'ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന മല്‍ഹാര്‍ രാഗം നമ്മള്‍ ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാര്‍ഥനയോടെ മകന് പേരിട്ടു. മല്‍ഹാര്‍ ദിവ്യ ശബരീനാഥന്‍'

രണ്ടാഴ്ചകള്‍ക്ക് മുമ്പ് മകനും ഭാര്യ ദിവ്യയ്ക്കും ഒപ്പമുള്ള അതിമനോഹരമായ ഒരു ചിത്രം പങ്കുവെച്ച് ശബരീനാഥന്‍ കുറിച്ചു. പുസ്തകങ്ങളിലൂടെ പരസ്പരം അടുത്ത ദിവ്യയെ ജീവിതത്തില്‍ കൂട്ടിന് വിളിക്കുന്ന വാര്‍ത്തയും ഫെയ്‌സ്ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് ശബരീനാഥന്‍ തന്നെയാണ്. 2017 ജൂണിലായിരുന്നു അരുവിക്കര എംഎല്‍എ ശബരീനാഥന്റെയും തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ് അയ്യരുടെയും വിവാഹം.

അമ്മയായതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ എസ് അയ്യര്‍. ഒരു സ്ത്രീയെ പൂര്‍ണയാക്കുന്നത്, നിസ്വാര്‍ഥയാക്കുന്നത്, ഒരു തൂവല്‍ പോലെ കനമില്ലാതാക്കുന്നത് എല്ലാമാണ് മാതൃത്വമെന്ന് പറയുന്നു ദിവ്യ.

ആദ്യമല്‍പം പരിഭ്രമം..

അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞ ആ നിമിഷം സത്യം പറഞ്ഞാ നെര്‍വസായിരുന്നു. വളരെയധികം സന്തോഷം തോന്നിയെങ്കിലും അതിന്റെ അകമ്പടിയായി ഒരു പരിഭ്രമം..പ്രസവവുമായി ബന്ധപ്പെട്ട് പലരുടെയും അനുഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. അതില്‍ നല്ലതും മോശമായതുമുണ്ട്. സ്വഭാവികമായും ഏതൊരു പെണ്‍കുട്ടിയുടെയും പോലെ ആദ്യം അല്പം പരിഭ്രമം തോന്നി. ശബരിയുമായി വാര്‍ത്ത പങ്കുവെച്ച നിമിഷമായിരുന്നു രസകരം. അത്രത്തോളം എക്‌സൈറ്റഡ് ആയി ശബരിയെ ഞാന്‍ കാണുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. ആ എക്‌സൈറ്റ്‌മെന്റ് പതിയെ എന്നിലേക്കും പകര്‍ന്നു അതോടെ പരിഭ്രമമൊക്കെ സന്തോഷത്തിലേക്ക് വഴിമാറി..

ജോലിയും അമ്മയാകലും..

എനിക്ക് രണ്ടും ബാലന്‍സ് കൊണ്ട് ചെയ്തുപോകാന്‍ പറ്റി. വളരെ നല്ല രീതിയില്‍ സഹായിക്കുന്ന ഒരു ഓഫീസ് സിസ്റ്റം ആയിരുന്നു. അതിനൊപ്പം ഫാമിലിയില്‍ നിന്നും വളരെ നല്ല സപ്പോര്‍ട്ടായിരുന്നു. എന്റെ പേരന്റ്‌സായാലും ശബരിയുടെ അമ്മയായാലും വളരെയധികം പിന്തുണ നല്‍കി. അതുകൊണ്ട് ഭയങ്കര ഒരു ബുദ്ധിമുട്ട് ബാലന്‍സ് കണ്ടെത്തുന്നതില്‍ ഉണ്ടായി എന്ന് തോന്നുന്നില്ല. ബാലന്‍സ് കണ്ടുപിടിക്കുക എന്നുളളതിന്റെ രഹസ്യം എന്നുപറയുന്നത് ചുറ്റുമുള്ള ആളുകളുടെ ഒരു സപ്പോര്‍ട്ട് ലഭിക്കുക എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. 

ആദ്യമാസങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കുറച്ച് ദിവസം ലീവ് എടുക്കേണ്ടി വന്നു. പിന്നീട് ലീവ് കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ച ശേഷം അവസാനദിനം വരെ, മാര്‍ച്ച് ഏഴ് വരെ ഞാന്‍ ജോലി ചെയ്തിരുന്നു. മാര്‍ച്ച് ഏഴിന് പാതിരാത്രിയാണ് ഞാന്‍ അഡ്മിറ്റായത്. മാര്‍ച്ച് ഒന്‍പതിന് അതിരാവിലെ മോന്‍ ജനിച്ചു. അവസാന ദിവസം വരെ എനിക്ക് ഓഫീസില്‍ പോകാന്‍ സാധിച്ചു എന്നുള്ളത എനിക്ക് മാനസികമായി വളരെയധികം സംതൃപ്തി തന്ന ഒരു കാര്യമാണ്. ജോലിക്ക് പോകുന്ന സ്ത്രീകള്‍ ഡോക്ടറുടെ അനുവാദമുണ്ടങ്കില്‍ കഴിയുന്നത്ര ദിവസം ജോലിക്ക് പോകണം എന്ന് തന്നെയാണ് ഞാനും പറയുക. കാരണം നമ്മുടെ ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ സ്റ്റേറ്റ് ഉള്ളില്‍ വളരുന്ന കുഞ്ഞിനെ സ്വാധീനിക്കും. അതുകൊണ്ട് നമ്മള്‍ ആക്ടീവായി, അലെര്‍ട്ടായി ഇരിക്കുന്നത് തീര്‍ച്ചയായും പോസിറ്റീവ് വൈബ്രന്റ്‌സായിരിക്കും കുഞ്ഞില്‍ ഉണ്ടാക്കുക. 

മാതൃത്വം നിസ്വാര്‍ഥതയുടെ നിര്‍വചനം

ഇത്രയും വലിയ രൂപാന്തരപ്പെടല്‍ ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. നമ്മള്‍ എത്രമാത്രം പ്രിപ്പയേഡ് ആയിട്ടിരുന്നാലും ആ ഒമ്പതുമാസവും നമ്മള്‍ കാത്ത് കാത്ത് എല്ലാ തയ്യാറെടുപ്പുകളോടെ ഇരുന്നാലും അമ്മയാകുന്ന ആ ഒരു നിമിഷത്തില്‍ ഉണ്ടാകുന്ന മാറ്റം വളരെ വലുതാണ്. ഞാന്‍ എന്ന ഒരു വ്യക്തി ഇത്രയേറെ മാറിപ്പോകുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ എന്നുള്ള ഭാവം അപ്പാടെയങ്ങ് തുടച്ചുനീക്കപ്പെടുന്ന ഒരു നിമിഷമായിരുന്നു അത്. ഒരു നിസ്വാര്‍ഥതയുടെ നിര്‍വചനം എന്നൊക്കെ പറയാം. മാതൃത്വം എന്നത് നമ്മളെ വളരെ ലൈറ്റാക്കുന്ന, ഒരു തൂവല്‍ പോലെ ഭാരം കുറയ്ക്കുന്ന അനുഭൂതിയാണ്. ഞാന്‍ എന്ന വ്യക്തിക്ക് നല്‍കിയിരുന്ന ഒരു പ്രധാന്യത്തില്‍ നിന്ന് എന്റെ ശ്രദ്ധ അവനിലേക്കായി..അതാണ് അമ്മയാകുന്നതോടെ ഉണ്ടായ ഏറ്റവും വലിയ മാറ്റം. 

എന്റെയും ശബരിയുടെയും അമ്മമാര്‍ തന്ന പിന്തുണയും വളരെ വലുതാണ്. രണ്ടു അമ്മമാരും കൂടെ ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നിരുന്ന അതേ കരുതല്‍ ഇപ്പോഴും തുടരുന്നു. എന്റെ അച്ഛനും അമ്മയും സ്വന്തം കാര്യങ്ങളെല്ലാം മറന്ന് കുഞ്ഞിന്റെ കാര്യവും എന്റെ കാര്യവും മാത്രം നോക്കാനുള്ള ഒരു തിടുക്കത്തിലായിരുന്നു. അതുപോലെ ഇപ്പോള്‍ ശബരിയുടെ വീട്ടിലെത്തിയിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ..കുഞ്ഞ് പുതിയ ഇടവുമായി പൊരുത്തപ്പെട്ട് വരികയാണ്..ശബരിയുടെ അമ്മ ഒരു വലിയ നെടുംതൂണായിട്ട് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. 

അമ്മയെ പൂര്‍ണയാക്കുന്ന മുലയൂട്ടല്‍ 

അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ഇതുവരെയുള്ള നിമിഷങ്ങളുടെ ആകെത്തുകയായിട്ട് ഒരു കാര്യം പറയണമെന്നുണ്ടെങ്കില്‍ മുലപ്പാലൂട്ടുക അതില്‍ക്കൂടുതല്‍ സന്തോഷം നല്‍കുന്ന ഒരു അനുഭവം എനിക്ക് ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മുലയൂട്ടലിനെ കുറിച്ച് ഒരുപാട് നാം കേട്ടിട്ടുണ്ട്. ഒരു ഡോക്ടറെന്ന നിലയില്‍ ബ്രസ്റ്റ് ഫീഡിങ് വീക്ക് ആഘോഷിക്കുമ്പോള്‍ അമ്മമമാര്‍ക്ക് അതിന്റെ പ്രാധാന്യം എന്താണ് എന്ന് പറഞ്ഞുകൊടുക്കാറുണ്ട്. അതൊക്കെ ചെയ്താലും കുഞ്ഞിനെ മുലയൂട്ടുന്ന ആ സമയം എന്നുപറയുന്നത് വളരെ ബ്ലിസ്ഫുള്‍ ആയിട്ടുള്ള ഒരു എക്‌സ്പീരിയന്‍സ് ആയിട്ടാണ് എനിക്ക് തോന്നുന്നത്. അത് ആ സമയത്ത് കുഞ്ഞുമായിട്ടുണ്ടാകുന്ന വൈകാരികമായിട്ടുള്ള ഒരു അടുപ്പം എന്ന് പറയുന്നത് മറ്റൊരു ബന്ധത്തിലും എനിക്കത്ര വൈകാരികതയുണ്ടായിട്ടില്ല. നമ്മളെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന മാതൃത്വത്തിന്റെ ഒരു അനുഭൂതിതന്നെയാണ് അത്. 

മല്‍ഹാര്‍ ദിവ്യ ശബരീനാഥന്‍ 

ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സംഗീതം താല്പര്യമുള്ളതുകൊണ്ട് സംഗീതവുമായി ബന്ധപ്പെട്ട ഒരു പേര് വേണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മല്‍ഹാര്‍ എന്ന പേര് ശബരിയാണ് ഫൈനലി സെലക്ട് ചെയ്തത്. അദ്ദേഹത്തിന് വളരെ സെക്കുലറായിട്ടുള്ള പേര് വേണമെന്നുള്ള നിര്‍ബന്ധവും ഉണ്ടായിരുന്നു. പേര് കേള്‍ക്കുമ്പോള്‍ ജാതിയാണ് മതമാണ് എന്നതൊന്നും മുഴച്ചുനില്‍ക്കാതെ ഒരു പേരിന്റെ ഉടമയാകണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ ഒരു പേരില്‍ ഞങ്ങള്‍ അവസാനം ലാന്‍ഡ് ചെയ്യുന്നത്. 

അച്ഛനും അമ്മയും കുഞ്ഞിനെ ഒരുപോലെ നോക്കുന്നതില്‍ തുടങ്ങണം 

സമൂഹത്തില്‍ ഒരുപാട് സ്റ്റീരിയേടൈപ്പ്‌സ് ഉണ്ടല്ലോ..അമ്മമാര്‍ക്ക് കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളും എളുപ്പം കൈകാര്യം ചെയ്യാനാകും. അവരതെല്ലാം അറിഞ്ഞുകൊണ്ടുവരുന്നവരാണ് അച്ഛന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന ഒരു  മിഥ്യാധാരണയുണ്ട് സമൂഹത്തിന്. അങ്ങനെയൊന്നുമില്ലാതെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്ന ഒരു പ്രൊസസ് മുതല്‍ കുഞ്ഞിനെ എടുക്കാന്‍ വരെ ആദ്യത്തെ ദിവസം മുതല്‍ ഒരു ആഘോഷപൂര്‍വം ചെയ്യുന്ന അച്ഛനാണ് ശബരി. അതുകാണുമ്പോള്‍ നമ്മളും വളരെയധികം ഊര്‍ജസ്വലരാകും. മോനെ ദിവസവും കാണണം അവന്റെ കൂടെ ഒരു ദിവസം ചെലവഴിക്കണം എന്നുള്ളത് നിര്‍ബന്ധത്തോടുകൂടി ചെയ്തിരുന്ന ഒരു അച്ഛനാണ്. ഇലക്ഷന്റെ തിരക്ക് ഉണ്ടായിട്ട് കൂടി പാതിരാത്രിയായാലും ഞാന്‍ എന്റെ വീട്ടിലായിരുന്നപ്പോള്‍ വീട്ടില്‍ വന്ന് മോനെ കാണുമായിരുന്നു. 

സ്ത്രീകളെയും പുരുഷന്മാരെയും ട്രാന്‍സിനെയും ഒരേ രീതിയില്‍ ബഹുമാനിക്കുന്ന ഒരു പൗരനായി വളര്‍ത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനുള്ള ഒരു അന്തരീക്ഷം വീട്ടില്‍ ഒരുക്കിക്കൊടുക്കാനേ നമുക്ക് സാധിക്കൂ. അതെന്തായാലും വീട്ടില്‍ ഉണ്ടായിരിക്കും. അതിന്റെ ഒരു ആരംഭം തന്നെയാണ് അച്ഛനും അമ്മയും കുഞ്ഞിനെ ഒരുപോലെ നോക്കുന്നു എന്നുള്ളത്. 

Content Highlights: Divya S Iyer, Mother's Day 2019