രോന്നും കഴിഞ്ഞു പോയ മറ്റൊന്നിന്റെ പിന്തുടര്‍ച്ചയാണ്. ഒന്നിന് പിന്നാലെ മറ്റൊന്ന് അതിസാധാരണമെന്നത് പോലെ വന്നുകൊണ്ടേയിരിക്കും. പകല്‍ വന്നാല്‍ രാത്രി വരുമ്പോലെ, സങ്കടത്തിന് പിന്നാലെ സന്തോഷങ്ങള്‍ ഉണ്ടാവുമ്പോലെ കടന്ന് വരുന്ന ഓരോന്നും പരസ്പര പൂരകമാവുകയോ പിന്തുടര്‍ച്ചയാവുകയോ ചെയ്‌തേക്കാം. 2019 ഒരുപാട് മാറ്റങ്ങളുണ്ടാക്കിയ വര്‍ഷം തന്നെയാണ്. അത് സ്ത്രീകളുടെ കാര്യത്തിലാണെങ്കിലും പൊതുവെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും കാര്യത്തിലായാലുമൊക്കെ. 2019 അവസാനിച്ചതോടെ ഒരു ദശകം കൂടിയാണ് പിന്നിലേയ്ക്ക് അടര്‍ന്നു വീണത്. എന്തൊക്കെയാണ് ഇക്കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ സംഭവിച്ചത്? വാര്‍ത്തകളിലൂടെ കണ്ണുകളോടിക്കുമ്പോള്‍ കാണാന്‍ കഴിയുമാണ് ഏറ്റവും അദ്ഭുതപ്പെടുത്തുന്ന പരിണാമം നിലപാടുകളിലും ധാരണകളിലുമുള്ള സ്ത്രീകളുടെ മാറ്റമാണ്. സോഷ്യലിയും പൊളിറ്റിക്കലിയും അവള്‍ അവളുടേതായ ഒരു ഇടത്തെ സ്വയം കണ്ടെത്തിയിരിക്കുന്നു. ഉറക്കെപ്പറയാന്‍ അധികം ബുദ്ധിമുട്ടുകളില്ലാതെ അവര്‍ തുറന്ന് സംസാരിക്കുന്നു. അതൊരു ചെറിയ മാറ്റമല്ല, അത് പലതും പോരാടി നേടിയതുമാണ്.

ഈ കാലത്തിന്റെ എക്സ്റ്റന്‍ഷന്‍ (പിന്തുടര്‍ച്ച )ആണ് വരുന്ന ദശകം എന്നത്‌കൊണ്ട് തന്നെ എന്തൊക്കെയാവും വരും കാലങ്ങളില്‍ സ്ത്രീകള്‍ അധിനിവേശപ്പെടുത്തുന്നത് എന്നത് കൗതുകമുണ്ടാക്കുന്ന കാര്യമാണ്. പണ്ടൊക്കെ സ്ത്രീകളെക്കുറിച്ച് രസകരമായി പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, കണ്ടോ പെണ്ണുങ്ങള് പൈലറ്റ് വരെയായി, അല്ലെങ്കില്‍ പെണ്ണുങ്ങള് തെങ്ങില്‍ വരെക്കയറുന്നു എന്നാലിന്ന് ജോലിയുടെ കാര്യത്തില്‍ ഈ കൗതകപ്പെടലുകളില്ല. ഏതൊരു ജോലിയും ലിംഗഭേദമന്യേ ചെയ്യാവുന്ന ഒരവസ്ഥയിലേക്ക് ചുരുങ്ങിയത് നമ്മുടെ സംസ്ഥാനമെങ്കിലും വളര്‍ന്നിരിക്കുന്നു. സ്ത്രീകള്‍ അഭിനയിക്കാനുണ്ടായിരുന്നെകിലും സിനിമയുടെ സാങ്കേതിക രംഗങ്ങളില്‍ വളരെക്കുറവായിരുന്ന സ്ത്രീകളുടെ എണ്ണത്തിനും ഇക്കഴിഞ്ഞ ദശകം മറുപടി നല്‍കി. സിനിമയുള്‍പ്പെടെയുള്ള കലാകായികസാഹിത്യസാമ്പത്തിക രംഗങ്ങള്‍ തങ്ങള്‍ക്കും അധിനിവേശപ്പെടുത്താന്‍ എളുപ്പമാണെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. അതൊന്നും ഇപ്പോള്‍ എടുത്ത് പറയേണ്ട സംഗതിയെ അല്ലാതായി മാറിയിരിക്കുന്നു. അതൊരു സാധാരണ വിഷയമായി മാറിയിരിക്കുന്നു, നല്ലത് തന്നെയാണത്. സ്ത്രീ എന്ന ലിംഗഭേദം എടുത്ത് പറഞ്ഞു പരിഗണനകള്‍ അവള്‍ക്കാവശ്യമില്ല തന്നെ.

വരുന്ന കാലത്തിലെ സ്ത്രീകള്‍ എങ്ങനെയാവും എന്ന് ഊഹിക്കുകയെങ്കിലും ചെയ്യണമെങ്കില്‍ കഴിഞ്ഞു പോയ കാലത്തിലെ പെണ്ണിനെ ശരിക്ക് മനസ്സിലാക്കാനാകണം. സാമൂഹിക തലത്തില്‍ വരെ എത്ര വലിയ മാറ്റങ്ങളാണ് സ്ത്രീകള്‍ക്കായി നടപ്പാക്കപ്പെട്ടിരിക്കുന്നത്. ഏറ്റവുമവസാന കാലത്തിലേക്ക് വന്നാല്‍ വനിതാ മതിലും നിര്‍ഭയയെ ഓര്‍മ്മിച്ചെടുത്ത രാത്രി യാത്രയുമെല്ലാം അവയില്‍ പെടും. എന്നാല്‍ ഇപ്പോഴും ജീര്‍ണ്ണിച്ചിരിക്കുന്ന ചില സ്ത്രീയിടങ്ങളുണ്ട്, അവയെ കണ്ടില്ലെന്ന് നടിക്കാനാവില്ല, കാരണം അവയുടെ പിന്തുടര്‍ച്ചയാണ് അടുത്ത പത്ത് വര്‍ഷങ്ങളില്‍ ഉണ്ടാകേണ്ടത്.

സ്ത്രീകള്‍ ഏതു കാലത്തും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അവള്‍ക്ക് നേരെ നീളുന്ന കൈകളും സദാചാര നിയമങ്ങളുമൊക്കെയാണ്. രാത്രികളെ അവള്‍ക്കും സ്വന്തമാക്കി നല്‍കാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന രാത്രി നടത്തില്‍പ്പോലും പലയിടങ്ങളിലും അവള്‍ക്ക് നേരെ അപമാനങ്ങളുണ്ടായി. സ്വാഭാവികമാണ് എന്ന പോലെയാണ് അതിന്റെ ന്യായീകരണങ്ങള്‍. രാത്രി യാത്ര പോയാല്‍ ഇതൊക്കെ പെണ്ണുങ്ങള്‍ സഹിക്കണം എന്നതാണ് മനുഷ്യന്‍ അവന്റെ തലച്ചോറിനുള്ളില്‍ അടിച്ചുറപ്പിച്ചു വായിക്കപ്പെട്ട അലിഖിത നിയമം. എന്നാല്‍ കടന്നു വരുന്ന കാലങ്ങള്‍ അതിനുള്ള മറുപടിയാകുമെന്നാണ് പ്രതീക്ഷ. ജോലിക്ക് വേണ്ടി മാത്രമല്ല തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഏതൊരു പകലിലും എന്ന പോലെ പുറത്തിറങ്ങാനാഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു. അടിച്ചമര്‍ത്തി വച്ചിരിക്കുന്ന മോഹങ്ങള്‍ കെട്ടഴിയാതെ വീര്‍പ്പു മുട്ടി നില്‍ക്കുമ്പോള്‍ അതവര്‍ക്ക് നടപ്പിലാക്കിയേ കഴിയൂ. നഗരങ്ങളില്‍ പലയിടങ്ങളിലും സ്ത്രീയിടങ്ങള്‍ ഒരുങ്ങുന്നതിനുള്ള ആശയങ്ങള്‍ നടപ്പിലായി വരുന്നു. തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ ഇത്തരം രാത്രിയിടങ്ങള്‍ നേരത്തെ തന്നെ സ്ത്രീകള്‍ കണ്ടെത്തിയിരുന്നു എന്നത് മറക്കുന്നില്ല. അടുത്ത നടപടി ഇറങ്ങി നടക്കുക എന്നത് മാത്രമാണ്. ഇനി വരുന്ന ദശകത്തില്‍ ഉറപ്പായും കാണാന്‍ കഴിയുന്നൊരു കാഴ്ച  രാത്രിയെ ആഘോഷിക്കുന്ന സ്ത്രീകളാവും. തട്ടുകടകളും രാത്രിയിലെ ഷോപ്പിങ്ങുകയും രാത്രി നടത്തവും ലിംഗഭേദമന്യേ ആസ്വദിക്കപ്പെടും, പതിയെ പതിയെ മറ്റു പല ജോലികളിലുമെന്നത് പോലെ സ്ത്രീ എന്ന വാക്ക് രാത്രികളില്‍ സവിശേഷത അര്‍ഹിക്കാത്ത ഒന്നായി മാറുകയും അത് മനുഷ്യന്‍ എന്നായി മാറുകയും ചെയ്യും. അതും അങ്ങനെത്തന്നെയാണ് വേണ്ടത്.

സിനിമ പോലെയുള്ള കലാ ഇടങ്ങളില്‍ ദശകങ്ങളായി പുരുഷന്മാര്‍ കയ്യടക്കി വച്ചിരുന്ന പല മേഖലകളിലും സ്ത്രീകള്‍ ഇറങ്ങി വന്നത് ആദ്യം കൗതുകമായിരുന്നെങ്കിലും വിധു വിന്‍സെന്റും ഗീതു മോഹന്‍ദാസും ശ്രീബാല കെ മേനോനും ഒക്കെ വിരിച്ചിട്ട വഴിയിലൂടെ ഇനി ഒരുപാട് സ്ത്രീകള്‍ നടന്നു വരുമെന്നുറപ്പായിക്കഴിഞ്ഞിരിക്കുന്നു. പുതുമുഖ സിനിമ പ്രവര്‍ത്തകര്‍ക്ക് ഒരു മുഖവും ശരീരവും മാത്രമല്ല കഴിവാണ് പ്രസക്തമാക്കേണ്ടതെന്ന് സിനിമയിലെ ഒരു വിഭാഗത്തിന് തിരിച്ചറിവുണ്ടായിക്കഴിഞ്ഞിരിക്കുന്നു.  സംവിധാന രംഗത്ത് മാത്രമല്ല അവരവരുടെ അവകാശവും നീതിയും ഉറപ്പിച്ച് കൊണ്ട് ഏതു മേഖലയിലും ലിംഗ ഭേദമന്യേ സ്ത്രീകള്‍ ഇനിയുള്ള കാലങ്ങളിലുണ്ടാവും എന്നുറപ്പാണ്. കലാകാരന്മാരായാല്‍ അങ്ങനെയൊക്കെയാണ്, അവര്‍ സ്ത്രീകളെ ഉപയോഗിക്കും എന്ന് തുടങ്ങുന്ന പൈങ്കിളി പ്രയോഗങ്ങളൊക്കെ സ്ഥിരപ്പെടുത്തിയാണ് ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന സ്ത്രീകള്‍ മലയാള സിനിമയില്‍ തങ്ങളുടെ വഴികള്‍ കൃത്യമായി പിടിച്ചടക്കുന്നത്. കഴിഞ്ഞ ദശകങ്ങളില്ലാവര്‍ തുറന്നിട്ട ആ വഴിയിലൂടെ കുറച്ചുകൂടി എളുപ്പത്തില്‍ സിനിമയിലെ മറ്റു സാങ്കേതിക ഇടങ്ങളിലേയ്ക്കും പുതിയ തലമുറയ്ക്ക് ധൈര്യത്തോടെ കടന്നു ചെല്ലാം.

ഇക്കഴിഞ്ഞ വര്‍ഷം കാണിച്ച് തന്ന ഏറ്റവും വലിയ സന്തോഷകരമായ കാഴ്ച രാഷ്ട്രീയം പറയാന്‍ തക്ക ബുദ്ധിയും ആര്‍ജ്ജവവുമുള്ള സ്ത്രീകളായിരുന്നുവെന്ന് തോന്നുന്നു. ഇത്രയും നാള്‍ വീടിനുള്ളില്‍, അല്ലെങ്കില്‍ ഓഫീസ് മുറിയില്‍ ഇരുന്ന് സിനിമാക്കഥകളും നോവലുകളും അവരുടെ പരിധിയിലുള്ള രാഷ്ട്രീയവുമൊക്കെ സംസാരിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ ധൈര്യത്തോടെ സോഷ്യല്‍ മീഡിയയില്‍ അവരവരുടെ പ്രൊഫൈലുകളില്‍ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പല നീതി നിഷേധങ്ങളിലും ഉറച്ച് പ്രതികരിക്കുന്നു. തങ്ങള്‍ക്കും അധികാരം വേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് മനസിലാക്കുന്നു. ഒരുപാട് എതിര്‍പ്പുകളുണ്ടായെങ്കിലും വനിതാ മതിലും അയ്യപ്പ രക്ഷാ യാത്രയും രാത്രി നടത്തങ്ങളും പൗരത്വ ബില്ലിന് വേണ്ടിയുള്ള യാത്രകളുമൊക്കെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സ്ത്രീകളുടെ പ്രതികരണം തന്നെയായിരുന്നു. പഴയതുപോലെയല്ല ഇത്തരം ജാഥകളില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയിരിക്കുന്നു. ഇനി നിങ്ങള്‍ക്കവരെ കാണാനാവുക ശക്തമായി രാഷ്ട്രീയത്തെക്കുറിച്ച് പൊതു വേദികളില്‍ ആര്‍ജ്ജവത്തോടെ സംസാരിക്കുന്ന സ്ത്രീകളെയാവും. വാര്‍ത്താ ചാനലുകളില്‍ ആ മാറ്റം ദൃശ്യവുമാണ്. പലപ്പോഴും അവതാരകായുടെയും എതിരെ ഇരിക്കുന്ന ബുദ്ധിമതിയായ സ്ത്രീയുടെയും യുക്തമായ ആശയങ്ങള്‍ക്ക് മറുപടി പറയാനാകാതെ വെള്ളംകുടിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെയും നമ്മള്‍ കാണുന്നു. വരുന്ന കാലത്ത് ഈ രാഷ്ട്രീയം സ്ത്രീയെ പുതിയ ദിശാബോധത്തോടെ നയിക്കാനുള്ള വഴിമരുന്നിടുകയാണ്. വീടിനുള്ളില്‍ മാത്രമല്ല തങ്ങള്‍ക്ക് സ്വയം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആവശ്യമുള്ള മണ്ണ് രാഷ്ട്രീയത്തിലുമുണ്ടെന്ന അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. പക്ഷെ സോഷ്യല്‍ മീഡിയ സംസാരിക്കുന്ന അമച്വര്‍ നിലവാരത്തില്‍ നിന്ന് ഗൗരവതരമായ പ്രായോഗിക രാഷ്ട്രീയത്തിലേയ്ക്ക് സ്ത്രീകള്‍ എത്രമാത്രം ഇറങ്ങുമെന്നത് ആശങ്കയായി തുടരുന്നുണ്ട്. എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തന്നെയാണ് ഇക്കഴിഞ്ഞ സ്ത്രീ വര്‍ഷങ്ങള്‍ തെളിയിച്ചത്.

ബന്ധങ്ങളിലും അനുഭവങ്ങളിലും ഏറെ അമച്വര്‍ ആയിരുന്ന സ്ത്രീകളെയാണ് ഇക്കഴിഞ്ഞ പല ആണ്ടുകളായി നാം കണ്ടു കൊണ്ടിരുന്നത്. എന്നാല്‍ മാറ്റം കണ്ടു തുടങ്ങിയത് ഒരുപക്ഷെ കുടുംബശ്രീ പോലെയുള്ള സംരഭങ്ങള്‍ വന്നതിന് ശേഷമാകണം. ഇപ്പോഴും നാട്ടിപുറങ്ങളില്‍ ജോലി കുറഞ്ഞ പുരുഷന്മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലല്ലാതെ മുന്നോട്ട് പോകുന്നത് കുടുംബശ്രീ പോലെയുള്ള ഒത്തു ചേരല്‍ വഴിയാണ്. ബന്ധങ്ങളില്‍ തുടരുമ്പോള്‍ തന്നെ സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ എത്ര കൃത്യമായാണ് സ്വന്തം വരുമാനത്തിലൂടെ അവള്‍ തിരിച്ചു പിടിച്ചത്. കൂടുതല്‍ സ്ത്രീകളിലേയ്ക്ക് അതും നഗരങ്ങളിലും ജോലികളില്ലാത്ത സ്ത്രീകളിലേയ്ക്ക് ഇത്തരം സംഘടനകളിറങ്ങി ചെല്ലുമെന്നാണ് അടുത്ത വര്ഷങ്ങളിലേക്കുള്ള പ്രതീക്ഷ. ബന്ധങ്ങളിലും സ്വന്തം അഭിപ്രായം ഉറക്കെപ്പറയാന്‍ അവള്‍ക്കായിരിക്കുന്നു. തനിക്ക് താല്‍പര്യമില്ലാത്തവയും ഇഷ്ടമില്ലാത്തവയും ഉപേക്ഷിക്കാനും ഇഷ്ടമുള്ളതിനെ സ്വീകരിക്കാനും സ്ത്രീയ്ക്ക് ധൈര്യമേറിയിരിക്കുന്നു. എന്നിരുന്നാലും ബന്ധങ്ങളിലെ അതിവൈകാരികത ഇപ്പോഴും അവളെ വേദനിപ്പിക്കാറുണ്ട്. ഒരുപക്ഷെ വരുന്ന ദശകത്തിലെ ഏറ്റവും വലിയ മാറ്റം ഈ അതിവൈകാരികതയെ അവള്‍ സ്വയം തോല്‍പ്പിക്കുന്നതായിരിക്കാം. ബന്ധങ്ങളിലുള്ള അമിത ശ്രദ്ധ നഷ്ടപ്പെടുത്തിയാല്‍ മാത്രമേ അത്തരത്തിലുള്ളൊരു പരിവര്‍ത്തനത്തിനാകൂ എന്ന തിരിച്ചറിവ് അവള്‍ക്ക് ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. എന്നാലും പുരുഷന്മാരുടെ വൈകാരികതയില്ലായ്മയെ പലയിടത്തും പല സ്ത്രീകളും കടം കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. ശരീരത്തെയും മനസ്സിനെയും രണ്ടായിക്കാണാനും അവള്‍ പഠിച്ച് തുടങ്ങിയിരിക്കുന്നു. വരും കാലങ്ങള്‍ അത്തരത്തിലുള്ള തിരിച്ചറിവ് കൂടുതല്‍ സ്ത്രീകളിലേയ്ക്ക് എത്താനാണ് സാധ്യത. എന്നാല്‍ ഈ തിരിച്ചറിവ് പുരുഷന്മാരെ എങ്ങനെയാണ് പ്രതികരിക്കുക എന്നത് കൗതുകമുണ്ടാക്കുന്നുണ്ട്. അത് കാത്തിരുന്ന കാണുക തന്നെ വേണം.

സോഷ്യല്‍ മീഡിയ വലിയൊരു മാധ്യമമാണ്. അവരവരുടെ ജീവിതത്തെ തുറന്നിടാനുള്ള ഒരു വലിയ ക്യാന്‍വാസ്. അതിനെ തനിക്കനുകൂലമാക്കി മാറ്റാനുള്ള കഴിവ് പൊതുവെ മലയാളിക്ക് കുറവാണ്. അതിവൈകാരികതയും അതി രാഷ്ട്രീയവും കലര്‍ത്തി സോഷ്യല്‍ മീഡിയയെ മലീമസമാക്കുന്ന മനുഷ്യരുടെ ഇടയില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുണ്ടാക്കപ്പെട്ടിരിക്കുന്ന ചില ഗ്രൂപ്പുകള്‍ അവള്‍ക്ക് ധൈര്യം നല്‍കിയിട്ടുണ്ട്. നാട്ടിന്‍പുറങ്ങളിലെ കുടുംബശ്രീ പോലെയുള്ള ഇത്തരം സാധ്യതകള്‍ വരുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ത്രീകളെ തങ്ങളുടെ സ്വപ്നത്തിലേക്ക് നടത്താനുള്ള ധൈര്യപ്പെടുത്തലാണ്. പലപ്പോഴും വീടിന്റെ ചുവരിനുള്ളില്‍ ഇപ്പോഴും അടച്ചിടപ്പെടേണ്ടി വരുന്നവര്‍ക്ക് സ്ത്രീകള്‍ മാത്രമുള്ള വേദി തങ്ങളുടെ തുറന്നിടുന്നതിനുള്ള അവസരമാണ്, അവിടെ നിന്ന് ലഭിക്കുന്ന പ്രോത്സാഹനം തുറന്ന് കിടക്കുന്ന വലിയൊരു ഇടത്തേക്ക് കാലു ചവിട്ടാനുള്ള ധൈര്യവുമാകുന്നു. അതുകൊണ്ട് തന്നെ വരുന്ന കാലത്ത് കലയിലേയ്ക്കും സാഹിത്യ രചനകളിലേയ്ക്കും രാഷ്ട്രീയത്തിലേയ്ക്കുമൊക്കെ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുമെന്നത് ഉറപ്പാണ്. വീട്ടില്‍ ലഭിക്കാത്ത പ്രോത്സാഹനം മറ്റൊരു ഗ്രൂപ്പില്‍ ലഭിക്കുമ്പോള്‍ അവള്‍ക്കുണ്ടാകുന്ന സ്വാഭിമാനവും ഒട്ടും ചെറുതാവുകയില്ലല്ലോ. സാഹിത്യത്തിലും അവളുടെ അടയാളങ്ങള്‍ക്ക് പ്രസക്തിയുള്ള വര്‍ഷമാണ് കടന്നു വരുന്നത്. പുരുഷന്മാര്‍ മാത്രം ഇപ്പോഴും കയ്യടക്കി വച്ചിരിക്കുന്ന ബൗദ്ധിക സാഹിത്യ രംഗത്തും അവര്‍ കടന്നു വരും. ലീന മണിമേഖലൈ യെപ്പോലെയുള്ള എഴുത്തുകാരികള്‍ പുതിയ തലമുറയ്ക്ക് ഉറക്കെ പറയാനുള്ള ചങ്കൂറ്റം നല്‍കുന്നുമുണ്ട്.

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

വരുന്ന ദശകം സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്ക് ഭരണഘടനാ ഉറപ്പ് നല്‍കുന്ന തുല്യ നീതിയെന്നു ആശയത്തിന്റെ നടപ്പിലാക്കലായിരിക്കും. അതിനായി അവരോടു തോള്‍ ചേര്‍ന്ന് നടക്കുന്ന പുരുഷന്മാരും ഒരുപാടുണ്ട്. എന്നിരുന്നാലും ഏതു കാലത്തും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ശരീരവും മനസ്സും സംബന്ധമായ അപമാനങ്ങള്‍, അധിനിവേശങ്ങള്‍,എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ സ്ത്രീയുടെ അത്തരം അപമാനങ്ങളോടുള്ള പ്രതികരണങ്ങള്‍ക്ക് മാറ്റമുണ്ടായേക്കാം. കുറച്ചുകൂടി ധൈര്യത്തോടെ ജീവിതത്തെയും അപമാനങ്ങളെയും നോക്കിക്കാണാന്‍ അവള്‍ പഠിച്ചേക്കും. അതാണ് പ്രതീക്ഷയും. എല്ലാക്കാലത്തും അത്തരത്തിലുള്ള പ്രതീക്ഷകളുണ്ടായിട്ടുണ്ട്. എന്നാലിതാ പുതിയിരു ദശകമാണ് മുന്നില്‍ ആരംഭിച്ചിരിക്കുന്നത്, മാറ്റങ്ങളേറെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു, ഇനിയുള്ളത് അതിന്റെ പിന്തുടര്‍ച്ചകളാണ്. അതുകൊണ്ട് തന്നെ പുതിയ നാളെയില്‍ പ്രതീക്ഷകള്‍ സ്ത്രീകള്‍ക്ക് പൊതുവേയുണ്ട്. അത് എല്ലാ രംഗത്തും അവള്‍ അനുഭവിക്കുന്നുമുണ്ട്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്റെയും ചിന്താഗതി മാറുന്നു, തങ്ങള്‍ക്കൊപ്പമാണ് അവളെന്നെ ചിന്ത ശക്തി പ്രാപിക്കുന്നു. പുതിയ തലമുറയില്‍ വിശ്വസമര്‍പ്പിച്ചിരിക്കുകയാണ്. നിങ്ങളാണ് വഴി നടത്തേണ്ടത്, ഒന്നിച്ച് നടക്കേണ്ടതും.

പുതുവര്‍ഷമല്ല പുതുദശകമാണ് പിറക്കുന്നത്. സന്തോഷത്തിന്റെയും സൗന്ദര്യത്തിന്റെയും ശാക്തീകരണത്തിന്റെയും പുത്തന്‍ പതിറ്റാണ്ട്. സംശയം വേണ്ട. ഇതൊരു പെണ്‍ദശകമായിരിക്കും. കൂടുതല്‍ വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

 

Content Highlights:  decade of girl power, Women Empowerment