അങ്ങനെ വിളിക്കല്ലേ...അവന്‍ കൊലയാളിയല്ല. ഞാന്‍ വയറ്റിലിട്ടാ വളര്‍ത്തിയത്.  എവിടെയെങ്കിലും പോയി ജീവിച്ചാല്‍ മതിയായിരുന്നു. ജീവനോടുണ്ടെന്ന് അറിഞ്ഞാല്‍ മാത്രം മതിയായിരുന്നു. അവന്‍ ഇല്ലാതായി, ഒടുവില്‍ മിച്ചം കിട്ടിയത് കൊലയാളിയെന്ന വിളിപ്പേര് മാത്രാം. അവന് ആരെയും കൊല്ലാനാകില്ല. പിന്നെ എങ്ങനെ സംഭവിച്ചെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല...'' കൊല്ലം നീണ്ടകര പാലത്തിനപ്പുറം പുത്തന്‍തുറ കൈലാസമംഗലം വീടിന്റെ അകത്തെ മുറിയിലാണ് കുമാരി. ഒരു കട്ടിലും മേശയും ഇട്ടപ്പോഴേക്കും നിറഞ്ഞുപോയ കൊച്ചുമുറി. ഇതായിരുന്നു വീട്ടില്‍ ആദര്‍ശിന്റെ ലോകം. പുസ്തകങ്ങളും നോട്ട് ബുക്കുകളും ഫിസിയോ തെറാപ്പി ഉപകരണങ്ങളുമെല്ലാം മുറിയില്‍ പലഭാഗത്തായി അടുക്കിയിരിക്കുന്നു. 

കോട്ടയം ഗാന്ധിനഗറിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ സഹപാഠിയെ തീകൊളുത്തി കൊന്ന് ആ തീയില്‍ സ്വയം മരിച്ച  യുവാവെന്നാണ് ആദര്‍ശിനെ പുറത്തറിയുന്നത്. എന്നാല്‍, അതിനപ്പുറം അവനെ ഓമനിച്ച് വളര്‍ത്തിയ ഒരമ്മ ഇവിടെയുണ്ടെന്ന് പലരും മറന്നു. ഒരാഴ്ചയോളം കടലില്‍ പണിയെടുത്ത് കിട്ടുന്ന ഇത്തിരി സമ്പാദ്യവുമായി വീട്ടിലെ പട്ടിണിയകറ്റാന്‍ ഓടിയെത്തുന്ന അച്ഛന്‍. ഇരട്ടയായി പിറന്നതടക്കം മൂന്ന് സഹോദരന്‍മാര്‍. ഇവരുടെ കണ്ണുകള്‍ ഇനിയും തോര്‍ന്നിട്ടില്ല.

ഫെബ്രുവരി ഒന്നായിരുന്നു കുമാരിയും കുടുംബവും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ദിവസം. അതിനും  രണ്ട്  ദിവസം മുമ്പാണ് അവന്‍ പരീക്ഷയെഴുതാനായി കോട്ടയത്തേക്ക് പോയത്. പതിവ് പോലെ തോള്‍ബാഗുമായി ഇറങ്ങിയതാണ്. ബാക്കി പറഞ്ഞത് അച്ഛന്‍ സുനീതനാണ.് ''ഞാന്‍ ബോട്ടില്‍ ജോലിയിലായിരുന്നു. ആദര്‍ശിന് അപകടം പറ്റിയെന്ന് ഫോണ്‍ വന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു. ആരോടും വഴക്കുണ്ടാക്കാത്ത, ആരുമായും പിണങ്ങാത്ത അവന്‍ എങ്ങനെ ഇങ്ങനെയായി? അവന്റെ പേരില്‍ ഇതുവരെയും ഒരു കേസുമുണ്ടായിട്ടില്ല. പെട്ടെന്നൊരു ദിവസം ഒരാള്‍ ഇങ്ങനെ പ്രതികരിക്കുമോ? കോളേജില്‍ പോയത് പരീക്ഷ എഴുതാന്‍ തന്നെയാണ്. ഹാള്‍ ടിക്കറ്റും കൈവശമുണ്ടായിരുന്നു. ഇപ്പോള്‍ പലതും കേള്‍ക്കുമ്പോള്‍ വല്ലാത്ത വേദനയുണ്ട്.'' സുനീതന്റെ വാക്കുകളില്‍ ഉളളിലെ തേങ്ങല്‍ നിറയുന്നുണ്ടായിരുന്നു.

ആദര്‍ശ് മരിച്ച ദിവസം മുതല്‍ കുമാരി അവന്റെ മുറിയിലാണ്.  ആ കട്ടിലില്‍. ''അവന്‍ ഇവിടെയുണ്ട്. എന്റെയൊപ്പം. അവന്റെ ഒരാഗ്രഹവും സാധിച്ച് കൊടുക്കാനായിട്ടില്ല. സഹോദരങ്ങളെല്ലാം കല്യാണം കഴിച്ചു. കുടുംബമായി. അവരേക്കാള്‍ നന്നായി പഠിച്ചവനായിരുന്നു. നല്ല നിലയിലെത്തുമെന്ന് ഞാനും വിശ്വസിച്ചു. വീട്ടിലെ കഷ്ടപ്പാടുകളറിഞ്ഞാ അവന്‍ ജീവിച്ചത്. കല്യാണത്തിന് പെണ്ണ് കണ്ടതാ. ഓച്ചിറയ്ക്ക് അടുത്തായിരുന്നു പെണ്ണിന്റെ വീട്. നല്ല മുടിയുളള സുന്ദരിക്കുട്ടി. എനിക്ക് നാല് ആണ്‍ മക്കളാ. എന്റെ വീട്ടില്‍ ഒരു പെണ്‍കുഞ്ഞ്കൂടി വരുന്നതിന്റെ സന്തോഷമായിരുന്നു. 

നിശ്ചയത്തിന് തീയതി കുറിച്ചു. പെണ്ണിന് അണിയിക്കാന്‍ ഒരു പവന്റെ മോതിരവും രണ്ട് പവന്റെ വളയും വാങ്ങി. പിന്നെ പുടവയും. ഫെബ്രുവരി ജന്മമാസമാണ്. അതുകഴിഞ്ഞാല്‍ ഈ മാര്‍ച്ചില്‍ അവന്‍ താലികെട്ടേണ്ടതാണ്. എല്ലാം കഴിഞ്ഞില്ലേ....നിശ്ചയത്തിനുളള സമയം അടുത്ത് വന്നപ്പോള്‍ അവന് വല്ലാത്ത വേവലാതിയായിരുന്നു. ആദ്യമൊന്നും കാര്യം പറഞ്ഞില്ല. പിന്നീടാണ്  കോളേജില്‍ ഒരു  പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് അറിയുന്നത്. ഇതോടെ നിശ്ചയിച്ച വിവാഹം വേണ്ടന്ന് വയ്ക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ കാണേണ്ടിവരരുതെന്ന് കരുതിയായിരുന്നു അങ്ങനെ തീരുമാനമെടുത്തത്. ഇഷ്ടമുളളവര്‍ ഒന്നിച്ച് ജീവിക്കട്ടെയെന്നും കരുതി. പക്ഷേ, എല്ലാം വെറുതേയായിപ്പോയി...'' സാരിത്തലപ്പാല്‍ കണ്ണീരൊപ്പി കുമാരി പറഞ്ഞുകൊണ്ടേയിരുന്നു.

''ഞങ്ങള്‍ അഞ്ച് പെണ്‍മക്കളായിരുന്നു. കെട്ടിച്ചയയ്ക്കാന്‍ എന്റെ അമ്മ ഏറെ കഷ്ടപ്പെട്ടു. ദൈവം എനിക്ക് തന്നത് നാല് ആണ്‍കുഞ്ഞുങ്ങളെ. അതില്‍ വല്ലാതെ സന്തോഷിച്ചു.  മക്കളെയോര്‍ത്ത് അഭിമാനമായിരുന്നു.  ഏറ്റവും ഇളയതായിരുന്നു ഇരട്ടക്കുട്ടികളായ ആദര്‍ശും അഖിലും . ഞാന്‍ കോഴിയെയും താറാവിനെയും വളര്‍ത്തി. സമ്പാദിക്കാനല്ല.  മക്കള്‍ക്ക് തുണിയും ബുക്കും പേനയുമെല്ലാം വാങ്ങാന്‍. കുടുംബം പോറ്റാന്‍  അച്ഛന്‍ കടലില്‍ പോകും. ഒരാഴ്ച കഴിഞ്ഞാ വരുന്നത്.  ശരിക്കും കഷ്ടപ്പെട്ടാ മക്കളെ വളര്‍ത്തിയത്. അവരായിരുന്നു  ഞങ്ങളുടെ സമ്പാദ്യം.  അതില്‍ ഒന്നുപോയതിന്റെ സങ്കടം എങ്ങനെ തീരും. അതിന് മീതെയാണ് മരിച്ച് മുകളില്‍ നില്‍ക്കുന്ന അവനെ കുറ്റപ്പെടുത്തുന്നതിലെ വേദന.''

പുത്തന്‍തുറ സ്‌കൂളിലാണ് ആദര്‍ശ് ഏഴാം ക്ലാസ് വരെ പഠിച്ചത്. പിന്നീട് കരുനാഗപ്പളളി ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍. പ്ലസ് ടുവിന് ശേഷം തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിന് ചേര്‍ന്നു. ഫസ്റ്റ് ക്ലാസോടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നാണ് കോട്ടയത്ത് ഫിസിയോ തെറാപ്പി കോഴ്‌സിന് ചേര്‍ന്നത്. 

മുറ്റത്തെ തൈതെങ്ങിനടുത്താണ് ആദര്‍ശിന്റെ കുഴിമാടം. വാടിയ മഞ്ഞപ്പൂക്കള്‍ ചിതറിക്കിടക്കുന്നു. വീടിനുളളില്‍ ദൈവങ്ങളുടെ സ്ഥാനത്ത് ആദര്‍ശിന്റെ വലിയ ചിത്രം. ആദര്‍ശ് തങ്ങള്‍ക്കൊപ്പമുണ്ടെന്ന വിശ്വാസത്തിലാണ് കുമാരിയും കുടുംബവും. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്