ടച്ചിട്ട വാര്‍പ്പിനുള്ളില്‍ നിന്ന് വരുന്നവരാണ് ഭൂരിഭാഗം പെണ്‍കുട്ടികളും. എന്ത് പറയണം എങ്ങനെ പെരുമാറണമെന്നടക്കമുള്ള പെരുമാറ്റചട്ടങ്ങളിലൂടെയും മെരുക്കിയെടുക്കലുകളിലൂടെയും വളരുന്നവള്‍. അങ്ങനെയുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാകും അവള്‍ നേരിട്ട അതിക്രമത്തെ കുറിച്ച് മറ്റൊരാളോട് പറയാനാവുക. അങ്ങനെ വിളിച്ചുപറഞ്ഞവരെയാണ് വിതുര പെണ്‍കുട്ടിയെന്നും സൂര്യനെല്ലി പെണ്‍കുട്ടിയെന്നും പേരിട്ട് നാം മാറ്റിനിര്‍ത്തുന്നത്. സ്വത്വത്തെ മറച്ച് മറ്റൊരുവളകാന്‍ നിര്‍ബന്ധിക്കുന്നത്. ഒരു തുറന്നുപറച്ചിലിലേക്ക് അവളെത്താന്‍ വൈകുന്നത് കടന്നുപോകേണ്ട ഈ വഴികളെ ഭയന്നുതന്നെയാകണം. 

പക്ഷേ പെണ്ണെന്നാല്‍ ഇരയെന്ന കാലത്ത് നിന്ന് അവള്‍ മുന്നോട്ട് നടന്നുകഴിഞ്ഞു. ഉറക്കെയുള്ള, കരുത്തേറിയ മീടൂ വെളിപ്പെടുത്തലുകള്‍ അതിന്റെ തുടര്‍പടവുകളാണ്. സ്ത്രീയെ, അവളുടെ കാഴ്ചപ്പാടിനെ, ചിന്തകളെ, നിലനില്‍പ്പിനെ ഒന്നിനെയും സാമാന്യവത്കരിക്കാനോ, അരികുവത്കരിക്കാനോ അവളിന്ന് താല്പര്യപ്പെടുന്നില്ല. തന്റെ ശരീരമെന്നത് ഒരു ജൈവികതയുടെ ഭാഗമാണെന്ന തിരിച്ചറിവ് അവള്‍ കൈവരിച്ചുകഴിഞ്ഞു. 

പെണ്‍പ്രതിരോധങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ   

മുല്ലപ്പൂ വിപ്ലവവും ഒക്ക്യുപ്പൈ വാള്‍സ്ട്രീറ്റുമെല്ലാം ഇന്നുകാണുന്ന മീ ടൂ ക്യാമ്പയിനിന്റെ മറ്റൊരു രൂപമായിരുന്നു. 21 ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ തങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണത്തിനുമായി ക്യാമ്പയിനുകളും പ്രതിഷേധങ്ങളും ലോക വ്യാപകമായി നടന്നിരുന്നു. 2003ലെ സ്ത്രീകളെ ശല്യം ചെയ്യുന്നതിനെതിരേയുണ്ടായ ബ്ലാങ്ക് നോയിസ് പ്രൊജക്ടും 2009 ലെ സദാചാര പോലീസിങിനെതിരെ ഉയര്‍ന്നു വന്ന പിങ്ക് ചഡ്ഡി ക്യാമ്പയിനും 2011 ലെ സ്ലട്ട് വാക്ക് പ്രതിഷേധവും. സാമൂഹിക മാധ്യമങ്ങള്‍ക്ക് വലിയ പ്രചാരം ഇല്ലാതിരുന്ന ഒരു  കാലത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍. എന്നാല്‍ ലോകത്ത് നിലനില്‍ക്കുന്ന സാംസ്‌കാരിക, ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമമെന്ന വലിയൊരിടത്തിലൂടെ ലോകജനതയെ ഒന്നിപ്പിക്കാനാകുമെന്ന് തിരിച്ചറിഞ്ഞ ചിലത്. പൊതു ഇടങ്ങളിലെ സ്ത്രീസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി തുടങ്ങിവെച്ച 2011ലെ വൈ ലോയ്റ്റര്‍ പ്രോജക്ട്, രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ കര്‍ഫ്യൂ പ്രഖ്യാപനത്തിനെതിരേ നടത്തിയ ബ്രേക്ക് ദ കേജ് പ്രക്ഷോഭം, 2017 ലെ ഫ്രീഡം വിത്തൗട്ട് ഫിയര്‍ മാര്‍ച്ച് എന്നിവ രാജ്യത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ നേരിടുന്നതിന് സാമൂഹിക മാധ്യമത്തെ കൃത്യമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഈ പ്രതിഷേധങ്ങള്‍ സാമൂഹികമാധ്യമങ്ങളുടെ ഇടപെടലിനെ രേഖപ്പെടുത്തിയപ്പോള്‍ വലിയ ശ്രദ്ധ നേടാതെ പോയ ഒന്നായിരുന്നു ആദ്യ മീടൂ ക്യാമ്പെയിന്‍.

ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച പൗരാവകാശ പ്രവര്‍ത്തകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമായ തരാന ബുര്‍ക്ക പിന്നീട്  തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന കറുത്തവര്‍ഗക്കാരായ സ്ത്രീകള്‍ക്ക് ശക്തിയേകാനും പിന്തുണയ്ക്കാനുമായി 2006 ല്‍ തുടക്കമിട്ട സോഷ്യല്‍ മീഡിയ ക്യാമ്പയിനായിരുന്നു മീ ടൂ. വര്‍ഷങ്ങള്‍ക്ക് ശേഷം ഹോളിവുഡ് താരം അലീസയുടെ ട്വീറ്റോടെയാണ് മീ ടൂ വീണ്ടും തരംഗമായത്.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെയുള്ള ലൈംഗികാരോപണ കൊടുങ്കാറ്റായാണ് 'മീ ടൂ' ക്യാമ്പെയിന്‍ ഇടവേളക്ക് ശേഷം ആഞ്ഞടിച്ചത്. ആ കാറ്റില്‍ പക്ഷേ ഹോളിവുഡ് മാത്രമല്ല ലോകം മുഴുവന്‍ കുലുങ്ങി. ആദ്യത്തെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സാമൂഹികമാധ്യമങ്ങളില്‍ ഈ ഹാഷ് ടാഗ് ഉപയോഗിച്ചത് 4.7 ദശലക്ഷം ആളുകളാണ്. സോഷ്യല്‍ മീഡിയാ ക്യാമ്പയിനിലൂടെ പല പ്രമുഖരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു.

 'മീ ടൂ'വിന്റെ ഒരാണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്‌  Read more at: https://www.mathrubhumi.com/news/in-depth/me-too-campaign-anniversary-feminism-1.3226342

നമുക്ക് ചെയ്യാനുണ്ട്

ശരീരം എന്താണെന്നോ ലൈംഗികത എന്താണന്നോ അറിയാത്ത പ്രായത്തില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ശാരീരികമായുണ്ടാകുന്ന മുറിവിനെക്കാള്‍ വലുതാണ് മാനസികമായുണ്ടാകുന്നത്. മുറിവേറ്റെന്ന് ഒരുപക്ഷേ പെണ്‍കുട്ടി പറഞ്ഞാല്‍പ്പോലും അവളുടെ വായ മുറുകെ അടച്ചുപിടിക്കുകയായിരിക്കും മാതാപിതാക്കള്‍ ചെയ്യുക. കാരണം 'നീ ഒരു പെണ്ണാണ്'  എന്നതുതന്നെ. അക്രമികളുടെ സോഷ്യല്‍ സ്റ്റാറ്റസും അതിക്രമത്തെ കുറിച്ച് തുറന്നുപറയുന്നതിന് തടസ്സമാകാറുണ്ട്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലിരിക്കുന്നവനെ പിണക്കാന്‍ പലരും രണ്ടാമതൊന്ന് ആലോചിക്കും. തുടര്‍ന്നുനേരിടേണ്ടി വരുന്ന മാനസികവെല്ലുവിളികള്‍ കൂടി താങ്ങാന്‍ കെല്പ്പില്ലാത്തവരായി അവരില്‍ പലരും കീഴടങ്ങും.

കുഞ്ഞുങ്ങള്‍ക്ക് പ്രൈമറി തലം മുതല്‍ തന്നെ കൃത്യമായി ലൈംഗിക വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ കുട്ടികള്‍ക്ക് നല്‍കുന്ന കൗണ്‍സിലിംഗില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതാവുകയും വേണം. 

തൊഴിലിടത്തിലെ ശാരീരിക, മാനസിക പീഡനങ്ങളുടെ തെളിവുകള്‍ സഹിതമാണ് സഹപ്രവര്‍ത്തകര്‍ക്കെതിരേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നിരവധി സ്ത്രീകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഓരോ സ്ഥാപനത്തിലേയും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി കൃത്യമായി പ്രവര്‍ത്തിക്കുകയും അതിക്രമം നേരിടുന്നവര്‍ക്ക് പരിരക്ഷയും അക്രമികള്‍ക്ക് നേരെ നിയമ നടപടി സ്വീകരിക്കുകയും വേണം.

തൊഴിലിടങ്ങളിലെ ശാരീരിക,മാനസിക പീഡനം: പരാതി നൽകേണ്ടത് എവിടെ, എങ്ങനെ? Read more at:http://https://www.mathrubhumi.com/women/features/sexual-harassment-workplace-vishakha-guidelines--1.3211697

ഒരിക്കലുണ്ടായ ദുരനുഭവത്തിന്റെ കയ്പ് മനസ്സിലേറ്റി കടുത്ത മാനസിക സംഘര്‍ഷത്തില്‍ ജീവിക്കുന്നവരെ നമ്മുടെ സൈക്കോളജിസ്റ്റുകള്‍ക്ക് പരിചിതമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷവും തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ദേഷ്യം, വിഷമം, ഇനി തുറന്ന്പറച്ചില്‍ നടത്തണോ വേണ്ടയോ എന്നുള്ള സംശയങ്ങള്‍...അസ്വസ്ഥ ചിത്തരാണ് അവര്‍ ഓരോരുത്തരും.

കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്‍പ് അവര്‍ക്ക് തുറന്നുപറച്ചിലുകള്‍ക്കുള്ള വേദി ഒരുക്കാന്‍ നമുക്ക് കഴിയണം. സാമൂഹിക മാധ്യമത്തേക്കാള്‍ 'മീ ടൂ'തുറന്നു പറച്ചിലുകള്‍ക്ക് കുടുംബവും സുഹൃത്തുക്കളുമാകണം ഇടമൊരുക്കേണ്ടത്.