മ്മയാണ് എന്റെ എല്ലാം, പൊതുസമൂഹത്തിലേക്ക് ഈ നിലയില്‍ ഞാന്‍ ഇറങ്ങിച്ചെന്നതില്‍ അമ്മ രാധയുടെ പങ്ക് വളരെ വലുതാണ്. അമ്മ-മകള്‍ എന്ന ബന്ധത്തിലുപരിയായി നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. 

എല്ലാവരോടും ധാരാളം സംസാരിക്കുന്ന വ്യക്തിയാണ് അമ്മ. വലുപ്പച്ചെറുപ്പം നോക്കാറില്ല. എല്ലാവരോടും ഒരുപോലെ ഇടപഴകും. അമ്മയില്‍ ഞാന്‍ കണ്ട പ്രധാന ഗുണവും ഇതുതന്നെ. ഈ സംസാരം കണ്ടാണ് ഞാനും വളര്‍ന്നത്. എല്ലാവരും ഇഷ്ടപ്പെടുന്ന ഈ സംസാരശീലം ജീവിതത്തില്‍ എന്നെയും ഏറെ സ്വാധീച്ചു. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളര്‍ത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും എന്റെ പഠനത്തിനൊപ്പം തന്നെ എല്ലാ കലാപരിപാടികള്‍ക്കും പൂര്‍ണ പിന്തുണയായിരുന്നു അമ്മ. 

RAMYA HARIDAS
Coutesy; Ramya Haridas FB page

ചെറുപ്പം മുതലേ എല്ലാത്തിനും എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു. ഒരു കാര്യം ആവശ്യപ്പെട്ടാലും പറ്റില്ല അല്ലെങ്കില്‍ വേണ്ട എന്നുള്ള മറുപടി ലഭിച്ചിട്ടില്ല. ഞാന്‍ എന്തുതന്നെ ചെയ്താലും അത് ശരിയായിരിക്കും എന്ന പ്രതീക്ഷ അമ്മയ്ക്കുണ്ടായിരുന്നു. 100 ശതമാനം വിശ്വാസം എന്നില്‍ അര്‍പ്പിച്ചതിനാല്‍ ഇറങ്ങിത്തിരിച്ച ഒന്നില്‍ നിന്നും എനിക്ക് പിന്തിരിയേണ്ടി വന്നിട്ടില്ല. 

അമ്മയുടെ രാഷ്ട്രീയ വഴിയേ തന്നെ പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയ ആളാണ് ഞാന്‍. മഹിളാ കോണ്‍ഗ്രസ് നേതാവായിരുന്നു അമ്മ. കെഎസ്‌യു വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ എനിക്ക് എന്നും ശക്തി അമ്മയായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ കണ്ട് ശീലിച്ച എന്നില്‍ വലിയ പ്രചോദനമായിരുന്നു അമ്മ. ഞാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ അമ്മയ്ക്ക് നേരത്തെ പ്രവര്‍ത്തന പരിചയമുണ്ടായിരുന്നതും തുടക്കത്തില്‍ എനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 

ക്യാമ്പുകളും മറ്റ് പൊതുപ്രവര്‍ത്തന ആവശ്യങ്ങള്‍ക്കുമായി പലപ്പോഴും വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. 100 ദിവസം നീണ്ടുനിന്ന ക്യാമ്പുകള്‍ വരെ ഉണ്ടായിട്ടുണ്ട്. എങ്കിലും എല്ലാ ദിവസവും രണ്ടു നേരമെങ്കിലും ഫോണിലൂടെ അമ്മയുമായി സംസാരിക്കാറുണ്ട്. കാര്യങ്ങളെല്ലാം അമ്മ ചോദിച്ചറിയും. ക്യാമ്പില്‍ പോയാല്‍ അവിടെയുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കണം, മറ്റൊന്നും ആലോചിച്ച് സമയം കളയരുത് എന്ന ഉപദേശം ചെറുപ്പത്തിലേ അമ്മ നല്‍കി.

ഒരിക്കല്‍ അമ്മയുടെ അച്ഛന് സുഖമില്ലാതായി ആശുപത്രിയില്‍ അഡ്മിറ്റായി. ഞാന്‍ ഒരു ക്യാമ്പിലായിരിന്നു. ക്യാമ്പിനിടയില്‍ ഞാന്‍ തിരിച്ചുവരണ്ട എന്ന നിര്‍ബന്ധം അമ്മയ്ക്കുള്ളതിനാല്‍ ഇക്കാര്യം എന്നെ അറിയിച്ചു പോലുമില്ല. ചെയ്തു കൊണ്ടിരിക്കുന്ന കാര്യം എന്തും ആയ്ക്കോട്ടെ അതില്‍ പൂര്‍ണമായും ശ്രദ്ധിക്കണമെന്നാണ് അമ്മയുടെ നിലപാട്. 

ക്യാമ്പിനായി ദൂരയാത്രകള്‍ ചെയ്യുമ്പോള്‍ എല്ലാ അമ്മമാരും പറയുന്ന പോലെ അപരിചിതരില്‍ നിന്ന് ഒരു ഭക്ഷണവും വാങ്ങി കഴിക്കരുതെന്ന് അമ്മ ഓര്‍മ്മിപ്പിക്കും. ഒറ്റയ്ക്ക് പോകുമ്പോള്‍ എന്റെ സുരക്ഷയെക്കുറിച്ചോര്‍ത്ത് അമ്മ ചിന്തിക്കുമെങ്കിലും ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. എവിടെ പോയാലും ഞാന്‍ സുരക്ഷിതയായിരിക്കും എന്ന വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നു. 

RAMYA HARIDAS
Coutesy; Ramya haridas FB page

സ്‌കൂള്‍ കാലത്ത് നൃത്തവും പാട്ടും എനിക്ക് ഏറെ ഇഷ്ടമായിരുന്നു. സ്‌കൂളിലും നാട്ടിലും എന്ത് പരിപാടിയുണ്ടെങ്കിലും എന്റെ കുറച്ചു പരിപാടികള്‍ ഉറപ്പായും സ്റ്റേജില്‍ കയറും. നൃത്തം പഠിപ്പിച്ചതും അമ്മയാണ്. എനിക്കും കൂട്ടുകാര്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാന്‍ എന്നും ധൈര്യം നല്‍കി കൂടെ നിന്നതും അമ്മ തന്നെ. പിന്നീട് ഒരുപാട് കുട്ടികള്‍ക്ക് ഞാന്‍ നൃത്തം അഭ്യസിപ്പിക്കുകയും ചെയ്തു. രമ്യേച്ചി തന്നെ നൃത്തം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന കുട്ടികള്‍ ഇപ്പോഴും എന്റെ നാട്ടിലുണ്ട്. പഠനം കഴിഞ്ഞ് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുന്നത് വരെ നൃത്തത്തില്‍ വളരെയേറെ ശ്രദ്ധ നല്‍കിയിരുന്നു. പ്രസംഗങ്ങള്‍ക്കിടയില്‍ മിക്ക വേദികളിലും ഒരു പാട്ടും ഇന്ന് നിര്‍ബന്ധമാണ്

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഞാന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത വന്ന പിറ്റേന്ന് തന്നെ ഏറെ ആകാംക്ഷയോടെ അമ്മ എന്നെ വിളിച്ചു. ഈ വാര്‍ത്ത സംബന്ധിച്ച് സുഹൃത്ത് ഒരു പത്ര കട്ടിങ് രാവിലെ എനിക്ക് അയച്ചെങ്കിലും വെറും അഭ്യൂഹം മാത്രമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ വാര്‍ത്ത ടിവി ചാനലുകളിലും കാണിക്കുന്നുണ്ടെന്ന് എന്നെ ആദ്യം വിളിച്ചു പറഞ്ഞത് അമ്മയായായിരുന്നു. ഏറെ സന്തോഷത്തിലായിരുന്നു അന്ന് അമ്മയുടെ സംസാരം. 

മുമ്പ് ഞങ്ങള്‍ ഒന്നിച്ച് എവിടെയെങ്കിലും പോയാല്‍ അമ്മയും മോളുമാണെന്ന് പറയില്ല, ചേച്ചിയും അനിയത്തുമാണെന്നേ തോന്നുകയുള്ളുവെന്ന് എല്ലാവരും പറയുമായിരുന്നു. പ്രായം അന്‍പത് പിന്നിട്ടെങ്കിലും അത്രയും പ്രായം അമ്മയെ കണ്ടാല്‍ പറയില്ല. ജീവിതത്തില്‍ ഇന്നും വളരെ ഊര്‍ജസ്വലയാണ് അമ്മ. പ്രായമേറിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നും പഴയ പ്രസരിപ്പുണ്ട്... 

RAMYA HARIDAS
Coutesy; Ramya haridas FB page

Content Highlights; Ramya Haridas, Radha, Mothers day