മാതൃ ദിനം എന്നൊരു ദിനം മാറ്റി നിര്‍ത്തി അതിലേക്കു അമ്മയെ കയറ്റി നിര്‍ത്തി ഒന്ന് കൊഞ്ചിക്കാനോ ഉമ്മ കൊടുക്കാനോ കെട്ടിപിടിക്കാനോ എനിക്ക് പറ്റില്ല.  കാരണം ജനിച്ചു വീണപ്പോള്‍ തൊട്ട് കാണുന്ന ഒരാള്‍ ജീവിതത്തില്‍ അത്ര മാത്രം നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാന്‍ എങ്ങിനെ ആ വ്യക്തിയെ ഒരു ദിവസത്തിലേക്കായി ചുരുക്കും ? അതിലും എത്രയോ ഭേദമാണ്,  ഓരോ മാതൃദിനത്തിലും തുടങ്ങി അടുത്ത മാതൃദിനം വരേയ്ക്കും നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ജീവിത-മരണങ്ങള്‍ക്കപ്പുറത്ത് സ്ഥാനം പിടിച്ചിരിക്കുന്ന ആ തായ്വേരുകളെ ആഘോഷിക്കുക എന്നത്. ഒരാളെ പ്രസവിച്ചു എന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് അമ്മയാകാന്‍ പറ്റുമോ ? ഒരു പക്ഷെ ഇല്ലായിരിക്കാം . അമ്മ എന്ന ഭാവത്തിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള എന്‍ട്രി ടിക്കറ്റ് മാത്രമാണ് അത്. അമ്മമാര്‍ തന്നെ സ്വന്തം ചോരയെ വില്കുകയോ , തല്ലി കൊല്ലുകയോ ഒക്കെ ചെയ്യുന്ന കാലമാണ് ഇത് . ഇത് കാലത്തിന്റെ മാത്രം പ്രശ്‌നവുമായിരിക്കില്ല . പണ്ട് മുതലേ ആ ഭാവത്തിലേക്ക് കയറാന്‍ വിസമ്മതിച്ച എത്രയോ പേര്‍ ജീവിച്ചു മരിച്ചു കാണും . അവര്‍ കാരണം താറുമാറായ ഒട്ടനവധി ദുരന്ത ജീവിതങ്ങളും . 

ഓരോ കുഞ്ഞും ഓരോ ചിത്രമാണ് . കാലങ്ങളോളം അമ്മമാരുടെ മൃദുലമായ വിരലുകള്‍ ചായങ്ങളില്‍ ഒപ്പി ഉണ്ടാക്കുന്ന ചിത്രങ്ങള്‍. നിറക്കൂട്ടുകള്‍ അതാതു സ്ഥാനത്ത് അതാത് അളവില്‍ പതിപ്പിച്ചാല്‍ മാത്രമേ അതൊരു നല്ല  ചിത്രമാകുകയുള്ളു . ഇല്ലെങ്കില്‍ ഭയാനകമായ രീതിയില്‍ ഒരു നാശം സംഭവിക്കാം - വ്യക്തിത്വമാകുന്ന ആ ചിത്രങ്ങളുടെ.  അങ്ങനെ ഉള്ള നിറങ്ങള്‍ കലങ്ങിമറിഞ്ഞ് വികൃതമായ ചിത്രത്തില്‍ നിന്ന്  കറകള്‍ ഒപ്പി മാറ്റാന്‍ ദൈവസ്പര്ശമുള്ള ഒരു കൈ തുനിയുന്ന വരെ. അല്ലെങ്കില്‍ ഉള്ള വേറൊരു സാധ്യത -ആ ദുരന്തങ്ങള്‍ക്കപ്പുറത്തു നിന്നും കല്‍ക്കരികള്‍ക്കിടയില്‍ കിടന്നു ശോഭിക്കുന്ന വജ്രത്തെ പോലെ  ആത്മശോഭ ആ കറകളെ   നിഷ്പ്രഭമാക്കി പ്രകാശിക്കുക എന്നതാണ്. എത്ര പേര്‍ക്ക് അത് സാധിക്കും ? 

മണിക്കൂറുകള്‍ നീളുന്ന പ്രസവ വേദനയില്‍ മുങ്ങി താണു പ്രസവിച്ചത് കൊണ്ട് അമ്മ ആകുന്നുണ്ടോ? അമ്മ ആകാന്‍ തുടങ്ങല്‍ മാത്രമാണത്. അവിടെ തൊട്ടു തന്റെ  ജീവിതത്തിലെ ഏറ്റവും വലിയ കലാസൃഷ്ടി ഉണ്ടാക്കാനുള്ള ഒരു കലാകാരന്റെ ശ്രമം പോലെ , ഭംഗിയുള്ള ഒരു ജീവിത ശില്പത്തെ വാര്‍ത്തെടുക്കുക എന്നതാണ് ഒരമ്മ ചെയ്യേണ്ടത്. 

അമ്മ ആകുക എന്നത് തന്നെ ജീവിതത്തിലെ ഒരു ആദ്ധ്യാത്മികമായ പടവാണ്. ഉള്ളില്‍ ഒരു കുഞ്ഞു അങ്കുരിക്കുമ്പോള്‍ പൂര്‍വ്വികരോടുള്ള കടം തീര്‍ക്കല്‍ എന്നതിനുപരി ദൈവത്തോടുള്ള ഒരു പ്രതിബദ്ധത തുടങ്ങുകയാണ് എന്നതാണ്. അപ്പോള്‍ തൊട്ട്, ഊണിലും ഉറക്കത്തിലും നില്പിലും നടത്തത്തിലും ഒക്കെ ഒരേ ധ്യാനത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഒരമ്മയുടെ ശരീരം - കുഞ്ഞാകുന്ന ആത്മാവിന്റെ  ക്ഷേമത്തെ കരുതിയുള്ള ധ്യാനം. വീഴാതെ നോക്കണം, ഭക്ഷണം ശ്രദ്ധിക്കണം അങ്ങനെ എന്തൊക്കെ കാര്യങ്ങള്‍. പക്ഷെ അതിലുമൊക്കെ എത്രയോ പ്രധാനപ്പെട്ടത് -  പുതിയ അതിഥിക്ക്- വേറൊരു കുഞ്ഞാത്മാവിനു , ഉള്ളില്‍ ഒരു ഇടമുണ്ടാക്കുക എന്നതാണ് . അമ്മ എന്ന വ്യക്തിയുടെ ചിന്തകള്‍ , സന്തോഷങ്ങള്‍ , സങ്കടങ്ങള്‍  എല്ലാം ആ ആത്മാവിനെയും ബാധിക്കും. ഒരേ മുറിയില്‍ സഹവാസിയോടൊപ്പം വര്‍ത്തിക്കുമ്പോള്‍ നമ്മുടേതായി കുറെ സാമാനങ്ങള്‍ കൊണ്ട് നിറച്ചാല്‍ എങ്ങിനെയിരിക്കും  ? അവര്‍ക്കും വേണ്ടേ സ്ഥലം.അങ്ങിനെ ആ കുഞ്ഞിനെ  , അത്രമേല്‍ ധ്യാനത്തോടെ , കരുതലോടെ വേണം ഉള്ളില്‍ വസിപ്പിക്കാന്‍.  

ഒറ്റപ്പാലത്തുള്ള ആശുപത്രിയില്‍ പ്രസവിച്ചു വീണ ഞാന്‍ കരഞ്ഞില്ല എന്നത് വലിയൊരു പ്രശ്‌നമായിരുന്നു. പ്രസവസമയത്ത് അവിടെ എങ്ങിനെയോ എത്തിപ്പെട്ട ചൈനീസ് ഡോക്ട്ടര്‍ കീഴ്ക്കാം തൂക്കായി തൂക്കി എടുത്ത് രണ്ടു തല്ലു തന്നപ്പോഴേ ഞാന്‍ കരഞ്ഞുള്ളൂവത്രേ ! എങ്ങിനെ കരയുമായിരുന്നു ! അമ്മയുടെ ഉള്ളില്‍ കയറിക്കൂടിയപ്പോഴേ എന്റെ ലോകം മുഴുവന്‍ അമ്മയായി തീര്‍ന്നുവല്ലോ . അമ്മയുടെ ഉള്ളില്‍ നിന്ന് പുറമേക്ക് പിറന്നു വീണപ്പോഴും ഉള്ളിലുള്ള അതെ ശാന്തതയും സാമീപ്യവും അറിഞ്ഞു കാണും കുഞ്ഞായ ഞാന്‍ എന്ന് കരുതുന്നു .

ഞാനും അമ്മയുമുള്ള പിന്നെയുള്ള ദിവസങ്ങള്‍ ഞങ്ങളുടെ ആത്മാക്കള്‍ അത്യന്തം ഇടകലര്‍ന്നുള്ളതായിരുന്നു . ഗര്ഭപാത്രത്തിലെന്ന പോലെ അപ്പോഴും ഞങ്ങള്‍ ഒന്നായി തന്നെ വര്‍ത്തിച്ചിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ രാവിലെ നാല് മണിക്ക് തന്നെ പക്ഷികളുടെ  കളകളാരവം കേട്ട് എഴുന്നേറ്റ് കൈകാലിട്ടടിച്ച് തന്നെ കളിച്ചു കിടക്കുമായിരുന്ന ഞാന്‍ , അമ്മ പാല് കൂട്ടി കൊണ്ട് വരുന്ന വരെ ക്ഷമയോടെ നോക്കി കിടക്കുമായിരുന്നത്രെ. അല്ലെങ്കിലും ഒരു ദേഹത്തെ കൈ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അതേ ദേഹത്തെ കാലുകള്‍ ക്ഷമയോടെ നില്‍ക്കില്ലേ? അത്രമേല്‍ ഒന്നായിട്ട്. 

അമ്മയുടെ ഹൈക്കു കവിത പറയുന്ന പോലെ 

We are one
Difficult to say
Where I end and you begin. 

വാശികള്‍ കുറവുള്ള ഒരു കുഞ്ഞായിരുന്നുവത്രെ ഞാന്‍ . അതെന്തുകൊണ്ടെന്നു ചോദിച്ചാല്‍ .. വേണ്ടത് വേണ്ടതിലധികം കിട്ടുമ്പോഴൊക്കെ അല്ലെ നമ്മള്‍ ഒന്നിനും വാശി  പിടിക്കാതിരിക്കുക. അപ്പോഴേക്കും അമ്മയുടെ ലോകം  തന്നെ ഞാന്‍ കൈ അടക്കിയിരുന്നു  .

എന്റെ കമിഴലും നീന്തലും ഒക്കെ അമ്മ എഴുതിയിരുന്ന കടലാസുകളിലൂടെ ആയിരുന്നു . പക്ഷെ എഴുത്തിനോട് എത്ര അമ്മ സ്വയം സമര്‍പ്പിച്ചിരുന്നുവോ , അത്രയും പരിഗണന എനിക്കും കിട്ടിയിരുന്നു. അമ്മ, പേന, കടലാസ് എന്നിവയുള്ള ലോകത്തു തന്നെ ഞാന്‍ പിച്ച വെച്ച് നടന്നു  പഠിച്ചു . ഒന്നിന് വേണ്ടി ഒന്നിനെ മാറ്റി നിര്‍ത്തിയൊരു  എഴുത്തുകാരി ആയിരുന്നില്ല അമ്മ. പിന്നീട് കുത്തിവരക്കുന്ന അക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ആദ്യം എടുത്ത് അഭ്യസിച്ചത് അമ്മയുടെ കഥ അച്ചടിച്ച് വന്ന ഒരു പുസ്തകത്തില്‍ ആയിരുന്നു . അതൊന്നും ഒരിക്കലും ഒരു കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടില്ല . ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു അതിനൊക്കെ ഉള്ള ശിക്ഷ . സാധനങ്ങള്‍ അഴിച്ചു മാറ്റി തവിടുപൊടിയാക്കുന്ന പ്രായമായപ്പോള്‍ അവാര്‍ഡുകളിലേക്ക് എന്റെ പ്രവര്‍ത്തന രംഗം വ്യാപിപ്പിച്ചു . അതും ഒരിക്കലും കേസ്  ആയില്ല. അങ്ങിനെ ചിലതിന്റെ ഒക്കെ കാലൊടിഞ്ഞും  പോയി. 

ഞാന്‍ നേരത്തെ പറഞ്ഞ പോലെ സ്വന്തം ഇടത്തിലേക്ക് മറ്റൊരാളെ സ്വീകരിച്ചു ഇരുത്തുക എന്നത് ഗര്ഭപാത്രത്തിനപ്പുറം സ്വന്തം ജീവിതത്തിലും ചെയ്യാന്‍ അമ്മ പ്രഗത്ഭയായിരുന്നു . അവഗണന ആണ് ഒരു കുഞ്ഞിനോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകം . ഒരു പക്ഷെ എഴുത്തിനു വേണ്ടി എന്നെ അവഗണിച്ചിരുന്നെങ്കില്‍ ഞാന്‍ അറിയുകയേ ഉണ്ടായിരുന്നില്ല . അങ്ങനെ അമ്മയുടെ എഴുത്തും എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായിരുന്നു.

ഒരു തരത്തിലുള്ള അരക്ഷിതത്വവും എന്നെ ഭയപ്പെടുത്താത്തതിനാലാകാം അമ്മയുടെ കൂടെയുള്ള , മൗനം മാത്രം വാചാലമാകുന്ന ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ , ആ അന്തരീക്ഷത്തോട് അമ്മയോടൊപ്പം അലിഞ്ഞ് അതിന്റെ ഭംഗിയില്‍ സ്വയം മറന്നിരിക്കുവാന്‍ കുഞ്ഞു നാളുകളിലും കഴിഞ്ഞത് .

തറവാട്ടിലേക്കുള്ള യാത്രകള്‍ എനിക്ക് പ്രിയങ്കരമായത് ബാല്യത്തിലും ഓര്‍മ്മയിലും നല്ലതു മാത്രം അമ്മ കടന്നു വരാന്‍ സമ്മതിച്ചതിനാലാണ്.  തറവാട്ടിലെ കോലായിയെ ആര്‍ക്കും വേണ്ടിയിരുന്നില്ലെങ്കിലും വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ക്കത് സ്വര്‍ഗ്ഗമായിരുന്നു . ഞാനും അമ്മയും പിന്നെ രാജു എന്ന് പേരുള്ള   പട്ടിക്കുട്ടിയും രാത്രിയാകും വരെ അസ്തമയം കണ്ടവിടെ ഇരിക്കുമായിരുന്നു . മിക്കപ്പോഴും മൗനം തന്നെ . ദൂരെ ഉള്ള കുന്നിന്‍ ചെരിവുകളിലെ മേഘങ്ങളെല്ലാം ചുവന്നു തുടുത്ത്  വിട പറഞ്ഞു പോകുമ്പോള്‍ ഇളം കാറ്റേറ്റ് പാടത്തെ നെല്‍ക്കതിരുകള്‍ ആടിയാടി  സ്വയം താരാട്ടി ഉറക്കത്തിലേക്ക് കടക്കുമ്പോള്‍ , പറവ കൂട്ടം കൂടു തേടി പറന്നകലുമ്പോള്‍  ഞങ്ങളും ശാന്തതയിലേക്ക് അപ്രത്യക്ഷരാകുമായിരുന്നു .  എത്ര കണ്ടാലും , എന്നും നവ്യമായി തോന്നിയ അനുഭൂതി . ചിലപ്പോഴൊക്കെ ആ കാഴ്ചകളൊക്കെ ദാഹിച്ചു വെള്ളം കുടിക്കുന്ന പോലെ  അമ്മ ആത്മാവിലേക്ക് നിറച്ചെടുക്കുന്നത് ഞാന്‍ നോക്കി ഇരുന്നിട്ടുണ്ട്. ആ കണ്ണുകളില്‍ മുഴുവനും കൃതജ്ഞത മാത്രമേ അപ്പോള്‍ കാണുകയുള്ളു.   ഒരു സന്ധ്യ തന്നതിന് , ദൈവത്തോട്  അത്യധികം നന്ദി പറഞ്ഞിരിക്കുന്ന പോലെ . 

ഇങ്ങനെ ഉള്ള സന്ധ്യകളില്‍ ഇലമണ്ണിലമ്മയുടെ പ്രതിഷ്ഠ ഉള്ള ഞങ്ങളുടെ തറവാട്ടമ്പലത്തില്‍ അവിടെ ഉള്ളപ്പോള്‍ അമ്മ എന്നെയും കൂട്ടി പോകുമായിരുന്നു . പാടവരമ്പത്ത് കൂടി ഉള്ള ഒരു യാത്ര . അവിടെയും അധികം ആളനക്കമോ ഒന്നും ഉണ്ടാകുമായിരുന്നില്ല. അവിടെയും തടുത്തു നില്ക്കാന്‍ പറ്റാത്ത തരം ഒരു നിശബ്ദത ഉണ്ടാകുമായിരുന്നു . അമ്പല പരിസരത്ത് ഉള്ള പടുകൂറ്റന്‍ ആല്‍മരം എന്നുമെനിക്കൊരതിശയമായിരുന്നു . അമ്മ പ്രാര്‍ത്ഥിക്കുന്ന സമയത്ത് ആ നിശ്ശബ്ദത ഉള്‍കൊള്ളാന്‍ പറ്റാതെ തെല്ലു പേടിയോടെ ഞാന്‍  കൈകൂപ്പി നില്‍ക്കുന്നതിനിടയില്‍ ഒറ്റക്കണ്ണ് തുറന്നു അമ്മയെ നോക്കി നിന്നിട്ടുണ്ട്. ആ പ്രാര്‍ത്ഥനയില്‍ മുഴുകിയെന്നവണ്ണം ആലിന്റെ  ഒരില പോലും അനങ്ങില്ല.  എല്ലാ കാറ്റും അടങ്ങി  പറഞ്ഞറിയാന്‍ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കടക്കുമായിരുന്നു . അമ്പലത്തിലേക്ക് എത്തുന്ന വരെ ചോദ്യങ്ങള്‍ ചോദിച്ചു നടന്നിരുന്ന ഞാന്‍ തിരിച്ചു പോരുമ്പോള്‍  എന്നും അവിടെ നിന്നുള്ളിലേക്ക് 
 ആഴ്ന്നിറങ്ങിയ മൗനത്തില്‍ മുങ്ങികുളിച്ചിട്ടായിരുന്നു വന്നിരുന്നത് . അമ്മയുടെ മുഖത്തും തികഞ്ഞ ഗാംഭീര്യം നിഴലിക്കുമായിരുന്നു . വാക്കുകള്‍ക്ക് അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല . 

മൗനം മാത്രമായിരുന്നോ ഞാന്‍ അമ്മയില്‍ കണ്ട ഭാവം? അല്ല, തീര്‍ച്ചയായും അല്ല, ഏതൊരമ്മയെക്കാളും എന്നോട് എന്റെ പ്രായത്തില്‍ എന്നെക്കാളധികം ബഹളം വെച്ച് കളിച്ചിരുന്ന , കുറുമ്പ് എന്താണെന്നു പഠിപ്പിച്ചു തന്നിട്ടുള്ള , ഹൃദയം പൊട്ടി ചിരിക്കാന്‍ പഠിപ്പിച്ച ഒരു രസികത്തി അമ്മയായിരുന്നു എന്റേത്.  പക്ഷെ ഇതിനൊക്കെ ഇടയിലും ഞാന്‍ ബഹുമാനിച്ചിരുന്ന ,  ഒരു കുഞ്ഞിന്റെ അമ്മയുടെ മേലുള്ള അവകാശം വെച്ച് തകര്‍ത്തെറിയാന്‍  ഇഷ്ടപ്പെടാത്ത , ഒരു സാത്വിക വശവും  അമ്മക്കുണ്ടായിരുന്നു . ഞാന്‍-അമ്മ എന്ന അതിര്‍ത്തികള്‍ ഇല്ലാതായിരുന്ന  , മൗനത്തില്‍ ചാലിച്ച കുറെ വര്‍ണ്ണ ചിത്രങ്ങള്‍. അവയെ ഇന്നും എന്റെ  നിധികളായി ഞാന്‍ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നു . ഈ ഭാവങ്ങള്‍ തമ്മില്‍ സൂക്ഷ്മമായ ഒരു തുല്യത അമ്മ കാത്തുസൂക്ഷിച്ചിരുന്നു . അതായിരുന്നു എന്റെ ബാല്യത്തിന്റെ  ശക്തമായ അടിസ്ഥാനവും . 

കുഞ്ഞുങ്ങള്‍ എല്ലാ ഘട്ടത്തിലും ആദ്യം ഉറ്റുനോക്കുന്നത് അമ്മയെയാണ് - ആദ്യ ഗുരുവിനെ. അവര്‍ അറിയാതെ തന്നെ സ്വന്തം അമ്മയില്‍ അവര്‍ കണ്ടു പഠിച്ച വൈകാരിക ബുദ്ധികളും ചിന്തയുടെ പാതകളും സ്വയം ഒപ്പി എടുക്കുന്നു . എപ്പോഴോ അവര്‍ അറിയാതെ അമ്മയുടെ പ്രതിഫലനങ്ങളായി മാറുന്നു .  അത് ഏതൊരമ്മയും അറിയേണ്ടതാണ് . ജീവിതത്തിലെ ഓരോ ഘട്ടത്തിലും , അമ്മയെ സംബന്ധിച്ചതായാലും എന്നെ സംബന്ധിച്ചതായാലും , സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എല്ലാം അമ്മ ചൂണ്ടിക്കാട്ടി തന്നിട്ടുണ്ട്. ഒരു പക്ഷെ അപ്രസക്തമെന്നു തോന്നുന്ന പലതിലും ആയിരിക്കും ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള  കാര്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നത് . 
സമ്മാനങ്ങളോടും പ്രഹരങ്ങളോടും കൂടിയ  ജീവിതം തന്നെ ഒരു കല ആയി മാറുമ്പോഴാണ് അതിനു ഭംഗി വെക്കുന്നതും. 

അമ്മയോട്- 

''എന്റെ ആത്മാവാകുന്ന കാന്‍വാസില്‍ അമ്മ ഒരുപാട് വരച്ചു വെച്ചിട്ടുണ്ട്. കൈകള്‍ പതറുമ്പോഴും വരയുടെ സഞ്ചാരഗതികള്‍ തെറ്റിയിട്ടില്ല . കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കുമ്പോഴും നിറങ്ങള്‍ കലങ്ങി മറിഞ്ഞിട്ടില്ല .  ഒരു കുഞ്ഞു പൂവിനെ എന്നവണ്ണം മാര്‍ദ്ദവത്തോടെ എന്നെ ഉള്ളില്‍ തന്നെ ഇടം തന്നാണ് എന്റെ ജീവിതത്തിലെ പകുതി വഴിയും താണ്ടിച്ചത്. ഇനിയും കിടക്കുന്നു , മറു പകുതി . 

ഗുരു പറഞ്ഞു തന്നെനിക്ക് പകര്‍ന്നു പോയ വാക്കുകള്‍ വഴികാട്ടി ആയ റാന്തലായി കൈയ്യിലുണ്ട്-ഓരോ പ്രശ്‌നങ്ങളില്‍ പെട്ട് ഞെരുങ്ങുമ്പോള്‍ താക്കോല്‍ പഴുതിലൂടെ നോക്കാതെ  കുന്നിന്‍ മുകളില്‍ കയറി ജീവിതത്തെ വീക്ഷിക്കുവാന്‍ .  എന്റെ ഉള്ളിലെ ഓരോ ഞരമ്പും കോശവും ഓരോ തുള്ളി രക്തവും പാകപ്പെടുത്തുന്ന സ്വാഭാവികമായ പ്രക്രിയയില്‍ തുടങ്ങി ആത്മാവില്‍ വരെ  അമ്മ രൂപഭേദം വരുത്തിയിരിക്കുന്നു . അതിനുള്ള ഭാഗ്യം എത്ര കുഞ്ഞുങ്ങള്‍ക്കു അവരുടെ അമ്മമാരില്‍ നിന്ന് കിട്ടിയിട്ടുണ്ട് എന്നെനിക്കറിയില്ല.  അതിനുള്ള കൃതജ്ഞത വാക്കുകളാലോ ജന്മങ്ങളാലോ  തീരില്ല . വെറുതെയാണ് അതൊക്കെ പറഞ്ഞറിയിക്കാനുള്ള ശ്രമം. ഞാന്‍ അതിനൊക്കെ തിരിച്ചു തന്നുവോ അമ്മക്ക്? അമ്മ തന്നെ പറഞ്ഞില്ലേ , 

ആദ്യത്തെ ചിരി, ആദ്യത്തെ ഉമ്മ 
ആദ്യത്തെ കൊഞ്ചല്‍ , ഒടുവില്‍ പിരിഞ്ഞു പോകലും 
ഒരു പാവം അമ്മയുടെ ആജന്മ പ്രതിഫലം !

അമ്മ എന്നില്‍ നിറച്ചു തന്ന മാതൃഭാവം ഇനി വരും തലമുറകള്‍ക്കു തണലായി തീരട്ടെ. ഈ ശക്തമായ  തായ്  വേരുകള്‍ തന്നെയാവട്ടെ നമ്മുടെ പൈതൃകവും . 

നമ്മളറിയാതെ തന്നെ നമ്മള്‍ കൈമാറിയിട്ടുണ്ട് അനേക ജന്മങ്ങളിലേക്കുള്ള നിറക്കൂട്ടുകള്‍ . അത് അദൃശ്യമായും എന്നില്‍ അമ്മ ചാലിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നു . അതില്‍ തുടരട്ടെ എന്റെ മറുപകുതി ജീവനും .'

Content highlights: Writer Ashitha's Daughter Uma Writes, Mother's Day 2019