achu
ബിന്ദുവും അച്ചുവും റോണിയും

മൂവാറ്റുപുഴ: കാന്‍സറിനെ മനക്കരുത്തു കൊണ്ട് നേരിട്ട ബിന്ദു, മകള്‍ അച്ചുവിന് അത്ഭുതമാണ്, ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് റോണിക്ക് ഉള്‍ക്കരുത്തിന്റെ ഉറവിടമാണ്, സുഹൃത്തുക്കള്‍ക്കും പ്രതിസന്ധികളില്‍ വിഷമിക്കുന്ന അമ്മമാര്‍ക്കും ആവേശവും....

മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ തോട്ടുങ്കല്‍ പീടികയില്‍ അച്ചൂസ് ബ്രൈഡല്‍ വില്ല നടത്തുന്ന ബിന്ദുവിന് കാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടത് 2015-ലാണ്. പക്ഷേ, ബിന്ദു തളര്‍ന്നില്ല. പല അമ്മമാരെയും പോലെ ആശയറ്റ് വീട്ടിനകത്ത് കരഞ്ഞിരുന്നില്ല. പഠിച്ച തൊഴിലും വളര്‍ത്തിയെടുത്ത സ്ഥാപനവും വിട്ടുകളഞ്ഞില്ല. കൊച്ച് അച്ചുവിന് മുന്നില്‍ അമ്മയുടെ ഇടവും മറന്നില്ല. ആ മകളില്‍ വേദനയുടെ ഭാരം നിറച്ചുവയ്ക്കാനൊരുക്കമായിരുന്നില്ല ബിന്ദു. അച്ചുവിനെ ലാളിച്ചു, പരിഭവങ്ങള്‍ക്ക് പരിഹാരം കണ്ടു, പഠനത്തിന് കൂട്ടിരുന്നു.

ഇടയ്ക്കിടെ മുഖവും കൈകളും തടിക്കും. വല്ലാത്ത ക്ഷീണവും അനുഭവപ്പെടും. ഡോക്ടര്‍മാരെ കണ്ടപ്പോള്‍ അവരൊക്കെ പറഞ്ഞു, ബിന്ദുവിന്റെ തോന്നലാണത്. തിരുവനന്തപുരത്തെ ഒരു പ്രമുഖ ആസ്​പത്രിയില്‍ ന്യൂറോ വിഭാഗത്തില്‍ പരിശോധനയ്ക്ക് ചെന്നപ്പോഴും ഈ പ്രശ്‌നം പറഞ്ഞു. കാര്യം മനസ്സിലാകട്ടെ എന്നു കരുതി ശരീരം തടിക്കുമ്പോഴുള്ള ചിത്രങ്ങളുമായാണ് പോയത്. ഇത്തിരി വണ്ണമുള്ളതാണ് നല്ലത്. അതിനെന്തിനാണ് ഇത്ര വിവശയാകുന്നതെന്ന ചോദ്യമായിരുന്നു ചിത്രങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ മറുപടി. പക്ഷേ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മാറില്‍ വളര്‍ന്ന രോഗചിഹ്നത്തെ ബിന്ദു സ്വയം കണ്ടെത്തുകയായിരുന്നു. മാമോഗ്രാമിലൂടെ രോഗത്തെ നിര്‍ണയിച്ചുറപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സ. ഒരു മാസത്തിനുള്ളില്‍ ശസ്ത്രക്രിയ.

ചികിത്സയുടെ ഭാഗമായി ബിന്ദു തല മൊട്ടയടിച്ചപ്പോള്‍ ആ മകളുടെ വാക്കുകള്‍ അമ്മയെയും ഞെട്ടിച്ചു. 'അമ്മയ്‌ക്കൊപ്പം ഞാനും അച്ഛനും കൂടി മൊട്ടയടിക്കാം... നമ്മുടെ വീട്ടില്‍ എല്ലാരും മൊട്ടയാകട്ടെ....നല്ല രസമായിരിക്കും അമ്മേ' - ഏഴാം ക്ലാസുകാരിയുടെ കുസൃതിയായിരുന്നില്ല ആ വാക്കുകളിലെന്ന് ബിന്ദു ഓര്‍ക്കുന്നു. പകലെല്ലാം ഓടി നടന്ന് വൈകീട്ട് കിടക്കുമ്പോഴാണ് വേദന ശരീരത്തിലേക്ക് അരിച്ചെത്തുക. കണ്ണുകള്‍ നനയാന്‍ തുടങ്ങുമ്പോള്‍ അവള്‍ മറച്ചുപിടിച്ച സങ്കടത്തോടെ ആശ്വസിപ്പിക്കും. മകളില്‍ നിന്ന് അമ്മയിലേക്ക് ആത്മധൈര്യത്തിന്റെ കരുത്തൊഴുതി.

രോഗം കണ്ട നാള്‍ മുതല്‍ ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയേഷനും നടക്കുമ്പോഴും ബിന്ദു ജോലിയിലായിരുന്നു; ഒറ്റ ദിവസം പോലും കളയാതെ. ഒരു ചൊവ്വാഴ്ച ശസ്ത്രക്രിയ, വ്യാഴാഴ്ച ആസ്​പത്രി വിട്ടു. വെള്ളിയാഴ്ച ജോലിക്കെത്തി. മനസ്സ് ഉരുക്കുപോലെയായി. രോഗമൊരുക്കിയ വിഷമശയ്യയിലും ബ്യൂട്ടീഷ്യനായ ബിന്ദു ചെയ്തത് 115 വിവാഹ ഒരുക്കങ്ങളാണ്.

ഇന്ന് മൂവാറ്റുപുഴയിലെ തിരക്കേറിയ ബ്യൂട്ടീഷ്യനാണ് ബിന്ദു. ജീവിത ദുരിതങ്ങള്‍ക്കു മുന്നില്‍ തളരുന്ന അമ്മമാര്‍ക്കു മുന്നിലേക്ക് സ്വയം നീങ്ങി നില്‍ക്കുന്ന അമ്മ.