പൂമരം തണല്‍വിരിച്ച ഒരു നാള്‍. ചെന്നൈ വല്‍സരവാക്കത്തെ 'അശ്വതി'യില്‍ അതിന്റെ നിറങ്ങളുണ്ട്. മുറ്റത്ത് തലനീട്ടി നോക്കുന്ന മരങ്ങള്‍, മരതക നിറമുള്ള മുളങ്കൂട്ടങ്ങള്‍. തോട്ടം പറയുന്നുണ്ട്, ആരോ നന്നായി നോക്കി വളര്‍ത്തിയതാണെന്ന്. 

അകത്ത് ആദ്യം കണ്ണു ചെല്ലുന്നത് വലിയൊരു ഫോട്ടോയിലേക്കാണ്. ആഹ്ലാദിച്ച് ചിരിക്കുന്ന ഒരച്ഛനും അരികില്‍ ചേര്‍ന്നിരിക്കുന്ന അമ്മയും. ഇരുപുറവും രണ്ടു കുസൃതിക്കുരുന്നുകള്‍. അവരില്‍  രണ്ടുപേര്‍ നേരത്തേ നായകനും നായികയുമാണ്. ജയറാമും പാര്‍വതിയും. ഫോട്ടോ കണ്ട് തിരിഞ്ഞപ്പോള്‍ പുറകില്‍ അമ്മയും മകനും. മുടി അല്‍പം വിടര്‍ത്തിയിട്ട് പാര്‍വതി. ഒതുക്കി ചീകിവെച്ച് കാളിദാസ്. കാലമെത്ര മാറി, എന്നിട്ടും ആ നായികയുടെ വലിയ കണ്ണുകളിലെ തിളക്കം ഇപ്പോഴും അതുപോലെത്തന്നെ! 

പക്ഷേ കുട്ടികാളിദാസ് മാറിപ്പോയി. ജയറാമിനോളം പൊക്കം. ഇടക്കിടെ നെറ്റിയിലേക്കു വീഴുന്ന മുടി. ആള്‍ അടുത്തുവന്നിരുന്നു. പൊതുവേ കൂട്ടകാരോടൊത്തു ചുറ്റിക്കറങ്ങുന്ന പ്രായം. പക്ഷേ അതിന്റെ തിരെക്കാന്നും കക്ഷിക്ക് കാണാനില്ല. ''എനിക്കതിന് അധികം കൂട്ടുകാരില്ല. ബെസ്‌റ് ഫ്രണ്ട്‌സ് എന്നു പറയാനിപ്പോ..'' മുഖമൊന്ന് ചെരിച്ച് കാളിദാസ് ആലോചനയിലായി. ''സത്യം പറയാലോ, സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ വരുന്നതാണ് എനിക്ക് ഇഷ്ടം. '' 

അമ്മയുടെ സിനിമകള്‍?

പിന്നെ..മിക്കവാറും എല്ലാം കണ്ടിട്ടുണ്ട്. പാര്‍വതി തല ചെരിച്ചു സംശയഭാവത്തില്‍ ചോദിച്ചു, ''പിന്നേ, കണ്ണന്‍ എവിടാ എല്ലാം കണ്ടിട്ടുള്ളത്?''

കാളിദാസ് തിരുത്തി. ''അല്ല, വളരെ പഴയതൊന്നും കണ്ടിട്ടില്ല. പക്ഷേ കുറേ കണ്ടിട്ടുണ്ട്..തലയണമന്ത്രം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വടക്കു നോക്കി യന്ത്രം...'' 

അച്ഛന്റെയോ? 
അച്ഛന്റെ സിനിമ കാണുക മാത്രമല്ലല്ലോ. ഞാനഭിനയിച്ചിട്ടില്ലേ കൂടെ. ആദ്യത്തെ സിനിമ കഴിഞ്ഞപ്പോ ഗംഗാധരനങ്കിള്‍ (ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ പി. വി ഗംഗാധരന്‍) ഒരു പൊതിയും കൊണ്ടു വന്നു. ഞാന്‍ വിചാരിച്ചു, ചോക്‌ലേറ്റ് ആയിരിക്കും! പക്ഷേ തുറന്നപ്പോള്‍ പൈസ!

പാര്‍വതി അതിന്റെ കൂടെ ഒരു രഹസ്യം പറഞ്ഞു, ഇത്തിരി അഭിമാനത്തോടെ. ''ഇത്തവണത്തെ ഞങ്ങളുടെ വിദേശ യാത്ര കണ്ണന്റെ ഗിഫ്റ്റായിരുന്നു.'' തമിഴില്‍ രണ്ടു സിനിമകളായി കാളിദാസിന്. മകന്‍ വളര്‍ന്നു, ആ അഭിമാനമുണ്ട് അമ്മയുടെ കണ്ണില്‍.

അമ്മയുടെ ഒപ്പം അഭിനയിക്കണമെന്നുണ്ടോ ?

നല്ല തിരക്കഥ വന്നാല്‍. എന്നാലേ കാര്യമുള്ളൂ. അല്ലാെത അമ്മയാണെന്ന് കരുതി ചെയ്യാന്‍ നില്‍ക്കരുത്. പാര്‍വതി വീണ്ടും അഭിനയിക്കുന്നു എന്ന് പ്രതീക്ഷിച്ചു വരുന്നവരാവും. അപ്പോ ഒരു സാധാരണ പടം പോരല്ലോ..
പാര്‍വതി ഇനിയും അഭിനയത്തിലേക്കു വരാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇടവേളക്കുശേഷം വരുന്നവരുണ്ടല്ലോ...
പാര്‍വതി ഒന്ന് അമ്പരന്നു. ഞാനോ എന്ന മട്ടില്‍ നോക്കി. പിന്നെ കൂളായി പറഞ്ഞു.
ആലോചിച്ചിട്ടേയില്ല..എനിക്കു വീടു വിട്ടു നില്‍ക്കാന്‍ ഇഷ്ടമല്ല; കണ്ണനു കൂട്ടുപോകാനാണെങ്കില്‍ പോലും.

parvathi

പക്ഷേ പാര്‍വതി അഭിനയിച്ചിരുന്ന കാലത്ത് അമ്മ കൂട്ടു വരുമായിരുന്നല്ലോ..

എല്ലാം മാറ്റിവെച്ച് വന്നിട്ടുണ്ട് അമ്മ. ടീച്ചറായിരുന്നു. അഞ്ചു വര്‍ഷം ലീവെടുത്തു എനിക്ക് കൂട്ടു വരാന്‍. സ്വന്തം കരിയര്‍ കളഞ്ഞിട്ടാണ് അമ്മ വന്നത്. അതും രണ്ടു പെണ്‍കുട്ടികളെ വീട്ടില്‍ വിട്ടിട്ട്. ചേച്ചിക്ക് എന്നേക്കാള്‍ രണ്ടര വയസ്സു കൂടുതല്‍. അനിയത്തി നാലു വയസ്സു താഴെ. അവെരല്ലാം സാക്രിഫൈസ് ചെയ്തതുകൊണ്ടാണ് ഞാനീ നിലയിലെത്തിയത്. എന്നിട്ടു ചിരിച്ചു, ''അല്ല, വലിയ നിലയിലെത്തീയൊന്നും  അല്ല ഉദ്ദേശിച്ചത്.'

എന്നാലും അവര്‍ക്കൊക്കെ സന്തോഷമായിട്ടുണ്ടാകില്ലേ? 

സിനിമാക്കാര്യങ്ങെളാെക്ക പറയാറ്. അവളായിരുന്നു എന്റെ ഏറ്റവും വലിയ ക്രിട്ടിക്. ഏറ്റവും അടുത്ത ഫ്രണ്ടും അവളിപ്പോ ഇല്ല. അതിനുശേഷം സിനിമയെ പറ്റി ഞാന്‍ ആരോടും അത്ര സംസാരിച്ചിട്ടില്ല. കണ്ണുകള്‍ താഴ്ത്തി, അവര്‍ ഇത്തിരി നേരം മിണ്ടാതിരുന്നു.

കാളിദാസ് ഒറ്റഡയലോഗ് കൊണ്ട് സീന്‍ മാറ്റി. ' ഇവിടെ ചക്കിയാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക്. മോശമായാല്‍ മുഖത്ത് നോക്കി പറയും. കത്തി എടുത്ത് കുത്തുന്നത് പോലെയാ..'

കണ്ണനും ചക്കിയെപ്പോലെയാണോ?

അവന്‍ വീട്ടില്‍ ഇത്തിരി സെന്‍സിറ്റീവാണ്. പുറത്ത് സ്‌ട്രോങ്ങും. 

കണ്ണന്റെ പ്രായത്തില്‍ കൂട്ടുകാരുണ്ടായിരുന്നോ?

പിന്നേ പേരെടുത്ത് പറയാവുന്നവരുണ്ട്. പേരുപറയാന്‍ പറ്റാത്തവരുണ്ട്. കൈത്തലം ചെറുതായി മടക്കി മുഖം പൊത്തി ചിരിക്കുന്നു. വടക്കുനോക്കി യന്ത്രത്തിലെ ശോഭയുടെ ചിരി. അല്ല കൂട്ടുകാരില്ലാതെ ജീവിക്കാന്‍ പറ്റുമോ?

നടന്മാരില്‍ ഞാന്‍ ഏറ്റവും ഫ്രണ്ട്‌ലിയായിട്ടുണ്ടായിരുന്നത് ദേവനുമായിട്ടായിരുന്നു. പിന്നെ മുരളിച്ചേട്ടന്‍, രാജു ചേട്ടന്‍, ശ്രീരാമന്‍, കുഞ്ചന്‍...  വല്ലാതെ മിസ് ചെയ്യുന്നത് ഭരതനങ്കിളിനെയാണ്; എന്റെ അനിയത്തിയെ മിസ് ചെയ്യും പോലെ. എത്രയോ വലിയ ഡയറക്ടറാണ് അദ്ദേഹം. എന്നിട്ടും നമ്മളോട് കൊച്ചു പിള്ളാരോടെന്നപോലെ സ്‌നേഹമായിട്ട് പെരുമാറിയല്ലോ എന്നോര്‍ക്കുമ്പോ...സിബി മലയിലുമായിട്ടും നല്ല അടുപ്പമാണ്. എപ്പോഴും ഫോണ്‍ ചെയ്തിട്ടോ കണ്ടിട്ടോ ഒന്നുമല്ല. പക്ഷേ നമുക്കറിയാലോ. ചില ആളുകള്‍ നമ്മളെ വിട്ടു പോവില്ല. നമുക്കു വേണ്ടി അവരുണ്ടാവും. 

കാണാറുണ്ടോ പഴയ മൂവി ഒക്കെ?

കാണാറില്ല. എനിക്കിഷ്ടല്ല എന്നെ സ്‌ക്രീനില്‍ കാണുന്നത്. 

അഭിനയം ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ?

സംഘം എന്ന മൂവിയുടെ ഷൂട്ട് ഓര്‍മയുണ്ട്. അഞ്ചു ദിവസവും രാത്രിയാണ് ഷൂട്ട്. അതും മഴയത്ത്. അതു കഴിഞ്ഞപ്പോ വൈശാലിയുടെ ക്ലൈമാക്‌സ്. അതും മഴയത്തുതന്നെ. പത്തു ദിവസം അടുപ്പിച്ച് മഴ കൊണ്ടു.എന്നിട്ടും ബുദ്ധിമുട്ടായി തോന്നിയില്ല. പക്ഷേ ഇന്ന് കണ്ണനോടോ ചക്കിയോടോ അതു വേണ്ടെന്നേ ഞാന്‍ പറയൂ. അവരുടെ ആരോഗ്യം നോക്കും.

അമ്മയും മകനും  പരസ്പരം നോക്കി. നാല് വലിയ കണ്ണുകള്‍. കണ്ണന് പാര്‍വതിയുടെ കണ്ണുകളാണ് കിട്ടിയതെന്നു തോന്നുന്നു. അതു പറഞ്ഞപ്പോള്‍ പാര്‍വതി അവെന നോക്കി, ''ആണോ കണ്ണപ്പാ..?'' എന്നിട്ട് വീണ്ടും ഫ്‌ളാഷ്ബാക്കിലേക്ക് പോയി. 

എന്നാലും അതിനൊക്കെ ഒരു രസമുണ്ട്. വൈശാലിയുടെ ഷൂട്ടിങ് സമയത്ത് ഒരു ടെന്റാണ് വിശ്രമസ്ഥലം. മഴയായാലും വെയിലായാലും അതേ ഉള്ളൂ. ആ ടെന്റില്‍ വേണുഏട്ടന്‍ (നെടുമുടി വേണു), ഭരതനങ്കിള്‍, വൈശാലി രാമചന്ദ്രന്‍, ഞാന്‍, അമ്മ, എല്ലാവരും ഒന്നിച്ചാണിരിപ്പ്. അവിടാണ് ബ്രേക്ക്ഫാസ്റ്റും ലഞ്ചുമൊക്കെ. അവിടിരുന്ന് പാട്ടു പാടുന്നു, അന്താക്ഷരി കളിക്കുന്നു..

പാര്‍വതിയെ വിസ്മയിപ്പിച്ച നായകന്‍ ആരാണ്? 

അങ്ങനെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തില്‍. മോഹന്‍ലാല്‍. നമുക്ക് തോന്നും ഇത്ര കാഷ്വലായിട്ട്, ഇത്ര  ഈസിയായിട്ട് എങ്ങനെയാ അഭിനയിക്കുന്നതെന്ന്! 

മമ്മൂക്കായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ കൊണ്ട്. അെന്നാക്കെ ഒരു മാസത്തില്‍ ഒരു സിനിമയെങ്കിലും ഉണ്ടാവും. ഞാന്‍ ചോദിക്കും, ''മമ്മുക്കാ..ബോറടിക്കുന്നില്ലേ?'' മമ്മൂക്ക പറയൂം, ''ഒരോ 30 ദിവസം കഴിയുമ്പോഴും നമ്മള്‍ വേറെ ഒരാളാവുകയല്ലേ. ലൈഫ് എപ്പോഴും വെറൈറ്റിയാണ്. ബോറടിക്കുന്നേയില്ല.''

ഞാന്‍ റെഡിയായിരുന്നു എല്ലാം നിര്‍ത്തി കല്യാണം കഴിച്ചു പോവാന്‍. നാലു വര്‍ഷത്തെ പ്രേമം, അതിന്റെ കാത്തിരിപ്പ്..കല്യാണം വരെ
സൈ്വര്യമുണ്ടായിരുന്നില്ല. വീട്ടുകാര്‍ തമ്മില്‍ വഴക്ക്, ഈഗോ ക്ലാഷ്.. കല്യാണം കഴിഞ്ഞപ്പോ അതൊക്കെ തീര്‍ന്നു. സ്വസ്ഥമായി.
നമ്മള്‍ എന്തിന് പ്രാധാന്യം കൊടുക്കുന്നുവോ അതേ ജീവിതത്തില്‍ നിലനില്‍ക്കൂ. ഞാന്‍ കുടുംബത്തിന് പ്രാധാന്യം കൊടുത്തു. അതുകൊണ്ടാവാം, ഒന്നും മിസ്സായതായി തോന്നിയിട്ടില്ല. ജീവിതം സുന്ദരമാണ്. ഇതുവരെ. 

Parvathy

വിവാഹത്തിന് മുമ്പും ശേഷവുമുള്ള ജയറാം

ജയറാം പണ്ടും ഇപ്പഴും ആക്ടീവാണ്. എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കും. കണ്ണനോടോ, ചക്കിയോടോ എന്നോടോ..ആര് എന്തു സജഷന്‍ പറഞ്ഞാലും കേള്‍ക്കും, നല്ലതാണെങ്കില്‍ എടുക്കും. കാളിദാസ് അമ്മയുെട ലവ് സ്‌റ്റോറികേട്ടിരുന്നു. കണ്ണില്‍ കൗതുകം. 'ഞാനും ഞാനുമെന്റാളും' എന്ന പാട്ടിലെ അതേ ഭാവം. 

പാടുമോ

ഞാന്‍ പാടുകയേയില്ല.വെറും ബാത്‌റൂം സിങ്ങര്‍. അമ്മ പക്ഷേ നന്നായിട്ട് പാടും.
ഉം...പിന്നേ... പാര്‍വതി പുച്ഛം അഭിനയിച്ചു. 
അല്ല, അമ്മ നല്ല സൂപ്പറായിട്ട് പാടും. 
പാര്‍വതി ചിരിച്ചുപോയി. ''പണ്ട് ഇവരെ ഉറക്കാന്‍ ഞാന്‍ താരാട്ടു പാടും. അപ്പോ രണ്ടുപേരും കൂടെ ഒന്നിച്ചു പറയും, 'അമ്മാ, പാടല്ലേ, പാടല്ലേ..ഇങ്ങനെ ശല്യം ചെയ്യല്ലേ

സിനിമയിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ഞാന്‍ മിക്ക സിനിമയും കാണാറുണ്ട്. ഇപ്പോ അധികം അഭിനയം വേണ്ടാന്ന് തോന്നുന്നു. ബിഹേവ് ചെയ്ത് പോയാല്‍ മതിയല്ലോ. പക്ഷേ വേഷപ്പകര്‍ച്ച എന്നൊന്നില്ലേ? അതും വേണ്ടേ? വാനപ്രസ്ഥത്തിലെ കഥകളിക്കാരനാവാനോ വടക്കന്‍ വീരഗാഥയിലെ ചന്തുവാകാനോ ഇന്നത്തെ നടന്മാരില്‍ ആര്‍ക്കു പറ്റും? 

പുതിയ നടന്മാരില്‍ പ്രതീക്ഷയില്ലന്നൊണോ? 

ഒരിക്കലുമല്ല. അവര്‍ക്ക് അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. ഇപ്പോ ഫഹദ് ചെയ്യുന്ന പോലത്തെ വേഷങ്ങള്‍ ഫഹദിനേ ചെയ്യാന്‍ പറ്റൂ. എന്തൊരു നാച്ചുറല്‍ ആണ് ആ രണ്ട് കണ്ണു മതി, രണ്ടര മണിക്കൂര്‍ സിനിമ കൊണ്ടുപോവാന്‍! 
ഞാന്‍ പാര്‍വതിയുടെ കണ്ണുകളിലേക്കു നോക്കി. ഇവരും കൊണ്ടുപോയിട്ടുണ്ട് ഈ വിടര്‍ന്ന കണ്ണുകള്‍ കൊണ്ട്നമ്മളെ...

പുതിയ നടിമാരോ 

സ്വാഭാവികമായി അഭിനയിക്കുന്നിന്റെ ഒരു രസം അവരിലും ഉണ്ട്. അവര്‍ സ്വതന്ത്രരാണ്, അവരവരെ നോക്കാന്‍ പ്രാപ്തരുമാണ്. എനിക്കാണെങ്കില്‍ അമ്മയില്ലെങ്കില്‍ എന്തു ചെയ്യണമെന്നുപോലും അറിയില്ലായിരുന്നു.

ഇന്ന് നടിമാരുടെ നിലപാടുകള്‍ ശ്രദ്ധിക്കപ്പെടുന്നു. 
മാധ്യമങ്ങളുടെ ശക്തികൊണ്ടാണത്. അഭിപ്രായം പറയുന്നവര്‍ അന്നുമുണ്ട്. പക്ഷേ പുറം ലോകം അറിയണമെന്നില്ല. അന്ന് ആകെയൊരു നാന, വെള്ളി നക്ഷത്രം. ഇതൊക്കെയേ വായിക്കാനുള്ളൂ. 

പാര്‍വ്വതി നല്ല പുസ്തകങ്ങളുടെ വായനക്കാരിയാണെന്ന് കേട്ടിട്ടുണ്ട്.

അതുവരെ സംസാരിച്ചതില്‍ ഏറ്റവും താല്‍പര്യമുള്ള കാര്യം കേട്ടപോലെ അവരുടെ കണ്ണുകള്‍ തിളങ്ങി. സന്തോഷേത്താടെ തലയാട്ടി, എന്നിട്ട് പറഞ്ഞു ''വായനയില്ലെങ്കില്‍ ഞാനില്ല...'' 

ബെന്യാമിന്റെ ആടുജീവിതം വായിച്ചപ്പോ എനിക്ക് തോന്നി, ഞാനും അവിടെ ജീവിക്കുകയാണല്ലോ..നടക്കുന്നതൊക്കെ എനിക്കും കാണാംന്ന് തോന്നി. അത് സിനിമയാവുന്നുണ്ടല്ലോ. ഞാന്‍ കാത്തിരിക്കുന്നുണ്ട്. പേടിയാണ്, നിരാശയാവുമോന്ന്. നമുക്ക് ഏറ്റവും ആരാധനയുള്ളയാളെ കാണുമ്പോ ആ ആരാധനയങ്ങ് നഷ്ടപ്പെട്ടാലോ, ആ ഇഷ്ടം പൊയ്‌പോയാലോ എന്നൊക്കെ പേടി തോന്നില്ലേ, അതുപോലെ. 

ഫോട്ടോ എടുക്കാന്‍ സമയമായി. കണ്ണന്‍ പറഞ്ഞു, ''അമ്മയ്ക്ക് ഒരുങ്ങണ്ടേ?  ഇപ്പോത്തന്നെ പൊയ്‌ക്കോളൂ..'' പാര്‍വതിക്ക് സംശയം വന്നു. ''ലഞ്ച് കഴിച്ചിട്ട് പോരേ..?'' കാളിദാസ് ചിരിച്ചു, ''എന്നാല്‍പ്പിന്നെ ലഞ്ച് കഴിക്കൂ.എന്തെങ്കിലും നടക്കട്ടേ... ''
 
ഉച്ചഭക്ഷണത്തിന് ചക്കിയും വന്നു. കാളിദാസിന്റെ അനിയത്തി മാളവിക. വീട്ടില്‍ ആള്‍ ചക്കിയാണ്. പിന്നാലെ വളര്‍ത്തു നായ 'മെസ്സി' ഓടിയെത്തി. അത് ചുറ്റും തുള്ളിച്ചാടി നടന്നു. ഫുട്‌ബോള്‍ പ്രേമിയായ ചക്കിയോടു ചോദിച്ചു, ''ചക്കിയാണോ ഈ പേരിട്ടത്, മെസ്സി?'' ''ഞാന്‍ റൊണാള്‍ഡോ ഫാനാണ്..'' ചക്കി ചിരിച്ചു. ബ്രിട്ടനില്‍ എം.എസ്.സി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പഠിക്കുന്ന ചക്കി അവധിക്ക് നാട്ടില്‍ വന്നതാണ്. 

എല്ലാവരും ഒന്നിച്ചിരുന്നുണ്ണുന്ന ശീലമുള്ള വീട്. ചിക്കന്‍ ഫ്രൈ തീന്‍മേശയിലെത്താന്‍ ഇത്തിരി വൈകിയപ്പോള്‍ പാര്‍വതി വിഷമത്തിലായി. ''അയ്യോ.. കണ്ണന്‍ ഉണ്ടു കഴിയാറായല്ലോ...'' ഭക്ഷണവും വര്‍ത്തമാനവും പിന്നെയും നീണ്ടു. നിറയെ സ്‌നേഹമുള്ളസമയം. ജയറാം സ്ഥലത്തില്ലെന്ന് ഒരു കുറവു മാത്രം. യാത്രയിലാണ്. ഇടയ്ക്ക് ഫോണില്‍ വിളിക്കുന്നുണ്ട്. 

പാര്‍വതി മുടികെട്ടിവെക്കാനിരുന്നു. മേക്കപ്പ് അസിസ്റ്റന്റ് പറഞ്ഞു, ''ഈ ഹെയര്‍സ്‌റ്റൈലാണ് നല്ലത്. പ്രായം കുറച്ചേ തോന്നൂ..'' പാര്‍വ്വതി ചിരിച്ചു, ''എന്തിനാ പ്രായം കുറച്ചു തോന്നുന്നേ? കഷ്ടപ്പെട്ടു സമ്പാദിച്ചതാ ഈ പ്രായം. നാല്‍പതു കഴിഞ്ഞാലല്ലേ സുഖം? മക്കളൊക്കെ വലുതായി, എനിക്ക്  സ്വന്തമായി സമയം കിട്ടുന്നു.. ജീവിതം കൂടുതല്‍ നന്നായീന്നു പറഞ്ഞാല്‍ അതാണ് സത്യം''..

ഒരുങ്ങുന്നതിനിടയില്‍  ചക്കി അടുത്തിരുന്നു. കൂട്ടകാരിയെയെന്നപോലെ അവള്‍ അമ്മയെ കളിയാക്കുന്നു, ഇഷ്ടം കൂടുന്നു. പാര്‍വതി പിന്നെയും പുസ്തകങ്ങളെ പറ്റി പറഞ്ഞു. ചക്കി മേശപ്പുറത്തിരുന്ന ഒരു മലയാള നോവല്‍ മറിച്ചു നോക്കി. ''വായിക്കുമോ?''ചക്കിയോട് ചോദിച്ചു. ''മലയാളത്തില്‍ ദാ...ഈ വാക്കേ എനിക്ക് വായിക്കാനറിയൂ. അവള്‍ കൈത്തണ്ടയിലേക്കു ചൂണ്ടി. അവിടെ ആ വാക്ക് പച്ചകുത്തിയിരിക്കുന്നു. 'അമ്മ.' അതു കണ്ടപ്പോള്‍ ആനന്ദം പൊതിഞ്ഞു നില്‍ക്കുന്നതുപോലെ പാര്‍വതി ചിരിച്ചു, വലിയ കണ്ണുകള്‍ വീണ്ടും വിടര്‍ന്നു. 


Coverഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്. പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

 

Content Highlights:Kalidas And Parvathy Jayaram Mother's day 2019