മിനിസ്‌ക്രീനിലെ റിയലിസ്റ്റിക് അമ്മയെന്ന വിശേഷണം ഏറ്റവും യോജിക്കുന്ന നടിയാണ് നിഷ ശാരംഗ്. ഉപ്പും മുളകും എന്ന സീരിയലിലെ നീലിമ എന്ന അമ്മ വേഷം നിരവധി ആരാധകരെയാണ് നിഷയ്ക്കായി സൃഷ്ടിച്ചത്. ജീവിതത്തിലെയും സീരിയലിലെയും അമ്മ വേഷത്തെ കുറിച്ച് നിഷ സംസാരിക്കുന്നു.

സ്‌ക്രീനിലെ അമ്മ റിയല്‍ അമ്മയാകുമ്പോള്‍

രണ്ട് പെണ്‍മക്കളാണ് എനിക്കുള്ളത്. രേവതി ചന്ദ്രനും രേവിത ചന്ദ്രനും. രേവതിയുടെ വിവാഹം കഴിഞ്ഞു. പത്തനംതിട്ട സ്വദേശിയായ റോണിയാണ് രേവതിയെ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ഒമാനിലാണ്. രേവതി ബാംഗളുരുവില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ്. ഉപ്പും മുളകും സീരിയലില്‍ നാലുമക്കളാണ് എനിക്ക്.

ഫ്രണ്ട്‌ലിയായ അമ്മയാണ് ഞാന്‍ 

മക്കള്‍ക്ക് എല്ലാക്കാര്യവും തുറന്നു പറയാന്‍ സാധിക്കുന്ന വളരെ ഫ്രണ്ട്‌ലി ആയ അമ്മയാണ് ഞാന്‍. രേവതിയുടെയും രേവിതയുടെയും അടുത്ത സുഹൃത്ത് എന്നു തന്നെ പറയാം. ഒച്ചയെടുക്കാനും ബഹളം വയ്ക്കാനും താത്പര്യമില്ലാത്ത ആളാണ്.

അതുകൊണ്ടു തന്നെ വഴക്കു പറയേണ്ടുന്ന സാഹചര്യമാണെങ്കില്‍ കൂടിയും കുറച്ചു നേരം മിണ്ടാതെ ഇരിക്കും. പിന്നീട് എന്താണ് കാര്യമെന്ന് അന്വേഷിക്കും.  ഒരുപാട് വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കത്തതിനാല്‍ ചെറിയ രീതിയിലേ വഴക്കു പറയേണ്ടി വരാറുള്ളു. 

nisha sarang
നിഷ മക്കള്‍ക്കും മരുമകനും ഒപ്പം

അമ്മയില്‍ നിന്ന് അമ്മായിഅമ്മയിലേക്ക്

മരുമകനല്ല, മകനെ പോലെ തന്നെയാണ് റോണി. സുരക്ഷിതമായ കരങ്ങളിലാണ് മകളെ ഏല്‍പ്പിച്ചതെന്ന ഉത്തമവിശ്വാസമുണ്ട് എനിക്ക്. പ്രണയവിവാഹമായിരുന്നു റോണിയുടെയും രേവതിയുടെയും. മകള്‍ ഇക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ അതേക്കുറിച്ച് ഞാന്‍ റോണിയോട് ചോദിച്ചു.

വ്യത്യസ്തമതത്തില്‍ പെട്ടവരായതു കൊണ്ട് റോണിയുടെ വീട്ടില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നും മറ്റും ചോദിച്ചു. വീട്ടുകാരുടെ സമ്മതത്തോടെയാണ് രേവതിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതെന്ന് അവന്‍ പറഞ്ഞു. മകനും നല്ല സുഹൃത്തുമാണ് റോണി. 
 
ഉപദേശിക്കാറുണ്ടോ

ഉപദേശിക്കുന്ന അമ്മമാരുടെ പട്ടികയില്‍ പെട്ട ആളല്ല ഞാന്‍. ഉദാഹരണങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ട് അത്രമാത്രം. 

ഉപ്പും മുളകിലെയും അമ്മ

ഉപ്പും മുളകും സീരിയലില്‍ നാലു മക്കളുടെ അമ്മയാണ് ഞാന്‍. കുറച്ച് സ്ട്രിക്ടുമാണ്. പക്ഷെ ആ നാലു കുഞ്ഞുങ്ങളുമായും നല്ല അടുപ്പമാണ്. കൊച്ചു കൊച്ചു കുസൃതികള്‍ കാണിക്കുമ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ എനിക്കു തന്നിട്ടുണ്ട്. ശിവാനിയും അല്‍ സാബിത്തുമൊക്കെ അമ്മയെ പോലെയാണ് എന്നെ കാണുന്നത്. സെറ്റിലെത്തിയാല്‍ എന്നെ ചുറ്റിപ്പറ്റിയാവും ഇവരുടെ എടുപ്പും നടപ്പുമൊക്കെ.

nisha sarang
ഉപ്പും മുളകും സീരിയലിലെ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം

ഈ കഴിഞ്ഞ ദിവസം നടന്ന ഒരു കാര്യം പറയാം. എനിക്ക് നല്ല പനിയും വിറയലുമായിരുന്നു. അതുകൊണ്ട് വീട്ടില്‍ തയ്യാറാക്കിയ കഞ്ഞിയുമായാണ് ലൊക്കേഷനിലേക്ക് പോയത്. ഞാന്‍ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ശിവാനി വന്ന് ഒരു സ്പൂണ്‍ വാങ്ങിക്കഴിച്ചു. അല്‍ സാബിത്ത് അവിടെ നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചില്ല.

ശിവാനിക്ക് ഞാന്‍ കഞ്ഞി കൊടുക്കുന്നത് അവന്‍ കണ്ടു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അപ്പുറത്ത് മാറിയിരുന്ന് അവന്‍ കരയുന്നത് കണ്ടു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു; ഞാന്‍ ശിവാനിക്കു കഞ്ഞി കോടുത്തു. അവന് കൊടുക്കാത്തതു കൊണ്ടാണെന്ന്. ഇങ്ങനെയാണ് ഞാനും എന്റെ സീരിയല്‍ മക്കളും തമ്മിലുള്ള ബന്ധം

ഞാനും എന്റെ അമ്മയും

ഞാന്‍ അഭിനയരംഗത്തെത്താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്റെ അമ്മ ശ്യാമള ശാര്‍ങ്ധരനാണ്. പക്ഷെ അതിനായി എന്തു ചെയ്യണമെന്നൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ ഡാന്‍സ് കളിക്കുന്നതു പോലെ കാണിക്കുമായിരുന്നു. അതുകണ്ടാണ് അമ്മ എന്നെ നൃത്തക്ലാസില്‍ ചേര്‍ത്തത്. അമ്മയുടെ പ്രോത്സാഹനവും പിന്തുണയുമാണ് എന്നെ മുന്നോട്ടു നയിച്ചത്. 

സിംഗിള്‍ മദര്‍

രണ്ട് പെണ്‍കുട്ടികളെ തനിയെ വളര്‍ത്തേണ്ടി വന്നപ്പോഴുണ്ടായ സമ്മര്‍ദം വളരെ വലുതായിരുന്നു. നല്ല ടെന്‍ഷനുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ജോലിയുടെ തിരക്കു കാരണം വളരെ കുറച്ചു സമയം മാത്രമേ അവര്‍ക്കൊപ്പമുണ്ടാകാന്‍ സാധിക്കാറുള്ളു എന്നതാണ് ഈ ടെന്‍ഷന്റെ വലിയൊരു കാരണം.

മൂത്തമകളുടെ കാര്യത്തിലെ ടെന്‍ഷനില്‍ ഇപ്പോള്‍ കുറവുണ്ട്. കാരണം ഇപ്പോള്‍ അവള്‍ ഭര്‍ത്താവിനൊപ്പമാണല്ലോ.  രണ്ടാമത്തെ മകള്‍ കുറച്ച് കുട്ടിത്തമൊക്കെ കാണിക്കുന്ന ആളാണ്. എങ്കിലും പക്വതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ അറിയാം. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ രണ്ടുപേരെയും ചെറുപ്പം മുതലേ പഠിപ്പിച്ചിരുന്നു. 

nisha sarang
നിഷയും മക്കളും

സീരിയലിലെ അമ്മയോടുള്ള ആളുകളുടെ പ്രതികരണം

എന്റെ കഥാപാത്രത്തോട് ആളുകള്‍ക്ക് ഒത്തിരി ഇഷ്ടമാണ്. പലരും അത് പറയാറുമുണ്ട്. കഴിഞ്ഞദിവസം നിലമ്പൂരില്‍ നിന്ന് ഒരു ആണ്‍കുട്ടി കാണാന്‍ വന്നിരുന്നു. അമ്മ മരിച്ചു പോയ കുട്ടിയാണ് അവന്‍. എന്നെ കാണുമ്പോള്‍ അവന് അമ്മയെ ഓര്‍മ വരുമെന്ന് പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി അത് കേട്ടപ്പോള്‍.