"എന്റെ മകനും ഈ രാജ്യത്തെ പൗരന്‍, തോറ്റുകൊടുക്കാന്‍ മനസ്സില്ലെനിയ്ക്ക്.."

മകന് നീതി തേടിയുള്ള പോരാട്ടത്തില്‍ മഹിജ ഇപ്പോഴും പ്രതീക്ഷയില്‍ തന്നെയാണ്. ആരൊക്കെ കൈവിട്ടാലും എന്തൊക്കെ അപവാദം പറഞ്ഞാലും തന്റെ പോരാട്ടത്തില്‍ നീതി പീഠം ശരി കണ്ടെത്തുമെന്ന പ്രതീക്ഷയില്‍. കാരണം ഈ അമ്മ ഉറച്ച് പറയുന്നു എന്റെ മകന്‍ പോയിരുന്നത്  പഠിച്ച് എന്‍ജിനിയാറാവാനായിരുന്നു അല്ലാതെ ഗുണ്ടാ പരിശീലനത്തിനായിരുന്നില്ല എന്ന്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തോടെ നീതിക്ക് വേണ്ടിയുള്ള തന്റെ പോരാട്ടം വെറുതെയാവില്ല എന്ന് തന്നെയാണ് ഈ അമ്മയും കുടുംബവും ഉറച്ച് വിശ്വസിക്കുന്നത്. 

ഒരു മാതൃദിനം കൂടെ വന്നെത്തുമ്പോള്‍ വളയത്തെ വീട്ടില്‍ തന്റെ മകന്റെ ഓര്‍മയില്‍ പുതിയൊരു അധ്യായന വര്‍ഷത്തെ കൂടി നോക്കികാണുകയാണ് മഹിജ. മകനെ കുറിച്ച് ചോദിക്കുമ്പോള്‍ എല്ലാം മറന്ന് ഈ അമ്മ വാചാലയാകുന്നു. അല്‍പ്പസമയത്തേക്ക് ജിഷ്ണു സഹോദരിയോടൊപ്പം താഴെ നിന്നും ശണ്ഠ കൂടുന്നുണ്ടോയെന്ന് സംശയിക്കുന്നു. പിന്നെ കണ്ണുനീരൊഴുക്കി ചോദിക്കുന്നു. 'എന്റെ മകന് മറ്റുള്ളവരോട് ഇത്തിരി സ്‌നേഹക്കൂടുതലായിരുന്നു. അതിന് ഇത്രവലിയൊരു ശിക്ഷ ദൈവം നല്‍കണമായിരുന്നോ'. അനധികൃതമായി പരീക്ഷ മാറ്റിയ കോളേജ് അധികൃതരുടെ നിലപാട് പൊതുസമൂഹത്തെ അറിയിച്ചു. പറ്റുമെങ്കില്‍ കൂടെയിരുന്ന് പഠിക്കുന്ന, തന്നെ പോലെ ഭാവിയെ സ്വപ്‌നം കണ്ടിരുന്ന മറ്റുള്ളവരെ സഹായിക്കാന്‍ പറ്റുമോയെന്നൊരു ചെറിയ ശ്രമം. തന്റെ അറിവില്‍ ജിഷ്ണു പ്രണോയ് ചെയ്ത ഒരു തെറ്റ് ഇതുമാത്രമായിരുന്നുവെന്നും മഹിജ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

നാല്മാസത്തോളമായി ജിഷ്ണു മരിച്ചിട്ട്. ആത്മഹത്യയല്ലെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാമെന്നിരുന്നിട്ടും അറിയേണ്ടവര്‍ അറിയുന്നില്ലല്ലോയെന്നൊരു സങ്കടം മാത്രമാണ് മഹിജയ്ക്കുള്ളത്. തന്റെ മകന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇനി വേനല്‍ അവധി കഴിഞ്ഞ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കുകയാണ് ഇവര്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ട് പോവാനാണ് കുടുംബം ഉദ്ദേശിക്കുന്നതെങ്കിലും കേസുമായി ബന്ധപ്പെട്ട് മറ്റെന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അത് പറയാനാകുമ്പോള്‍ പറയുമെന്നും മഹിജയും കുടുംബവും വ്യക്തമാക്കുന്നു. 

ഇനിയൊരമ്മയ്ക്കും ഇങ്ങനയൊരു ഗതികേടുണ്ടാവരുത്. തോറ്റുകൊടുക്കാനും എനിയ്ക്ക് മനസ്സില്ല. മഹിജയുടെ വാക്കുകള്‍ക്ക് പൊള്ളുന്ന അമ്മ മനസിന്റെ വീര്യമുണ്ട്. പുതിയ സ്‌കൂള്‍ കോളേജ് ദിനങ്ങള്‍ വീണ്ടും വരാനിരിയ്‌ക്കെ മഹിജയ്ക്ക് ഒരു കാര്യം മാത്രമേ രക്ഷിതാക്കളെ ഓര്‍മിപ്പിക്കാനുള്ളു. കോളേജിനെയും സ്‌കൂളിനെയും അറിഞ്ഞ ശേഷം മാത്രമേ ഓരോ കുട്ടിയെയും പഠിക്കാനയക്കാന്‍ പാടുള്ളൂ. തന്റെ അവസ്ഥ ഇനിയൊരമ്മയ്ക്കുമുണ്ടാവരുത്. നഷ്ടം ഓരോ അമ്മയ്ക്കും അച്ഛനും മാത്രമാണ്.

(എഴുത്ത് - കെ.പി നിജീഷ് കുമാര്‍)


" ഞാന്‍ ജിഷ്ണുവിന്റെ അമ്മ "

മഹിജ ഇപ്പോള്‍ അമ്മ മാത്രമാണ്. മകന്‍ നഷ്ടപ്പെട്ടതു മുതല്‍ വേറൊന്നും ചിന്തിക്കാറില്ല. അവെനക്കുറിച്ചല്ലാതെ എന്തു ചിന്തിക്കാന്‍?

കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ മഹിജ പറഞ്ഞു, ''ഹൃദയം പോലെയാ നമ്മളെ ഉള്ളില് നമ്മളെ മക്കള്...അതോണ്ടാ അവര് പോവുമ്പോ തീരെ സഹിക്ക്യാന്‍ പറ്റാത്തത്...'' വീടിന്റെ മുകള്‍ നിലയിലായിരുന്നു അവര്‍.  ''താഴെ കെടക്കാന്‍ തോന്നൂല..ഓരോ ചൊമരിന്റെ മേലും ഓന്റെ ഓരോ കലാപരിപാടി കാണാം. മേലെ അതൊന്നും ഇല്ല്യല്ലോ. ഇവടെ ഒറ്റയ്ക്ക് കെടന്ന് കരയാലോ..''

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മരണത്തിന്റെ കാരണക്കാര്‍ക്ക് ശിക്ഷ കിട്ടിയില്ല. വിട്ടുകാടുക്കാതെ നിയമത്തിനു പിന്നാലെ നടക്കുകയാണ് ഈ അമ്മ. തിരുവനന്തപുരത്തുവെച്ച് പോലീസ് വലിച്ചിഴച്ചപ്പോ മഹിജ പറഞ്ഞു, ''ന്റെ മോനു വേണ്ടിയല്ലേ. ഞാന്‍ എന്തും സഹിക്കും. അവസാനംവരെ പോവും.'' നല്ല ഉറപ്പിലാണ് പറഞ്ഞത്. എന്നിട്ടും അടുത്ത നിമിഷം അവര്‍ കണ്ണീരിലായി. 

ജിഷ്ണു പോയതുമുതല്‍ ആരുമില്ലാത്തപോലെ. വീട്ടില്‍ ഭര്‍ത്താവും മകളും അമ്മയുമൊെക്കയുണ്ട്. ''ന്നാലും ന്റെ മോനില്ലല്ലോ..ഞാനിപ്പോ വിചാരിക്കും മോന്‍ ഒന്നും പഠിക്കാതെ ഇതിലേ നടന്നാ മത്യായിരുന്നു. രാത്രി ഉറങ്ങാെനങ്കിലും വീട്ടില് വര്വല്ലോ. അതെങ്കിലും കാണായിരുന്നല്ലോ.'' മഹിജ പായയില്‍ എഴുന്നേറ്റിരുന്നു. അപ്പുറത്തെ മുറിയിലേക്കു നോക്കി. ജിഷ്ണു പഠിക്കാനിരിക്കുന്ന മുറിയാണ്. അവിടെ ഒരു കൊച്ചു മേശ മാത്രം. അതിന്റെ പുറത്ത് കറുത്ത മഷിയില്‍ എഴുതിവെച്ചിരുക്കുന്നു. 'ചെയ്‌സ് യുവര്‍ ഡ്രീംസ്, ബട്ട് മെയ്ക്ക് ഷുവര്‍ യു ഡു നോട്ട് ഫൈന്‍ഡ് ഷോര്‍ട്ട്കട്ട്...'

മഹിജ പുറത്തേക്ക് നോക്കി മിണ്ടാതിരുന്നു. അവന്‍ ഓടിക്കളിച്ച മുറ്റം, തൊടി, അയല്‍പക്കത്തെ വീടുകള്‍. അമ്മേ...എന്നു വിളിച്ച് അവന്‍ അകത്തേക്ക് വരും പോലെ  തോന്നിയോ? ''അവന്‍ ഉള്ളപ്പോ വീടുനിറയെ ഒരുപാട് ആള്‍ക്കാരുള്ള പോലെയാ. കീശയില് ചില്ലറ പൈസയിട്ടാല് അതിങ്ങനെ  കുലുങ്ങി കുലുങ്ങി ഒച്ചയുണ്ടാക്കില്ലേ, അമ്മാതിരിയുള്ള മോനാ. എങ്ങനെയാ ഞാന്‍ പറഞ്ഞുതരണ്ടത്....അന്ന് രാവിലെ വിളിച്ചപ്പഴും മോന്‍ പറഞ്ഞു, ''നന്നായി പഠിച്ചിട്ട്ണ്ടമ്മേ..ഞാന്‍ പരീക്ഷ കഴിഞ്ഞിട്ട് വിളിക്കാം.'' ഞാന്‍ കാത്തിരുന്നു. പിന്നെ അങ്ങോട്ട് വിളിച്ചു. കിട്ടീല. കൊറേ കഴിഞ്ഞപ്പോ വാര്‍ഡന്‍ വിളിച്ചു.എന്നോടുതന്നെയാ അയാള്‍ വിവരം പറഞ്ഞത്. ഞാന്‍ വിശ്വസിച്ചില്ല....

മോനെ വീട്ടില്‍  കൊണ്ടുവന്നപ്പം ഞാന്‍ പറഞ്ഞു, 'ന്നെ മോന്റടുത്ത് കൊണ്ടുപോണം. ഞാന്‍ കരയൂല.. ബുദ്ധിമുട്ടിക്കൂല..അവനെ കണ്ടോണ്ടിരിക്കാനാ..' ഞാന്‍ അവനെ ഒരുപാട് ഉമ്മെവച്ചു, വാരിപ്പിടിച്ചു. മുഖം അവന്റെ മുഖത്തോട് ചേര്‍ത്തുവെച്ചപ്പഴാ കണ്ടത്, അവന്റെ മൂക്കിന്റടുത്ത് ഒരു മുറിവ്. ആങ്ങളയോട് ഞാന്‍ ചോദിച്ചു, 'ഇതെന്താ നമ്മുെട മോന്‌?' അവന്‍ പറഞ്ഞു, 'അതൊന്നുല്ല്യ മഹിജേച്ചീ, മഹിജേച്ചി സമാധാനായി ഇരിക്ക്...'

ഞാന്‍ ദൈവെത്ത വിളിച്ച് പറഞ്ഞതാ, 'ന്റെ മോനെ കാത്തോളണേ'ന്ന്..േകട്ടില്ലല്ലോ. ഞാന്‍ പിന്നെ ദൈവത്തിനെ വിളിച്ചിട്ടില്ല.  എന്റെ മോെന വിളിച്ചിട്ടാ പറയാറ് എനിക്ക് ശക്തി താന്ന്. കുറച്ചു കാര്യംകൂടെ ചെയ്യാനുണ്ട്..അമ്മയ്ക്ക് ശക്തി താ മോനേ..''

മുന്നിലെ റോഡിലെ പോസ്റ്ററില്‍ ജിഷ്ണുവിന്റെ ഫോട്ടോയുണ്ട് ഇപ്പോഴും. നിറയെ മുടിയുളള, പാവം മുഖമുള്ള ഒരു കുട്ടി. ജനലിലൂടെ നോക്കിയാല്‍ നിരത്തില്‍ അവന്‍ വെയില്‍ കൊണ്ടു നില്‍ക്കുന്നതു പോലെ. മഹിജ കണ്ണെടുക്കാതെ അതു നോക്കി. സഹിക്കാന്‍ വയ്യാതെ പിന്‍വലിച്ചു.

അശോകന്‍ അടുത്തുവന്നു. മഹിജയെ ചേര്‍ത്തു പിടിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. കണ്ണീര്‍ തുളുമ്പിയ രണ്ടു മുഖങ്ങള്‍. അശോകന്‍ പറഞ്ഞു, ''കോപ്പിയടിച്ചൂന്ന് കോളേജുകാര്  വെറുതേ കേസുണ്ടാക്കിയതാ. മാറ്റിവെച്ച പരീക്ഷ പെട്ടെന്ന് നടത്താന്‍ തീരുമാനിച്ചപ്പോ ജിഷ്ണു എതിര്‍ത്തതിന്റെ ദേഷ്യാ. ഇത്രേം ദിവസായിട്ടും എന്റെ മോന്‍ മരിച്ചതിന്റെ കാരണക്കാരെ ശിക്ഷിച്ചില്ലല്ലോ..

മഹിജ വിതുമ്പിപ്പോയി. ''ജനങ്ങള്‍ അറിയട്ടെ എല്ലാം. എവിടം വരെ പോണോ അവിടംവരെ ഞങ്ങള് പോവും. ഓരോ മക്കള് വല്യ ആഗ്രഹവും വെച്ചിട്ട് ഏതൊക്കെ കോളേജില് കഴിയുന്നു. അവര്‍ക്കൊക്കെ വേണ്ടീട്ടാ.. എന്റെ മോനെ ഞാന്‍ പോലും അടിച്ചിട്ടില്ല. കൃഷ്ണദാസിന് ആരാ എന്റെ മോനെ അടിക്കാന്‍ സ്വാതന്ത്രം കൊടുത്തത്? അവെന കൊന്നു കെട്ടിത്തൂക്കിയതാ. അല്ലാതെ അവന്‍ തൂങ്ങി മരിക്കില്ല. ഓര്‍ക്ക് ദൈവം കൊടുക്കും. അയാള്‍ നാലു ദിവസം ജയിലില് കിടന്നില്ലേ? രാത്രി ഷര്‍ട്ട് അഴിച്ചുവെച്ചപ്പോ ഒരു കൊതുകെങ്കിലും കടിച്ചിട്ടുണ്ടാവുമല്ലോ...''

മഹിജ മുഖം താഴ്ത്തി. മുഖം താഴ്ത്തുമ്പോഴറിയാം, മഹിജ കരയുകയാണ്. അവര്‍ കഷ്ടപ്പെട്ട് കണ്ണീര്‍ മറച്ചു. എന്നാലും ഇടയ്ക്ക് പൊട്ടിപ്പോയി. ''ഓന്റെ കൂട്ടുകാരെ കാണുമ്പോ ഞാന്‍ വിചാരിക്കും ന്റെ മോന് ഒന്നും പറ്റീട്ടില്ലാ..ഓനിങ്ങ് വരുംന്ന്..അവന്റെ എല്ലാ ആഗ്രഹവും അമ്മയോടാ പറയാ..തലേന്നും പറഞ്ഞു, എനിക്ക് ടീഷര്‍ട്ടും ബര്‍മുഡയും വേണം. പിറ്റേ ദിവസം പോവുന്നതാ. അതെല്ലാം ഞാന്‍ വാങ്ങിക്കൊടുത്തു.

അവന്‍ രാവിലെ റെഡിയായി ചോന്ന ടീഷര്‍ട്ട് ഇട്ടു നിക്കുമ്പോ ഞാനിങ്ങനെ നോക്കി. എന്തോ ഒരു രസം..എനിക്ക് കാണാന്‍ വേണ്ടി നിന്നപോലെ. ഞാന്‍ അവനോട് പറയണംന്ന് വിചാരിക്കായിരുന്നു, 'നല്ല രസണ്ടല്ലോ മോനേ..നല്ല അടിപൊളിയായിട്ടുണ്ടല്ലോന്ന്. പക്ഷേ എനിക്ക് ഓനോട്‌ അത് പറയാന്‍ പറ്റീല..

അവന്‍ കോളേജിലേക്ക് പോവാനിറങ്ങുമ്പോ ഞാന്‍ മുന്നില് നില്‍ക്കാറില്ല. ഇനിക്കും സങ്കടാണ്. ഓനും സങ്കടാവും. ഞാന്‍ ബാക്കിലാ നില്‍ക്കാ. അവന്‍ വിളിച്ചു, 'അമ്മേ ഞാന്‍ പോവുന്നേ..ആ.. അമ്മേ ഞാന്‍ എറങ്ങുന്നേ...പിന്നെ എന്റെ മോന്‍ വന്നില്ലല്ലോ..അവന്‍ വല്യ വല്യ കാര്യങ്ങളാ പറയാ. സ്വന്തായിട്ട് കമ്പനി ഉണ്ടാക്കും, 'കൊമേഴ്‌സ്'ന്ന് പേരിടുംന്നൊക്കെ. ഞാന്‍ വിചാരിക്കും 'ഇവനെന്താ ഈ പറയുന്നത്, ഇവന്‍ ചെറിയ മോനല്ലേ...' ഉള്ളില് മ്മള്‍ക്ക് മക്കളെത്തന്നയാ ഏറ്റവും സ്‌നേഹം. ന്നാലും ഒന്നു തെറ്റിച്ച് വെച്ചാല്‌ ഇത്രയും സഹിക്കേണ്ടി വരൂല..ഇതെല്ലാം കോളേജുകാര് അറിയുന്നുണ്ടോ, അവര്‍ക്ക് പൈസ മാത്രം മതിയല്ലോ.''

മഹിജ പുറത്തേക്ക് നോക്കിയിരുന്നു. അങ്ങേ പറമ്പില്‍ കണിക്കൊന്ന പൂത്തിട്ടുണ്ട്. ''അവന്‍ അടുത്ത വീട്ടിലൊക്കെ വിഷുക്കണീംകൊണ്ട് പോവും. അപ്പുറത്തെ കുട്ടികളുണ്ടാവും.  എന്നാലും എല്ലാ ഒരുക്കവും ഇവനാ ചെയ്യാ..'' പുറത്ത് വെയില്‍ മാത്രം. കാറ്റില്ല. കൊന്നപ്പൂ അനങ്ങാതെ നിന്നു.

അശോകന്‍ മുറിയിലേക്കു വന്നു.വല്ലാതെ തളര്‍ന്ന പോലെ. ജിഷ്ണുവിനെക്കുറിച്ച് പറയുമ്പോഴേക്കും ഒന്നിനും വയ്യാതാവുന്നു. ''ഖത്തറിലാണ് എനിക്ക് ജോലി. ഇനി അച്ഛന്‍ അധികകാലം പോണ്ട, എല്ലാം ഞാന്‍ നോക്കിക്കോളാംന്ന് പറയും എന്റെ മോന്‍. ഇനി ഞാന്‍ പോവുന്നില്ല.'' എന്തു പറയും ഈ അച്ഛനോട്? വെറുതേ ചോദിച്ചു,''നാട്ടിലെന്തെങ്കിലും ചെയ്യുന്നോ? ''ഇനി എന്തിനാ? എല്ലാം ചിതറിപ്പോയില്ലേ?''

മഹിജയുടെ അമ്മ വന്നു. കൈയില്‍ മഹിജയ്ക്കുള്ള ഭക്ഷണം. ''അവള് കറിയൊന്നും കഴിയ്ക്കില്ല, നിങ്ങളൊന്നു പറഞ്ഞ് നോക്കൂ..'' അമ്മ പറഞ്ഞു. മഹിജ പാത്രം മുന്നില്‍വെച്ചു. മുരിങ്ങാക്കായയും മാങ്ങയുമാണ് കറി.  നോക്കിയതും അവര്‍ കരഞ്ഞു പോയി. 'ന്റെ മോന് ഇഷ്ടമുണ്ടായിരുന്നതൊന്നും കഴിക്കാന്‍ തോന്നുന്നില്ല നിയ്ക്ക്. ഞാനെന്താ ചെയ്യാ..'' അവര്‍ ആ ചോറു പകുത്തു. കറി മാറ്റിവെച്ചു. പിന്നെ എന്തോ ഓര്‍ത്തിരുന്നു. അമ്മയുടെ മോന്‍ കഴിക്കാന്‍ വരുന്നതും കാത്തിരിക്കുകയാണോ?


എഴുത്ത്  - രജി ആര്‍.നായര്‍,  ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.