ഉള്ളിലെ താരാട്ടിന് ഒരേ മുഖം

അമ്മ മനസിന്  പകരമാവാന്‍ മറ്റൊന്നിനും കഴിയില്ല. അമ്മയുടെ സ്നേഹം, കരുതൽ, അതിലൊളിപ്പിച്ച അഭയം... ഇതൊക്കെ മറ്റൊന്നിനും തരാൻ കഴിയില്ല എന്നത് യാഥാർഥ്യം!! ഒരു ജന്മം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി നല്‍കുന്ന അമ്മ മനസിനായി സ്നേഹത്തിന്റെ ഒരു ദിനം നമുക്ക് മാറ്റി വെയ്ക്കാം. അമ്മയ്ക്കായി ഇത്തിരി നിമിഷങ്ങൾ പങ്കിടാൻ ഓർമിക്കാം. 

മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചില അമ്മനിമിഷങ്ങള്‍...

latheesh

അമ്മയാണ് അഭയം... ഓരോ അമ്മയും മക്കൾക്ക് താങ്ങും തണലുമാണ് എന്ന ഓർമപ്പെടുത്തലുമായി ഒരു മാതൃദിനം കൂടി. ഒട്ടിയ വയറുമായി അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുന്ന കുട്ടിയും ഒപ്പം തളർന്നുറങ്ങുന്ന അമ്മയും.ആറളം ഫാമിൽ നിന്നുമുള്ള കാഴ്ച.   ഫോട്ടോ: ലതീഷ് പൂവത്തൂർ. 

 

pg unnikrishnan

കണ്ണിനു കുളിരായ്, ഈ കരുതലിന്റെ കാഴ്ച... സ്‌നേഹം വരളുന്ന വര്‍ത്തമാനത്തില്‍ കരുതലിന്റെ കാഴ്ചകള്‍ ഒരു ഓര്‍മപ്പെടുത്തലാണ്. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന തത്തമ്മ. അശോക റോഡില്‍ നിന്നൊരു വഴിയോരദൃശ്യം.   ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ. 

g sivaprasad

ഇവരുടെ ജീവിതം തന്നെ ഉത്സവങ്ങളാണ്. ചുറ്റും വര്‍ണങ്ങള്‍ വാരിവിതറിയ, കാഴ്ചകളുടെ മാമാങ്കം. പക്ഷെ യാഥാര്‍ഥ്യം അത്ര നിറമുള്ളതല്ല. വീടും കുടുംബവും കുട്ടികളുമായി വയര്‍ നിറക്കാനുള്ള കൂടുമാറ്റം. അതിനിടയില്‍ വീണുകിട്ടുന്ന നിമിഷങ്ങള്‍ തന്റെ പൊന്നോമനക്കൊപ്പം ചിലവിടുന്ന നാടോടിസ്ത്രീ. പ്ലേ സ്‌കൂളിലും ബേബി ഫുഡ്‌സിലും കിട്ടുമോ ഈ 'അമ്മ മധുരം..

ഫോട്ടോ: ജി ശിവപ്രസാദ്

 

philip

തെരുവു കച്ചവടത്തിരക്കിനിടയിലും കുഞ്ഞിനെ അടുത്തിരുത്തി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ് ഈ അമ്മ. തൃശൂര്‍ പൂരപ്പറമ്പില്‍ കച്ചവടത്തിനെത്തിയ അന്യസംസ്ഥാനക്കാരിയായ അമ്മയും മകളും.

ഫോട്ടോ: ജെ.ഫിലിപ്പ്. 

 

ridhin

ഒഴിവയര്‍..ലോക മാതൃദിനത്തിന്റെ തലേന്നാള്‍ കണ്ണൂര്‍ എം.എ. റോഡില്‍ നിന്നൊരു കാഴ്ച. ശനിയാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആയിരുന്നതിനാല്‍ വെള്ളം മാത്രം കുടിച്ച് വിശപ്പടക്കി കടത്തിണ്ണയില്‍ മയങ്ങുകയാണീ അമ്മ.  

ഫോട്ടോ: റിദിന്‍ ദാമു. 

 

binoj

വാത്സല്യപ്പാലമൃതേകാം കുഞ്ഞേ...അമ്മയെന്ന വികാരം നമ്മില്‍ ഊട്ടിയുറപ്പിക്കാന്‍ ഇന്ന് ലോക മാതൃദിനം. ഓമനക്കുഞ്ഞിനെ മാറോട് ചേര്‍ത്ത് പാലു കൊടുക്കുന്ന അമ്മക്കുരങ്ങ്. മൂന്നാറില്‍ നിന്നുളള ദൃശ്യം.

ഫോട്ടോ:  പി.പി. ബിനോജ്.

 

ramesh

വീടിനുള്ളില്‍ ഇരുന്ന് കുട്ടികളെ വളര്‍ത്തുന്നതില്‍ മാത്രമായി ഒതുങ്ങുന്നില്ല പല അമ്മമാരുടേയും ജീവിതം. മക്കളുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍ തന്നെ ഓഫീസ് ജോലികള്‍ മുതല്‍ കൂലിപ്പണി വരെ ചെയ്തു കൊണ്ടാണ് പല അമ്മമാരും കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നത്. മകനെയും എടുത്തു കൊണ്ട് ചെന്നൈ കെ.കെ.നഗറില്‍ കെട്ടിട നിര്‍മാണ പണിക്കു പോകുന്ന മാതാവ്.

ഫോട്ടോ: വി.രമേഷ്.

 

manish

ഇവര്‍ക്ക് പട്ടുമെത്തയും വിലകൂടിയ കളിപ്പാട്ടങ്ങളുമില്ല.  എങ്കിലും തെരുവിലെ കച്ചവടത്തിരക്കിനിടയിലും അരുമയെ ലാളിക്കാനും കൊഞ്ചിക്കാനും ഈ അമ്മ സമയം കണ്ടെത്തുന്നു.  തൃശൂരില്‍ നിന്നുള്ള കാഴ്ച.  

ഫോട്ടോ: മനീഷ് ചേമഞ്ചേരി.

 

jayesh

വേനലില്‍ വരണ്ടുണങ്ങിയ കാട്ടിനുള്ളില്‍ നിന്നും ഭക്ഷണം തേടി നാട്ടിലേക്കിറങ്ങിയ അമ്മക്കുരങ്ങും കുഞ്ഞും.  തമിഴ്‌നാട് മുതുമല കടുവാസങ്കേതത്തിനു സമീപത്ത് നിന്നുള്ള കാഴ്ച.  

ഫോട്ടോ: പി.ജയേഷ്.

 

jayesh

കുഞ്ഞിന് ഉച്ചഭക്ഷണം നല്‍കുന്ന അമ്മ. ചികിത്സക്കായി ആശുപത്രിയില്‍ എത്തിയതാണിവര്‍. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം.

ഫോട്ടോ: പി.ജയേഷ്. 

 

kb

വാത്സല്യം...തന്റെ കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹപൂര്‍വ്വം അമ്മിഞ്ഞപ്പാല്‍ നല്‍കുന്ന അമ്മ. മനുഷ്യനായാലും മൃഗമായാലും അമ്മ അമ്മയാണ്.  

ഫോട്ടോ: കെ.ബി.സതീഷ് കുമാര്‍. 

 

philip

അമ്മക്കുട...തെരുവില്‍ പഴയ സാധനങ്ങള്‍ പെറുക്കി ഉപജീവനം നടത്തുമ്പോള്‍ ഉന്തുവണ്ടിയില്‍ ഒപ്പമുള്ള കുഞ്ഞിന് വെയിലേല്‍ക്കാതിരിക്കാന്‍ കുട ചുൂടിക്കൊടുക്കുന്ന അമ്മ. തൃശൂരില്‍ നിന്നുള്ള കാഴ്ച.  

ഫോട്ടോ: ജെ.ഫിലിപ്പ്. 

 

kb

തെരുവുകച്ചവടത്തിനിടയിലും കുഞ്ഞിനെ കൂടെ കൂട്ടാതിരിക്കാന്‍  അമ്മയ്ക്ക് കഴിയില്ല. അമ്മ അടുത്തുണ്ടെന്ന ഉറപ്പില്‍ സുഖമായുറങ്ങുന്ന കുഞ്ഞ്. മലപ്പുറത്തു നിന്നും.  

ഫോട്ടോ: കെ.ബി.സതീഷ് കുമാര്‍. 

 

 

p.g

അരുമ മക്കള്‍ക്കൊപ്പം...ഡല്‍ഹിയില്‍ പാര്‍ലമെന്റ് ലൈബ്രറി പരിസരത്ത് മക്കള്‍ക്കൊപ്പം തീറ്റ തേടുന്ന മയിലമ്മ.

ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍.

 

ajith kollam

കൈകാലുകള്‍ നഷ്ടപ്പെട്ട ഈ അമ്മ ഇന്ന് ഈ തെരുവോരത്തിന്റെ ഭാഗമാണ്. പകല്‍ യാത്രക്കാര്‍  നല്‍കുന്ന നാണയത്തുട്ടുകളാണ് അന്നന്നത്തെ അന്നത്തിന് കൈത്താങ്ങാവുന്നത്.  തിരക്കേറിയ നഗരത്തിലെ നടപ്പാതയില്‍  ജീവിതം തള്ളിനീക്കുന്നിടം ഒരിക്കല്‍ സമരക്കാര്‍ കയ്യടക്കിയപ്പോള്‍ തന്റെ 'കിടപ്പാടം' തല്‍ക്കാലെേത്തക്കങ്കിലും  നഷ്ടപ്പെട്ടതിന്റെ പരിഭവം അല്പനേരത്തേക്ക്.  പിന്നെ അവരിലൊരാളായി കൂടി. ചെറിയൊരു മയക്കത്തിലേക്ക്. ആരോടും പരാതിയില്ലാതെ. കൊല്ലം ചിന്നക്കടയില്‍ നിന്നും പകര്‍ത്തിയ ചിത്രം.

ഫോട്ടോ : അജിത് പനച്ചിക്കല്‍. 

 

siddikkul

അമ്മതന്‍ തണലെനിക്കായിരം പട്ടുമെത്ത...വഴിവക്കിലെ തണല്‍ മരത്തിന് താഴെ ക്ഷീണിച്ചുറങ്ങുന്ന അമ്മയും കുഞ്ഞും. എറണാകുളം ഷണ്‍മുഖം റോഡില്‍ നിന്നൊരു കാഴ്ച.  

ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍.

 

praveesh

തെരുവോരത്ത് അന്നത്തിനായി വില്‍പന നടത്തുന്ന അന്യസംസ്ഥാന സ്ത്രീ. വില്‍പനക്കിടയില്‍ സമീപത്ത് കിടത്തിയിരിക്കുന്ന കുഞ്ഞിനെ താലോലിക്കാനും അമ്മ സമയം കണ്ടെത്തുന്നു.  

ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍. 

 

biju

ഭാഗ്യക്കുറി വിറ്റ് അമ്മക്ക് തുണയാകുകയാണ് എട്ടാം ക്ലാസുകാരനായ അഖില്‍. ഭര്‍ത്താവ് മരിച്ച ശേഷം തെരുവില്‍ ഭാഗ്യക്കുറി വില്‍പനയിലൂടെ കിട്ടുന്ന തുകയാണ് ആലപ്പുഴ കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ബേബിലതക്കും രണ്ട് മക്കള്‍ക്കുമുള്ള വരുമാനം. ശാരീരിക അവശതകള്‍ മൂലം അധികം നേരം നിന്ന് ഭാഗ്യക്കുറികള്‍ വില്‍ക്കാനുള്ള വിഷമം ബേബിലതയെ ബുദ്ധിമുട്ടിക്കുന്നു. വേനലവധിയായതിനാല്‍ മകന്‍ അഖിലാണ് ഇപ്പോള്‍ ഈ അമ്മക്ക് കൂട്ട്. ആലപ്പുഴ നഗരത്തില്‍ നിന്നുള്ള ദൃശ്യം.  

ഫോട്ടോ: സി.ബിജു.

 

ramnath

കുഞ്ഞുങ്ങള്‍  സുരക്ഷിതരല്ല എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പിച്ചവെച്ചു നടക്കേണ്ട പ്രായത്തിലും അമ്മമാരുടെ അരക്കെട്ടില്‍ അവര്‍ സ്ഥാനം പിടിക്കും. വാശി പിടിച്ച്  കരയുന്നത് മിക്കപ്പോഴും അമ്മക്കൊപ്പം യാത്ര പോകുന്നതിനാണ്. ഇത്  സന്തോഷം നല്‍കുന്നു അമ്മമാര്‍ക്കും. വിശപ്പ് വില്ലനാകുമ്പോള്‍  മകളെയും കൂട്ടി പ്ലാസ്റ്റിക് പാത്രവില്‍പനക്കായി നടക്കുന്ന സ്ത്രീ. കാസര്‍കോട് നായക്‌സ് റോഡില്‍ നിന്നുള്ള കാഴ്ച.  

ഫോട്ടോ: എന്‍. രാമനാഥ് പൈ.

 

sreekesh

ഏതു സാഹചര്യത്തിലും അമ്മ തന്റെ കുഞ്ഞിനെ ഒപ്പം കൂട്ടും. അരിപ്പ ഭൂസമരസമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന കൃഷിഭൂമിക്കുവേണ്ടിയുള്ള ധര്‍ണക്കെത്തിയ സ്ത്രീ നടപ്പാതക്ക് കുറുകെ കെട്ടിയ തൊട്ടിലിലിട്ട് കുഞ്ഞിനെ ഉറക്കുന്നു.  

ഫോട്ടോ: എസ്.ശ്രീകേഷ്.