ആളൂര്‍: അവധിക്കാലം കളിച്ചുതീര്‍ക്കാന്‍ ഇവര്‍ക്ക് നേരമില്ല. കുട്ടിമണിയും സുന്ദരിയും കുട്ടനും മണിയും സുന്ദരിമോളുമാണ് ഇവരുടെ കൂട്ടുകാര്‍. വീട്ടിലെ ഓമനകളായ ഈ ആടുകളെയും കോഴികളെയും താറാവുകളെയും വളര്‍ത്തി അമ്മയ്ക്ക് താങ്ങാവുകയാണ് ഇവര്‍. അച്ഛന്റെ അപകടമരണം ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ അമ്മയ്‌ക്കൊരു കൈത്താങ്ങ്.

ഏഴാം ക്ലാസുകാരി ആന്‍ലിയയ്ക്കും ഇളയവരായ ആല്‍വിനും ആന്‍മരിയയ്ക്കും ആടും കോഴിയുമൊക്കെ ജീവിക്കാനുള്ള വലിയ പ്രതീക്ഷയാണ്. മുരിയാട് നാലാംവാര്‍ഡിലെ പാറെക്കാട്ടുകരയില്‍ പണയില്‍ പുത്തന്‍വീട്ടില്‍ അബ്രഹാമിന്റെ ഭാര്യ മെന്‍സിയുടെ പ്രതീക്ഷകള്‍ക്ക് ചിറകാണ് ഇവര്‍.

നാലുമാസം മുന്‍പ് ജോലികഴിഞ്ഞ് രാത്രി സൈക്കിളില്‍ വരുമ്പോഴാണ് ഇവരുടെ വീടിന്റെ അത്താണിയായിരുന്ന അച്ഛന്‍ അബ്രഹാമിനെ ഒരു വാഹനം ഇടിച്ചിട്ട് കടന്നുകളഞ്ഞത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അബ്രഹാമിനെ മരിച്ചനിലയിലാണ് കണ്ടെത്തിയത്. വാഹനത്തെക്കുറിച്ച് തുമ്പില്ലാതായതോടെ അപകട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ കിട്ടിയില്ല. രണ്ടുവര്‍ഷം മുന്‍പ് സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ ബാങ്കുകളില്‍നിന്ന് പതിനാറ് ലക്ഷത്തിലേറെ രൂപ വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ ഓരോ മാസവും വലിയ സംഖ്യ വേണം. ഭര്‍ത്താവിന്റെ ആകസ്മിക മരണത്തോടെ ആടുകളെയും കോഴികളെയും വിറ്റാലോ എന്നായി ആലോചന.

എന്നാല്‍, ആ വരുമാനവും ഈ കുടുംബത്തിന് വേണമായിരുന്നു. കൊരട്ടിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ചെറിയ ജോലിയുള്ള മെന്‍സിക്ക് പകല്‍ ആടിനെയൊക്കെ നോക്കാന്‍ നേരമുണ്ടാവില്ല. ഇതോടെ പരിപാലനം കുട്ടികള്‍ ഏറ്റെടുത്തു. രാവിലെ കൂട്ടില്‍നിന്ന് അഴിച്ച് പറമ്പില്‍ കെട്ടുന്നതും പ്ലാവിലയും വെള്ളവും കൊടുക്കുന്നതും ഇവരാണ്. വൈകീട്ട് അമ്മയെത്തിയാല്‍ പുല്ല് അരിയും. വീട്ടിലേക്ക് മടങ്ങുമ്പോള്‍ അമ്മയ്ക്ക് കൂട്ടിന് ഇവരുമുണ്ടാകും.