സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യത്തെ അര്‍ത്ഥശൂന്യമാക്കികൊണ്ടാണ് സ്ത്രീകളെ ഇന്നും രണ്ടാം തരത്തിലേക്ക് തള്ളിയിടുന്നത്. തൊഴിലില്ലായ്മയും, നിര്‍ണ്ണയാവകാശമില്ലാതെയും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ ചരിത്രത്തിന്റെ മാത്രം അടയാളപ്പെടുത്തലുകളല്ല. മറിച്ച് ഇന്നും കാര്യകാരണങ്ങളുടെയൊക്കെ പോക്ക് ഏതാണ്ട് അങ്ങിനെയൊക്കെ തന്നെയാണ്. എന്നാല്‍ വരും കാലങ്ങളിലായി ചെറിയ തോതിലുള്ള മാറ്റങ്ങള്‍ കണ്ട് തുടങ്ങുന്നുണ്ട്. അത്  താല്കാലിക സമാധാനത്തിനുതകുന്ന ഒന്നാണ്. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ സിനിമ മേഖലയടക്കം എല്ലായിടത്തും നിറഞ്ഞ സ്ത്രീ സാന്നിധ്യമാണ് പോയ വര്‍ഷം.

മീടൂ തുടങ്ങിയ മൂവ്‌മെന്റുകള്‍ ശക്തിയാര്‍ജ്ജിര്‍ച്ചപ്പോള്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മുന്‍ കാലങ്ങളിലെ പോലുള്ള ചൂഷണങ്ങളുടെ സമ്മര്‍ദ്ദം കുറഞ്ഞിട്ടുണ്ട്. വരും കാലങ്ങളിലും സ്ത്രീ ശബ്ദങ്ങള്‍ അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചെറുതല്ല. സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ തുടങ്ങിയത് മികച്ച നേട്ടമാണ്.

സ്ത്രീയെ കുറിച്ചുള്ള ബോധവത്കരണം അവ ജനനം മുതല്‍ മരണം വരെ തുടരുന്നതാണ്. ജെന്‍ഡര്‍ ഇഷ്യൂ പലപ്പോഴും വളരെ അധികം നിസ്സാരവത്കരിക്കപ്പെടാറാണ് പതിവ്. അതുകൊണ്ടു തന്നെ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ സമൂഹത്തില്‍ അനുഭവിച്ചു പോരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് മറ്റുള്ളവര്‍ എത്ര ബോധവാന്മാര്‍ ആണെന്ന് നമുക്കറിയില്ല. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും തമ്മിലുള്ള വേര്‍തിരിവ് തുടങ്ങുന്നത് ഓരോ വീടുകളിലാണ്. അവിടെയാണ് മാറ്റങ്ങള്‍ തുടങ്ങേണ്ടത്. പിന്നെ വിദ്യാലയങ്ങളിലേക്കും മറ്റുമായി അതിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും ചെയ്യും.

ജന്‍ഡര്‍ ജസ്റ്റിസ് വളരെ അധികം കൊണ്ടാടപ്പെടുന്ന ഇംഗ്ലണ്ടില്‍ പോലും എലിസബത്തേന്‍ കാലഘട്ടത്തില്‍ വിവാഹത്തിന് വിസമ്മതിക്കുന്ന പെണ്‍കുട്ടികളെ മുറി അടച്ച് തല്ലി സമ്മതിപ്പിക്കുന്ന സംസ്‌കാരം നിലനിന്നിരുന്നു. അവര്‍ ഇന്ന് കാണുന്ന തരത്തിലേക്ക് എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ സ്വന്തം അവകാശങ്ങള്‍ക്കായി പടയാടിയ ഒട്ടനവധി പേരുടെ പ്രയത്‌നമാണ് .

അവകാശങ്ങളെ കുറിച്ച് പറയുമ്പോള്‍ പൊതു ഇടങ്ങളില്‍ സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം ഏതൊരാളേയും പോലെ സ്ത്രീയുടേയും അവകാശമാണ്. അത് പോലെ തന്നെ പ്രധാനമാണ് പൊതു ഇടങ്ങളില്‍ വൃത്തിയുള്ള ശൗചാലയങ്ങള്‍ സ്ഥാപിക്കുക എന്നത്. യാത്രകളിലും മറ്റും വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കിയിരുന്നു എന്ന് പറഞ്ഞത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്(ഇന്ധിരാ ഗാന്ധി). ഇന്നും അതിലൊന്നും കാര്യമായ മാറ്റമില്ലാതെ വരുമ്പോള്‍ അതും സമൂഹത്തിന്റെ പോരാമയാണ്.

Content Highlights: How can Woman Improve lives in next decade