ലോകത്തിലെ എല്ലാ വേദനകളെയും ആവാഹിച്ചുകൊണ്ട് ഞാനവിടെ കിടന്നു. ഇതൊന്നു കഴിഞ്ഞുകിട്ടിയെങ്കില്‍ !.പെട്ടെന്ന് കൊടുംവേദനയുടെ ഒരു കൊടുങ്കാറ്റ്..

''ദാ,കഴിഞ്ഞല്ലോ..''ഡോക്ടര്‍ എന്നെ ആശ്വസിപ്പിക്കുകയായിരിക്കും എന്നേ കരുതിയുള്ളൂ.പക്ഷേ,വേദനയ്ക്കിടയിലും ഞാന്‍ കണ്ടൂ,ഇരു കുഞ്ഞിക്കാലുകളും ചേര്‍ത്തു പിടിച്ച് ഡോക്ടര്‍ ഉയര്‍ത്തുന്ന ചോര ചുവപ്പാര്‍ന്ന ശിശുവിനെ...ഡോക്ടര്‍ സുരേഷ് എന്റെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയായിരുന്നു.''ഓ,ജോര്‍ജ് ഫിലിപ്പിനൊരു മോന്‍ ജനിച്ചിരിക്കുന്നു'',ഡോക്ടര്‍ എന്നെ തട്ടിവിളിച്ചുകൊണ്ടു പറഞ്ഞു.ഇത്തിരി നിമിഷത്തിനു ശേഷം പതുപതുത്ത തുണിയില്‍പ്പൊതിഞ്ഞ കുഞ്ഞിനെ എനിക്കരികില്‍ കൊണ്ടുവന്നു.

സിന്ദാബാദ് വിളിക്കാനെന്നവണ്ണം കുഞ്ഞുകൈകള്‍ ചുരുട്ടി ഉയര്‍ത്തിപ്പിടിച്ച് കരയുന്ന ശിശു.ലോകത്തിലെ ഏറ്റവും നനുത്തപുഷ്പത്തേക്കാള്‍  മൃദുവായ ആ കുഞ്ഞിക്കവിളില്‍ പൂവിനെ തലോടും പോലൊരു ഉമ്മ നല്‍കി ഞാന്‍. പിന്നെ മനസ്സില്‍ പറഞ്ഞു,''എന്റെ നിന്ദ നീക്കാന്‍ ഈശ്വരന്‍ തന്ന മുത്താണ് നീ''.

''എന്തിനാണ് കരയുന്നത്,സന്തോഷിക്കയല്ലേ വേണ്ടത് ?''
നഴ്സിന്റെ സാന്ത്വനിപ്പിക്കലിനപ്പുറത്തേക്ക്  മനസ്സ് കുതിച്ചു പാഞ്ഞു.18-ം വയസ്സിലെ വിവാഹം,20-ം വയസ്സിലെ അടുക്കളഭരണപ്പട്ടം, മുക്കാല്‍ വഴിയില്‍ ഫുള്‍സ്റ്റോപ്പ് വീണ പഠനം, ഒരു വശം തളര്‍ന്ന് കിടക്കയില്‍ ജീവിക്കുന്ന അമ്മായിയമ്മ, പണിതീരാത്ത വീട്..ഈ ദുരിതത്തിലേക്ക് ഒരു കുഞ്ഞുകൂടി വന്നാല്‍ നീതികാണിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. ആ ഉറപ്പിലാണ് തല്‍ക്കാലം ഒരു കുഞ്ഞു വേണ്ടന്നു തീരുമാനിച്ചത്.

വര്‍ഷങ്ങള്‍ പറക്കുന്നത് നാം അറിയാറില്ലല്ലോ. നാലു വര്‍ഷം എന്റെ ജീവിതത്തില്‍നിന്ന് അങ്ങനെ പറന്നു പോയി.വീടിനു പുറത്തുള്ള നുണ പ്രചരണത്തെപ്പറ്റി ഞാന്‍ ബോധവതിയായിരുന്നില്ല. ഒരിക്കല്‍ വീട്ടിലെ സുന്ദരിയായ പൊമറേനിയന്‍ നായക്കുട്ടിയെ കുളിപ്പിച്ച് തുവര്‍ത്തി ഓമനിച്ച് നില്‍ക്കുകയാണ് ഞാന്‍. രോഗിയായ അമ്മായിയമ്മയുടെ പെറ്റാണ് സീബ എന്ന നായക്കുട്ടി. വൈറ്റ് വാഷ് ചെയ്യാനെത്തിയ പണിക്കാരുണ്ട് വീട്ടില്‍. എന്റെ അമ്മയും അച്ഛനും അന്നു വീട്ടിലെത്തിയിരുന്നു. പെട്ടെന്ന് അമ്മ എന്നെ വിളിച്ചു,'' മോളെ ,പണിക്കാര്‍ പറയുന്നതു കേട്ടിട്ട് വലിയ സങ്കടം തോന്നുന്നു. മക്കളു വേണ്ടാ, പട്ടി മതിയെന്നു വച്ചാല്‍ എന്തു ചെയ്യും. ആ പട്ടീടെ ഒരു ഭാഗ്യമേ എന്ന് പറഞ്ഞ് അവര് ചിരിയോട് ചിരി ''

''ഓ,അതിനമ്മയെന്തിനാ വിഷമിക്കുന്നത്, അതവര് തമാശ പറഞ്ഞതല്ലേ, കാര്യമാക്കേണ്ട'' ഞാന്‍ ആശ്വസിപ്പിച്ചു. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എന്റെ മനസ്സ് അകാരണമായി നൊന്തു. മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം ഞാന്‍ എന്റെ വീട്ടിലേക്കു വിരുന്നു പോയി.കിടപ്പിലായ അമ്മായിയമ്മയെ വീട്ടിലാക്കി എവിടെയും പോകാനാവാത്ത അന്തരീക്ഷമായിരുന്നു. കുശലംപ്രശ്നത്തിനുശേഷം അപ്പച്ചന്റെ അമ്മ,വല്ലമ്മച്ചി എന്നെ രഹസ്യമായി മുറിയിലേക്കു കൊണ്ടുപോയി.ഞങ്ങള്‍ 16 കൊച്ചുമക്കള്‍ക്കും തോന്നിയിരുന്നു എന്നെയാണ്, എന്നെയാണ് വല്ല്യമ്മച്ചിക്ക് ഏറെ ഇഷ്ടമെന്ന്.അത്തരമൊരു മാജിക്ക് വല്ല്യമ്മച്ചിക്കു വശമായിരുന്നു.എന്റെ കട്ടിലിലിരുത്തി വല്ല്യമ്മച്ചി മുടിയിലൊക്കെ തലോടി ലാളിച്ച ശേഷം പെട്ടെന്നൊരു ചോദ്യം. ''മോളെ സത്യം പറയണം, എന്റെ കുഞ്ഞിനു മക്കളൊന്നും വേണ്ടായോ, അതോ വല്ല കുഴപ്പവും..''ഞാനൊന്നു ഞെട്ടി.

''വല്ല്യമ്മച്ചീ,നെരിപ്പോടാ ഇപ്പോ എന്റെ ജീവിതം. മലക്ക കിടപ്പുപിള്ളാരെക്കാള്‍ കഷ്ടത്തില്‍ മമ്മി കിടക്കുമ്പോള്‍..ഒരു കുഞ്ഞുകൂടി ഉണ്ടായാല്‍ അതിനെ നേരാംവണ്ണം നോക്കാന്‍ എനിക്കെവിടെ സമയം കിട്ടും, ഇത്തിരി കൂടെ കഴിയട്ടെ?''
''സമയം നമ്മള്‍ക്കായി ഒരിക്കലും കാത്തു നില്‍ക്കത്തില്ല, ഇവിടെ നാട്ടുകാരു പറയുന്നത് കേട്ട് വല്ല്യമ്മച്ചിയുടെ ചങ്കു പൊട്ടുന്നു.''അമ്മച്ചിയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍  പന്തികേട് മണത്തു.

''നാട്ടുകാരെന്തു പറയുന്നെന്നാ ?''
''നീ എന്റെ കുഞ്ഞമ്മയെപ്പോലാണെന്ന്,കുട്ടികളുണ്ടാത്തത് പാരമ്പര്യമാണെന്ന്..  ''

ശരിക്കും ഞാന്‍ തകര്‍ന്നുപോയത് ആ നിമിഷമാണ്. എന്റെ അപ്പച്ചന്റെ സഹോദരിയാണ് കുഞ്ഞമ്മ. അവര്‍ക്ക് മക്കളില്ല. പത്തുനാല്‍പ്പതു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത് മടങ്ങിയെത്തിയ അവര്‍ക്ക് ഇഷ്ടംപോലെ സ്വത്ത് ഉണ്ട്. വലിയ വീടുണ്ട് പക്ഷേ ഒരു കുഞ്ഞിക്കാലു കാണാനുള്ള പ്രാര്‍ത്ഥനകളെല്ലാം വിഫലമായി. കല്യാണം കഴിഞ്ഞ് നാലു വര്‍ഷമായിട്ടും മക്കളില്ലാത്ത സഹോദരന്റെ മകളെപ്പറ്റി പാരമ്പര്യമെന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞാല്‍ അതിശയമില്ലല്ലോ.
 
എന്റെ മൗനം കണ്ട വല്ല്യമ്മച്ചി പറഞ്ഞു,''വിഷമിക്കാന്‍ പറഞ്ഞതല്ല, സാഹചര്യം വച്ച് നാം പലതും കാട്ടിക്കൂട്ടും, പക്ഷേ ദൈവത്തെ പരീക്ഷിക്കരുത്, മക്കള്‍ ദൈവത്തിന്റെ ദാനമാണ്, ആ ദാനത്തെ തിരസ്‌ക്കരിക്കരുത്.''വയോവൃദ്ധയായ വല്ല്യമ്മച്ചിയുടെ കണ്‍തടങ്ങളിലെ നനവ് തുടച്ചിട്ട് എന്റെ കുട്ടിക്കാലത്തെ കുസൃതി ഞാന്‍ ഒന്നു കൂടി കാട്ടി. ചട്ടയ്ക്കിടയിലൂടെ കൈയ്യിട്ട് ആ തൂങ്ങിയാടുന്ന ശുഷ്‌ക്കമായ അമ്മിഞ്ഞയില്‍ ഇക്കിളിയിടുക.

''അടികൊള്ളും നീ, നിന്റെ കുഞ്ഞിനെ കണ്ടിട്ടു വേണം എനിക്കു കണ്ണടയ്ക്കാന്‍ '' 
വല്ല്യമ്മച്ചിയും ഞാനും ഒപ്പം ചിരിച്ചു.''വല്ല്യമ്മച്ചി കണ്ണടയ്ക്കാന്‍ വേണ്ടി ഞാന്‍ ഗര്‍ഭിണിയാകാനോ..''

നാട്ടുകാരുടെ കമന്റുകളൊന്നും എന്നെ ബാധിക്കുന്നില്ലെന്ന് അഭിനയിച്ച് ഞാന്‍ മടങ്ങാനിറങ്ങുമ്പോള്‍ അമ്മ എന്നെ ചേര്‍ത്തുപിടിച്ച് പറഞ്ഞു,''നിങ്ങള്‍ക്കു മക്കളിപ്പോള്‍ വേണ്ടാ എന്നു വച്ചതാണെന്ന്  ഞങ്ങള്‍ക്കറിയാം, പക്ഷേ ബന്ധുക്കളും നാട്ടുകാരും അടക്കം പറയുന്നതു കേള്‍ക്കുമ്പോള്‍ വല്ലാത്ത വ്യസനം തോന്നുന്നു. ദൈവത്തെ പരീക്ഷിക്കരുത്. പിന്നെ കരയേണ്ടി വരരുത്.''കനം തൂങ്ങുന്ന മനസ്സുമായിട്ടായിരുന്നു മടക്കം.

''നിനക്കെന്താ ഒരു വല്ലായ്മ, മോന്ത കണ്ടിട്ട് ഒരു ചരുവത്തിന്റെ വലിപ്പമുണ്ടിപ്പോള്‍..''ബൈക്കോടിക്കുന്നതിനിടെ ഭര്‍ത്താവ് എന്നെയൊന്ന് തോണ്ടി.
''ദേ, വണ്ടിയേന്നു ഞാനിപ്പം ചാടും,പറഞ്ഞില്ലെന്ന് വേണ്ട, വര്‍ഷം നാലു കഴിഞ്ഞപ്പോഴേക്കും എന്റെ മുഖം ചരുവമായത്രേ''എനിക്കാതെ കലിപ്പായി. ഒന്നാമതേ ആകെ മനസ്സ് വിഷമിച്ചിട്ടാണ്, അതിന്റെ കൂടെ തോണ്ടലും.. കോട്ടയം വരെ മിണ്ടാട്ടമില്ലാതെ ഞങ്ങള്‍ 'ജൈത്രയാത്ര'നടത്തി. വീട്ടില്‍ ചെന്നു കയറിയതും ഞാനുള്ള കാര്യം പറഞ്ഞു,''ഇനി നാട്ടുകാരെക്കൊണ്ട് പറയിക്കാന്‍ ഞാനില്ല.''കഥയറിയാതെ ആട്ടം കാണുകയാണ് ഭര്‍ത്താവ്.

ഉള്ള കാര്യം നേരിട്ട് ഞാന്‍ പറഞ്ഞതോടെ ''അതിനെന്താ പഞ്ചവല്‍സര പദ്ധതി വേണ്ടന്നു വയ്ക്കാം, അത്രേയുള്ളല്ലോ''എന്നായി. തൊട്ടടുത്ത ദിവസംതന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രശസ്ഥയായ ഗൈനക്കോളജിസ്റ്റ് ഡോ.രാധാ ഹരിലാലിനെ പോയികണ്ടു. പരിശോധനയില്‍ കുഴപ്പമൊന്നുമില്ല.

അടുത്ത ദിവസം തന്നെ ഡി ആന്‍ഡ് സി ചെയ്ത് ഉഷാറായി. ഇനി കാത്തിരിപ്പിന്റെ കാലം. അപ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് കൂടുതല്‍ കഥകള്‍ പുറത്തു വന്നത്. കൂടുതല്‍ ബന്ധുക്കളും അഭ്യുതയകാംക്ഷികളും അടക്കം പറയുന്ന കഥകള്‍. താമസിക്കുന്ന സ്ഥലത്തിനു വരെ കുഴപ്പമുള്ളുകൊണ്ടാണത്രേ കുട്ടികള്‍ ഉണ്ടാവാത്തത്.പാവം സ്ഥലം !

ഒന്നെനിക്കു മനസ്സിലായി, മറ്റുള്ളവരുടെ ക്ഷേമത്തെ കരുതി നമ്മള്‍ നമ്മുടെ പല സൗഭാഗ്യങ്ങളും ത്യജിക്കുന്നതില്‍ അര്‍ത്ഥം ഇല്ലെന്ന്. അപ്പോള്‍ ഇതുവരെ മറ്റുള്ളവര്‍ എന്നെ നോക്കിയിരുന്നത് സഹതാപത്തോടെയായിരുന്നു. ഞാനതൊന്നും അറിഞ്ഞില്ലെന്നു മാത്രം.അതൊരു ഞെട്ടലായി എനിക്ക്. ആഴ്ചകള്‍ കഴിഞ്ഞു, മാസങ്ങളും.. മനസ്സിന്റെ വിഷമം ശരീരത്തെയും ബാധിച്ചുതുടങ്ങി. കാത്തിരിപ്പിനു ഫലമൊന്നും കാണുന്നില്ല.

അതിനടുത്ത ദിവസം കടുത്ത വയറിളക്കവുമായി അടുത്തുള്ള ആസ്പത്രിയില്‍ ഡോക്ടറെ കാണാന്‍ പോയി. പരിശോധന കഴിഞ്ഞ് ഡോക്ടര്‍ ഭര്‍ത്താവിനോട് പറഞ്ഞു,''നിങ്ങള്‍ക്ക് കുട്ടികളായിട്ടില്ലല്ലോ, നല്ലൊരു ഡോക്ടറെ കാണുക. എന്റെ നിഗമനത്തില്‍ ഇവള്‍ ഗര്‍ഭിണിയാണ്.''എനിക്കു ചിരിവന്നു, ചര്‍ദ്ദി ലക്ഷണം മനസ്സിലാക്കാം, വയറിളക്കം ഗര്‍ഭലക്ഷണമായി അതുവരെ ഞാന്‍ കേട്ടിരുന്നില്ല. എനിക്കു സംശയമായി. ഇനി ശരിയാണെങ്കിലോ..

ആസ്പത്രിയില്‍ നിന്നിറങ്ങിയതും ഞാന്‍ പറഞ്ഞു''ഇനി ബൈക്കില്‍ ഞാനില്ല, നടന്നു വന്നോളാം.''
''ഇങ്ങോട്ടെങ്ങനെയാ നീ വന്നത്,ഡോക്ടര്‍ ഒരു സംശയം പറഞ്ഞതകൊണ്ടല്ലേ നിനക്കീ അഹങ്കാരം.അപ്പോള്‍ അടുത്ത ഒമ്പതു മാസവും നീ ബൈക്കില്‍ കയറത്തില്ലായിരിക്കും''

''തല്‍ക്കാലം എന്റെ തീരുമാനം അങ്ങനെ തന്നെയാ, ഒരു വാശി പോലെ ഞാന്‍ പറഞ്ഞു.''

ഞാന്‍ നടന്നും കക്ഷി ബൈക്കിലും വീട്ടിലെത്തി. ഒരു മണല്‍ത്തരിയെ പോലും ചവിട്ടി വേദനിപ്പിക്കാത്ത മട്ടില്‍ പദയാത്ര നടത്തിയായിരുന്നു എന്റെ മടക്കയാത്ര. പോയ വഴി മധുരമൊക്കെ വാങ്ങി എന്നെ കാത്തിരിക്കയാവും ഭര്‍ത്താവെന്നു കരുതിയത് വെറുതെയായി. എന്നെയെടുത്തു പൊക്കുമെന്നും അപ്പോള്‍ 'ശരീരം ഇളകാന്‍ പാടില്ല, താഴെ നിര്‍ത്തെന്ന് 'കനപ്പിച്ചു പറയണമെന്നും കരുതിയതൊക്കെ വെറുതെയായി. കക്ഷിക്ക് വലിയ ഭാവഭേദമൊന്നും കണ്ടില്ല. അടുത്ത ദിവസം ഡോ. രാധാ ഹരിലാലിനെ കാണാന്‍ യാത്രയായി. സംഭവം ശരിയാണെന്ന് സ്ഥിരീകരിച്ചു.എന്നിട്ടും മധുരം വിതരണമൊന്നും കണ്ടില്ല!. ''കൂടുതല്‍ ആഹ്്ളാദിച്ച് സങ്കടം വരുത്തേണ്ടെന്നു കരുതിയാ ആനന്ദക്കടലിലിറങ്ങാതിരുന്നതെന്ന്.'' പിന്നീട് ഭര്‍ത്താവ് വെളിപ്പെടുത്തി. ആണു വേണോ പെണ്ണു വേണോ എന്നൊരു ചോദ്യത്തിനും സ്‌കോപ്പില്ലായിരുന്നു. ആരോഗ്യമുള്ള ഒരു കുഞ്ഞാവണമെന്നുമാത്രമായിരുന്നു എന്റെ പ്രാര്‍ത്ഥന.

ഞങ്ങള്‍ക്കു കുഞ്ഞുങ്ങള്‍ ഉണ്ടാകത്തില്ലെന്നു ഉറപ്പാക്കിയവരും സ്ഥലത്തിന്റെ കുഴപ്പം കണ്ടെത്തിയവരും പാരമ്പര്യം പഴിപറഞ്ഞവരും ഓരോരുത്തരായി ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. അവരുടെയൊക്കെ പ്രാര്‍ത്ഥന കാരണമാണ് ഇപ്പോഴെങ്കിലും ഇങ്ങനൊരു ശുഭവാര്‍ത്തയുണ്ടായതെന്ന് അവകാശപ്പെട്ടവരും ഏറെ. എട്ടുമാസം നിറവയറോടെ നിന്ന എന്നെ നോക്കി ,കൂവളത്തിലപറിക്കാനെത്തിയ അയല്‍ക്കാരി പാറു അമ്മൂമ്മ പറഞ്ഞു ''മച്ചികളായ പെണ്ണുങ്ങളെ കാണുമ്പോള്‍ എനിക്കാകെ സങ്കടം വരും, കുഞ്ഞിനെ നോക്കി ഒത്തിരി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്''. നമ്മളറിയാതെ പോകുന്ന എത്രയെത്ര പ്രാര്‍ത്ഥനകള്‍...    

ശരീരമിളകാതിരിക്കാനൊന്നും എനിക്കു കഴിഞ്ഞില്ല, വീട്ടിലെ എല്ലാ ജോലികളും ചെയ്ത് തളര്‍ന്ന് ആവോളം ചര്‍ദ്ദിച്ചും കുഴഞ്ഞും ഒമ്പതുമാസവും പൂര്‍ത്തിയാക്കി. ഒടുവിലങ്ങനെ ഞാനും അമ്മയായി,23-ം വയസ്സില്‍,സുഖപ്രസവം.പേരു ദോഷം മാറിക്കിട്ടിയതില്‍ ഞാനും പേരുനിലനിര്‍ത്താന്‍ ഒരാളുണ്ടായതില്‍ എന്റെ ഭര്‍ത്താവും ഭര്‍ത്തൃപിതാവും സന്തുഷ്ടരായി. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, ഞങ്ങളുടെ ജീവിതത്തിലേക്ക് അതിഥിയായെത്തിയ ഓമനയ്ക്ക് ജോര്‍ജ് എന്നു പേരിട്ടു. അവനിപ്പോള്‍ കാനഡയില്‍ ജേണലിസ്റ്റാണ്.

എന്റെ കുഞ്ഞിനെ കണ്ടിട്ട് മരിക്കാന്‍ കൊതിച്ച വല്ല്യമ്മച്ചി രണ്ടാമത്തെ കുഞ്ഞിനെയും കണ്ടിട്ടാണ് പോയത്. കിടപ്പിലായ ഭര്‍ത്തൃമാതാവ് സ്വാധീനമുള്ള ഒറ്റക്കൈകൊണ്ട് പേരക്കുട്ടിയെ ആവോളം ലാളിച്ച് ആഹ്ളാദിച്ചു. അപ്പോഴെനിക്ക് ചില വലിയ കാര്യങ്ങള്‍ മനസ്സിലായി, നമ്മുടെ പരിമിതികളെ പഴി പറഞ്ഞ് ഒരു കാര്യവും പിന്നത്തേക്ക് മാറ്റി വയ്ക്കരുത്, സാഹചര്യത്തിനനുസരിച്ച് എല്ലാവരും അഡ്ജസ്റ്റ് ചെയ്തോളും. മറ്റുള്ളവര്‍ക്കായി ഒരുപാട് ഒത്തുതീര്‍പ്പുകള്‍ക്ക് പോകരുത്, ആരും നമ്മളെ മനസ്സിലാക്കിയെന്നു വരില്ല.

Content Highlights: Mother's Day 2019