രു കുഞ്ഞിന് ജന്മം നല്‍കി പാലൂട്ടി വളര്‍ത്തുക. ഈ ആഗ്രഹം സഫലമാക്കാന്‍ ഭവാനി ടീച്ചറോളം കഷ്ടപ്പെട്ട മറ്റൊരു സ്ത്രീയുണ്ടാകില്ല. സ്വന്തം കുഞ്ഞെന്ന സ്വപ്നം സത്യമാക്കാന്‍ 62-ാമത്തെ വയസ്സില്‍ അവര്‍ ഐ വി എഫിലൂടെ ഗര്‍ഭവതിയായി. കാത്തിരുന്നു പിറന്ന കുഞ്ഞിന് ടീച്ചര്‍ കണ്ണനെന്നു പേരും നല്‍കി. പക്ഷെ രണ്ടു വയസ്സു തികയും മുമ്പേ ആ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, ഇന്ന് വയനാട്ടിലെ പിണങ്ങോടുള്ള പീസ് വില്ലേജ് എന്ന അഭയകേന്ദ്രത്തിലാണ് ഭവാനി ടീച്ചറുള്ളത്. പക്ഷാഘാതത്തിന്റെ ഫലമായി അടഞ്ഞുപോയ ഇടതുകണ്ണും ക്ഷീണിതമായ ശരീരവുമായി അവര്‍ ജീവിക്കുന്നു. കടുത്ത പ്രമേഹം വലതുകാലിലെ മുറിവിനെ ഉണങ്ങാന്‍ അനുവദിക്കുന്നില്ല. 

കടുപ്പമുള്ള കണക്കിനെ ലളിതമാക്കി കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുത്തിരുന്ന, പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്ന ഒരു ഭവാനി ടീച്ചര്‍ ഉണ്ടായിരുന്നു. ഗണിതക്രിയ ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്ന കുഞ്ഞുങ്ങള്‍ക്ക് പ്ലാവില പെറുക്കി കൂട്ടാനും കുറയ്ക്കാനും പഠിപ്പിച്ചിരുന്ന ഒരു അധ്യാപിക. പക്ഷെ ഇന്ന് പീസ് വില്ലേജില്‍ രോഗത്തിന്റെ അവശതകളുമായി ജീവിക്കുകയാണ് ഇവര്‍.

bhavani teacher

എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ് ഭവാനി. അവിടെയുള്ള എല്‍ പി സ്‌കൂളിലായിരുന്നു അവര്‍ അധ്യാപികയായി ജോലി ചെയ്തിരുന്നത്. വീട്ടുകാരുടെ അനിഷ്ടം വകവയ്ക്കാതെയാണ് ആദ്യത്തെ ജീവിതപങ്കാളിയെ അവര്‍ തിരഞ്ഞെടുത്തത്. 

"പതിനെട്ടാമത്തെ വയസ്സില്‍ അവര്‍ വിവാഹിതയായി. സന്തോഷമായി ജീവിക്കണമെന്നായിരുന്നു മോഹം. പക്ഷെ അതിനു സാധിച്ചില്ല"- ആദ്യവിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭവാനി പറയുന്നു. ആ ബന്ധത്തിലൂടെ തനിക്ക് ഒരു കുഞ്ഞിനെ ജന്മം നല്‍കാന്‍ സാധിക്കില്ലെന്നു മനസ്സിലായപ്പോള്‍, ഇരുപത് വര്‍ഷത്തിനു ശേഷം ഭവാനി വിവാഹബന്ധം ഉപേക്ഷിച്ചു. പിന്നീട് വീണ്ടുമൊരു വിവാഹം. എന്നാല്‍ രണ്ടാമത് ജീവിതത്തിലെത്തിയ ആള്‍ക്കും ഭവാനിയുടെ ആഗ്രഹത്തെ സാധ്യമാക്കാനായില്ല.

അപ്പോഴും ഒരു കുഞ്ഞിന്റെ അമ്മയാകാനുള്ള ആഗ്രഹം ഭവാനിയെ വിട്ടുപോയിരുന്നില്ല. അങ്ങനെ മറ്റൊരു സ്ത്രീയും മുതിരാത്ത ഒരു കാര്യത്തിന് ഭവാനി തയ്യാറായി. ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിപ്പിച്ചു. ഭര്‍ത്താവിന് രണ്ടാമത്തെ ഭാര്യയില്‍ ഒരു കുഞ്ഞു പിറന്നപ്പോള്‍ കഥ മാറി. അവിടെ ഭവാനി ടീച്ചര്‍ അധികപ്പറ്റായി.

കുഞ്ഞിനോടുള്ള ടീച്ചറുടെ അടുപ്പം ഭര്‍ത്താവിനോ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യക്കോ അംഗീകരിക്കാന്‍ സാധിച്ചില്ല. നാലുവയസ്സ് പ്രായമായപ്പോള്‍ കുഞ്ഞുമായി അവര്‍ മാറിത്താമസിച്ചു. അതോടെ സ്വന്തമായി കുഞ്ഞു വേണമെന്ന ആഗ്രഹം ടീച്ചറിന്റെ ഉള്ളില്‍ ശക്തമായി. 

അങ്ങനെ ആര്‍ത്തവ വിരാമത്തിനു ശേഷം, 62-ാമത്തെ വയസ്സില്‍ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്, ഡോക്ടര്‍ സതി പിള്ളയുടെ ചികിത്സയില്‍ അവര്‍ ഐ വി എഫ് വഴി കൃത്രിമമായി ഗര്‍ഭം ധരിച്ചു. 2004 ഏപ്രില്‍ 12ന് കണ്ണന്‍ പിറന്നു. ശസ്ത്രക്രിയയിലൂടെ ആയിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.

bhavani teacher

കാത്തിരുന്നു പിറന്ന കുഞ്ഞിനെ കണ്ണനെന്നായിരുന്നു ടീച്ചര്‍ പേരു നല്‍കിയത്‌. പക്ഷെ ഏറക്കാലത്തെ പ്രാര്‍ഥനകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷം കൈവന്ന ഭാവാനിയുടെ മാതൃത്വത്തിന് വെറും രണ്ട് വര്‍ഷം മാത്രമേ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റില്‍ വീണായിരുന്നു കണ്ണന്റെ മരണം. 

കുഞ്ഞിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മോചിതയായ ശേഷം, 68-ാം വയസ്സില്‍ വീണ്ടും ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാരെ സമീപിച്ചു. എന്നാല്‍ ആരോഗ്യനില അനുകൂലമല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അവരെ ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. പിന്നീട് മുവാറ്റുപുഴയില്‍ നിന്ന് വയനാട്ടിലേക്ക് ടീച്ചര്‍ താമസം മാറി. എരുമത്തെരുവിലെ വാടകവീട്ടിലായിരുന്നു താമസം. അവിടെ കുട്ടികള്‍ക്ക് കണക്കിന് ട്യൂഷന്‍ എടുത്തു നല്‍കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭവാനി ടീച്ചറുടെ ജീവിതത്തിലേക്ക് മറ്റൊരു ദുരന്തം പടികടന്നെത്തിയത്. സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കേ, തളര്‍ന്നു വീണു. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു ആദ്യചികിത്സ. പിന്നീട് വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.

ഒന്നേകാല്‍ മാസത്തോളം നീണ്ട ചികിത്സ സൗജന്യമായിരുന്നു. ബന്ധുക്കളെ വിവരം അറിയിച്ചില്ലെങ്കിലും ആരും എത്തിയില്ല. അങ്ങനെ വയോജന വേദി പ്രവര്‍ത്തകര്‍ വഴി പീസ് വില്ലേജ് അധികൃതര്‍ ഭവാനിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. 

bhavani teacher news

ചെറിയകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ള നിരാലംബര്‍ക്ക് അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്നിടമാണ് പീസ് വില്ലേജ്. ഭവാനി പീസ് വില്ലേജിലെത്തിയിട്ട് ഇപ്പോള്‍ രണ്ടുമാസമാകുന്നു. "അബോധാവസ്ഥയിലായിരിക്കുമ്പോഴാണ് ടീച്ചറിനെ പീസ് വില്ലേജ് ഏറ്റെടുക്കുന്നത്. ട്യൂബിലൂടെ ആയിരുന്നു അന്ന് ഭക്ഷണവും മറ്റും കഴിച്ചിരുന്നത്. ഇപ്പോള്‍ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്.

പീസ് വില്ലേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് ലബീബ് പറഞ്ഞു. പീസ് വില്ലേജിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളും കുട്ടികളും ഇവിടെ വരാറുണ്ട്. അന്തേവാസികള്‍ക്കൊപ്പം ചിലവിടാറുമുണ്ട്. കുട്ടികളെ കാണുന്നതും അവരോട് സംസാരിക്കുന്നതും ടീച്ചറിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്" -മുഹമ്മദ് കൂട്ടിച്ചേര്‍ക്കുന്നു.