വീട്ടകങ്ങളെ അൽപം മോടിയാക്കിയെടുക്കാൻ സ്വന്തമായൊന്നു വിചാരിച്ചാൽ മതി. പല കലാരൂപങ്ങളും കണ്ട് നമ്മളെക്കൊണ്ട് ഇതിനൊന്നും കഴിയില്ലെന്നു ചിന്തിക്കുന്നവരാണെങ്കിൽ തെറ്റി. പെയിന്റിങ്ങിന്റെ ബാലപാഠങ്ങൾ അറിയാത്തവർക്കു പോലും മനസ്സുവിചാരിച്ചാൽ നടക്കുന്നതേയുള്ളു. അത്തരത്തിൽ തുടക്കക്കാർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഉരുളൻകല്ലുകളിലെ ചിത്രപ്പണി.
ഓവൽ ഷേപ്പിലുള്ള കല്ലുകളാണ് ഇതിനാവശ്യം. അൽപസ്വൽപം വളവും ചെരിവുമൊക്കെയുണ്ടെങ്കിലും കാര്യമാക്കേണ്ടതില്ല. ഇനി തുടക്കം എന്ന രീതിയിൽ ഇതിൽ എളുപ്പത്തിലൊരു പൂവ് വരച്ചുനോക്കാം. ഇതെളുപ്പമാണെന്നു തോന്നിയാൽ ഇനി സ്മൈലികളും വ്യത്യസ്തമാർന്ന പൂക്കളും മരങ്ങളുമൊക്കെ ഉരുളൻകല്ലിൽ നിറയ്ക്കാം.
ആവശ്യമുള്ളവ
- കല്ലുകൾ
- വെള്ള, പച്ച, ഇളം കടും പർപ്പിൾ നിറങ്ങളിലുള്ള പെയിന്റ് എന്നിവ
- ചെറിയ പെയിന്റ് ബ്രഷ്
ചെയ്യുന്ന വിധം
കല്ലിന്റെ എല്ലാ വശങ്ങളിലും ആദ്യം വെളുത്ത പെയിന്റ് പൂശുക. ഉത് ഉണങ്ങിക്കഴിയുമ്പോൾ വീണ്ടും ഒരിക്കൽക്കൂടി വെള്ളപ്പെയിന്റ് പൂശാം. ഇതും ഉണങ്ങിക്കഴിയുമ്പോൾ പച്ചനിറത്തിലുള്ള പെയിന്റെടുത്ത് കല്ലിന്റെ മധ്യത്തിലായി ചെടിയുടെ തണ്ടിന് സമാനമായി താഴേക്കു വരയ്ക്കാം. ഈ തണ്ടിന്റെ ഇരുവശത്തേക്കും ചെറിയ തണ്ടുകൾ വരച്ചുകൊടുക്കാം. ഇനി പെയിന്റ് ബ്രഷിന്റെ അഗ്രഭാഗം ഉപയോഗിച്ച് തണ്ടിന്റെ മധ്യഭാഗം തൊട്ട് മുകളിലേക്ക് വലുതിൽ നിന്ന് ചെറുതിലേക്കെന്ന വലിപ്പത്തിൽ പർപ്പിൾ നിറം കൊണ്ട് കുത്തുകളിടാം. ഇത് ഉണങ്ങിയതിനുശേഷം മുകളിലായി ഇളം പർപ്പിൾ നിറങ്ങൾ നൽകാം. ഇരുവശത്തുമുള്ള തണ്ടുകളിലും ഇപ്രകാരം ചെയ്യാം. ശേഷം കോഫീ ടേബിളിലോ ഇന്റീരിയർ പ്ലാന്റ്സിനു സമീപത്തോ വെക്കാം.
Content Highlights: Simple Way to Paint Pebbles