'ഞങ്ങളൊരു യൂണീക്ക് മോം ആന്‍ഡ് ഡോട്ടറാണ്.. പ്രസവിച്ചത് ഞാനാണെങ്കിലും സൗഭാഗ്യയാണ് അമ്മ ഞാന്‍ മകളും.'

അമ്മയും മകളും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുമ്പേ താരാ കല്യാണ്‍ സംസാരിച്ചു തുടങ്ങി. നര്‍ത്തകിയായും അഭിനേത്രിയായും താരാ കല്യാണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ നമുക്കറിയാം. പക്ഷേ ഈയിടെയായി താരയോട് മലയാളികള്‍ക്ക് കുറച്ചുകൂടി അടുപ്പം കൂടിയിട്ടുണ്ട് അതിന് കാരണക്കാരിയായത് മകള്‍ ഡബ്‌സ്മാഷ് ക്വീന്‍ സൗഭാഗ്യയും. കണ്ണുകൊണ്ടും പുരികം കൊണ്ടും നൃത്തം ചെയ്ത് കോമഡി രംഗങ്ങള്‍ തങ്ങളുടേതായ ശൈലിയില്‍ പുനരവതരിപ്പിച്ച്, ചെറിയ ഡാന്‍സ് മൂവ്‌മെന്റ്‌സുകളിലൂടെ.. ഈ അമ്മയും മകളും സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. 

താരയുടെയും സൗഭാഗ്യയുടെയും ജീവിതം ഒരു നൃത്തോപാസനയാണ്.. ജീവിതത്തിലെ കുഞ്ഞു നുറുങ്ങുകളും വലിയ നൊമ്പരങ്ങളും സ്വപ്‌നങ്ങളും പങ്കുവെക്കുകയാണ് ഇരുവരും.. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ആകസ്മികമാണെന്നാണ് താരയുടെ അഭിപ്രായം..സൗഭാഗ്യയുടെ ജനനമുള്‍പ്പടെ തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നുവെന്ന് താര പറയുന്നു. 

'ഇപ്പോള്‍ കുട്ടികളൊന്നും വേണ്ട എന്ന് കരുതിയിരിക്കുന്ന സമയത്താണ് മോളെ ഞാന്‍ ഗര്‍ഭം ധരിക്കുന്നത്. എനിക്ക് ലഭിക്കാത്തതെല്ലാം മക്കള്‍ക്ക് നല്‍കണം. അവര്‍ക്ക് നല്ലൊരു ഫ്യൂച്ചര്‍ കൊടുക്കണം. അതിന് അല്പം കൂടെ സമയം വേണം എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്. എല്ലാം വളരെ പ്ലാന്‍ ചെയ്ത് നടത്താന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. പക്ഷേ പലപ്പോഴും എന്റെ പ്ലാനും തകിടം മറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മനസ്സിലായി പ്ലാനിങ് ഒന്നും ആവശ്യമില്ല ജീവിക്കുന്ന പോലെ അങ്ങനെ ജീവിച്ചാല്‍ മതിയെന്ന് പക്ഷേ അതുപഠിച്ച് വന്നപ്പോഴേക്കും ഇത്രക്ക് പ്രായമായി. 

സൗഭാഗ്യ എന്റെ ജീവിതത്തിലേക്ക് വന്നത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. അന്നുമുതല്‍ എനിക്ക് ലഭിക്കാത്തത് എല്ലാം മകള്‍ കൊടുക്കണം, അവള്‍ക്ക് നല്ലൊരു ഫ്യൂച്ചര്‍ കൊടുക്കണം എന്ന പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു ഞാന്‍. ഗര്‍ഭിണിയായിരുന്ന കാലഘട്ടത്തിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ നൃത്ത പരിപാടികള്‍ അവതരിപ്പിക്കുന്നത്. സത്യം പറഞ്ഞാല്‍ ഐ വാസ് നോട്ട് അറ്റ് ആള്‍ അവെയര്‍ ഓഫ് ഇറ്റ്. എന്നെ ആരും ബോധവല്‍ക്കരിച്ചിട്ടുണ്ടായിരുന്നില്ല. അടങ്ങിയിരിക്കണം അതുചെയ്യണം ഇതുചെയ്യണം എന്നൊക്കെയുളള കുറേ ക്ലീഷേകള്‍ ഉണ്ടല്ലോ..പക്ഷേ ഞാന്‍ അങ്ങനെ അല്ലായിരുന്നു. ഫുള്‍ ടൈം ആക്ടീവായിരുന്നു. ക്ലാസെടുക്കുക. നൃത്ത പരിപാടികള്‍ ചെയ്യുക, ഞാന്‍ ഏറ്റവും കൂടുതല്‍ കുച്ചിപ്പുടി തരംഗം ചെയ്തിട്ടുള്ളത് അപ്പോഴാണ്. ഒമ്പത് മാസമുള്ളപ്പോള്‍ വരെ ഞാന്‍ നൃത്തം ചെയ്തിട്ടുണ്ട്. 

പ്രസവത്തെ കുറിച്ച് പോലും എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. ഞാന്‍ വീട്ടിലെ സ്ത്രീകളോട് ചോദിക്കും. ഈ പ്രസവം എന്നു പറഞ്ഞാ എന്തുവാ പരിപാടി എന്ന്. അപ്പോള്‍ അവര്‍ പറയും അതൊക്കെ അനുഭവത്തില്‍ വരുമ്പോള്‍ മനസ്സിലാകും എന്ന്. എന്റെ ഉത്കണ്ഠ കൊണ്ടോ, മകള്‍ക്ക് എന്നോടുള്ള സ്‌നേഹം കൊണ്ടോ എന്തോ എനിക്ക് പ്രസവവേദന അനുഭവിക്കേണ്ടി വന്നില്ല. സിസേറിയനായിരുന്നു. എന്റെ ജീവിതത്തില്‍ എല്ലാം ആകസ്മികമായാണ് സംഭവിക്കാറുള്ളത്. എന്റെ ഭര്‍ത്താവ് പോയതുള്‍പ്പടെ'- താര പറഞ്ഞു നിര്‍ത്തി. 

Thara
Image Courtesy: Facebook/ Sowbhagya Venkitesh

 

അമ്മ തന്റെ ആരാധാനാപാത്രമാണെന്ന് പറഞ്ഞ് സൗഭാഗ്യ സംഭാഷണം തുടര്‍ന്നു. 'അമ്മയെ പുസ്തകം എന്ന് പറയാം. അതുമുഴുവന്‍ എനിക്ക് പഠിക്കാനുള്ളതാണ്. അമ്മയുടെ ലൈഫ് ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. നിറയെ അപ്‌സ് ആന്‍ഡ് ഡൗണ്‍സ്. അതെല്ലാം വളരെ ബോള്‍ഡായിട്ടാണ് അമ്മ കൈകാര്യം ചെയ്തത്. അതൊക്കെ കാണുമ്പോള്‍ അഡ്മിറേഷനാണ്. അവസാനം ഞങ്ങള്‍ക്കുണ്ടായ ആ വലിയ നഷ്ടം പോലും അമ്മ വളരെ ധൈര്യത്തോടെ മറികടന്നു. എനിക്ക് തോന്നുന്നില്ല എത്രപേര്‍ക്ക് ഇതിന് കഴിയും എന്ന്. മമ്മി മമ്മിയുടെ പാര്‍ട്ട്‌ വളരെ മനോഹരമായി ചെയ്തു. അമ്മയുടെ വ്യക്തിപരമായ നഷ്ടം എത്രയുണ്ടോ അതിനേക്കാള്‍ മേലെ അമ്മ എന്നെ കംഫര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. അതെല്ലാം കണ്ട് എനിക്ക് വളരെ ആരാധന തോന്നിയിട്ടുണ്ട്.  

താര : എനിക്കറിയില്ല ഇതെല്ലാം ഓവര്‍കം ചെയ്യാനുള്ള എനര്‍ജി എവിടെ നിന്നാണ് വരുന്നത് എന്ന്. അനുഭവങ്ങളാണ് എന്നെ പഠിപ്പിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. എന്തൊക്കെയോ എന്റെ ജീവിതത്തിലൂടെ വന്നുപോയിക്കഴിഞ്ഞു. ഭയങ്കര സെന്റിമെന്റ്‌സും സൂപ്പര്‍ സെന്‍സിറ്റീവും എല്ലാം ആയ ഒരാളാണ് ഞാന്‍. ഒരാള്‍ക്ക് എന്നെ വളരെ എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിക്കും. അതുപോലെ ഹാപ്പിയാക്കാനും. മോള്‍ പറയാറുണ്ട് മമ്മി ആ സ്വഭാവം മാറ്റണമെന്ന്..അതുമാത്രം പറ്റിയിട്ടില്ല.

സൗഭാഗ്യ : ചെറുതിലെ അമ്മ വളരെ സ്ട്രിക്ട് ആയിരുന്നു. അച്ഛന്‍ വളരെ കൂളായ ആളും. അപ്പൂപ്പന്‍ അമ്മൂമ്മ എല്ലാവരും വളരെ ലീനിയന്റ് ആയ ആളുകളായിരുന്നു. അപ്പോള്‍ ആരെങ്കിലും കണ്‍ട്രോള്‍ ചെയ്യണമെന്ന് കരുതിയത് കൊണ്ടാരിക്കണം അമ്മ കര്‍ക്കശക്കാരി ആയത്. വടിയെടുക്കത്തൊന്നുമില്ല പക്ഷേ ശബ്ദം കൊണ്ട് അനുസരിപ്പിക്കും. ഞാന്‍ ഒരു ഏഴാംക്ലാസില്‍ എല്ലാം എത്തിയതോടെ അമ്മ കടുപ്പമൊക്കെ കുറച്ചു ഞങ്ങള്‍ നല്ല കൂട്ടായി. ഇപ്പോള്‍ പുറത്തൊക്കെ പോകുമ്പോള്‍ പലരും സിസ്റ്റേഴ്‌സ് ആണോ എന്നാണ് ചോദിക്കാറ്. 

താര : പലപ്പോഴും സൗഭാഗ്യ എന്റെ അമ്മയാകും. ഭയങ്കര കെയറിങ് ആണ് എന്റെ മോള്. ഞങ്ങള്‍ നല്ല ഫ്രണ്ട്‌സും ആണ് കെട്ടോ. എനിക്കീ ലോകത്തെ കുറേ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. എന്നെ എല്ലാം പഠിപ്പിച്ചത് എന്റെ മകളാണ്. പ്രത്യേകിച്ച് കാലഘട്ടത്തിന്റെ ഒരു മാറ്റം ഉണ്ടല്ലോ..ഞാന്‍ കുറച്ച് അപ്‌ഡേറ്റ് ആയത് ഇവള്‍ കാരണമാണ്. കംപ്ലീറ്റ്‌ലി ന്യൂജെന്‍ മോം ആയോ എന്ന് ചോദിച്ചാല്‍ അറിയില്ല പക്ഷേ ഒരു ഗ്രൂപ്പിനകത്ത് പെട്ടുപോയാല്‍ ഒറ്റപ്പെടില്ല. ഉദാഹരണത്തിന് ഈ ഐഫോണ്‍ ഉപയോഗിക്കാന്‍ എനിക്കറിയില്ലായിരുന്നു അതിങ്ങനെയാ ഇതിങ്ങനെയാ എന്നൊക്കെ പറഞ്ഞ് പഠിപ്പിച്ച് തന്നത് ഇവളാണ്. 

thara
Image: Facebook/Sowbhagya Venkitesh

 

സൗഭാഗ്യയുടെ ഓര്‍മശക്തി അപാരമാണ്. ഞാന്‍ ചെക്ക്‌ലിസ്‌ററ് തയ്യാറാക്കി, ഒരു പത്തു പ്രാവശ്യം നോക്കി അങ്ങനെയൊക്കെയാണ് കാര്യങ്ങളുമായി മുന്നോട്ട് പോകുക. പക്ഷേ അവള്‍ അങ്ങനെയല്ല. ലാസ്റ്റ് മിനിട്ട് വന്ന് കാര്യങ്ങള്‍ കിടുകിടാന്ന് ചെയ്തിട്ട് പോകും അതുപോലെ ഞാന്‍ തന്നെ കൊറിയോഗ്രാഫി ചെയ്തതാണെങ്കിലും സ്റ്റെപ്‌സ് ഞാന്‍ മറക്കും എനിക്ക് കുറേ പ്രാക്ടീസ് വേണം. പക്ഷേ അവള്‍ക്ക് ഒരുതവണ കണ്ടാല്‍ മതി. 

സൗഭാഗ്യ : കുഞ്ഞിലെ തൊട്ട് ഞങ്ങള്‍ ഒന്നിച്ചാണ് നൃത്തം ചെയ്യാറുള്ളത്. ഞങ്ങളുടെ ലൈഫിന്റെ ഒരു പാര്‍ട്ട് തന്നെയാണ് അത്. ഒരു ശീലം. അതുകൊണ്ട് അതില്‍ ഞങ്ങള്‍ക്ക് വലിയ കൗതുകമില്ല. ഒറ്റക്ക് ചെയ്യുമ്പോഴാണ് വല്ലാത്ത ഒരു വല്ലായ്മ തോന്നാറുള്ളത്.  അമ്മയില്‍ നിന്നാണ് നൃത്തം പഠിച്ചുതുടങ്ങിയത്. മകളെന്ന രീതിയില്‍ യാതൊരു പരിഗണനയും തന്നിരുന്നില്ല. അത് എന്റെ വിദ്യാഭ്യാസത്തെ വളരെ സഹായിച്ചിട്ടുണ്ട്. എന്നാണ് നൃത്തം പഠിച്ചത് എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. മൂന്നാം വയസ്സിലാണ് മൂകാംബികയില്‍ ഞാന്‍ അരങ്ങേറ്റം ചെയ്യുന്നത്. 

താര : സൗഭാഗ്യ വളരെ പക്വതയുള്ള കുട്ടിയാണ്. അവളുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ അസാധ്യമാണ്. അവളുടെ പിആര്‍ വളരെ മനോഹരമാണ്. ഞാനൊക്കെ ഒരാളോട് ഒരു കാര്യം പറയുമ്പോള്‍ അടിക്കാന്‍ പോകുന്നത് പോലെയാണ് പറയുക. ഉള്ള കാര്യം അതുപോലെയങ്ങ് പറയും. പക്ഷേ അവളങ്ങനെയല്ല. അവളുടെ അച്ഛന്‍ വളരെ മോശമായ കാര്യം വളരെ സ്വീറ്റായി അവതരിപ്പിക്കും. ഞാനാണെങ്കില്‍ അത് പറയില്ല. പക്ഷേ ഞാന്‍ പറയുന്ന വളരെ സ്വീറ്റായ കാര്യവും വളരെ മോശമായി പോകും. സൗഭാഗ്യ അച്ഛനെപ്പോലെയാണ് കാര്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിക്കും. 

പക്ഷേ അമ്മയുടെ ആ ക്വാളിറ്റിയാണ് മകള്‍ക്ക് ഏറ്റവും ഇഷ്ടം. 'അമ്മ എല്ലാ കാര്യങ്ങളും വളരെ ഓപ്പണായി പറയും. എനിക്കതിന് പറ്റാറില്ല. ഞാന്‍ എല്ലായ്‌പ്പോഴും ഡിപ്ലോമാറ്റിക് ആയാണ് കാര്യങ്ങള്‍ അവതരിപ്പിക്കാറ്. അമ്മയാണെങ്കില്‍ ഇഷ്ടപ്പെടാത്തത്‌ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും. അത് ഒരു നല്ല ക്വാളിറ്റിയാണ്. ഇന്നത്തെ കാലത്ത് അത് അങ്ങനെ തന്നെ പറയാന്‍ പഠിക്കണം.' 

അതുപോലെ വളരെ പെട്ടെന്ന് ക്ഷമിക്കുന്ന വ്യക്തിയാണ് അമ്മ. അതുകാരണം ആളുകള്‍ അമ്മയെ ചൂഷണം ചെയ്യുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. മാപ്പ് നല്‍കുന്നത് വളരെ നല്ല ക്വാളിറ്റിയാണ്. പക്ഷേ അര്‍ഹിക്കുന്നവര്‍ക്കേ അതുകൊടുക്കാവൂ, അമ്മയുടെ ആ സ്വഭാവം ഒന്നു മാറ്റിയെങ്കില്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്‌. പിന്നെ വളരെ കണ്‍സേണ്‍ഡ് ആണ് അമ്മ. അവര്‍ എന്തു വിചാരിക്കും ഇവര്‍ എന്തുവിചാരിക്കും എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. അതിന്റെ ആവശ്യമെന്താണ് നമ്മള്‍ നമുക്കിഷ്ടമുളളത് പോലെ ജീവിക്കുകയല്ലേ വേണ്ടത്. സൗഭാഗ്യ ചോദിക്കുന്നു.

താര : സൗഭാഗ്യയിലൂടെയാണ് ഞാന്‍ കുറേ കാര്യങ്ങള്‍ മനസ്സിലാക്കിയത്. നമ്മുടെ സമൂഹത്തില്‍ ഒരുപാട് ടാബൂസ് ഉണ്ടല്ലോ, അനാവശ്യമായ വിശ്വാസങ്ങള്‍ എല്ലാം അതെല്ലാം മാറ്റിതന്നത് അവളാണ്. ലിവ് ഫോര്‍ റ്റുഡെ, ലിവ് ദിസ് മൊമന്റ് എന്നെ പഠിപ്പിച്ചത് എന്റെ മകളാണ്. എന്റെ അമ്മയാണെങ്കില്‍ നേരെ വിപരീതമാണ്. ഭൂമിയോളം ക്ഷമിക്കണം സഹിക്കണം എന്നൊക്കെയാണ് അമ്മയുടെ ഒരു ലൈന്‍. ഞാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയിലെ ഒരു ബ്രിഡ്ജാണ്. രണ്ടുകാലഘട്ടത്തിനിടയിലെ ഒരു പാലം. അക്കരെ പോയാല്‍ പഴമ ഇക്കരെ പുതുമ. ഏത് വേണമെങ്കിലും എടുക്കാം. ഞാന്‍ സൗകര്യം പോലെ രണ്ടും എടുക്കാറുണ്ട്. ജീവിക്കണ്ടേ. 

thara

ഈ ലോകത്തിലെ ഏറ്റവും ഇന്നസെന്റായ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ അത് എന്റെ അമ്മയാണ്. ഒരു കള്ളവും അറിയാത്ത എന്തിന് ഒരു ചീത്ത വാക്കുപോലും അമ്മക്കിപ്പോഴും അറിയില്ല. അതുകൊണ്ട് തന്നെ അമ്മയെ എല്ലാവരും പറ്റിക്കും. അമ്മയുടെ ആദ്യ കാലത്തൊക്കെ നിരവധി പേര്‍ അമ്മയെ പറ്റിച്ചിട്ടുണ്ട്. ഇപ്പോഴും ഒരുപാട് പേര്‍ പറ്റിക്കാറുണ്ട്. അമ്മയെ കാണുമ്പോള്‍ ഞാന്‍ അത്യാവശ്യം സ്മാര്‍ട്ട് ആണെന്ന് എനിക്ക് തോന്നും. അമ്മയുടെ തലമുറയോടെ അത്തരം നന്മകളൊക്കെ അവസാനിക്കും. കാരണം അതില്‍ ഒരു സര്‍വൈവിങ് ഇന്‍സ്റ്റിക്ങ്റ്റ് ഇല്ലല്ലോ. അത്തരം സ്വഭാവവുമായി ഇന്നത്തെ കാലത്ത് ജീവിക്കുക അസാധ്യമാണ്. 

അമ്മക്ക് ജോത്സ്യത്തില്‍ ഭയങ്കര വിശ്വാസമാണ്. ആര് കിളിയെ കൊണ്ട് ഇരിക്കുന്നത് കണ്ടാലും ഓടിപ്പോയി എന്റെ ഫ്യൂച്ചര്‍ എങ്ങനെയുണ്ട് എന്ന് ചോദിക്കും. അയാള്‍ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴേക്കും മുഴുവന്‍ കാര്യങ്ങളും അങ്ങോട്ട് പറഞ്ഞുകൊടുക്കും. എന്നിട്ട് പറയും കണ്ടോ അയാള്‍ എല്ലാ കാര്യങ്ങളും പറഞ്ഞു എന്ന്. ഞങ്ങളുടെ വീട്ടിലെ ഒരു കോമഡി താരമാണ് എന്റെ അമ്മ. 

പക്ഷേ മകളുടെ കാര്യം വരുമ്പോള്‍ ഒരു ടിപ്പിക്കല്‍ അമ്മയാകും താര. മകളുടെ കാര്യത്തില്‍ ഇത്തിരി ഉത്കണ്ഠ ഉണ്ട്. എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുളള സങ്കടങ്ങളൊന്നും അവളുടെ ജീവിത്തില്‍ വരരുതെന്നാണ് ആഗ്രഹിക്കുന്നത്. ഞാന്‍ ഒരു സിംഗിള്‍ പാരന്റായപ്പോള്‍ അവളുടെ കാര്യത്തില്‍ എനിക്ക് തീരുമാനങ്ങളെടുക്കുമ്പോള്‍ അത് ഒന്ന് ഡിസ്‌കസ് ചെയ്യാന്‍ ആരുമില്ലല്ലോ എന്നൊക്കെ തോന്നും. എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടാണ് പോയത്. എനിക്ക് പേടിയാണ് ഞാന്‍ കാര്യങ്ങള്‍ ഒറ്റക്ക് ചെയ്താല്‍ ശരിയാകുമോ എന്ന്. ദൈവം നല്ലത് വരുത്തുമെന്ന് അറിയാം എന്നാലും ചിലപ്പോഴൊക്കെ ഞാന്‍ അമ്മയാകും. 

അവള്‍ക്ക് ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. സിനിമയില്‍ നിന്നും, ചാനലുകളില്‍ നിന്നും പക്ഷേ ഞങ്ങള്‍ ഒന്നും എന്റര്‍ടെയിന്‍ ചെയ്തില്ല. അവള്‍ക്ക് വ്യക്തിപരമായി താല്പര്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ സമ്മതിച്ചേനെ പക്ഷേ അവള്‍ക്ക് ഒട്ടും താല്പര്യമില്ല. ബ്രൈറ്റ് സ്റ്റുഡന്റായിരുന്നു. റാങ്കോടെയാണ് പാസ്സായത്. അവളുടെ ജീവിതം നല്ല നിലയില്‍ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. 

tharaസൗഭാഗ്യ : അഭിനയിക്കാന്‍ താല്പര്യമില്ല. എന്റെ കരിയറായി ഞാന്‍ ചൂസ് ചെയ്ത്ത് ഡാന്‍സാണ്, ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം പോപ്പുലാരിറ്റി കിട്ടിക്കഴിഞ്ഞു. അത് എന്റെ കരിയറിനെ എത്രത്തോളം ഹെല്‍പ്പ് ചെയ്യുന്നു എന്ന് മാത്രമാണ് ഞാന്‍ നോക്കുന്നത്. ഇപ്പോള്‍ ഉള്ളത് പോലെ മുന്നോട്ട് പോകുക എന്നതാണ് ആഗ്രഹം. പി എച്ച് ഡി ചെയ്യാന്‍ ഇരുന്ന സമയത്താണ് ഡാഡി പോകുന്നത്. പെര്‍ഫോമിങ് ആര്‍ട്‌സില്‍ പിഎച്ച്ഡി ചെയ്യണം. പിന്നെ ഒരു കോളേജ് അധ്യാപികയാകാനാണ് ആഗ്രഹിക്കുന്നത്. 

വിവാഹം എന്ന് പറയുമ്പോള്‍ ഇവള്‍ ഓടിക്കുമെങ്കിലും എല്ലാ അമ്മമാരെയും പോലെ അവള്‍ക്ക് നല്ലൊരു വരനെ കിട്ടുന്നതും വിവാഹം കഴിയുന്നതുമെല്ലാം എന്റെ സ്വപ്‌നമാണ്. അവളെ നന്നായി കെയര്‍ ചെയ്യുന്ന, സ്‌നേഹിക്കുന്ന ഒരാളെ അവള്‍ക്ക് കിട്ടണം. നല്ലൊരു കുടുംബജീവിതം ഉണ്ടാകണം. അതുമാത്രമാണ് എന്റെ പ്രാര്‍ത്ഥന. ഇപ്പോള്‍ ഞാന്‍ കഥയെഴുതുന്നുണ്ട്. എല്ലാ കഥയിലേയും നായിക എന്റെ മകളാണ്. മകളാണ് എന്നും എന്റെ ഹീറോയിന്‍. 

content highlight: Thara Kalyan and Soubhagya Mother's Day 2018 special Interview / തയ്യാറാക്കിയത് : രമ്യ ഹരികുമാര്‍