ന്യൂഡല്‍ഹി: മീ ടൂ വിവാദത്തില്‍പ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്ത് എം.ജെ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി നിരവധി യുവതികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അക്ബറിന്റെ പ്രതികരണം. ആദ്യമായി ആരോപണം ഉന്നയിച്ച പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ അദ്ദേഹം അപകീര്‍ത്തിക്കേസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

ലൈംഗികാരോപണം നേരിടുന്ന മന്ത്രി എം.ജെ. അക്ബറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രപതിക്കു നിവേദനം നല്‍കിയിരുന്നു. നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. പ്രധാനമന്ത്രിക്ക് ഇവര്‍ കത്തെഴുതുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയതിനു പിന്നാലെ കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തക മജ്ലി ഡി പുയ് കാംപും അക്ബറിനെതിരേ രംഗത്തെത്തിയിരുന്നു. സി.എന്‍.എന്‍. ടെലിവിഷനില്‍ മാധ്യമ പ്രവര്‍ത്തകയാണവര്‍. അക്ബര്‍ പത്രാധിപരായ ഏഷ്യന്‍ ഏജ് പത്രത്തില്‍ 2007-ല്‍ പരിശീലനത്തിനെത്തിയ തന്നെ അദ്ദേഹം ലൈംഗികമായി കൈയേറ്റം ചെയ്‌തെന്ന് 'ഹഫിങ്ടണ്‍ പോസ്റ്റി'ല്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ മജ്ലി ആരോപിച്ചിരുന്നു. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിദേശത്തായിരുന്ന എം.ജെ അക്ബറിനോട് പര്യടനം വെട്ടിക്കുറട്ട് തിരിച്ചെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

രാജ്യത്ത് തിരിച്ചെത്തിയ ശേഷമാണ് അപകീര്‍ത്തിക്കേസ് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്. സ്വന്തം നിലയില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രസ്താവനയില്‍ എം.ജെ അക്ബര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുന്നത്. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Statement