കഥ പറയുന്നവരും കഥയെഴുതുന്നവരും ജീവിതത്തില്‍ നിന്ന് ശപിക്കപ്പെട്ടവരാണ് എന്ന വലിയ സത്യം എന്റെ മനസ്സില്‍ ആദ്യമായി വേര് പടര്‍ത്തുന്നത് രമണിയമ്മയാണ്. കഥ പറഞ്ഞതിന്റെ പേരില്‍ മനുഷ്യനായി ജനിക്കേണ്ടി വന്ന ശിവസന്നിധിയിലെ ഭൂതം പുഷ്പദന്തനും (കഥാസരിത് സാഗരം) കഥ കാണാനായി തല കുത്തനെ തൂങ്ങിക്കിടന്ന വേതാളവും മനുഷ്യനെന്ന മഹാരഹസ്യം കണ്ടുപിടിക്കുന്നതിനായി ജീവിതത്തെ അനുഭവങ്ങളുടെ കാട്ടുതീയിലേക്ക് വലിച്ചെറിഞ്ഞ ദസ്തവയോസ്‌കിയും പിന്നീടാണ് എന്റെ പാഠങ്ങളിലേക്ക് കടന്നുവന്നത്. അതിനൊക്കെ മുന്നേ രമണിയമ്മ ആ വലിയ ഉത്തരം പഠിപ്പിച്ച് ഓര്‍മ്മയിലേക്ക് നിശബ്ദയായി. 

രമണിയമ്മ ഓര്‍മ്മയില്‍ തെളിയുന്നത് ഒരു വലിയ കരച്ചിലായാണ്. മണ്‍കട്ടകള്‍ കൊണ്ട് പണികഴിപ്പിച്ച ചാണകം മെഴുകിയ ചെറിയവീട്ടില്‍ നിന്ന് രമണിയമ്മയുടെ പ്രാകൃതമായ കരച്ചില്‍ എന്റെ ഉറക്കത്തെ പൊട്ടിച്ചെടുത്തു. കരച്ചിലായിരുന്നില്ല, നെടുവീര്‍പ്പുകള്‍ കത്തിനിന്ന ഭീതിപ്പെടുത്തുന്ന വലിയ മൂളലായിരുന്നു. നന്നേ ചെറുതായിരുന്നൂ അന്ന് ഞാന്‍. കളത്തിന്‍ തുമ്പില്‍ തല വെച്ച് ഉറങ്ങിയ പൂച്ചകള്‍ എന്നെ പരിഗണിക്കുമായിരുന്നില്ല. എരുതുകളെ ഇറക്കി കണ്ടം ഉഴവും നേരം നാരായണേട്ടന്റെ ഈണമിട്ടുള്ള മൂളല്‍ എന്നിലേക്കെത്തിയിരുന്നു. ഞാറ് നടും നേരും അമ്മായിയമ്മയുടെ നീണ്ട ഉച്ചയിലുള്ള നാട്ടിപ്പാട്ട് കരച്ചിലിനെ നിശബ്ദമാക്കിയിരുന്നു. 

ഇരുട്ട് മൂടുമ്പോള്‍ നിശബ്ദത ഒരു വലിയ വലയാകുമ്പോള്‍ രമണിയമ്മ കരഞ്ഞുതുടങ്ങും. ഭീതിയുടെ രാക്കൂളികള്‍ എന്നെ വന്ന് മാന്തും. കരച്ചില്‍ വരാതെ എനിക്ക് ശ്വാസം മുട്ടും. 

വാക്കുകള്‍ ഒപ്പിച്ച് ഞാന്‍ നടന്നുതുടങ്ങുമ്പോള്‍ രമണിയമ്മയുടെ കരച്ചിലിന് കുറവ് വന്നെങ്കിലും തീര്‍ത്തും ശമിച്ചിരുന്നില്ല. മഴക്കാലമാകുമ്പോള്‍ തീവ്രത ഏറും. മഴക്കാലം നാട്ടിന്‍പുറങ്ങളില്‍ വിഷാദത്തിന്റെ കാലമാണ്. കണ്ണിച്ചിറപ്പുഴയിലും വയലുകളിലും വെള്ളം കയറിമറിയും പോലെ ഓര്‍മ്മകളുടെ മലവെള്ളം വീടുകളിലേക്ക് അടിച്ചുകയറും. ചിമ്മിനിവിളക്കിന് കീഴിലിരുന്ന് പുറത്ത് പെയ്യുന്ന മഴയിലേക്ക് നിശബ്ദയായി കാല്‍ നീട്ടി താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന രമണിയമ്മ ഇളകുന്നുണ്ട് ഇന്നും മനസ്സില്‍. കഴിഞ്ഞുപോയ കെട്ട കാലത്തെ സഹിക്കാനാവാതെ 'ഹൊ,ചാവിന്റെ മഴ...ഇതൊന്ന് തീരുന്നില്ലല്ലോ പ്പാ..' എന്ന് ദേഷ്യപ്പെടുമായിരുന്നൂ രമണിയമ്മ. 

ഞാന്‍ കണ്ടുതുടങ്ങുമ്പോള്‍ കുണ്ടാച്ചി(1)യും ലുങ്കിയും ഉടുത്ത് നടക്കുന്ന അറുപത്തിയഞ്ചിനപ്പുറത്താണ് രമണിയമ്മ. ചെറിയ മീശയും ചുരുണ്ട നരച്ച മുടിയും വട്ടമുഖവും എപ്പോഴും മുറുക്കാന്‍ തിന്ന് ചുവന്ന ചുണ്ടുകളും രമണിയമ്മയില്‍ സൗന്ദര്യത്തിന്റെ പുതപ്പിട്ടിരുന്നു, കാലവും ദുരിതവും അത്യദ്ധ്വാനവും അവരെ തളര്‍ത്തിയില്ല. 

രമണിയമ്മയുടെ നിലവിളിയുടെ ഉത്തരം ഏറെ കഴിഞ്ഞാണ് ഞാനറിയുന്നത്. അടുക്കത്തിലെ ഉമ്പിച്ചിയേട്ടിയുടെ വീട്ടില്‍ നിന്ന് മതിയാവോളം റാക്ക് കുടിച്ചുവന്ന് ചുരുണ്ട് കിടന്ന് കരയുന്ന രമണിയമ്മ മരിച്ച് പോയ അവരുടെ ഒരേയൊരു മകള്‍ രാധയെക്കുറിച്ച് പറഞ്ഞു. മുഴക്കോത്ത് കല്ല്യാണം കഴിച്ച് കൊണ്ട് പോയതായിരുന്നൂ അവരെ. കല്ല്യാണം കഴിഞ്ഞ് മാസം കഴിയും മുമ്പേ മുഴക്കോത്തെ വീട്ടില്‍ വെച്ച് അവര്‍ മരണപ്പെട്ടു. ആത്മഹത്യ ചെയ്തതാണെന്ന് വീട്ടുകാര്‍. കൊന്നതാണെന്നും സംസാരമുണ്ടായിരുന്നു. പഴയ കാലം,പണം -അന്വേഷണത്തിന്റെ വാ മൂടപ്പെട്ടു. ഒരു പ്രളയമായി രമണിയമ്മയ്ക്ക് മകളുടെ മരണം. മനസ്സിന്റെ ഭൂകമ്പമടക്കാന്‍ അവര്‍ വലിയ ഒച്ചയില്‍ നിലവിളിച്ച് തുടങ്ങിയത് അങ്ങനെയാണ്. പല തവണ അവര്‍ മരണത്തിലേക്ക് പാഞ്ഞടുത്തു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചു. ഇരുട്ടില്‍ എങ്ങോട്ടെന്നില്ലാതെ നടന്നുപോയി. ദൈവങ്ങളിലേക്ക് നേര്‍ച്ച പാകി. വര്‍ഷങ്ങളോളം ഒന്നും അവരിലെ ശൂന്യതയെ പൂരിപ്പിച്ചില്ല. മൂടിക്കിടക്കുന്ന ആകാശം പോലെ എല്ലാ നേരവും അവര്‍ ദു:ഖത്തിന്റെ കറുപ്പ് പിടിച്ചുനിന്നു. 

വല്ല്യമ്മയുടെ അനിയത്തിയാണ് രമണിയമ്മ. ഞങ്ങളുടെ വീടിന് തൊട്ടടുത്താണ് അവര്‍ താമസിച്ചിരുന്നത്. അവര്‍ എന്ന് പറഞ്ഞാല്‍ രമണിയമ്മയും ഉമ്പിച്ചി എന്ന കറുത്ത പശുവും.(ഉമ്പിച്ചിയും രമണിയമ്മയും എന്നും പറയാം.) ഉമ്പിച്ചിയ്ക്കടുത്തുള്ള നേരങ്ങളില്‍ വലിയ ഒച്ചയില്‍ രമണിയമ്മ അതിനോട് സംസാരിക്കും. വഴിയേ പോകുന്നവര്‍ രമണിയമ്മയുടെ സംസാരം കേട്ട് തങ്ങളോടാണോ സംസാരിക്കുന്നതെന്ന വിചാരത്തില്‍ തെല്ലിട നില്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കുളിക്കുമ്പോള്‍, ഉണ്ണി(2) പറിച്ചെടുക്കുമ്പോള്‍, വെള്ളം കൊടുക്കുമ്പോള്‍, കറക്കുമ്പോള്‍, കരക്ക3യില്‍ കെട്ടി പുല്ലിട്ട് കൊടുക്കുമ്പോള്‍ മനുഷ്യനോടെന്ന പോലെ രമണിയമ്മ സംസാരിക്കും. രമണിയമ്മയുടെ വര്‍ത്തമാനത്തിന് കണ്ണുകള്‍ താഴ്ത്തി ഉമ്പിച്ചി ചെവി കൂര്‍പ്പിക്കും. 

രമണിയമ്മയുടെ ദിവസങ്ങളുടെ ഘടികാരമായിരുന്നൂ ഉമ്പിച്ചി. ആരെയും കൂസാത്ത, അടുക്കാന്‍ വരുന്നവരെയെല്ലാം കുത്തിയോടിക്കുന്ന ഉമ്പിച്ചി രമണിയമ്മയുടെ സ്‌നേഹത്തിന്റെ കുറ്റിയില്‍ അനുസരണയോടെ നിന്നു. വെളിച്ചം ഞങ്ങളുടെ കണ്ണിച്ചിറയെ ചുറ്റിവളയും മുമ്പേ മൂര്‍ന്ന് കഴിഞ്ഞ വയലിലോ കുടുക്കുവളപ്പിലോ നെഞ്ചാംകണ്ടത്തിലോ മീത്തലെ കുന്നിലോ സുകുമാരന്‍ മാഷിന്റെ തെങ്ങിന്‍തോട്ടത്തിലോ രമണിയമ്മ ഉമ്പിച്ചിയെ കുളിപ്പിച്ച് കൊണ്ട് പോയി കെട്ടിയിട്ടുണ്ടാവും. 

ഉമ്പിച്ചിക്ക് പുല്ല് ഇട്ട് കൊടുക്കുന്നതിന് മുമ്പ് അടുക്കത്തില്‍ ഉമ്പിച്ചിയേട്ടിയുടെ അടുത്ത് പോകുന്ന ഒരു പതിവുണ്ട് രമണിയമ്മയക്ക്. അവിടുന്ന് ഒന്നരഗ്ലാസ്സ് റാക്കടിച്ച് മടങ്ങിവന്ന് പുല്ലിട്ട് കൊടുത്ത് വീട്ടിലേക്ക് വരും. ഉറക്കം വരുന്നത് വരെ വീട്ടിലിരിക്കും. ഇതിനിടയില്‍ വല്ല്യമ്മയും രമണിയമ്മയും രഹസ്യസംഭാഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവും. അമ്മ കാണാതെ വല്ല്യമ്മ താഴത്തെ വീട്ടിലേക്ക് ഇറങ്ങും. (രമണിയമ്മ ഉമ്പിച്ചിയേട്ടിയുടെയടുത്ത് നിന്ന് വല്ല്യമ്മയ്ക്ക് വേണ്ടി ദശമൂലാരിഷ്ടത്തിന്റെ കുപ്പിയില്‍ ഒരു ഗ്ലാസ് കൊണ്ടുവന്നിട്ടുണ്ടാവും. അമ്മ കണ്ടാല്‍ പ്രശ്‌നമാണ്. അതുകൊണ്ട് വിറകെടുക്കാനെന്ന ഭാവത്തില്‍ വല്ല്യമ്മ തപ്പിത്തപ്പി താഴേക്ക് നടക്കും. അവിടുത്തെ അടുപ്പിന്‍തിണ്ണയില്‍ ഉപ്പുചട്ടിക്കുള്ളില്‍ ദശമൂലാരിഷ്ടം വെച്ചിട്ടുണ്ടാകും.)

വീട്ടില്‍ രാത്രിയില്‍ വരുന്നവരോട് വര്‍ത്തമാനം പറഞ്ഞിരിക്കും. ഒമ്പത് മണിയോടെ താഴേക്കിറങ്ങുമ്പോള്‍ മൂത്ത ഏട്ടനും കൂടെപ്പോവും. ഒറ്റയ്ക്കായതില്‍ പിന്നെ മൂത്ത ഏട്ടനായിരുന്നൂ രമണിയമ്മയ്ക്ക് കൂട്ട്. പോവണമെന്ന് കടിച്ചാല്‍ പൊട്ടാത്ത ആഗ്രഹമുണ്ടായിരുന്നൂ എനിക്കന്ന്. രണ്ട് കാരണങ്ങള്‍ ഉണ്ടതിന്- രമണിയമ്മ ഉണ്ടാക്കുന്ന കറിക കള്‍. കൈപ്പുണ്യം ചരിഞ്ഞുകൊടുത്തിരുന്നു രമണിയമ്മയക്ക്.. കത്തുന്ന സ്വാദായിരുന്നു. പരിമിതസാമഗ്രികള്‍ കൊണ്ട് കറികളുടെ ഉല്‍സവം തീര്‍ത്തിരുന്നൂ രമണിയമ്മ. ചിരട്ടയില്‍ അവസാനം പറ്റിനില്ക്കുന്ന തേങ്ങ കൊണ്ട് രമണിയമ്മ മഴക്കാലത്ത് ഉണ്ടാക്കുന്ന ചമ്മന്തി നാവിലുണ്ട് ഇപ്പോഴും. മത്തിയുടെ തലകളും എണരും പച്ചയരിച്ചോരും മഞ്ഞളും മിക്‌സ് ചെയ്ത് രമണിയമ്മ ഉണ്ടാക്കുന്ന എണര് ഉരുക്കിയത്- ഓര്‍ക്കുമ്പോള്‍ വയറ് കത്തും. വായില്‍ ഇതാ കപ്പലോടിക്കാം. കൊരട്ട മുളച്ചത് (കശുവണ്ടി) കൊണ്ടുണ്ടാക്കുന്ന വറവ് കഴിഞ്ഞ് പോയ മഴ പോലെ മനസ്സില്‍. ഭാഗ്യം ഇത് മാത്രമായിരുന്നില്ല, കഥകള്‍ പറയും രമണിയമ്മ. ആരും കേള്‍ക്കാത്ത ഒരു അമര്‍ചിത്രകഥയിലും വായിക്കാത്ത കഥകള്‍ അക്ഷരത്തിന്റെ ഏഴഴയലത്ത് പോവാത്ത രമണിയമ്മയുടെ കൈയ്യില്‍ സ്‌റ്റോക്കുണ്ടായിരുന്നു. പാട്ട് പോല രമണിയമ്മ കഥ പറയും. ഏട്ടന് കിട്ടുന്ന ഈ രണ്ട് ഭാഗ്യങ്ങള്‍ എന്നെ സങ്കടപ്പെടുത്തിയിരുന്നു.

 എന്നെ തേടിയും ചില നേരങ്ങളില്‍ രമണിയമ്മയുടെ കഥകള്‍ നിറഞ്ഞ രാത്രികള്‍ വന്നു. അച്ഛന് അസുഖം വന്ന് ഓപ്പറേഷനായി ഇടയ്ക്കിടെ മംഗലാപുര ത്തോ കാഞ്ഞങ്ങാട് നഴ്‌സിങ് ഹോമിലോ അഡ്മിറ്റ് ചെയ്യും. ഏട്ടനാവും കൂട്ടിരിക്കാന്‍ പോവുക. ആ രാത്രികളില്‍ ഞാന്‍ രമണിയമ്മയോടൊപ്പമാവും.  ഇരുട്ട് ബുദ്ധിമുട്ടാക്കുമ്പോള്‍ രമണിയമ്മ എന്നെ വിളിക്കും. എവരിഡെ ടോര്‍ച്ച് തെളിച്ച് എനിക്ക് വഴി തരും. ഭക്ഷണം കഴിച്ച് ഒരു ബീഡി കത്തിച്ച് അടുക്കളയിലിരുന്ന് വലിച്ച് വരുമ്പോഴേക്കും ഞാന്‍ കിടക്കും. ഏറെ നേരത്തേ തന്നെ രമണിയമ്മ കാരിച്ചിയമ്മ ഉണ്ടാക്കിയ മുണ്ടപ്പായ വിരിച്ചിട്ടുണ്ടാവും. ജനലിരികലല്ലാതെ ഞാന്‍ കിടക്കും. ബീഡി വലിച്ച് തീര്‍ത്ത് അവര്‍ വരും. 

ഉറങ്ങിയോടാ...
സങ്കടം പുരണ്ട വാക്കുകളില്‍ അവര്‍ എന്നെ വിളിക്കും. 
ഇല്ല..
ഞാന്‍ തല ഉയര്‍ത്തും. 
ഒരു കഥ,പറഞ്ഞ് താ രമണിയമ്മേ, എനിക്ക് ഉറക്കം വരുന്നില്ല.... 
ഞാന്‍ പായയില്‍ നഖം മുറുക്കും.
എന്ത് കഥയാടാ.. എല്ലാ പറഞ്ഞ് കയിഞ്ഞില്ലേ... 
ഒരു മൗനം രമണിയമ്മയില്‍. 
എന്തേലും മതി..എനിക്ക് ഉറക്കം ബരുന്നില്ല...
അടുത്ത് വെച്ച ചിരട്ടയില്‍ വായിലെ മുറുക്കാന്‍ തുപ്പി,രമണിയമ്മ വീണ്ടും നിശബ്ദയാകും. എനിക്ക് മനസ്സിലായി, രമണിയമ്മ കഥകളുടെ വലിയ കുഴിയില്‍ നിന്ന് ഇപ്പോള്‍ ഒരെണ്ണം കുഴിച്ചെടുക്കും... 

ഒന്ന് കൂടി കാര്‍ക്കിച്ച് അവര്‍ കഥ പറയാന്‍ തുടങ്ങും. രമണിയമ്മയിലേക്ക് ചെരിഞ്ഞ് കിടന്ന് ഞാന്‍ ചെവിപിടിക്കും. കൂറകള്‍ പ്രതിഷധപ്രകടനം നടത്തുന്നത് നിര്‍ത്തും. മിന്നാമിനുങ്ങുകള്‍ കഥയിലെ കഥാപാത്രങ്ങളെ പ്പോലെ മുറിയിലൂടെ ചുറ്റിക്കറങ്ങും. കടവാതിലുകള്‍(4) വാതിലില്ലാത്ത ജനലിലൂടെ അകത്തുകടന്ന് ഞങ്ങളെ ഒന്ന് നോക്കി വേരാപ്പഴം തേടിയിറങ്ങും. ഉമ്പിച്ചി അയവിറക്കില്‍ നിര്‍ത്തി, വാലാട്ടല്‍ നിര്‍ത്തി തല ചെരിച്ച് കിടക്കും. വയലില്‍ നിന്നുള്ള രാത്രിയുടെ കരച്ചിലുകള്‍ നിലയ്ക്കും. ഇളംങ്കാറ്റ് കഥ കേള്‍ക്കാന്‍ വരും.  

തൊണ്ടനും തൊണ്ടിക്കും ഒരു മഴക്കാലത്ത് വയറ് കാഞ്ഞു. തൊണ്ടനും തൊണ്ടിയും ദോശ ചുടാന്‍ വിറക് തേടി കാട്ടില്‍ പോകും. കാട്ടില്‍ പുലിയെ കാണും. വിറക് തന്നാല്‍ ദോശ തരാമെന്ന് പുലിയോട് പറയും. വിറക് വാങ്ങി ദോശ ചുടും. വിശപ്പും ആര്‍ത്തിയും. തൊണ്ടനും തൊണ്ടിയും ദോശ മല്‍സരിച്ച് തിന്ന് തീര്‍ക്കുമ്പോള്‍ ഞാനും രമണിയമ്മയും ഒന്നിച്ച് പറഞ്ഞു,തിന്നരുത് തൊണ്ടാ,തിന്നരുത് തൊണ്ടീ...പുലി വരും.. ദോശ തീരുന്നു. പുലിയെ പേടിച്ച് മുളകള്‍ക്കിടയില്‍ ഒളിക്കുന്ന തൊണ്ടന്‍. ഉമിയിലൊളിക്കുന്ന തൊണ്ടി. വയറൊഴിച്ചിട്ട് പുലി വരുന്നു. തൊണ്ടാ,തൊണ്ടീ ദോശയോട്ത്തൂ..? ദോശയും തൊണ്ടനേയും തൊണ്ടിയേയും കാണാതെ ദേഷ്യപ്പെട്ട് പുലിയലറുന്നു. പേടിച്ച് വളിയിടുന്ന തൊണ്ടന്‍... വളിയുടെ ശക്തിയില്‍ മുള പാറിപ്പോകുന്നു. പേടിച്ച് പുയ്യി(5)യിടുന്ന തൊണ്ടി. പുയ്യിയുടെ ശക്തിയില്‍ ഉമി പാറിപ്പോകുന്നു. പുലി രണ്ട് പോരേയും കടിച്ചുതിന്നുന്നു. അമര്‍ത്തിവെക്കാന്‍ കഴിയാത്ത വളി പോലെ എന്റെ ചിരി. 
എനിക്ക് ഉറക്കം വരണില്ല രമണിയമ്മേ..അടുത്ത കഥ പറ...

ഹൊ ഈ ചെക്കനെക്കൊണ്ട് തോറ്റൂപ്പാ...
സ്‌നേഹപൂര്‍വ്വം ദേഷ്യപ്പെട്ട് കഥയില്‍ മുങ്ങുന്ന രമണിയമ്മ. 
തല മാത്രം പുറത്ത് കാട്ടി പുതപ്പില്‍ കൂടി ആമയാകുന്ന ഞാന്‍.
 
പണ്ടുപണ്ട് കടപ്പുറത്ത് ഒരു മുക്കുവന്‍ താമസിച്ചിരുന്നു. മുക്കുവനായിട്ടും മീന്‍ പിടിക്കാനൊന്നും അയാള്‍ക്ക് അറിയില്ലായിരുന്നു. ആളുകള്‍ അയാളെ എന്നും പരിഹസിക്കും.
മുക്കുവന് ആകെ വിഷമമായി. എങ്ങനെയെങ്കിലും മീനെ പിടിക്കണമെന്ന വാശിയില്‍ മുക്കുവന്‍ കാട്ടിലുള്ള ഒരു മാന്ത്രികന്റെ അടുത്തുപോയി. ചില മന്ത്രങ്ങളൊക്കെ പഠിച്ച് അയാള്‍ നാട്ടിലേക്ക് തിരിച്ചുവന്നു.

ആരുമില്ലാത്ത ഒരു സമയത്ത് മുക്കുവന്‍ കടല്‍ക്കരയില്‍ വന്നു. മന്ത്രത്താല്‍ സ്വന്തം തല ശരീരത്ത് നിന്നു വേര്‍പെടുത്തി. ആരും കാണാത്ത ഒരിടത്ത് ഒളിപ്പിച്ച് വെച്ച് അയാള്‍ കടലിലേക്ക് ഒറ്റച്ചാട്ടം!

തലയില്ലാതെ നീന്തിവരുന്ന മനുഷ്യനെക്കണ്ട് മീനുകള്‍ക്ക് ആകെ അത്ഭുതമായി. അങ്ങനെയൊന്ന് അവര്‍ മുമ്പ് കണ്ടിട്ടില്ലല്ലോ.. മീനെല്ലാം അയാളെ പൊതിഞ്ഞു. കുഞ്ഞുമീനൊക്കെ അയാളുടെ കഴുത്തിലെ ദ്വാരത്തിലൂടെ ശരീരത്തിലേക്ക് കയറി.

ഈ തക്കം നോക്കി മുക്കുവന്‍ വേഗം നീന്തി കരയിലെത്തി. ശരീരത്തിനുള്ളില്‍ കടന്ന മീനുകളെയെല്ലാം പുറത്തേക്കിട്ടിട്ട് തല എടുത്തു പഴയതുപോലെ വച്ചടയ്ക്കുകയും ചെയ്തു. എന്നിട്ട് മീനുകളേയും കൊണ്ട് അയാള്‍ നാട്ടിലെത്തി.

ഇതു കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു. 'സ്വന്തമായി ഒരു വലപോലുമില്ലാത്ത ഇവനെങ്ങനെ ഇത്ര ധാരാളം മീനിനെ പിടിച്ചു!. അവര്‍ കുത്തിച്ചോദിച്ചിട്ടും മുക്കുവന്‍ രഹസ്യം ആരോടും പറഞ്ഞതേയില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം മുക്കുവന്‍ മീന്‍ പിടിക്കാന്‍ കടലിലേക്കു പോവുകയായിരുന്നു. അയാള്‍ അറിയാതെ ഒരു കുട്ടി ഈ സമയം പിന്നാലെ കൂടി. കടല്‍ക്കരയിലെത്തിയ മുക്കുവന്‍  പതിവുപോലെ തന്റെ തല എടുത്തു മാറ്റിയശേഷം കടലിലേക്കു തുള്ളി. കുട്ടി അന്തംവിട്ടുപോയി. അവന്‍ മുക്കുവന്റെ തലയും എടുത്ത്  വേഗം നാട്ടിലേക്കോടി. തലയുടെ കനം കൊണ്ട് അവന് അധികം ഓടാനായില്ല. കൈയിലിരുന്ന തല ഒരു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് കുട്ടി നാട്ടിലേക്ക് ഓടി.

ഈ സമയം കരയിലെത്തിയ മുക്കുവന്‍ തന്റെ തല അവിടെയെല്ലാം നോക്കി. കുറേനേരം പരതിയിട്ടും കാണാതായപ്പോള്‍ അയാള്‍ വീണ്ടും കടലിലേക്കു ചാടി. എന്നിട്ട് ഒരു മീനായി മാറി.

അപ്പോഴേക്കും ഗ്രാമവാസികളുമായി കുട്ടി അവിടെയെത്തി. എന്നാലോ, അതിനിടെ മുക്കുവന്റെ തല ആ കുറ്റിക്കാട്ടില്‍ കിടന്ന് മുളച്ച്, ഒറ്റത്തടിയുള്ള ഒരു മരമായി മാറിയിരുന്നു. അതിന്റെ മുകളിലുണ്ടായ കായ്കള്‍ക്കെല്ലാം മനുഷ്യന്റെ മുഖം പോലെ കണ്ണും വായുമുണ്ടായി! മുക്കുവന്റെ തല വളര്‍ന്നുണ്ടായ ആ മരമാണ് തെങ്ങ്.- ചിമ്മിണി വെളിച്ചം അടുക്കളയിലെ കാറ്റില്‍ ഇളകി. പുറത്ത് മഴയുടെ ഇരമ്പല്‍.  

കഥകള്‍ നിറയെ ഉണ്ടായിരുന്നു രമണിയമ്മയില്‍. എവിടുന്നെല്ലിതാ നിറഞ്ഞ് തുളുമ്പിയിരുന്നു കഥകള്‍. കഥയുടെ വീടായി രമണിയമ്മയുടെ വീട് മാറ്റപ്പെട്ടിരുന്നൂ രാത്രികളില്‍. വീട് രമണിയമ്മ കഥ പറയുന്നത് കേള്‍ക്കും. തട്ടിന്‍പുറത്തെ എലികള്‍ ഒച്ച നിര്‍ത്തും.  കഥകള്‍ കേട്ട് കഥകള്‍ കേട്ട് കഥകളില്‍ ഉറങ്ങിയ ഒരു ചെക്കന്‍. കഥകള്‍ക്ക് മനുഷ്യരെ ഉറക്കാനും ഉണര്‍ത്താനും കഴിയുമെന്ന്, കരയുന്നവാനാണ് ഏറ്റവും ഒച്ചത്തില്‍ ചിരിക്കാനാവുന്നതെന്ന്,ചിരിപ്പിക്കാനാവുന്നതെന്ന് ആ ചെക്കനെ പഠിപ്പിച്ചത് അക്ഷരങ്ങളെ തൊട്ടിട്ടില്ലാത്ത ഉമ്പിച്ചിയുടെ പാവം രമണിയമ്മയായിരുന്നു. കഥകള്‍ കൊണ്ട് മനുഷ്യരെ സ്‌നേഹിക്കാനാവുമെന്ന് ആദ്യമായി പറഞ്ഞുതന്നത് രമണിയമ്മയായിരുന്നൂ. രമണിയമ്മ പറഞ്ഞ മിക്ക കഥകളും രമണിയമ്മയുടേത് മാത്രമായിരുന്നൂ. എവിടുന്നാണ് ഇങ്ങനെ കഥകള്‍ എന്ന് എനിക്ക് ഒരെത്തുംപിടിയും കിട്ടിയില്ല, ഇപ്പോഴും. 

ദിവസങ്ങള്‍ കണ്ണടച്ചുതുറക്കുമ്പോഴേക്കും മാറിമറിയുന്നു. ആരുടെയൊക്കെയോ കണ്ണില്‍ പൊടിയിടാന്‍ ആന്റണി സര്‍ക്കാര്‍ 1996 ഏപ്രില്‍1-ന് ചാരായനിരോധനം കൊണ്ടുവന്നു.ചാരായനിരോധനം വല്ലാതെ ബാധിച്ചത് ഞങ്ങള്‍ കാലിച്ചാംപൊതിക്കാരെയായിരുന്നു. മറുവഴി തേടാനാവാതെ പലരും കുടി നിര്‍ത്തി. രാത്രിയില്‍ ഉറക്കം കിട്ടാതെ പലര്‍ക്കും (ജോലി കഴിഞ്ഞ് രണ്ടെണ്ണം അടിച്ച് വന്ന് മീനും കൂട്ടി ചോറ് വേയ്ച്ച്(6) കിടന്നുറങ്ങുന്നതില്‍ വല്ലാത്ത സുഖമുണ്ടായിരുന്നൂ അവര്‍ക്ക്) നിത്യജീവിതത്തിന്റെ താളം തെറ്റി. രമണിയമ്മയും അങ്ങനെയായി. കുടി നിര്‍ത്തി. ശരീരം വല്ലാതെ തടിച്ചുതുടങ്ങി. ഉമ്പിച്ചിയെ നോക്കാന്‍ കഴിയുന്നില്ലെടാ എന്ന സങ്കടത്തിന്റെ കണ്ണുനിറയല്‍ ആദ്യമായി രമണിയമ്മയില്‍.

കാലിക്കച്ചവടക്കാരന്‍ കിട്ടേട്ടന് ഉമ്പിച്ചിയെ കൊടുത്തു. ഏട്ടനാണ് ഉമ്പിച്ചിയുടെ കയര്‍ അഴിച്ച് കിട്ടേട്ടന് കൊടുത്തത്. രമണിയമ്മ വീട്ടുതിണ്ണയില്‍ എവിടെക്കോ നോക്കിയിരുന്നു. അറിയാത്ത ഒരാള്‍ തന്റെ കയര്‍ പിടിക്കുന്നതിന്റെ ദേഷ്യം ഉമ്പിച്ചിയില്‍ അപ്പോള്‍ ഉണ്ടായില്ല. എല്ലാം മനസ്സിലായിക്കാണണം അതിന്. കിട്ടേട്ടനൊപ്പം അനുസരണയോടെ വയലിറങ്ങുമ്പോള്‍ വളപ്പിലെ കൂമ്പാള കടിച്ചുതിന്നാന്‍ ഒരു വേള അത് നിന്നു. കിട്ടേട്ടന്‍ സമ്മതിച്ചില്ല. അത് തിന്നട്ടെടാ...രമണിയമ്മയുടെ ഒച്ച നേര്‍ത്തു. കൂമ്പാള വായില്‍ കടിച്ചുപിടിച്ച് ഉമ്പിച്ചി വയലിറങ്ങി. 
ഞാനെന്ത് ഇരുത്താ ഈ ഇരിക്കുന്നേ. വിളക്ക് കത്തിക്കാനായി - എന്ന് ഇനിയും ചാഞ്ഞിട്ടില്ലാത്ത വൈകുന്നേരത്തിന്റെ വെയില്‍ നോക്കിപ്പറഞ്ഞ്, ഉള്ളിന്റെ ആന്തല്‍ പുറത്ത് കാണിക്കാതിരിക്കാന്‍ വീടിന്റെ ഇരുട്ടിലേക്ക് ഒളിച്ച രമണിയമ്മ എന്റെ കാഴ്ചയിലുണ്ട് ഇപ്പോഴും, വലിയ കരച്ചിലായി.

ഉമ്പിച്ചിയെ കൊടുത്തതോടെ രമണിയമ്മയ്ക്ക് ഒന്നും ചെയ്യാനില്ലാതെയായി. നാട്ടിന്‍പുറത്തെ ആളുകള്‍ കൈയ്യും കാലും വെറുതെയിട്ടിരിക്കാന്‍ തീരെ ഇഷ്ടപ്പെടില്ല. ഉറങ്ങും വരെ ചെറുതും വലുതുമല്ലാത്ത പല തരം പണികളില്‍ അവര്‍ അവരെ മുക്കും. വെറുതെയിരിക്കുന്ന നേരങ്ങളില്‍ ഓര്‍മ്മ കള്‍ നരിമടയില്‍ നിന്ന് എഴുന്നേറ്റ് വന്ന് വേട്ടയാട ടിത്തുടങ്ങുമെന്ന് അവര്‍ക്കറിയാം. വെറുതെയിരിക്കാന്‍ തുടങ്ങിയതോടെ രമണിയമ്മയില്‍ നിന്ന് കഥ മാഞ്ഞുപോയി. വൈകുന്നേരം വരെ തിണ്ണയില്‍ കുത്തിയിരിക്കുകയോ വളപ്പിലൂടെ അലക്ഷ്യമായി നടക്കുകയോ ചെയ്തൂ അവര്‍.

കണ്ണുകളില്‍ വിഷാദത്തിന്റെ മേഘങ്ങള്‍ മൂടം കെട്ടി. മൗനത്തിന്റെ ഇരുട്ടിലേക്ക് ഓര്‍മ്മകള്‍ കുത്തിക്കയറി. വയറുവേദനയിലായിരുന്നൂ തുടക്കം. പല ഡോക്ടര്‍മാരുടെയടുത്തേക്കും രമണിയമ്മയെയും കൂട്ടി ഏട്ടന്‍ പോയി. പല മരുന്നുകളും കഴിച്ചു. സ്‌കാനിംഗുകള്‍ നടത്തി. ഒന്നും ഒരുത്തരം തന്നില്ല. പലതരം പരിശോധനകള്‍ നടത്തി. വയറ് പുകച്ചില്‍ കൂടിക്കൊണ്ടേയിരുന്നു. പഞ്ചായത്തിന്റെ സഹായത്താല്‍ പുതുക്കിക്കെട്ടിയ താഴത്തെ വീട്ടില്‍ മരിച്ചവരുടെ ബാധ കൂടിയിട്ടുണ്ടെന്ന് അവര്‍ പേടിച്ചു. താമസം ഞങ്ങളുടെ വീട്ടിലേക്ക് മാറ്റി. 

കോളേജ് കാലത്തെ പിടപ്പുകളും പുളച്ചിലും-കഥ പറഞ്ഞുതന്ന രമണിയമ്മയെ ഞാന്‍ മറന്നിരുന്നു. നിറങ്ങള്‍ എന്റെ കണ്ണിന് പിടിച്ചു. തെറ്റുകള്‍ കൊണ്ട് എന്റെ മനസ്സ് കറുത്തു. രമണിയമ്മയുടെ അസുഖം എന്നെ ബാധിച്ചില്ല. രമണിയമ്മയുടെ സങ്കടം ഞാന്‍ കേട്ടതേയില്ല. കെട്ട കാഴ്ചകളില്‍ മെയ്യും മനസ്സും ഐക്യം പിടിച്ചു.

2000 മെയ് 31- ഞാന്‍ മുറിയിലിരുന്ന് എന്തോ പരതുകയായിരുന്നു. ഏട്ടന്‍ താഴെ തെങ്ങിന് തടമിടുന്നു. പതിനൊന്ന് മണിയായിട്ടുണ്ടാവും. ഏട്ടന്റെ പരിഭ്രാന്തി കലര്‍ന്ന ശബ്ദം: എടാ, രമണിയമ്മയെ കാണുന്നില്ല...' ഉള്ളില്‍ ഒരു പൊട്ടല്‍. ഞാന്‍ പുറത്തേക്കോടി. വളപ്പിലും വയലിലും കുന്നിലും വഴിയിലും കാലുകള്‍ ഒഴുകി. കാറ്റ് ഒഴിഞ്ഞ് നിന്നു. ഇലകള്‍ അനങ്ങിയില്ല. കാണുന്നയിടമല്ലാം ഇരുട്ട് മൂടി. വിറ പൂണ്ടിരുന്നു. എന്തോ ...എന്തോ... 'എടാ...'

നിലവിളി വീശിയ ഏട്ടന്റെ വിളി. പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച താഴത്തെ വീട്ടിലെ ജനലിലൂടെ ഏട്ടന്‍ തളര്‍ച്ചയോടെ നോക്കുന്നത് ഞാന്‍ കണ്ടു. മഞ്ഞ് പോലെ മണ്ണില്‍ ഉറച്ചുപോയ കാലുകളെ വലിച്ചെടുത്ത് ഞാന്‍ ഓടി. കഴുക്കോലില്‍ രമണിയമ്മ തൂങ്ങിയാടുന്നുണ്ടായിരുന്നു. വാതില്‍ തള്ളിത്തുറന്ന് ഏട്ടന്‍ കയര്‍ അറുത്തു. രമണിയമ്മയെ ഞാന്‍ കൈകളിലെടുത്തു. അവസാനപ്രാണന്റെ ഇളംചൂട് എന്റെ ഉടലില്‍ പടര്‍ന്നു. കണ്ണുകളടഞ്ഞിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ ശ്വാസം പോയി വെറും മണ്ണില്‍ പിടഞ്ഞപ്പോള്‍ എന്റെ കാലുകള്‍ രണ്ടും പിടിച്ച് വായുവിലേക്ക് കുടഞ്ഞ് പ്രാണനെ തിരിച്ച് വിളിച്ച രമണിയമ്മ എന്റെ കൈകളില്‍ കിടക്കുന്നത് കണ്ട് എനിക്ക് കരച്ചില്‍ വന്നില്ല. എന്റെ ജീവന്‍ രക്ഷിച്ച എനിക്ക് രമണിയമ്മയെ രക്ഷിക്കാനായില്ല. 

സ്‌കൂള്‍ തുറക്കുമ്പോള്‍, മഴ പെയ്യുമ്പോള്‍ രമണിയമ്മ ഇപ്പോഴും വരുന്നു. പാപിയുടെ കുറ്റബോധത്താല്‍ ശിരസ്സ് കുനിക്കുമ്പോള്‍ ഇടംകൈകൊണ്ട് ബീഡി കത്തിച്ച്  വലിച്ച് അവര്‍ പറയും: എന്ത് കഥയാടാ...എല്ലാ പറഞ്ഞ് കയിഞ്ഞില്ലേ... 

1.നാട്ടിന്‍പുറവസ്ത്രം
2.ചെള്ള്
3.തൊഴുത്ത്
4.വവ്വാലുകള്‍
5.ഊസ്
6.കഴിച്ച്