പ്രളയദിനത്തിൽ പ്രായമേറിയവർക്ക് ബോട്ടിൽ കയറാൻ മുതുക് ചവിട്ടുപടിയാക്കി നൽകിയ ജെയ്‌സലിന്റെ ഉമ്മ സൈനബ മകനെപ്പറ്റി പറയുന്നു

‘‘ആളുകൾക്ക് ചവിട്ടിക്കേറാൻ ഓൻ പൊറം കാണിച്ചുകൊട്ക്കണത് കണ്ടിട്ട് എനിക്ക് ഭയങ്കര വെഷമം തോന്നീർന്ന്. ന്റെ കുട്ടിക്ക് വേദനിക്കൂലേന്ന് ബിചാരിച്ചിട്ട്. പിന്നെ അതിന്റെ പേരില് എല്ലാരും ഓനെ പൊകഴ്ത്തിപ്പറയണത് കേട്ടപ്പൊ പെരുത്ത് സന്തോഷം തോന്നി. ഓന്റെ ഉമ്മയാവാൻ പറ്റിയതില് പടച്ചോനോട് നന്ദിയ്ണ്ട്.

ഓടിനടക്കാൻ തൊടങ്ങ്യേ മുതല് ഞാൻ മക്കളോട് പറയാറ്‌ണ്ട്, ആരെന്തുസഹായം ചോയിച്ചാലും മക്കള് ചെയ്ത് കൊടുക്കണം. ഞാമ്പറഞ്ഞിട്ട് ആ പഹയൻ അത് ചെയ്തുതന്നില്ലാന്ന് ന്റെ മക്കളെക്കുറിച്ച് ആരും പറയര്ത്. ജെയ്‌സല് ചെറുപ്പം മൊതലേ അയൽവാസികൾക്കൊക്കെ പല സഹായോം ചെയ്ത് കൊട്ക്കും. കടപ്പൊറത്ത്ന്ന് മണല് വാരിക്കൊടുക്കല്, പ്രായമായോര്ക്ക്‌ കടേന്ന് സാധനങ്ങൾ വാങ്ങിക്കൊട്ക്കല്... അങ്ങനെ പലതും.

ഒന്നിനും കൂലി വാങ്ങൂലാ. നല്ല കാര്യങ്ങൾ ചെയ്യണേന് പടച്ചോൻ കൂലി തരുംന്നാ ന്റെ വിശ്വാസം, ആ വിശ്വാസം ഓനൂണ്ട്. ഇപ്പൊ ഓന് നല്ലൊരു വീട് കിട്ടീലേ, ആൾക്കാരൊക്കെ നല്ലത് പറയാൻ തൊടങ്ങീലേ, അത് പടച്ചോന്റെ അനുഗ്രഹാ... ഉമ്മയുണ്ടായതോണ്ടല്ലേ ഇപ്പൊ ആളുകളറിയുന്ന ഈ ജെയ്സൽ ഉണ്ടായത് ന്ന് ഓൻപറഞ്ഞപ്പൊ ബല്യേ സന്തോഷംതോന്നി.

Content Highlights: Mother's Day 2019, Jaisal's Mother, Jaisal Who Offered His Back To Help Flood Victims