'ഞാന്‍ അതീജീവിതയാണ്, എനിക്ക് മുഖമുണ്ട്, നല്ലൊരു ജീവിതവും.. എന്റേതല്ലാത്ത തെറ്റിന് ഞാനെന്തിനാണ് മുഖം മറച്ച് ജീവിക്കേണ്ടത്, പേരുപറയാന്‍ മടിക്കേണ്ടത്? ' ഇരയെന്ന സമൂഹത്തിന്റെ വിളിപ്പേരില്‍ നിന്ന് അതിജീവിതയിലേക്ക് മനക്കരുത്തിന്റെ ദൂരം മാത്രമേയുള്ളൂവെന്ന് സ്വന്തം ജീവിതത്തിലൂടെയും നിലപാടുകളിലൂടെയും തെളിയിക്കുകയാണ് രഹ്നാസ്.

'നമ്മളത് ഓര്‍ത്തിരിക്കണ്ട . ചിലര് പറയില്ലേ ഒരു പൊട്ട സ്വപ്‌നം കണ്ട് എണീറ്റപോലെ വിചാരിച്ചാ മതീന്ന്. ഇപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ് ചേച്ചി. ഞാന്‍ വിചാരിക്കുന്നത് എന്റെ പഠിത്തം തുടരുമെന്ന് ഞാന്‍ വിചാരിച്ചതല്ല. തിരുവനന്തപുരത്ത് പോയാല്‍ പഠനം തുടരാമെന്ന് അന്നെല്ലാവരും പറഞ്ഞപ്പോഴും നമ്മള്‍ അത് എത്രത്തോളം വിശ്വസിക്കാനാണ്. നമുക്ക് യാതൊരു പരിചയവുമില്ലാത്ത ആളുകളാണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്. പക്ഷേ വേണ്ട സമയത്തെല്ലാം എനിക്ക് പിന്തുണയുമായി ഒരുപാടുപേര്‍ ഉണ്ടായിരുന്നു. പഠിച്ചു, എല്‍എല്‍ബി പാസായി, സിവില്‍ സര്‍വീസ് കോച്ചിങ്ങിനുപോയി. ഇപ്പോള്‍ ജോലി കിട്ടി. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.' - സങ്കോചമൊട്ടുമില്ലാതെയാണ് രഹ്നാസ് സംസാരിച്ചുതുടങ്ങിയത്.