍കി  അതേ  സൗഭാഗ്യം. ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും തന്ത്രശാലിയായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന ഐ.എം. വിജയന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയങ്ങളെല്ലാം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് ജീവിതത്തില്‍ നിരവധി പരീക്ഷണങ്ങളിലൂടെയും  യാതനകളിലൂടെയും   കടന്നുപോന്ന ഈ അമ്മയ്ക്കാണ്.

ക്രൈഫിന്റെ ദുരിതമയമായ ബാല്യവുമായി ഏറെ സാമ്യമുണ്ട് വിജയന്റെ ആദ്യനാളുകള്‍ക്ക്. അച്ഛന്‍ മണി ഒരു റോഡപകടത്തില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ പിഞ്ചു കുഞ്ഞുങ്ങളാണ് വിജയനും അനിയനും. പറക്കമുറ്റാത്ത മക്കളുടെ വിശപ്പടക്കാന്‍  കണ്ണില്‍ കണ്ട ജോലിയെല്ലാം ചെയ്യേണ്ടി വന്നു കൊച്ചമ്മുവിന്. സൂര്യനുദിക്കും മുന്‍പ് തൃശൂരിലെ നഗര വീഥികളിലൂടെ പാട്ടയും കുപ്പിയും പെറുക്കാന്‍ ചാക്കുമായി ഇറങ്ങുന്ന രോഗിയായ അമ്മയെ കണ്ടാണ് വിജയന്‍  വളര്‍ന്നത്. ഭഭഅവര്‍ അന്നനുഭവിച്ച ദുരിതത്തിന് ഞാന്‍ പന്തുകളിച്ചു സമ്പാദിച്ച ലക്ഷങ്ങളെക്കാള്‍ വിലയുണ്ട്.''- വിജയന്റെ വാക്കുകള്‍ .

പ്രകടമായ സാമ്യം ക്രൈഫിന്റെയും വിജയന്റെയും ഫുട്‌ബോള്‍ ജീവിതം രൂപപ്പെടുത്തിയ സാഹചര്യങ്ങള്‍ക്കാണ്. ക്രൈഫിനെ പോലെ പഠിത്തം ഇടയ്ക്കുവച്ചു അവസാനിപ്പിച്ചു സ്‌കൂളിനോട് അകാലത്തില്‍ വിട പറഞ്ഞ കുട്ടിയായിരുന്നു വിജയനും. പ്രകൃതിദത്തമായ കഴിവുകള്‍ കഠിനാധ്വാനത്താല്‍ മിനുക്കിയെടുക്കുക എന്ന ദൗത്യം മാത്രമേ ഇരുവര്‍ക്കും നിറവേറ്റാന്‍ ഉണ്ടായിരുന്നുള്ളൂ. ക്രൈഫിന്റെ ഫുട്ബാള്‍ ജീവിതത്തില്‍ അയാക്‌സിന്റെ റുമേനിയന്‍ കോച്ച് സ്റ്റീഫന്‍ കൊവാക്‌സിനുള്ളയത്ര തന്നെ സ്വാധീനം വിജയന്റെ   കഴിവുകള്‍ തേച്ചു മിനുക്കിയതില്‍ ടി.കെ.ചാത്തുണ്ണിക്കും ഉണ്ട്.

പിന്നെവിടെയാണ് യോഹാന്‍ ക്രൈഫ് ഐ.എം.വിജയനില്‍ നിന്ന് വ്യത്യസ്തനാകുന്നത്? പ്രതിഭാസമ്പന്നരായ ഈ രണ്ടു കളിക്കാരെ വേര്‍തിരിക്കുന്ന ഒരൊറ്റ ഘടകമേയുള്ളൂ: ക്രൈഫ് ഹോളണ്ടിലും വിജയന്‍ ഇന്ത്യയിലും ജനിച്ചു എന്നത് തന്നെ. യോഹാന്‍ നീസ്‌കെന്‍സ്, പിയറ്റ് കൈസര്‍, വിംസൂര്‍ബി, ഏരീ ഹാന്‍, റൂഡി ക്രോള്‍ എന്നിങ്ങനെ പ്രതിഭാശാലികളുടെ ഒരു സൈന്യത്തോടോപ്പമാണ് ക്രൈഫ് തന്റെ ഏറ്റവും മികച്ച നാളുകളില്‍ ബൂട്ടണിഞ്ഞത്. ജീനിയസ്സുകള്‍ അണിനിരന്ന ഒരു ഓര്‍ക്കസ്ട്ര കണ്ടക്റ്റ് ചെയ്യേണ്ട ലഘുവായ ദൗത്യമേ ഉണ്ടായിരുന്നുള്ളൂ ക്രൈഫിന് .

വിജയന്റെ കഥയോ? ശരാശരിക്കാര്‍ക്കും  അതിലും താഴേക്കിടക്കാര്‍ക്കുമൊത്ത് തന്റെ ഫുട്ബാള്‍ ജീവിതം കളിച്ചുതീര്‍ക്കുകയായിരുന്നു ഈ ഭകറുത്ത മുത്ത്'. ഭഭരണ്ടു വിജയന്മാരെ കൂടി തരൂ. ഈ ഇന്ത്യന്‍ ടീമിനെ ഞാന്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരാക്കി കാണിച്ചു തരാം,''-- ലോകകപ്പില്‍ കളിച്ച ചരിത്രമുള്ള ജോസഫ് ഗലി എന്ന ഹംഗറിക്കാരനായ മുന്‍  ഇന്ത്യന്‍ കോച്ചിന്റെ വാക്കുകള്‍ ഓര്‍മ്മ വരുന്നു.

മറ്റൊന്ന് കൂടിയുണ്ട്: കളിക്കളത്തിനു പുറത്ത് ക്രൈഫ് കൊണ്ടുനടന്നിരുന്ന തലക്കനവും ധാര്‍ഷ്ട്യവും വിജയന് അന്യമായിരുന്നു. ഭഭമനുഷ്യന്‍ ഇത്രയും വിനയശാലി ആയിക്കൂടാ''-- സഹകളിക്കാരനും മുന്‍  ഇന്ത്യന്‍ ക്യാപ്റ്റനുമായ ബൈച്ചുംഗ് ബൂട്ടിയ വിജയനെ കുറിച്ച് നടത്തിയ ഈ രസികന്‍ പരാമര്‍ശത്തില്‍ ലവലേശമില്ല അതിശയോക്തി.

പക്ഷെ, ഈ വിനയം കളിക്കളത്തിനു പുറത്തേ വിജയന്‍ കൊണ്ട് നടന്നിരുന്നുള്ളൂ. മൈതാനത്തെ വിസ്മയനീക്കങ്ങളില്‍, ഗോളടിമികവില്‍, കണിശമായ പാസിംഗില്‍, കടുപ്പമേറിയ ടാക്ലിംഗുകളില്‍ തെല്ലും വിനയവാനായിരുന്നില്ല ഈ താരം. മാത്രമല്ല, തെല്ലൊരു ഭഭഅഹങ്കാരി''യായിരുന്നു താനും. 

ഓര്‍മ്മ  വരുന്നത് വിജയന്റെ പഴയൊരു ഗോളാണ്. നിറഞ്ഞു കവിഞ്ഞ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക്  സ്റ്റേഡിയത്തില്‍  തന്റെ ചോരയ്ക്ക് വേണ്ടി ആര്‍ത്തുവിളിക്കുന്ന പതിനായിരങ്ങളെ നിശബ്ദരാക്കിയ  ഗോള്‍. സ്വന്തം ഹാഫില്‍ മധ്യരേഖയ്ക്കു മൂന്ന് വാര അകലെ നിന്ന് ലഭിച്ച ഒരു ത്രൂപാസുമായി പാര്‍ശ്വരേഖയ്ക്ക് സമാന്തരമായി കുതിച്ചു പായുന്ന വിജയന്‍, എതിര്‍ വിംഗ്ബാക്കിനെ നിമിഷാര്‍ദ്ധം കൊണ്ട് വെട്ടിച്ചു കടന്ന ശേഷം പൊടുന്നനെ ഓട്ടത്തിന്റെ ഗതിമാറ്റി പെനാല്‍റ്റി ഏരിയയില്‍ പ്രവേശിക്കുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ആ നീക്കത്തിന് മുന്നില്‍  സ്വാഭാവികമായും ആകെ അങ്കലാപ്പിലായി എതിര്‍ ടീമിന്റെ പ്രതിരോധസേന. ദീര്‍ഘകായരായ  എതിര്‍ പ്രതിരോധഭടന്മാരുടെ തലയ്ക്കു മുകളിലൂടെ പന്ത് ഡീപ് ഡിഫന്‍സില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന രാമന്‍ വിജയന്‍ എന്ന സഹകളിക്കാരന് ഭഭചെത്തി''യിട്ടു കൊടുത്ത്   പിന്മാറുന്നു നമ്മുടെ വിജയന്‍ . ഇനിയുള്ള തമാശ കൈകെട്ടി നിന്ന് ആസ്വദിക്കാന്‍.

ഒഴിഞ്ഞ ഗോള്‍ ഏരിയ. സ്ഥാനം തെറ്റി നില്‍ക്കുന്ന ഗോള്‍ക്കീപ്പര്‍ . പന്ത്  ഗോളിലേക്ക് വെറുതെ ഒന്ന് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളൂ രാമന്. പകരം അത് തടുത്തു നിര്‍ത്തി അല്‍പം സമയമെടുത്തു തന്നെ ഒരു ഭസ്‌റ്റൈലന്‍ ' ഗോള്‍ (ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി) സൃഷ്ടിക്കാനാണ് രാമന്‍ തീരുമാനിച്ചത്.  ഗോള്‍ക്കീപ്പര്‍ക്ക് പൊസിഷന്‍ വീണ്ടെടുക്കാനും പ്രതിരോധ ഭടന്മാര്‍ക്ക് ഓടിക്കൂടാനും ആ നിമിഷങ്ങള്‍ ധാരാളമായിരുന്നു. നിയന്ത്രണത്തില്‍ നിന്ന് വഴുതിപ്പോകുന്ന പന്തിനെ നോക്കി രാമന്‍ പകച്ചുനില്‍ക്കെയാണ് ആ അത്ഭുതം സംഭവിച്ചത്.

അതുവരെ ചിത്രത്തില്‍ എങ്ങും ഇല്ലാതിരുന്ന വിജയന്‍ എങ്ങുനിന്നോ ഗോള്‍ ഏരിയയില്‍, പന്തിനു മുന്നില്‍ പൊട്ടി വീഴുന്നു. രണ്ടു സ്റ്റോപ്പര്‍ ബാക്കുകളുടെ കാലുകള്‍ക്കിടയിലൂടെ, കീപ്പറുടെ കൈകളിലൂടെ, വിജയന്റെ ഷോട്ട് വലയിലേക്ക്.

സ്റ്റേഡിയത്തിലെ പേടിപ്പെടുത്തുന്ന നിശബ്ദത കാതടപ്പിക്കുന്ന ആരവത്തിനു വഴിമാറിയത് പെട്ടെന്നാണ്. ഇന്ത്യന്‍ ഫുട്ബാളിലെ മറ്റേതെങ്കിലും ഒരു കളിക്കാരന് അത്തരമൊരു ഗോളടിക്കാന്‍ കഴിയുമെന്നു അന്നും ഇന്നും തോന്നിയിട്ടില്ല. വളരെയേറെ കൊട്ടിഘോഷിക്കപ്പെടുന്ന ഈ തലമുറയിലെ കളിക്കാര്‍ക്കു പോലും.

കോപ്പി ബുക്കിനു ഒരിക്കലുമൊരിക്കലും വഴങ്ങാത്ത ശൈലിയാണ് വിജയന്റെത് . ഹാഫ് വോളി, ഡ്രൈവ്, ബൈസിക്കിള്‍ കിക്ക്, ചിപ്പ്, ഹെഡ്ഡര്‍  തുടങ്ങി ഫുട്ബാളിലെ പരമ്പരാഗത സ്‌കോറിംഗ് തന്ത്രങ്ങള്‍ക്കെല്ലാം അപ്പുറത്തുള്ള, നിര്‍വചനാതീതമായ ഷോട്ടുകള്‍ വിജയന്റെ ബൂട്ടില്‍ നിന്ന് പിറന്നുകണ്ടിട്ടുണ്ട്. പാരമ്പര്യത്തെ ലംഘിച്ച്, ജന്മസിദ്ധമായ വൈഭവം കൊണ്ട് മാത്രം കാണികളെ വിസ്മയിപ്പിച്ച കളിക്കാര്‍ നമ്മുടെ നാട്ടില്‍ എത്രപേരുണ്ട് എന്നോര്‍ത്തുനോക്കുക. ഉണ്ടായിരുന്നു : ഇങ്ങിവിടെ കേരളത്തില്‍ തന്നെ. ബാംഗ്ലൂര്‍ മുസ്ലിംസിനും എം.ആര്‍ .സിക്കും ചാലഞ്ചെഴ്‌സിനും ഒക്കെ വേണ്ടി, മാന്ത്രികന്‍ തൊപ്പിയില്‍ നിന്ന് മുയലിനെ പുറത്തെടുക്കും പോലെ അസാധ്യ ഗോളുകള്‍  സ്‌കോര്‍ ചെയ്ത ബര്‍ണശ്ശേരിക്കാരന്‍ ഡിക്രൂസ്, പിന്നെ ചാലഞ്ചെഴ്‌സിന്റെ ഇടതു പാര്‍ശ്വത്തില്‍ വെടിയേറ്റ പുലിയെപ്പോലെ ചീറിപ്പാഞ്ഞുകളിച്ച ശേഖര്‍ ബെഞ്ചമിന്‍ ലേബന്‍.. വിജയന്റെ ജനുസ്സില്‍ പെടുത്താന്‍ ഇതിലും  യോഗ്യതയുള്ള കളിക്കാരെ കേരള ഫുട്ബാള്‍ അതിനു മുന്‍പോ പിന്‍പോ കണ്ടിട്ടില്ല.

തന്റെ നല്ല കാലത്ത് ഡിക്രൂസ്, മറഡോണ ശൈലിയില്‍ (കൈകൊണ്ടു പോലും ) ഗോളടിച്ചിരുന്നതായി കേട്ടിട്ടുണ്ട് -- റഫറിയുടെയും ലൈന്‍സ്മാന്‍മാരുടെയും ഗാലറിയിലെ പതിനായിരങ്ങളുടെയും കണ്ണു വെട്ടിച്ചുകൊണ്ട്. അത്രത്തോളമില്ലെങ്കിലും വിജയന്റെ കയ്യിലും ഉണ്ടായിരുന്നു ചില ചെപ്പടിവിദ്യകള്‍. ഗോള്‍ലൈനിനു മുന്നില്‍ കമഴ്ന്നു കിടന്നുകൊണ്ട് പന്ത് ഇടം കാലിന്റെ ഉപ്പൂറ്റി കൊണ്ട് അവസാന വര കടത്തിവിട്ട വിജയന്റെ ചിത്രം ഇന്നുമുണ്ട് മനസ്സില്‍. ഭപരിക്കേറ്റു' വീണു കിടക്കുന്ന വിജയന്റെ ആര്‍ത്തനാദം കേട്ട് ഞെട്ടിത്തരിച്ചു നില്‍ക്കയായിരുന്നു ആ നിമിഷം വരെ എതിര്‍  ഡിഫന്‍ഡര്‍മാരും  ഗോളിയും! 

തൃശൂര്‍ കേരളവര്‍മ്മ  കോളേജിലെ കായികാധ്യാപകന്‍  പ്രൊഫ. രാധാകൃഷ്ണന്‍ കണ്ടെടുത്ത ഈ ഭമുത്ത്ഭ പതിറ്റാണ്ടുകള്‍ പിന്നിട്ട സംഭവബഹുലമായ തന്റെ ഫസ്റ്റ് ക്ലാസ് ഫുട്ബാള്‍ ജീവിതത്തിനിടയ്ക്ക് സ്വദേശികളും വിദേശികളുമായ  എത്രയോ പരിശീലകരുടെ പരീക്ഷണ ശാലകളിലൂടെ കടന്നുപോയിരിക്കുന്നു.  വിജയന്റെ ഫുട്ബാള്‍ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ കാര്യമായ സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ലാത്തവരും ഉണ്ട് ഇക്കൂട്ടത്തില്‍. ഏറ്റവും രസകരമായ വസ്തുത വിജയന്റെ സ്‌കോറിംഗ് ബൂട്ടുകളുടെ പിന്‍ബലത്തില്‍ മാത്രം സൂപ്പര്‍  കോച്ചുകളായി  അംഗീകാരം നേടിയവരും ഇവരില്‍ ഉണ്ട് എന്നതാണ്. റുസ്തം അക്രമോവിനെ പോലുള്ള വിദേശ പരിശീലകരാകട്ടെ, വിജയന്റെ  പ്രതിഭയെ വിലകുറച്ച് കാണുകയാണ് ചെയ്തത്. പില്‍ക്കാലത്ത്  അതൊരു മണ്ടത്തരമായിപ്പോയി എന്ന് അദ്ദേഹം കുമ്പസരിച്ചുവെങ്കിലും.

വിജയന്റെ  ഫുട്ബാള്‍ ജീവിതത്തില്‍ ആദ്യകാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ കോച്ച് ചെക്ക് റിപ്പബ്ലിക്കുകാരന്‍ ജിറി  പെസക്ക് ആയിരിക്കും. വിജയന്‍  തന്നെ ഹൃദയപൂര്‍വം  സമ്മതിക്കുന്ന വസ്തുതയാണിത് . പില്‍ക്കാലത്ത്  തന്റെ നിര്‍ണായക  വിജയഘടകങ്ങളില്‍ ഒന്നായി മാറിയ ഒരു ടെക്‌നിക്  സ്വായത്തമാക്കാന്‍ വിജയനെ സഹായിച്ചത് വന്ദ്യ വയോധികനായ പെസക്കിന്റെ കീഴിലെ പരിശീലനമാണ്. ഡെഡ്ബാള്‍  (പന്തിന്റെ നിശ്ചലാവസ്ഥ) സാഹചര്യങ്ങളില്‍ നിന്ന് മുറയ്ക്ക് ഗോള്‍  നേടുക എന്ന ഈ വിസ്മയകരമായ പാടവം ഇന്ന് ഇന്ത്യന്‍ ഫുട്ബാളില്‍ മാത്രമല്ല ഏഷ്യന്‍ ഫുട്ബാളില്‍ പോലും അപൂര്‍വ്വം  പേര്‍ക്കേ   അവകാശപ്പെടാനാകൂ.

വിജയന്റെ  ഈ അപൂര്‍വസിദ്ധി ഒരു ഐതിഹ്യമായി മാറിയത് 1993 -ലെ കൊല്‍ക്കത്താ  സൂപ്പര്‍ ഡിവിഷന്‍  ലീഗിലെ മോഹന്‍ബഗാന്‍ -- ഈസ്റ്റ് ബംഗാള്‍ മത്സരത്തോടെയാണ്. മത്സരം 1-1 നു സമനിലയില്‍ നില്ക്കുമ്പോഴായിരുന്നു വിജയന്റെ ബൂട്ടില്‍ നിന്ന് ബഗാന്റെ വിജയഗോള്‍. ഏഴു പേര്‍ നിരന്നു നിന്ന ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധഭിത്തിയേയും ഗോള്‍കീപ്പറേയും മിഴിച്ചു നിര്‍ത്തിക്കൊണ്ട് 35 വാര ദൂരെ നിന്ന് വിജയന്‍ തൊടുത്ത ഫ്രീകിക്ക് വളഞ്ഞുപുളഞ്ഞു വലയില്‍ ചെന്നൊടുങ്ങിയപ്പോള്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം പൊട്ടിത്തെറിച്ചു പോയെന്നാണ് ചരിത്രം. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് എത്രയെത്ര മാരകമായ ഫ്രീകിക്കുകള്‍.

ബ്രസീലുകാര്‍ ഭബൈസിക്ലേത്ത' എന്നും യൂറോപ്യന്മാര്‍ സിസേഴ്‌സ് കിക്കെന്നും ഓമനപ്പേരിട്ട് വിളിക്കുന്ന റിവേഴ്‌സ് കിക്കിലൂടെ നയനാഭിരാമമായ ഗോളുകള്‍ നേടാനുള്ള കഴിവാകട്ടെ വിജയന്‍  നിരന്തര സാധനയാല്‍ മിനുക്കിയെടുത്തതാണ്. വിജയനെ കൊല്‍ക്കത്തയില്‍ ഒരു ഫുട്ബാള്‍ ദൈവത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തിയതും   ഇത്തരമൊരു ഗോള്‍ തന്നെ.  1993-ലെ സൂപ്പര്‍ ഡിവിഷന്‍  ലീഗില്‍  , മൊഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെതിരെ സ്‌കോര്‍ ചെയ്യപ്പെട്ട ആ നിത്യസുന്ദര ഗോളിന് യക്ഷിക്കഥയുടെ പരിവേഷമാണ് ബംഗാള്‍ പത്രങ്ങള്‍ നല്‍കിയത് . 1978-ല്‍  ഈസ്റ്റ് ബംഗാളിനെതിരെ ബഗാന്റെ ഭഭകൊച്ചു ഡയനാമോ' ശ്യാം ഥാപ്പ  നേടിയ  ഗോളിന് ശേഷം ഇത്ര പൂര്‍ണതയാര്‍ന്ന  ഒരു സിസേഴ്‌സ് കിക്ക് ഗോള്‍  കൊല്‍ക്കത്തക്കാര്‍ നടാടെ കാണുകയായിരുന്നു.

ഇത്തരം ഗോളുകള്‍ ഇന്ത്യന്‍ ഫുട്ബാളില്‍ ആദ്യമായി അവതരിപ്പിച്ച, ഇന്ത്യ കണ്ട ഏറ്റവും ഉന്നതനായ സെന്റര്‍ ഫോര്‍വേഡ് സാഹൂ മേവലാല്‍ കൊല്‍ക്കത്ത  ഹേസ്റ്റിംഗിലെ തന്റെ കുടുസ്സു വീട്ടിലിരുന്ന് പറഞ്ഞ വാക്കുകള്‍  ഓര്‍മ്മയുണ്ട് : ഭഭസാധാരണ കളിക്കാരന്‍   ഭാഗ്യമുണ്ടെങ്കില്‍ ആയുസ്സില്‍  രണ്ടോ മൂന്നോ തവണ മാത്രം ലക്ഷ്യത്തിലെത്തിച്ചേക്കാവുന്ന കാര്യമാണ് വിജയന്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്. റിവേഴ്‌സ് കിക്ക് സമയവും സാവകാശവും ലഭിക്കുമ്പോള്‍ മാത്രം പരീക്ഷിക്കേണ്ട ആയുധമാണ്. വിജയനാകട്ടെ അതിനുള്ള സാവകാശം സൃഷ്ടിച്ചെടുക്കുന്നു . അവയില്‍  നല്ലൊരു ശതമാനവും ഗോളാക്കി മാറ്റുകയും ചെയ്യുന്നു.''

നാല്‍പതു അന്താരാഷ്ട്ര ഗോളുകളുടെ തിളക്കമുള്ള ഫുട്ബാള്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വിജയന് ഇനിയും മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നുന്ന ഒരു ഘടകമേയുള്ളൂ -- കളിക്കളത്തിലെ വേഗത. ഭഭ1997ല്‍  എഫ്.സി.കൊച്ചിന് വേണ്ടി കളിച്ച ആദ്യ സീസണ്‍ ആയിരുന്നു എന്റെ ഏറ്റവും മികച്ച കാലം. അന്ന് പറന്നു കളിച്ച പോലെ പിന്നീടൊരിക്കലും കളിക്കാനായിട്ടില്ല,''-- വിനയപൂര്‍വ്വം  വിജയന്‍ ഏറ്റു പറയുന്നു.  

കേരളം സൃഷ്ടിച്ച എക്കാലത്തെയും മികച്ച ഫുട്ബാള്‍ കളിക്കാരുടെ പട്ടികയില്‍ എവിടെയായിരിക്കും വിജയന്റെ  സ്ഥാനം? വ്യത്യസ്ത കാലഘട്ടങ്ങളില്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിച്ചു തെളിഞ്ഞവരെ പരസ്പരം താരതമ്യപ്പെടുത്തുന്നത് കടന്ന കൈ ആണെന്നറിയാം. എങ്കിലും കൌതുകമുള്ള വിലയിരുത്തലാകും അത്.

ഒളിമ്പ്യന്‍ ടി.എ.റഹ്മാന്‍, ഡിക്രൂസ്, കോട്ടയം സാലി, ഇന്ദ്രബാലന്‍ , ഓ.ചന്ദ്രശേഖരന്‍, സേവ്യര്‍  പയസ്, വില്യംസ്, നജീമുദ്ദീന്‍, സി.വി.പാപ്പച്ചന്‍ , വി.പി.സത്യന്‍, ഷറഫലി , ജോപോള്‍ അഞ്ചേരി എന്നിവര്‍ക്കൊപ്പം  വിജയനും ചേരുമ്പോള്‍ കേരളം സൃഷ്ടിച്ച ഏറ്റവും പ്രതിഭാശാലികളായ കളിക്കാരുടെ പട്ടികയായി.  കൊല്ക്കത്തയിലും ഇന്ത്യന്‍ ഫുട്ബാളിലും പതിറ്റാണ്ടുകളോളം മിന്നിത്തിളങ്ങി എന്നത് മാത്രമല്ല ഈ നിരയില്‍ റഹ്മാനെയും വിജയനെയും വേറിട്ട് നിര്‍ത്തുന്ന  ഘടകം . ഇരുവരും ബഹിര്‍മുഖര്‍ . സഭാകമ്പം തരിമ്പു പോലും പ്രദര്‍ശിപ്പിക്കാത്തവര്‍ . ഒപ്പമുള്ള മറ്റു പല പ്രഗല്ഭ കളിക്കാരും  ഈഗോയുടെ തടവുപുള്ളികളായി  മാറി സ്വയം  സൃഷ്ടിച്ച   തുരുത്തുകളില്‍    ഒതുങ്ങിക്കൂടിയപ്പോള്‍ റഹ്മാനും വിജയനും ദേശങ്ങള്‍ക്കും  ഭാഷകള്‍ക്കും  അതീതമായി സൌഹൃദങ്ങള്‍ വളര്‍ത്തി . കാര്യമായ വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും പോയ നാടുകളില്‍ എല്ലാം അവിടത്തുകാരായി ജീവിച്ചു. അന്യഭാഷകള്‍ പഠിച്ചു. അനായാസം ഉരുവിട്ടു.

വിമര്‍ശനങ്ങളില്‍ പതറാതെ, എല്ലാ പ്രതിബന്ധങ്ങളും തട്ടിനീക്കി മുന്നേറാനുള്ള സഹിഷ്ണുതയും ധൈര്യവും ഉണ്ടായിരുന്നു റഹ്മാനും വിജയനും. വിദ്യാഭ്യാസക്കുറവ് ഉയര്‍ത്തിയ വെല്ലുവിളികളെ   കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ കോഴിക്കോടന്‍  ശൈലിയില്‍ തമാശ ഇടകലര്‍ത്തി  റഹ്മാന്‍ പറഞ്ഞ മറുപടി ഓര്‍മ്മയുണ്ട് : ഭഭനമ്മുടെ എഴുത്തും വായനയും ഒക്കെ ഈ രണ്ടു കാലുകളിലാണ്..'' പില്‍ക്കാലത്ത്  വിജയന്‍ പതിവായി പറഞ്ഞുകേട്ടതും  അത് തന്നെ. തൃശൂര്‍ ശൈലിയില്‍ ആണെന്നൊരു വ്യത്യാസം മാത്രം. 

എവിടെയാണ് വിജയന്റെ മാഹാത്മ്യം? ക്രിക്കറ്റിന്റെ താരപ്പൊലിമയ്ക്കും വിപണന വൈദഗ്ദ്യത്തിനും മുന്നില്‍ പിടിച്ചു നില്ക്കാന്‍ പോലുമാകാതെ  മറ്റു കളികളെല്ലാം ഈയാമ്പാറ്റകളെ പോലെ എരിഞ്ഞൊടുങ്ങുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സാഹചര്യത്തില്‍  ഒരു പന്തുകളിക്കാരന്‍  ചെറുകിടസൂപ്പര്‍ താരമെങ്കിലും ആകുക എന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഭഭമഹാത്ഭുത''മാകുന്നു. ഈ മഹാത്ഭുതമാണ് തന്റെ കളിമികവിലൂടെ വിജയന്‍  യാഥാര്‍ത്ഥ്യമാക്കിയത്.

പക്ഷെ, ജീവിതത്തില്‍ ഒരിക്കലെങ്കിലും തന്റെ  സൂപ്പര്‍ താര പദവിയെ കുറിച്ച് ബോധവാനായിരുന്നിട്ടുണ്ടോ വിജയന്‍ ? സംശയമാണ്. കളിച്ചു തുടങ്ങും മുന്‍പത്തെ  വിജയനും കളിക്കളത്തിലെ കണ്ണില്‍ ചോരയില്ലാത്ത വിജയനും കളി നിര്‍ത്തിയ ശേഷമുള്ള വിജയനും എല്ലാം ഒരാള്‍  തന്നെ: ഹവായ് ചെരുപ്പുമിട്ടു കൈലിയും മടക്കിക്കുത്തി ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി മലയാളിയുടെ നിത്യ ജീവിതത്തിലേക്ക്, സാധാരണക്കാരനില്‍ സാധാരണക്കാരനായി നടന്നു കയറിയ ആ പഴയ കോലോത്തുംപാടക്കാരന്‍.

(രവി മേനോന്‍ (വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ വന്ന ലേഖനം)

Content Highlights: Mother's Day 2019, I.M.Vijayan