ലയാള സിനിമയെ ഒരുകാലത്ത് ചലിപ്പിച്ചിരുന്നത് കുടുംബ ചിത്രങ്ങളായിരുന്നു എന്ന് തന്നെ പറയാം. അമ്മയും അച്ഛനും സഹോദരങ്ങളും അങ്ങനെ വലിയൊരു കൂട്ടുകുടുംബവുമായെത്തി തിയ്യേറ്ററുകളില്‍ വൈകാരികതയുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചാണ് അവയില്‍ ഭൂരിഭാഗം ചിത്രങ്ങളും വിജയം നേടിയിരുന്നത്. സ്‌നേഹനിധികളായ അമ്മ കഥാപാത്രങ്ങളായിരുന്നു എന്നും അത്തരം സിനിമകളുടെ അച്ചുതണ്ട്. 

കാലങ്ങള്‍ക്കിപ്പുറം മലയാള സിനിമ കുടുംബത്തില്‍നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ മലയാളസിനിമ സ്ഥിരം ചട്ടക്കൂടിലൊതുക്കി നിര്‍ത്തിയ, ഇങ്ങനെയൊരമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് പ്രേക്ഷകനെക്കൊണ്ടാഗ്രഹിപ്പിച്ച , സ്‌നേഹനിധികളായ അമ്മമാര്‍ ഇല്ലാതായി. മുടിനരച്ച അമ്മമാര്‍ക്ക് പകരം മധ്യവയസ്‌കരായ അമ്മമാര്‍ ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു. ഒരുപക്ഷേ കുറച്ചുകൂടി യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന അമ്മമാര്‍..നായകന്മാരുടെ പ്രായം കുറഞ്ഞത് അനുസരിച്ചാണ് അമ്മമാരുടെയും പ്രായം കുറഞ്ഞു വന്നത് എന്നുള്ളത് യാഥാര്‍ത്ഥ്യമാണെങ്കില്‍ തന്നെയും ഇന്നത്തെ തിരക്കഥകളില്‍ കണ്ടു ശീലിച്ച നായകനെ 'ഉണ്ണീ' എന്ന് അഭിസംബോധന ചെയ്യുന്ന അമ്മമാരെ വിരളമായി മാത്രമെ കാണാനുള്ളു. 

മലയാളസിനിമയിലെ അമ്മ സങ്കല്പങ്ങള്‍ക്ക് റിയാലിറ്റി പരിവേഷം നല്‍കിയവരില്‍ ഒരാള്‍ ആശാ ശരത്താണ്. അനുരാഗ കരിക്കിന്‍വെള്ളം, പാവാട, ദൃശ്യം എന്നീ സിനിമകളില്‍ ആശാ ശരത്ത് ചെയ്ത അമ്മ വേഷങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. അനുരാഗ കരിക്കിന്‍വെള്ളത്തിലെ സുമ സമൂഹത്തില്‍ നിലനില്‍ക്കുന്ന അമ്മമാരുടെയും നല്ലൊരു പങ്ക് ഭാര്യമാരുടെയും മിറര്‍ റിഫഌക്ഷന്‍ തന്നെയായിരുന്നു.

Ashaആശ ശരത്‌

'കഥാപാത്രങ്ങളെ അമ്മയെന്നോ അച്ഛനെന്നോ ഇനങ്ങളാക്കി മാറ്റി നിര്‍ത്തേണ്ടതാണെന്ന് തോന്നുന്നില്ല. അനുരാഗ കരിക്കിന്‍വെള്ളത്തിലെ സുമ എന്ന കഥാപാത്രം ഹീറോയുടെ അമ്മയാണോ എന്ന് നോക്കി തെരഞ്ഞെടുത്ത ഒന്നല്ല. കഥാപാത്രത്തിന് കഥയിലുള്ള സ്ഥാനവും പ്രാധാന്യവും നോക്കി തെരഞ്ഞെടുത്തതാണ്. ആസിഫ് അലി അതില്‍ മകനായി അഭിനയിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അത് മാത്രമല്ല മക്കളുള്ള ഒരുപാട് കഥാപാത്രങ്ങളെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ദൃശ്യത്തിലെ പോലീസ് ഓഫീസറുടെ കഥാപാത്രം ഒരു അമ്മയാണ്. പക്ഷെ, ആ കഥാപാത്രത്തെ ആരും അമ്മ കഥാപാത്രം എന്നല്ലോ പറയുന്നത്. പാവാടയിലെ സിസിലി എന്ന കഥാപാത്രത്തിന്റെ ഐഡന്റിറ്റി ഒരിക്കലും പൃഥ്വി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ എന്നതല്ല. സിസിലിയുടെ കഥയാണത്. പണ്ട് കാലത്ത് ഹീറോ ഹീറോയിന്റെ അമ്മയായി ഇരുന്ന് ഒന്നും ചെയ്യാനില്ലാത്ത ഒരുപാട് കഥാപാത്രങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അത് മാറി വരുന്നുണ്ട്.

കാമ്പുള്ള ഒരുപാട് കഥാപാത്രങ്ങളുള്ള സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുമുണ്ട്. അമ്മ കഥാപാത്രങ്ങള്‍ ചെയ്താല്‍ പിന്നെ അത് മാത്രമെ കിട്ടാന്‍ സാധ്യതയുള്ളു എന്നതൊക്കെ തെറ്റിദ്ധാരണയാണ്. ഞാനിപ്പോള്‍ ചെയ്തു തീര്‍ത്ത മമ്മൂട്ടി നായകനായ ചിത്രത്തില്‍ കോളജ് അധ്യാപികയുടെ വേഷമാണെനിക്ക്. പിന്നെ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം എന്റെ പ്രായത്തിന് യോജിച്ചതാണ് എന്ന് മാത്രം. തന്നെയുമല്ല, ഇപ്പോള്‍ സിനിമ കാണുന്ന ആളുകള്‍ പ്രാധാന്യം നല്‍കുന്നത് കഥാപാത്രത്തിനാണ്, അത് അമ്മയാണോ എന്ന പരിഗണന പ്രേക്ഷകര്‍ നല്‍കാറില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.'  

ജോണ്‍പോള്‍ ജോര്‍ജിന്റെ സംവിധാന മികവില്‍ ഒരുങ്ങിയ 'ഗപ്പി'യിലുമുണ്ടായിരുന്നു കണ്ടു പരിചിതമല്ലാത്തൊരു അമ്മ കഥാപാത്രം. രോഹിണി അവതരിപ്പിച്ച ഈ കഥാപാത്രം സ്ഥാനം കൊണ്ട് അമ്മയായപ്പോള്‍ കര്‍മം കൊണ്ട് അമ്മയായത് മകനായ ഗപ്പിയാണ്. വീല്‍ ചെയറില്‍ ശരീരം അനങ്ങാതെ ഇരിക്കുന്ന രോഹിണിയുടെ കഥാപാത്രത്തെ കുളിപ്പിച്ച് പൊട്ടുതൊടീച്ച് വസ്ത്രമണിയിക്കുന്നത് മകനായ കുഞ്ഞ് ഗപ്പിയാണ്. ഈ അമ്മ-മകന്‍ ബന്ധത്തില്‍ പ്രതിഫലിച്ച വൈകാരികത വ്യത്യസ്തവും ഹൃദ്യവുമായിരുന്നു. നിരവധി അമ്മവേഷങ്ങളെ കൈകാര്യം ചെയ്തിട്ടുള്ള രോഹിണിയുടെ തികച്ചും വ്യത്യസ്തമായ അമ്മയെയാണ് ഗപ്പിയില്‍ നാം കണ്ടത്. ബാഹുബലി, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ സിനിമകളിലും രോഹിണി ചെയ്ത അമ്മ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. 

കാഞ്ചന വി.കെ. അവതരിപ്പിച്ച ഓലപ്പീപ്പിയിലെ മുത്തശ്ശിയുടെ കഥാപാത്രം, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ നിവിന്‍ പോളിയുടെ അമ്മയായി ലക്ഷ്മി രാമകൃഷ്ണന്‍ അവതരിപ്പിച്ച അമ്മ കഥാപാത്രം, സഖാവിലെ ഐശ്വര്യാ രാജേഷ് അവതരിപ്പിച്ച അമ്മ/ഭാര്യ കഥാപാത്രം, കെയര്‍ ഓഫ് സൈറാ ബാനുവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വളര്‍ത്തമ്മയുടെ കഥാപാത്രം, എന്ന് നിന്റെ മൊയ്തീനില്‍ ലെന അവതരിപ്പിച്ച അമ്മ കഥാപാത്രം തുടങ്ങിയവയാണ് കഴിഞ്ഞ കാലങ്ങളില്‍ പുറത്തിറങ്ങിയ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ചുരുക്കം അമ്മ വേഷങ്ങള്‍. നാടുവിട്ടുവിട്ടുപോകുന്ന നായകന് തിരിച്ചെത്താനുള്ള പ്രചോദനമാകാനും, നായകനെ സ്‌നേഹിക്കാനും, നായികയെ ആരതിയുഴിഞ്ഞ് സ്വീകരിക്കാനും മാത്രമായി സൃഷ്ടിക്കപ്പെട്ടിരുന്ന അമ്മ കഥാപാത്രങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങത്തോളം തന്നെ പ്രാധാന്യം നേടി 'വളര്‍ന്നു'കൊണ്ടിരിക്കുന്ന കാഴ്ചയാണ് 'ന്യൂജെന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമകളിലിന്ന് നാം കാണുന്നത്. 

ചെറുപ്പക്കാര്‍ അമ്മമാരുടെ റോള്‍ ഏറ്റെടുക്കില്ലെന്ന പൊതുബോധത്തിന് ആഘാതം നല്‍കി കൊണ്ടായിരുന്നു മലയാളത്തിലെ യുവ നടിമാര്‍ പോലും അമ്മ വേഷങ്ങള്‍ ചെയ്തത്. കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്റെ അമ്മയായി എത്തിയ അഞ്ജലി നായര്‍ ഇപ്പോള്‍ തന്നെ നിരവധി സിനിമകളില്‍ അമ്മ വേഷം ചെയ്തുകഴിഞ്ഞു. എബിയിലൂടെ വിനീത കോശി, ടേക്ക് ഓഫിലൂടെ പാര്‍വതി, രക്ഷാധികാരി ബൈജുവിലൂടെ ഹന്നാ റെജി കോശി, 1981 ല്‍ സൃന്ദ, സോള്‍ട്ട് മാംഗോ ട്രീയിലൂടെ ലക്ഷ്മി പ്രിയാ ചന്ദ്രമൗലി തുടങ്ങിയവര്‍ അമ്മയായി വേഷമിട്ടവരാണ്. അമ്മയിലൊതുങ്ങാതെ മറ്റ് കഥാപാത്രങ്ങളിലും ഇവര്‍ തിളങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം. അമ്മ വേഷം ചെയ്താല്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ധാരണ തെറ്റാണെന്നും ഇവരെല്ലാവരും വിശ്വസിക്കുന്നു, അല്ലെങ്കില്‍ അത്തരമൊരു ടൈപ്പ്കാസ്റ്റിങ്ങില്‍ നിന്ന് മലയാളസിനിമ മുന്നോട്ട് നടന്നുകഴിഞ്ഞിരിക്കുന്നു.

Anjali അഞ്ജലി നായര്‍  

'സിനിമയില്‍ അമ്മയായി അഭിനയിച്ചാല്‍ പിന്നെ അത്തരം റോളുകള്‍ക്ക് മാത്രമെ ആളുകള്‍ വിളിക്കൂ എന്നത് തെറ്റിദ്ധാരണയാണ്. അതിനുള്ള ഉദാഹരണമാണ് എന്റെ ഇപ്പോഴത്തെ ജീവിതം. അമ്മ റോളുകള്‍ ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് എനിക്ക് മറ്റ് റോളുകള്‍ കിട്ടുന്നില്ല എന്നില്ല. പുറത്തിറങ്ങാനിരിക്കുന്ന കളം എന്ന സിനിമയില്‍ പട്ടു പാവാടയും ബ്ലൗസുമിടുന്നൊരു 19 കാരിയുടെ വേഷത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. ഒപ്പത്തില്‍ മോഹന്‍ലാലിന്റെയും രക്ഷാധികാരി ബൈജുവില്‍ ബിജു മേനോന്റെയും അനിയത്തിയായി അഭിനയിച്ചു. എല്ലാ അഭിമുഖങ്ങളിലും എന്തുകൊണ്ട് അമ്മ റോളുകള്‍ തെരഞ്ഞെടുക്കുന്നു മറ്റ് റോളുകള്‍ ചെയ്തുകൂടെ എന്ന് ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ഞാന്‍ നല്‍കാറുള്ളത്  ഇത് നമ്മള്‍ തെരഞ്ഞെടുക്കുന്നതല്ലല്ലോ എന്നാണ്. നമുക്ക് നല്‍കുന്ന റോളുകള്‍ ചെയ്യാനല്ലേ സാധിക്കൂ. അമ്മ റോള്‍ ഓഫര്‍ ചെയ്യുമ്പോള്‍ എനിക്ക് അത് വേണ്ട അനിയത്തിയുടെയോ സെക്കന്‍ഡ് ഹീറോയിന്റെയോ ഹീറോയിന്റെയോ വേഷം വേണമെന്ന് പറയാന്‍ സാധിക്കില്ല.

ചെറിയ റോളുകളും വലിയ റോളുകളും എന്നേ തേടി വരാറുണ്ട്. വരുന്ന റോളുകള്‍ എല്ലാം സ്വീകരിക്കുക എന്നതാണ് ഇപ്പോഴുള്ള എന്റെ നിലപാട്. അവാര്‍ഡ് കിട്ടിയതിന് ശേഷം 20-ാളം സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ചെറിയ റോളുകളുമുണ്ട്. പുരസ്‌ക്കാരം കിട്ടിയത് കൊണ്ട് എന്നെ ചെറിയ റോളുകളിലേക്ക് വിളിക്കാതിരിക്കരുത് എന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. അമ്മ വേഷങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. അമ്മയായി അല്ലെങ്കില്‍ 60 കാരിയായി അഭിനയിക്കുമ്പോള്‍ പ്രായക്കൂടുതല്‍ തോന്നിപ്പിക്കുമെന്ന ആശങ്കകള്‍ എന്നെ അലട്ടാറില്ല. നമ്മുടെ പ്രായം എന്താണെന്നും നമ്മള്‍ എന്താണെന്നും പ്രേക്ഷകര്‍ക്ക് നന്നായി അറിയാം' 


ചിത്രം : ഫെയ്‌സ്ബുക്ക്