യുവജനോത്സവ വേദികളില്‍ പതിവായി പാടിയിരുന്ന,സ്‌കൂള്‍ മത്സരങ്ങളില്‍ പാട്ടില്‍ എന്നും ഒന്നാമതെത്തിരുന്ന നാലുപേര്‍. ഗായത്രിയും ശ്രീലക്ഷ്മിയും ദീപ്തിയും രശ്മിയും. സ്‌കൂള്‍ കാലം കഴിഞ്ഞ് നാലിടങ്ങളിലേയ്ക്ക് അവര്‍ തിരിഞ്ഞു. എന്നാല്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒന്നിച്ചു സംഗീതം എന്ന ലക്ഷ്യത്തിനായി. വാട്സാപ്പ് സജീവമായതോടെ ആ കൂടിച്ചേരല്‍ വീണ്ടും ഊഷ്മളമായി. അങ്ങനെ 19 വര്‍ഷത്തിനു ശേഷമുള്ള ആ കൂടിച്ചേരൽ അല്ലിയാമ്പല്‍ എന്ന കവര്‍ സോങ്ങിന്റെയും ജനി എന്ന ആല്‍ബത്തിന്റെയും പിറവിക്കു കാരണമായി. മാധൂര്യമൂറുന്ന ഒരു അമ്മത്താരാട്ടാണ് ജനി. അമ്മമാര്‍ തന്നെ മക്കളെ ആക്രമിക്കുന്ന കാലത്ത് അങ്ങേയറ്റം ചിന്തോദീപകമായ ഒന്ന്.  

തുടക്കത്തില്‍ ചെറിയ പാട്ടുകളും വിശേഷം പങ്കുവയ്ക്കലുകളുമായിരുന്നു വാട്സാപ്പിൽ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. പിന്നീട് സ്മ്യൂള്‍ സജീവമായപ്പോള്‍ ഗ്രൂപ്പും സംഗീതസാന്ദ്രമായി. എന്നാല്‍ പിന്നീട് അത് വളരെ ഗൗരവമേറിയ സംഗീത ചര്‍ച്ചകളുടെ ഇടമായി മാറി. സ്മ്യൂളിലെ സോളോയും ഡ്യൂയെറ്റുമായി ഗ്രൂപ്പ് കൂടുതല്‍ സജീവമാക്കി. വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയതിനു ശേഷം അനുപല്ലവി പാടാന്‍ മറന്നവരികള്‍ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. തുടര്‍ന്നുള്ള പാട്ടുകള്‍ പേജിലൂടെ സംഗീത പ്രേമികളിലേയ്ക്ക് എത്തി. ഇതിനു ശേഷം പാട്ടിന്റെ ദൃശ്യാവിഷ്‌കാരം എന്ന ചിന്ത വന്നത്. അങ്ങനെ അല്ലിയാമ്പല്‍ എന്ന കവര്‍ സോങ്ങിലേയ്ക്ക് എത്തുകയായിരുന്നു.  ഒരു നൊസ്റ്റാള്‍ജിക് സോങ്ങ് എന്ന നിലയില്‍ അല്ലിയാമ്പല്‍ തിരഞ്ഞെടുത്തു. അത് വളരെ പെട്ടന്നെടുത്ത തീരുമാനമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.  സുഹൃത്തുക്കള്‍ ഒരു ദിവസം കോഴിക്കോട്ട്  ഒരുമിച്ചു. അന്നു രാവിലെ റെക്കോര്‍ഡ് ചെയ്ത് വൈകിട്ട് ഷൂട്ട് തീര്‍ക്കുകയായിരുന്നു. 

women

അല്ലിയാമ്പലില്‍ നിന്നും വ്യത്യസ്തമാണ് ജനി. ഒരുവര്‍ഷത്തോളമുള്ള ചര്‍ച്ചകളിലൂടെയാണ് ജനി പിറക്കുന്നതെന്ന് ദീപ്തി പറയുന്നു. അല്ലിയാമ്പലിനു ലഭിച്ച മികച്ച പ്രതികരണം ജനി എന്ന ആല്‍ബത്തിനുള്ള ഊര്‍ജമായി. അല്ലിയാമ്പല്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു പാട്ട് ചിത്രീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. നാലുപേരും പാടുമ്പോഴും രശ്മിക്കായിരുന്നു കൂട്ടത്തില്‍ സംഗീതത്തോട് കൂടുതല്‍ അഭിനിവേശം ഉണ്ടായിരുന്നത്. ജനിക്കുള്ള ട്യൂണ്‍ ഉണ്ടാക്കിയതും രശ്മി  തന്നെയായിരുന്നു. ശ്രീലക്ഷ്മിയാണ് ജനിയുടെ വരികള്‍ എഴുതിയത്. നാലുപേരും നാലിടത്തായതിനാല്‍ തുടക്കമുതല്‍ ചര്‍ച്ചകളും കോ-ഓർഡിനേഷനും വാട്ടസാപ്പ് വഴിയായിരുന്നു. ആ ചര്‍ച്ചകള്‍ താരാട്ട് പാട്ട് എന്ന ചിന്തയ്ക്കപ്പുറം ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവമായ മാത്യത്വമെന്ന ആശയത്തിലേയ്ക്ക് എത്തുകയായിരുന്നു.  

jani album song
കെ.എസ് ചിത്ര ജനി പ്രകാശനം ചെയ്യുന്നു

നാലുപേരുടെയും വീട് കോഴിക്കോട്ടാണെങ്കിലും ഇപ്പോള്‍ നാലു പേരും നാലിടത്താണ്. ഗായത്രി യു.എസില്‍ സ്ട്രറ്റജിക് മാര്‍ക്കറ്റിങ് മാനേജരാണ്. ശ്രീലക്ഷ്മി പുണെയിലാണ്. ദീപ്തി ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. രശ്മി അരീക്കോട് മദര്‍ ഹോസ്പറ്റിലില്‍ ഇ.എന്‍.ടി സര്‍ജനാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ജനിയുടെ ട്യൂണ്‍ തയ്യാറാക്കിയത്. ഈ വര്‍ഷം തുടക്കത്തില്‍ പാട്ട് പൂര്‍ത്തിയാക്കി. മാര്‍ച്ചില്‍ ഓഡിയോ റെക്കോഡ് ചെയ്തു. യു.എസിലായതിനാല്‍ ഗായത്രിക്ക് ഷൂട്ടിങ് സമയം നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ വാട്ട്‌സാപ്പിലൂടെ ഗായത്രി ആല്‍ബത്തിന്റെ ചിത്രീകരണത്തിലുടനീളം സജീവസാന്നിദ്യമായി. ഗായത്രി സ്‌ക്രീന്‍ പ്ലേ എഴുതിയപ്പോള്‍ രശ്മിയും ശ്രീലക്ഷ്മിയും ദീപ്തിയും ഷൂട്ടിങ് കോ-ഓർഡിനേറ്റ് ചെയ്തു. ദീപ്തിയാണ് പ്രചരണം. ശ്രീലക്ഷ്മിയുടെ മകനായ അഭിരാമാണ് ജനിയില്‍ മകനായി എത്തിരിക്കുന്നത്. ഗായത്രി സോമനാഥ് അമ്മയായി എത്തി. ഇസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ ചാനലാണ് ജനി റിലീസ് ചെയ്തത്. സിഡി പ്രകാശനം ചെയ്തത് കെ.എസ് ചിത്ര. സച്ചിന്‍ രാജാണ് ഛായാഗ്രഹണം.

Content Highlights: jani album song Mothers Day