Subhashquotes iconമൂന്നുവട്ടം മാറ്റിയെടുത്തതിനുശേഷം ഒടുവില്‍ അമ്മയുടെ ഗര്‍ഭപാത്രം ഉള്‍ക്കൊള്ളാന്‍ വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ഭരണി നരേന്ദ്രന്‍ കണ്ടെത്തി. കച്ചവടക്കാരനുമായുള്ള  ചെറിയൊരുവിലപേശലിലൂടെ രണ്ട് രൂപ ലാഭത്തില്‍ വാങ്ങിയ സുതാര്യമായുള്ള അതിനുള്ളിലേക്ക്  ഒടുവില്‍ തൂക്കിയെടുത്ത ഗര്‍ഭപാത്രം ഇത്തവണ നഴ്‌സ് അനായാസം കടത്തി. നഴ്‌സ് ചിരിച്ചു, ഭരണിയിലെ രാസദ്രവത്തിലേക്ക് ചേരയുടെ വേരുകള്‍ പടര്‍ത്തി നിമഗ്‌നമായ ആ അവയവത്തെ നരേന്ദ്രന്‍ നോക്കി. 27 വയസിന്റെ അകലമുള്ള നിസംഗതയുടെ കണ്ണുറപ്പുള്ള ഒരു നോട്ടം...quotes icon
.............................................................................................
സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം എന്ന് തുടങ്ങുന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. തുടര്‍ന്നയാള്‍ അമ്മയുടെ ഗര്‍ഭപാത്രം സൂക്ഷിച്ച കറുത്ത പോളിത്തീന്‍ കവറുമായി  ആശുപത്രി ലക്ഷ്യമാക്കി യാത്ര ചെയ്യുന്നു. ആ യാത്ര അയാളെ പലതും ഓര്‍മിപ്പിച്ചു. അപ്പോഴും മടിയില്‍ ചേര്‍ത്തുവച്ചിരുന്ന ഭരണിയില്‍ നിന്നുള്ള സുഖകരമായ ഒരു തണുപ്പ് അയാളുടെ സിരകളിലേക്ക് പടര്‍ന്നിറങ്ങികൊണ്ടിരുന്നു....

അമ്മയുടെ ഗര്‍ഭപാത്രം ബയോപ്‌സിക്കായി കൊണ്ടുപോകുന്ന ഒരു മകന്റെ അനുഭവം പങ്കുവയ്ക്കുന്ന മകന്റെ കഥയാണ് പറുദീസ നഷ്ടം എന്ന ചെറുകഥയിലുടെ സുഭാഷ് ചന്ദ്രന്‍ പറയുന്നത്. യാത്രയ്ക്കിടയില്‍ അമ്മയുടെ ഗര്‍ഭപാത്രം നഷ്ടപ്പെടുന്നു.. ആ നഷ്ടത്തെ വിവരിക്കുന്ന കഥയെ പറുദീസ നഷ്ടമെന്നല്ലാതെ മറ്റെന്താണ് വിളിക്കാനാകുക.
 
നരേന്ദ്രന്റെ മടിയിലിരുന്ന ആ ഗര്‍ഭപാത്രവും അതിന് ഉടമയായ ആ അമ്മയും വെറും കഥമാത്രമായിരുന്നോ? സുഭാഷ് ചന്ദ്രന്‍ പറയുന്നു

മലയാളത്തില്‍ എഴുതപ്പെട്ട അമ്മ കഥകളില്‍ അമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാത്ത അമ്മക്കഥയാണ് പറുദീസാ നഷ്ടം. അതില്‍  അമ്മ എന്ന കഥാപാത്രം ഇല്ല, നരേന്ദ്രന്‍ എന്ന കഥാപാത്രം കാണുന്നതായിട്ടാണ് കഥയില്‍. അമ്മയുടെ ഗര്‍ഭപാത്രം കളഞ്ഞുപോയി. 

With Mother
സുഭാഷ് ചന്ദ്രന്‍ അമ്മയ്‌ക്കൊപ്പം (ഒരു പഴയ ചിത്രം)

ഞാനെന്റെ അമ്മയുടെ ഗര്‍ഭപാത്രം ബയോപ്‌സിയ്ക്കായി കൊണ്ടുപോയ അനുഭവമാണ് കഥയാക്കി മാറ്റിയത്.  ഒരു വ്യക്തിയുടെ അനുഭവമാണ് പറുദീസാ നഷ്ടം. എംഎസ് മരിച്ച സമയത്താണ് പിന്നീട് എന്റെ ഈ അനുഭവം കഥയായിട്ട് മനസില്‍ രൂപപ്പെടുന്നത്. അതൊരു വ്യക്തിയുടെ വ്യക്തിപരമായ നഷ്ടത്തിന്റെ പീക്കാണത്.. നമ്മുടെ ബിബ്ലിക്കല്‍ തീം തന്നെ ഗര്‍ഭപാത്രത്തില്‍ നിന്നും നമ്മള്‍ പുറത്തുവന്നതാണ് എന്ന ഒരു ചിന്ത എനിക്ക് ഉണ്ട്. മനുഷ്യന്റെ പറുദീസയാണ് ഗര്‍ഭപാത്രം. ദൈവം നമ്മളെ പറുദീസയിലാക്കിയിരിക്കുന്നത് ഗര്‍ഭപാത്രത്തില്‍ പത്ത് മാസമാണ്. അത് കഴിഞ്ഞാണ് ആണായാലും പെണ്ണായാലും പുറത്തേക്ക് വരുന്നത്. അതാണ് ഈ കഥയുടെ ആശയം. 

ഭൗതിക തലത്തില്‍ അമ്മയുടെ ഗര്‍ഭപാത്രം കളഞ്ഞുപോകുന്നത് തന്നെയാണ് പറുദീസാ നഷ്ടവും. ഇതൊരു നരേറ്റീവ് രൂപത്തില്‍ എഴുതിയ കഥയാണ്. ഈ കഥ എഴുതാനുള്ള വാക്കുകള്‍ക്കായി ഞാന്‍ കുറെ ശ്രമിച്ചിരുന്നു. അമ്മയുടെ ഗര്‍ഭപാത്രം നഷ്ടപ്പെടുമ്പോള്‍ ഒരാള്‍ക്ക് എന്താണ് അനുഭവപ്പെടുന്ന വികാരം.  ആ തീവ്രത എഴുതാന്‍ കുറേക്കാലം കഷ്ടപ്പെട്ടു.  അങ്ങനെയാണ് കഥ അവസാനിക്കുന്ന ഭാഗത്ത് ഞാന്‍ ഇങ്ങനെ എഴുതുന്നത്. 

'കരയ്ക്ക് പിടിച്ചിട്ട ഭയങ്കരനായ ഒരു കടല്‍ ജീവിയെപോലെ പിടച്ചുകൊണ്ടിരുന്ന തെരുവിലേക്ക്  നരേന്ദ്രന്‍ ഇറങ്ങി അരക്ഷിതമായ ആള്‍കൂട്ടത്തിന്റെ തള്ളയില്ലായ്മയിലേക്ക്..ഭയം അതിന്റെ തീക്കനല്‍ പോലുള്ള നാക്കുകൊണ്ട് നരേന്ദ്രന്റെ നട്ടെല്ലില്‍ നക്കി....'

കഥയുടെ ഒരു യഥാര്‍ത്ഥ പ്രമേയം ഒരു വ്യക്തിയുടെ നഷ്ടം മാത്രമല്ല. നമ്മള്‍ തന്തയില്ലായ്മ്മ എന്നു പറയും. അങ്ങനെയൊരു വാക്കുണ്ട്. പക്ഷേ തള്ളയില്ലായ്മ്മ എന്നു പറയാറില്ല. തള്ളയില്ലായ്മ്മ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് ഞാനാണ.് പിന്നീട് ഇത് പലരും ഉപയോഗിച്ചു. അമ്മയില്ലായ്മ്മത്തരമുണ്ട.് പരശുരാമന്‍ അമ്മയുടെ കഴുത്തുവെട്ടിന്നിടത്താണ് നമ്മുടെ മിത്തോളജിയുടെ തുടക്കം. അത് ഇപ്പോഴും തുടരുന്നു... 

സ്വന്തം കാര്യം നേടാന്‍ എന്തും ചെയ്യാന്‍, അമ്മയെ പോലും വെട്ടാന്‍ അല്ലെങ്കില്‍ മാതൃഭാഷയെ വെട്ടാന്‍ ആര്‍ക്കും മടിയില്ല. മാതൃഭാഷ സംസാരിക്കുന്നത് ബില്ലാക്കിയത് വളരെ വലിയ സംഭവമാണ്. അത്ഭുതകരമാണ് ഈ  സംഭവം കാരണം. മാതൃഭാഷ സംസാരിക്കുന്നകതിന് വിലക്കേര്‍പ്പെടുത്ത സ്‌കൂളുകള്‍ ഉള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇത് ആഭാസത്തരമാണ്. ഇതിനെപറ്റിയൊക്കെയാണ് പറുദീസാഷ്ടം പറയുന്നത്.  

അമ്മയെന്നു പറയുമ്പോള്‍ മാതൃഭാഷയാകാം. അല്ലെങ്കില്‍ നമ്മള്‍ മാറോട് ചേര്‍ത്തുപിടിക്കേണ്ട ചില മൂല്യങ്ങളാകാം. അതെല്ലാം ഗര്‍ഭപാത്രം എന്ന ഒരു ഇമേജിലേക്ക് ഉള്‍കൊള്ളിച്ചാണ് ഈ കഥ എഴുതിയിരിക്കുന്നത്. ഈ കഥ പിന്നീട് രൂപേഷ് പോള്‍ 'മൈ മദേഴ്‌സ് ലാപ്‌ടോപ്പ്' എന്ന സിനിമയാക്കിയിട്ടുണ്ട്.

സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാം