ങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളില്‍ നിന്നും വര്‍ഷങ്ങളോളം നീണ്ട അതിജീവനത്തിന് ശേഷം തുറന്നുപറച്ചിലുമായി എത്തുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് വനിതാ സംവിധായകരും. 

ഗൗരി ഷിന്‍ഡേ, മേഘ്‌ന ഗുല്‍സാര്‍, കൊങ്കണ സെന്‍ ശര്‍മ്മ തുടങ്ങിയ പതിനൊന്ന് സംവിധായികമാരാണ് തങ്ങളുടെ നിലപാടറിയിച്ച് രംഗത്തെത്തിയത്. ആരോപണവിധേയരായവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഭാവിയില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. 

സമൂഹത്തിലെ പലമേഖലകളിലും ഉന്നതസ്ഥാനീയരും സെലിബ്രറ്റികളും മീ ടൂ ക്യാമ്പയിനില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് തങ്ങളുടെ നിലപാടറിയിച്ച് ബോളിവുഡിലെ വനിതാ സംവിധായകരും എത്തിയിരിക്കുന്നത്. 

വനിതാ സംവിധായകരെന്ന നിലയില്‍ ഞങ്ങളും മീ ടൂ ഇന്ത്യാമൂവ്‌മെന്റിന് ഐക്യദാര്‍ഢ്യവുമായി എത്തുകയാണ്. തൊഴിലിടത്തില്‍ വിവേചനമില്ലാത്തതും സുരക്ഷിതവും തുല്യതയാര്‍ന്നതുമായ അന്തരീക്ഷം ഒരുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധം ഉണ്ടാക്കണം. കൂടാതെ, ആരോപണ വിധേയരായവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഭാവിയില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. കൂടാതെ, ചലച്ചിത്രമേഖലയിലുള്ള എല്ലാ സുഹൃത്തുക്കളും ഇത് പിന്തുടരാന്‍ ശ്രമിക്കണം. -സംവിധായിക മേഘ്‌ന ഗുല്‍സാര്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

 
സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ തുറന്നുപറയുന്ന മീ റ്റൂ ക്യാമ്പയിന്‍ ഇന്ത്യയിലും ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര് വനിതാ-ശിശുക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധിയടക്കമുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. 

മീ ടൂ ക്യാമ്പയിനിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും ആരോപണ വിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴിവാക്കിയും ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചും പിന്തുണയുമായി എത്തുന്നത് കേരളത്തിലുള്ളവര്‍ക്ക് മാതൃകയാണെന്ന് കഴിഞ്ഞ ദിവസം സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു. 

മലയാള ചലച്ചിത്രരംഗത്തും മീ ടൂ ക്യാമ്പയിനിലൂടെ പൊട്ടിത്തെറികള്‍ നടക്കുമ്പോള്‍ അക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കെതിരേ മുഖം തിരിഞ്ഞ് നില്‍ക്കുന്ന നിലപാടെടുക്കുന്ന ചലച്ചിത്ര സംഘടനകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.