മാളൂട്ടിയുടെ അമ്മ, അച്ചുവിന്റെ അമ്മ, ഹമീദിന്റെ ഉമ്മ മനസ്സില്‍ ഒരു നോവുണര്‍ത്തുന്ന നിരവധി അമ്മ കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ അഭിനേത്രിയാണ് ഉര്‍വശി. ആദ്യ ചിത്രമായ മുന്താണി മുടിച്ച് മുതല്‍ എന്റെ ഉമ്മാന്റെ പേര് വരെയുള്ള ചിത്രങ്ങളില്‍ എത്രയെത്ര അമ്മ ഭാവങ്ങളിലൂടെയാണ് ഉര്‍വശി പകര്‍ന്നാട്ടം നടത്തിയത്. ഏതൊരു പെണ്‍കുട്ടിയിലും സഹജമായ മാതൃഭാവമാണ് അമ്മ കഥാപാത്രങ്ങള്‍ അനായാസമാക്കാന്‍ തന്നെ സഹായിച്ചതെന്ന് പറയുന്നു ഉര്‍വശി. 

അമ്മവേഷങ്ങള്‍ പുതിയ കാര്യമല്ല

ആദ്യ സിനിമ മുതല്‍ ഞാന്‍ അമ്മയായി അഭിനയിക്കുന്നതാണ്. മുന്താണി മുടിച്ച് എന്ന് ചിത്രം ചെയ്യുമ്പോള്‍ എനിക്ക് പതിനാല് വയസ്സ് തികഞ്ഞിട്ടില്ല. ഒരു കുട്ടിയുള്ള മനുഷ്യനെ സ്‌നേഹിക്കുകയും അയാളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്താന്‍ ഗര്‍ഭപാത്രം മുറിച്ചുമാററാന്‍ തയ്യാറാകുകയും ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു ആ സിനിമയില്‍ എന്റേത്. സ്വന്തം കുഞ്ഞുണ്ടായാല്‍ തന്റെ കുഞ്ഞിനോട് ഇവര്‍ക്ക് സ്‌നേഹം തോന്നില്ല എന്നുകരുതിയാണ് നായകന്‍ ആ പെണ്‍കുട്ടിയെ ഇഷ്ടപ്പെടാതിരിക്കുന്നത്. അപ്പോള്‍ തന്റെ സ്‌നേഹം കപടമല്ലെന്ന് തെളിയിക്കാനായി യൂട്രസ് റിമൂവ് ചെയ്യാന്‍ ആശുപത്രിയില്‍ ആ പെണ്‍കുട്ടി പോകുന്നതാണ് ആ ചിത്രത്തിന്റെ ക്ലൈമാക്‌സ്. അതുകൊണ്ട് അമ്മവേഷങ്ങള്‍ എന്ന് പറയുന്നത് എനിക്ക് പുതിയ കാര്യമല്ലായിരുന്നു ഒരിക്കലും.

കേന്ദ്ര കഥാപാത്രം അമ്മയായതുകൊണ്ട് ചര്‍ച്ചയാകുന്നു 
 
ഞാന്‍ കുറേ ക്യാരക്ടേഴ്‌സ് അങ്ങനെ ചെയ്തിട്ടുണ്ട്. എന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള പലതരം കഥാപാത്രങ്ങള്‍..പിന്നെ ഞാന്‍ ഒരു അമ്മയായതിന് ശേഷം ചെയ്ത, ചര്‍ച്ചയായ കഥാപാത്രങ്ങള്‍ എന്ന് പറയുന്നത് അച്ചുവിന്റെ അമ്മ, മമ്മി ആന്‍ഡ് മി ഇപ്പോ ഒടുവില്‍ എന്റെ ഉമ്മാന്റെ പേര്..ആ സിനിമകളില്‍ അമ്മയ്‌ക്കൊരുപാട് പ്രാധാന്യം ഉള്ളതുകൊണ്ടാണ് അത് ചെയ്യപ്പെട്ടത്. എല്ലാ സിനിമകളിലും അമ്മ കഥാപാത്രങ്ങള്‍ വരുന്നുണ്ട്. അമ്മ ഒരു കേന്ദ്രകഥാപാത്രമാകുമ്പോള്‍, നായിക എന്ന് പറയുന്നത് അമ്മയാകുമ്പോള്‍ സ്വാഭാവികമായും അത് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നേയുള്ളൂ..

എല്ലാ പെണ്‍കുട്ടികളുടെ മനസ്സിലും ഒരു അമ്മയുണ്ട്.

പിന്നെ മാതൃത്വത്തെ കുറിച്ച് നിലനില്‍ക്കുന്ന പതിവുകാഴ്ചകളില്‍ നിന്ന് വിഭിന്നമായിരുന്നു അച്ചുവിന്റെ അമ്മയും എന്റെ ഉമ്മാന്റെ പേരും. പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്ന സങ്കല്പത്തില്‍ നിന്നും തികച്ചും വിഭിന്നമായത്. ആര്‍ക്കും അമ്മയാകാം. പലപ്പോഴും ഒരു അച്ഛനും അമ്മയാകാന്‍ സാധിക്കും. മാതൃത്വം എന്ന് പറഞ്ഞാല്‍ ഒരു വികാരമാണ്. ഇളയകുട്ടികളെ ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് നോക്കുന്ന മുതിര്‍ന്ന സഹോദരിമാരെ കണ്ടിട്ടില്ലേ..ഞാന്‍ വന്നതും അത്തരം ഒരു കൂട്ടുകുടുംബത്തില്‍ നിന്നാണ്. ഇളയകുഞ്ഞുങ്ങളെ ഒരു അമ്മയുടെ സ്ഥാനത്ത് നിന്നാണ് എടുത്തുകൊണ്ട് നടക്കുന്നതും കളിപ്പിക്കുന്നതുമെല്ലാം. എല്ലാ പെണ്‍കുട്ടികളുടെ മനസ്സിലും ഒരു അമ്മയുണ്ട്. ഇല്ലെങ്കില്‍ പിന്നെ പെണ്‍കുട്ടികള്‍ പാവയെ വെച്ച് അമ്മയായി കളിക്കില്ലല്ലോ. പാവകളെ പെണ്‍കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണം അതാണ്.

അച്ചുവിന്റെ അമ്മ എന്റെ മനസ്സില്‍ തൊട്ട കഥാപാത്രം 

അച്ചുവിന്റെ അമ്മ ചെയ്യുമ്പോള്‍ ഒരു നായികയുടെ അമ്മയാകാനുള്ള പക്വതയൊന്നും എനിക്കുണ്ടായിരുന്നില്ല. ഇന്നുമില്ല. അച്ചുവിന്റെ അമ്മ എന്നെ ഒരുപാട് ഫീല്‍ ചെയ്യിച്ച കഥാപാത്രമാണ്. ജീവിതം മുഴുവന്‍ ഒരു പെണ്‍കുട്ടിയെ മകളായി കണ്ട്, അവള്‍ക്കായി സമര്‍പ്പിച്ച ഒരു സ്ത്രീ. ഒടുവില്‍ അവളെ നഷ്ടപ്പെടുന്നു. പിന്നീട് അതില്‍ നിന്നും വളരെ ധീരമായ ഒരു തീരുമാനത്തിലേക്ക് അവര്‍ എത്തിച്ചേരുന്നു. ഇരുവര്‍ക്കും ബന്ധുക്കള്‍ ആരുമില്ല. അങ്ങനെയുള്ളപ്പോള്‍ ഒരാള്‍ വിട്ടിട്ടുപോകുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരാളുടെ അവസ്ഥ. അത്തരമൊരു കഥാപാത്രം ഞാന്‍ ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. വളരെ നാച്വറലായിട്ടുള്ള നിരവധി സീനുകള്‍ ആ സിനിമയില്‍ ഉണ്ട്. അതുകൊണ്ട് എല്ലാ കാലത്തും എനിക്ക് ഇഷ്ടമുള്ള ഒരു സിനിമയാണ് അച്ചുവിന്റെ അമ്മ. അതില്‍ യാതൊരു സംശയവുമില്ല. 

Content Highlights: Mother's Day 2019