ബെംഗളൂരു: മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിളയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു. ബെംഗളൂരുവിലെ ക്ലൗഡ് നയന്‍ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 9.21ഓടെയാണ് 46കാരിയായ ഇറോമിന് ഇരട്ടക്കുട്ടികള്‍ പിറന്നത്. 

ഒരുമിനുട്ടിന്റെ വ്യത്യാസത്തില്‍ പിറന്നുവീണ കുഞ്ഞുങ്ങള്‍ക്ക് നിക്‌സ് ഷാഖി, ഓട്ടം താര എന്നാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ക്ലൗഡ് നയന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

സിസേറിയന്‍ ആയതിനാല്‍ ചെറിയ അസ്വസ്ഥതകള്‍ ഇറോമിനുണ്ട്. കുട്ടികളുടേയും അമ്മയുടേയും ചിത്രം വൈകാതെ പുറത്തുവിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്തയാഴ്ചയായിരുന്നു പ്രസവം പ്രതീക്ഷിച്ചിത്. എന്നാല്‍ മാതൃദിനത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ പിറന്നത് ഏറെ യാദൃശ്ചികമാണെന്നും ഇറോമും ഭര്‍ത്താവ് ഡെസ്‌മോണ്ട് കുടിഞ്ഞോയും ഏറെ സന്തോഷത്തിലാണെന്നും ഇറോമിന്റെ ഡോക്ടര്‍ ശ്രീപാദ വിനേകര്‍ പറഞ്ഞു. 

മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ചാനു ശര്‍മിള 2017ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം ചെയ്തത്. 

മണിപ്പൂരില്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരേ വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് ഇറോം ശര്‍മിള. 2000 നവംബര്‍ രണ്ട് മുതല്‍ 16 വര്‍ഷം നീണ്ട നിരാഹാര സമരം തുടര്‍ന്നിട്ടും ഭരണ കൂടത്തില്‍ നിന്നും അനുകൂല പ്രതികരണമുണ്ടാവാത്ത സാഹചര്യത്തില്‍ ഇറോം സമരം അവസാനിപ്പിച്ചു. അഫ്സ്പയ്ക്കെതിരെ നിയമപോരാട്ടം നടത്തിയ ഇറോം 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Content Highlight: Irom Sharmila becomes a mother, Irom Chanu Sharmila