'എനിക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. അപ്പാര്‍ട്ട്‌മെന്റിലെ ഒന്നാംനിലയിലാണ് ഞാന്‍ താമസിച്ചിരുന്നത്. ഒരിക്കല്‍ ഒരാള്‍ ഞങ്ങളുടെ ജനലിന് സമീപമായി കാര്‍ നിര്‍ത്തി. ഞാന്‍ നോക്കവെ പാന്റിന്റെ സിബ് അഴിച്ച് അയാള്‍ തന്റെ നഗ്നത എനിക്ക് നേരെ പ്രദര്‍ശിപ്പിച്ചു.'  ലോകം മുഴുവന്‍ മീടൂ തംരംഗം ആഞ്ഞടിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഈജിപ്ഷ്യന്‍ വനിതകളും. 

99 ശതമാനം ഈജിപ്ഷ്യന്‍ വനിതകളും വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ലൈംഗികാതിക്രമം നേരിടുന്നവരാണെന്ന് യുഎന്‍ വിമണിന്റെ 2013-ലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതിനെ ശരിവെക്കുകയാണ് ബിബിസിയോട് ഈജിപ്ഷ്യന്‍ വനിതകള്‍ നടത്തിയ തുറന്നുപറച്ചിലുകള്‍. പലപ്പോഴും കേള്‍ക്കപ്പെടാതെ പോയ തങ്ങളുടെ ശബ്ദം ഇനിയെങ്കിലും ശ്രദ്ധിക്കപ്പെടുമെന്നാണ് ഇവര്‍ കരുതുന്നത്. 

'എനിക്ക് പത്തുവയസ്സുള്ളപ്പോള്‍ അമ്മായിക്കൊപ്പം പച്ചക്കറി ചന്തയില്‍ പോയതായിരുന്നു ഞാന്‍. പെട്ടെന്നാണ് ഒരാള്‍ പിറകില്‍ നിന്ന് എന്നെ കടന്നുപിടിച്ചത്.' അവരില്‍ ഒരാള്‍ പറയുന്നു. കല്ലെടുത്തെറിഞ്ഞും, ഇടിക്കാന്‍ പാകത്തിലുള്ള വലിയ മോതിരങ്ങളണിഞ്ഞും നീളമേറിയ സൂചികള്‍ കൈയില്‍ കരുതിയുമാണ് അവരില്‍ പലരും പ്രതിരോധം തീര്‍ത്തിരുന്നത്. 

മീടൂവില്‍ ഇവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. തെരുവില്‍ സ്വാതന്ത്ര്യത്തോടെ നടക്കാനാകുന്ന ഒരു കാലത്തെയാണ് ഇവര്‍ ഉറ്റുനോക്കുന്നത്. തങ്ങളുടെ മക്കളുടെ കാലത്തെങ്കിലും ഇതിന് മാറ്റങ്ങള്‍ വന്നിരുന്നെങ്കില്‍ എന്നുകരുതുന്നു. അര്‍ഹിക്കുന്ന സുരക്ഷിതത്വവും ബഹുമാനവും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.