നവംബര്‍ 25, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്രദിനം. സ്ത്രീകള്‍ നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ കണക്കുകളേക്കാളുപരി, നേരിട്ട അതിക്രമങ്ങളുടെ സചിത്ര വിവരണത്തേക്കാള്‍ ..ഇനി പറയേണ്ടത് അതീജീവിതയുടെ കഥയാണ്. തന്റേതല്ലാത്ത തെറ്റിന്റെ പേരില്‍ 'ഇര 'യെന്ന വിശേഷണത്തില്‍ മുഖമില്ലാത്തവളായി ഇരിക്കേണ്ടവളല്ല സ്ത്രീയെന്ന് സധൈര്യം തീരുമാനമെടുത്തവരുടെ അനുഭവങ്ങളാണ്. ആ 'അതിജീവിത'മാരുടെ പ്രതിനിധിയാണ് രഹ്നാസ്
'ഞാന്‍ അതിജീവിതയാണ്, എനിക്ക് മുഖമുണ്ട്, നല്ലൊരു ജീവിതവും.. എന്റേതല്ലാത്ത തെറ്റിന് ഞാനെന്തിനാണ് മുഖം മറച്ച് ജീവിക്കേണ്ടത്, പേരുപറയാന്‍ മടിക്കേണ്ടത്? ' ഇരയെന്ന സമൂഹത്തിന്റെ വിളിപ്പേരില്‍ നിന്ന് അതിജീവിതയിലേക്ക് മനക്കരുത്തിന്റെ ദൂരം മാത്രമേയുള്ളൂവെന്ന് സ്വന്തം ജീവിതത്തിലൂടെയും നിലപാടുകളിലൂടെയും തെളിയിക്കുകയാണ് രഹ്നാസ്.
'നമ്മളത് ഓര്‍ത്തിരിക്കണ്ട . ചിലര് പറയില്ലേ ഒരു പൊട്ട സ്വപ്‌നം കണ്ട് എണീറ്റപോലെ വിചാരിച്ചാ മതീന്ന്. ഇപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ് ചേച്ചി. എന്റെ പഠിത്തം തുടരുമെന്ന് ഞാന്‍ വിചാരിച്ചതല്ല. തിരുവനന്തപുരത്ത് പോയാല്‍ പഠനം തുടരാമെന്ന് അന്നെല്ലാവരും പറഞ്ഞപ്പോഴും നമ്മള്‍ അത് എത്രത്തോളം വിശ്വസിക്കാനാണ്. നമുക്ക് യാതൊരു പരിചയവുമില്ലാത്ത ആളുകളാണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്. പക്ഷേ വേണ്ട സമയത്തെല്ലാം എനിക്ക് പിന്തുണയുമായി ഒരുപാടുപേര്‍ ഉണ്ടായിരുന്നു. പഠിച്ചു, എല്‍എല്‍ബി പാസായി, സിവില്‍ സര്‍വീസ് കോച്ചിങ്ങിനുപോയി. ഇപ്പോള്‍ ജോലി കിട്ടി. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.' - സങ്കോചമൊട്ടുമില്ലാതെയാണ് രഹ്നാസ് സംസാരിച്ചുതുടങ്ങിയത്.
സംരക്ഷകനാകേണ്ട പിതാവില്‍ നിന്ന് പതിനഞ്ചാം വയസ്സിലാണ് കണ്ണൂര്‍ സ്വദേശിനിയായ രഹ്നാസിന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. മകളെ ഒരു റിസോര്‍ട്ടിലെത്തിച്ച് മറ്റുപതിനൊന്നുപേരുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് കൂടി അയാള്‍ അവളെ ഇരയാക്കി. അച്ഛനൊരുക്കിയ കെണിയില്‍ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ക്രൂരമര്‍ദനവുമേല്‍ക്കേണ്ടി വന്നു. വേദനിക്കുന്ന ഓരോ നിമിഷവും ഇതിനെതിരെ പോരാടുമെന്ന് രഹ്നാസ് മനസ്സുകൊണ്ട് ഉറപ്പിച്ചു. സമ്മര്‍ദ്ദങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ഇച്ഛാശക്തിയാല്‍ അവള്‍ ജീവിതത്തെ തിരിച്ചുപിടിച്ചു. എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കരസ്ഥമാക്കിയ രഹ്നാസ് ഇപ്പോള്‍ മജീഷ്യന്‍ മുതാകാടിന്റെ മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട്‌സ് സെന്ററില്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുകയാണ്.
തുറന്നുപറയാനും മുഖം കാണിക്കാനുമുള്ള തീരുമാനം
പഴയ കാലത്താണെങ്കില്‍ ആളുകള്‍ പറയും അതെല്ലാം മറച്ചുവെച്ച് നടക്കണമെന്ന്. എന്നാല്‍ ഇന്ന് അങ്ങനെ ചിന്തിക്കുന്നവരൊന്നുമില്ല. നമ്മുടെ സമൂഹം പുരോഗമനപരമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മാറ്റി നിര്‍ത്തിയിരുന്ന എല്‍ജിബിടി ന്യൂനപക്ഷത്തെ നമ്മള്‍ ചേര്‍ത്തുപിടിച്ച് തുടങ്ങിയില്ലേ. അതുപോലെ അതിക്രമങ്ങൾക്കിരയാവുന്നവരേയും സമൂഹം പതിയെ പിന്തുണച്ച് തുടങ്ങും. ഞങ്ങള്‍ക്ക് അറിയാത്ത പ്രായത്തിലാണ് ഇതെല്ലാം സംഭവിച്ചത്. നമുക്ക് സംഭവിച്ച് പോയത് നമ്മുടെ തെറ്റുകൊണ്ടല്ല. അപ്പോള്‍ അതിനെതിരെ പൊരുതി സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടത്. ഹോമില്‍ താമസിക്കുമ്പോള്‍ പല പെണ്‍കുട്ടികളും പറഞ്ഞ് കേട്ടിട്ടുണ്ട് നമ്മളെന്തിനാണ് എല്ലാം മറച്ച് വെച്ച് ജീവിക്കുന്നത് എന്ന്. നമുക്ക് നമ്മളായി ജീവിക്കാന്‍ കഴിയുന്ന കാലം വരണമെന്ന്. അറിവില്ലാത്ത പ്രായത്തില്‍ സംഭവിച്ചത് സ്വന്തം തെറ്റുകൊണ്ടല്ലെന്ന ബോധം ആദ്യം ഉണ്ടാകേണ്ടത് നമുക്ക് തന്നെയാണ്. അതോര്‍ത്ത് വിഷമിച്ചിരിക്കാതെ മുന്നോട്ട് പോകാന്‍ തീരുമാനിക്കേണ്ടതും നാം തന്നെയാണ്. ഞങ്ങള്‍ അതിന് തയ്യാറായി മുന്നോട്ട് വരുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ സമൂഹവും തയ്യാറാവണം.
ലീന മണിമേഖല സംവിധാനം ചെയ്ത 'മൈ സ്‌റ്റോറി ഈസ് യുവര്‍ സ്‌റ്റോറി' എന്ന ഡോക്യുമെന്ററി ചെയ്യുമ്പോള്‍ ആദ്യം ഉമ്മയ്ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. കഥകളൊന്നും പറയാതെ വയനാട് പുതിയൊരു ജീവിതം ആരംഭിച്ചിരുന്നു ഞങ്ങള്‍. ഇതെല്ലാം എല്ലാവരുമറിയുമ്പോള്‍ പ്രതികരണം എന്തായിരിക്കുമെന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ കണ്ടവരില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ എല്ലാം വളരെ പോസിറ്റീവായിരുന്നു. എന്നെപ്പോലുള്ളവര്‍ക്ക് ഒരു പ്രചോദനമാകാനാണ് ഞാന്‍ ശ്രമിച്ചത്. ഞാന്‍ ഇങ്ങനെയാണ് എന്ന് പറയാനുള്ള ധൈര്യമാണ് ഉണ്ടാകേണ്ടത്. പറയണമെന്ന് തന്നെയില്ല നമ്മുടെ മനസ്സിനകത്ത് അതുണ്ടായാല്‍ മതി.
സ്വാഭാവികമായിരുന്നു തിരിച്ചുവരവ്
2008-ലാണ് എന്റെ കേസ് നടക്കുന്നത്. നാട്ടില്‍ എല്ലാവരും ഇതേ കുറിച്ച് തന്നെ സംസാരിക്കുന്നു, പോലീസ് വരുന്നു പോകുന്നു..അതൊരു വല്ലാത്ത അന്തരീക്ഷം ആയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടുത്ത മാസം എന്നെ തിരുവനന്തപുരത്തേക്ക് മാറ്റി. വനിതാകമ്മിഷന്‍ വഴി മഹിളാസമഖ്യയിലേക്കാണ് വരുന്നത്. ആദ്യം എന്നെ മാത്രം കൊണ്ടുവരുന്നു എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഉമ്മ നിന്നിരുന്നത് അച്ഛന്റെ വീട്ടിലാണ്. അവര്‍ അവിടെ ഒറ്റയ്ക്കാകും. കുടുംബാഗംങ്ങളില്‍ ഏറിയ പങ്കും ഇത് മൂടിവെക്കണം എന്ന അഭിപ്രായമുള്ളവരായിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും സുരക്ഷിതത്വത്തെ കുറിച്ചുള്ള ചിന്ത വല്ലാതെ അലട്ടിയിരുന്നു. എനിക്കൊപ്പം ഒരാഴ്ച നില്‍ക്കട്ടെ എന്നുപറഞ്ഞാണ് അവരെ കൊണ്ടുവന്നത്. പക്ഷേ പിന്നീട് അവര്‍ എനിക്കൊപ്പം നിന്നു.
ഇവിടെ വന്നപ്പോള്‍ ആരും ഇതേ കുറിച്ച് സംസാരിക്കുന്നില്ല, ആര്‍ക്കും അതേകുറിച്ച് അറിയണ്ട, അങ്ങനെ ഒരു രീതിയില്‍ എന്നെ ആരും നോക്കുകയോ പെരുമാറുകയോ ചെയ്യുന്നില്ല. വേറെ ഒരു ലോകം തന്നെ. തൊട്ടുപിറ്റേന്ന് തന്നെ എന്നെ സ്‌കൂളില്‍ ചേര്‍ത്തു. (നാട്ടില്‍ അങ്ങനെ ഉണ്ടായിരുന്നു എന്നല്ല, പക്ഷേ ഒരു പ്രശ്‌നം നടക്കുമ്പോള്‍ സ്വാഭാവികമായും അതായിരിക്കുമല്ലോ അവിടെ ചര്‍ച്ച.) പതിയെ പഠനവും ഡാന്‍സ് പഠിക്കലും പാട്ടുപഠിക്കലുമായി ഞാന്‍ തിരക്കിലായി. കുറേ ക്യാമ്പുകളുണ്ടായിരുന്നു. സംഭവിച്ചതിനെ കുറിച്ച് ഓര്‍ത്തിരിക്കുന്നത് കുറവായി.
ഞാന്‍ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്കൊപ്പം നില്‍ക്കാന്‍ എന്റെ സഹോദരങ്ങളും അമ്മയും വന്നിരുന്നു. വൈകുന്നേരമാകുമ്പോള്‍ അവിടെ വച്ച് ഞാനും അനിയത്തിയും ഇതേ കുറിച്ച് പറഞ്ഞിരുന്നിട്ടൊക്കെയുണ്ട് പക്ഷേ നേരം പുലരുന്നതോടെ തിരക്കുകളിലേക്ക് തിരിയുന്നതോടെ ഞാനതെല്ലാം മറക്കുമായിരുന്നു. ഹോമില്‍ വന്നുനോക്കൂ ഇവിടെ കുട്ടികളാരും അതൊന്നും ഓര്‍ക്കാറില്ല. അവര്‍ എല്ലായ്‌പ്പോഴും ഹാപ്പിയാണ്. പക്ഷേ കൗണ്‍സിലിങ്ങിന്റെ സമയത്ത് അതേ കുറിച്ച് സംസാരിക്കേണ്ടി വരുമ്പോള്‍ വിഷമിക്കും. കുട്ടിക്കാലമല്ലേ.. പൊതുവെ ഒരാളുടെ കുട്ടിക്കാലം ഇനി തിരിച്ചുകിട്ടില്ലെന്ന് എല്ലാവരും പറയുമല്ലോ അത്രയും പ്രിയപ്പെട്ടതാണ് ഓരോരുത്തര്‍ക്കും അവരുടെ കുട്ടിക്കാലം..അപ്പോ ഇങ്ങനെയുളള കുട്ടികള്‍ക്ക്..
പുറത്തറിയരുതെന്ന ഭീഷണി അച്ഛനില്‍ നിന്നുണ്ടായി
പുറത്തറിയിക്കരുത് എന്ന ഭീഷണി അച്ഛന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് കുറച്ചുപേർ നല്ല പിന്തുണ നല്‍കി. പക്ഷേ പതിയെ അത് കുറഞ്ഞ് തുടങ്ങി. പിന്നീട് ഐഡന്റിഫിക്കേഷന്‍ പരേഡിന് പോകുമ്പോള്‍ ഇവരില്‍ ഒന്നു രണ്ടുപേര്‍ വന്നിട്ട് നീ അവരെ ഒഴിവാക്കണം, ഇവരെ ഒഴിവാക്കണം എന്ന സംസാരം വന്നു. തിരുവനന്തപുരത്ത് വന്നതോടെ ബന്ധുക്കളില്‍ നിന്ന് ചെറിയ രീതിയില്‍ സമ്മര്‍ദം ഉണ്ടായി. അവര്‍ മിണ്ടാതായി. വലിയ ഭീഷണിയല്ല, തിരുവനന്തപുരത്ത് ഞാൻ സുരക്ഷിതയായിരുന്നു. ഒരു പക്ഷേ നാട്ടിലായിരുന്നെങ്കില്‍ വലിയ ഭീഷണികള്‍ നേരിടേണ്ടി വരുമായിരുന്നു.
കോളേജില്‍ സുഹൃത്തുക്കളെല്ലാം കട്ട സപ്പോര്‍ട്ടായിരുന്നു
എറണാകുളം ശ്രീനാരയണഗുരു ലോ കോളേജിലാണ് എല്‍എല്‍ബി ചെയ്തത്. പഠന ചെലവുകള്‍ വഹിച്ചത് സാമൂഹികക്ഷേമവകുപ്പാണ്. കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകുന്നതിനും ഫോണ്‍ ഉപയോഗിക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ മഹിളാ സമഖ്യയോ, ഡിപ്പാര്‍ട്ടമെന്റോ പഴി കേള്‍ക്കേണ്ടി വരില്ലേ. കോളേജില്‍ ഞാന്‍ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് വരുന്ന കുട്ടിയാണ് എന്ന് അറിയുന്നവര്‍ നിരവധിയായിരുന്നു. ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. എല്ലാവരും എനിക്ക് സപ്പോര്‍ട്ട് തന്നു. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ഞാന്‍ ജീവിച്ചുകഴിഞ്ഞല്ലോ, ഇനിയിപ്പോ ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടായിരുന്നു എനിക്ക് എന്ന് കരുതി അവര്‍ക്ക് നമ്മളെ വെറുക്കാനൊന്നും പറ്റില്ലല്ലോ.
അച്ഛന് പശ്ചാത്താപമുണ്ടെന്ന് തോന്നിയില്ല
അച്ഛനെ ട്രയലിന്റെ സമയത്ത് കണ്ടിരുന്നു. പിന്നീട് നേരിട്ട് കണ്ടിട്ടില്ല. ഡോക്യുമെന്ററിയിലാണ് പിന്നെ കാണുന്നത്. പുള്ളി പശ്ചാത്തപിച്ചു എന്നാണ് ഞാനും കരുതിയിരുന്നത്. ഡോക്യുമെന്ററി കണ്ടപ്പോള്‍ അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. നെഗറ്റീവായാണ് പ്രതികരിച്ചിരിക്കുന്നത്. അതിനൊപ്പം പോസിറ്റീവായും സംസാരിക്കുന്നുണ്ട്. പക്ഷേ അതില്‍ വലിയ ആത്മാര്‍ഥതയുണ്ടെന്ന് തോന്നിയില്ല. ആ കുട്ടിയെന്നൊക്കെയാണ് പറയുന്നത്. (കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് രഹ്നാസിന്റെ പിതാവ് ഹാരിസ്)
ഒരു കാര്യം കൂടെ പറയാനുണ്ട്, നീതിക്ക് ഇത്ര സമയമെടുക്കല്ലേ..
എനിക്ക് ഒരു കാര്യം കൂടെ പറയാനുണ്ട്, നമ്മുടെ കുട്ടികളുടെ കേസിന്റെ കാര്യം. ഭയങ്കരമായിട്ട് കാലതാമസം വരുന്നു. ഇതുപോലെ ഉള്ള കേസുകളില്‍ കാലതാമസം വരുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. 12 വയസ്സുള്ളപ്പോള്‍ നടന്ന സംഭവത്തിന് 25, 26 വയസ്സില്‍ ട്രയലിന് വിളിക്കുമ്പോള്‍ അവള്‍ നേരിടുന്ന കുറേ പ്രശ്‌നങ്ങളുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ നമുക്ക് ഒന്നുമറിയില്ല. മുതിരുമ്പോഴാണ് ഗൗരവം തിരിച്ചറിയുക. എന്റെ ട്രയലിന്റെ സമയത്ത് എന്താണ് റേപ്പ് എന്താണ് എന്ന് പച്ചയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ്. കാലതാമസം വരാതിരിക്കാന്‍ ആര് മുന്‍കൈ എടുക്കണമെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. വാളയാര്‍ കേസ് നോക്കൂ കുറച്ച് നാള്‍ അതിന്റെ പിറകെ പോയി വേറെ ഒരു വാര്‍ത്ത കിട്ടിയപ്പോള്‍ അത് വിട്ടു. ഇങ്ങനെ സംഭവിക്കുന്നവരുടെ കുടുംബത്തിന് വേറെ ഒരു പിന്തുണ ഇല്ല. അവര്‍ക്ക് സമൂഹം കൊടുക്കുന്ന പിന്തുണ മാത്രമാണ് അവരുടെ ബലം. എന്തെങ്കിലും സംഭവിച്ചാല്‍ അത് എന്റെ ആരുമല്ലല്ലോ എന്ന് ചിന്തിക്കരുത് പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. നാളെ എനിക്ക് തന്നെ വീണ്ടും ഇതു സംഭവിച്ചുകൂടാ എന്നില്ല. അങ്ങനെയൊരു കാലമാണിത്.
അതെപോലെ നഷ്ടപരിഹാരം. വിധി വന്നതുപോലും അറിയാത്ത രക്ഷിതാക്കളുണ്ട്. കോടതിയുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ ആരും അവരെ പിന്നീട് ബന്ധപ്പെടുന്നില്ല. ചിലര്‍ വിചാരിക്കുന്നത് എന്റെ ജോലി ഇവിടെ കഴിഞ്ഞു എന്നാണ്. പോയത് പോയി പക്ഷേ ആ പൈസ കിട്ടുകയാണെങ്കില്‍ അവരുടെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ നല്ലത് നടന്നാലോ. അവര്‍ക്ക് അതൊരു ബലമായിരിക്കും. ഉള്‍നാട്ടിലെ രക്ഷിതാക്കള്‍ക്ക് പലതും അറിയില്ല. നമ്മുടെ സ്‌റ്റേറ്റിന് വേണ്ടി നില്‍ക്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മാര്‍ഥതയോടെ ഇക്കാര്യങ്ങളിൽ ഇടപെടണം. അവര്‍ക്ക് നീതി ലഭ്യമാക്കണം.
Content Highlights: Rape survivor Rehnas' story, International day for the elimination of violence against women 2019